Friday, 18 October 2013

കരുണയുടെ തിരുമുറിവുകൾ

അയ്യാ ഒയ ലങ്കവത് ? നല്ല സിംഹളയിൽ ഉള്ള ചോദ്യം കേട്ടാണ് തിരിഞ്ഞത് പിന്നിൽ ഒട്ടി വരണ്ട കവിളും കുഴിഞ്ഞിറങ്ങിയ കണ്ണുകളുമായി ഒരു അമ്പതു വയസോളം തോന്നിക്കുന്ന ഒരു സ്ത്രീ പത്തു കൊല്ലമായി ശ്രീ ലങ്കക്കരോടോത്തുള്ള സഹവാസം കൊണ്ട് ഞാനും കുറെ ഒക്കെ സിംഹള ഭാഷ വശത്താക്കിയിരുന്നു ഞാൻ ലങ്കക്കാരൻ ആണോ എന്നാണ് സ്ത്രീ ചോദിക്കുന്നത് ഇല്ല ഞാൻ നിങ്ങളുടെ നാട്ടുകാരാൻ അല്ല എങ്കിലും ഒരു പക്ഷെ നിങ്ങളെ എനിക്ക് സഹായിക്കാൻ കഴിയും പറയു സഹോദരീ എന്താണ് നിങ്ങൾക്ക് വേണ്ടത് ? സൂര്യൻ തലയ്ക്കു മുകളിൽ തിളച്ചു നില്ക്കുന്നു അവർക്ക് സംസാരിക്കാൻ പോലും ആവാത്ത വണ്ണം തൊണ്ട വരളുന്നത്‌ പോലെ തോന്നി, ഞാൻ വലിച്ചു കൊണ്ടിരുന്ന സിഗരട്ട് പാതി വഴിയിൽ കെടുത്തി വണ്ടിയുടെ ഡോർ വലിച്ചു തുറന്നു അതിലേയ്ക്ക് ഇരിക്കാൻ അങ്ങ്യം കാട്ടി. എ സി യിൽ നിന്നുള്ള തണുത്ത കാറ്റ് ആസ്വദിചിട്ടെന്നോണം കണ്ണുകൾ മെല്ലെ അടച്ചു അവർ പുറകോട്ടു ചാഞ്ഞു.ഭക്ഷണം കഴിക്കാത്തതിന്റെ തളര്ച്ചയയാവും അടുത്തു കണ്ട ബാക്കാലയിൽ നിന്നും ജൂസും കേക്കും വാങ്ങി വരുമ്പോഴും അവർ സീറ്റിൽ തലചായ്ച്ചു മയങ്ങുകയാണ് . നൻഗ്ഗീ, നൻഗ്ഗീ........ ഞാൻ ഉറക്കെ വിളിച്ചു ഇല്ല ഒരു അനക്കവും ഇല്ല. കുറച്ചു കൂടി ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഞാൻ അവരുടെ ചുമലിൽ സ്പർശിച്ചതും അവർ സൈഡ്‌ സീറ്റിലെയ്ക്കു ചരിഞ്ഞു വീണു . ദൈവമേ ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീ തികച്ചു അസാധാരണമായ സാഹചര്യത്തിൽ എന്റെ കാറിൽ മരിച്ചിരിക്കുന്നു. അതും നിയമവും ശിക്ഷകളും കർശനമായ ഒരു നാട്ടിൽ വെച്ച്, ഒരു നിമിഷത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്തവിധം സകല നാഡീ ഞരമ്പുകളും തളരുന്നു, സ്ഥലകാല ബോധം നഷ്ട്ടപെട്ടവനെ പോലെ ഞാൻ ഉറക്കെ കരഞ്ഞു എന്റെ കരച്ചിൽ കേട്ടാവണം സ്ഥലത്ത് ആളുകൾ തടിച്ചു കൂടി , കൂടിയവർ കൂടിയവർ അകത്തുകിടക്കുന്ന സ്ത്രീയെ നോക്കിയ ശേഷം കൂട്ടം കൂടി നിന്ന് എന്നെ നോക്കി അടക്കം പറഞ്ഞു. ഞാൻ മൊബൈൽ പരതി അടുത്ത സ്നേഹിതനെ വിളിച്ചു കാര്യം കേട്ടതും അവൻ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട്‌ ചെയ്തു വീണ്ടു വീണ്ടും വിളിച്ചു നോക്കി ഇല്ല നീണ്ട റിങ്ങ് മാത്രം .യഥാർത്ഥ സ്നേഹിതരെ അറിയണമെങ്കിൽ നിനക്കൊരു ആപത്തു വരണം എന്ന അമ്മയുടെ വാക്കുകൾ മനസ്സിൽ തികട്ടി തികട്ടി വന്നു. ആളുകൾ കൂടി കൂടി വരുന്നു ജീവിതത്തിൽ ഇന്ന് വരെ മക്കളെ പോലും തല്ലാത്ത ഞാൻ ഒരു കൊലപാതകിയുടെ പരിവേഷത്തിൽ അവർക്ക് മുന്നിൽ വിചാരണ ചെയ്യപെടുന്നു.

അടുത്തുള്ള കടക്കരാൻ അറിയിചിട്ടെന്നു തോന്നുന്നു ഒരു പോലീസു വണ്ടിയും അതിനു പിറകെ അംബുലൻസും ചീറി പാഞ്ഞെത്തി എന്റെ ഹൃദയമിടിപ്പ്‌ അതിന്റെ ഉച്ച സ്ഥായിയിൽ എത്തി ഒരു വേള ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് ഞാൻ ഭയന്നു.പോലീസുകാരൻ വണ്ടിയിൽ നിന്നിറങ്ങിയതും എന്റെ രണ്ടു കൈയും പുറകോട്ടു ചേർത്ത് വെച്ച് വിലങ്ങിട്ടു. സാർ കനിവുണ്ടാവണം ഞാൻ ഇവരുടെ ദയനീയ അവസ്ഥയിൽ സഹായിക്കാൻ ശ്രമിച്ചതാണ്. ഒരു പോലീസുകാരൻ യാതൊരു ദയയും ഇല്ലാതെ എന്നെ പോലീസ് ജീപിനു പിന്നിലേയ്ക്ക് പിടിച്ചുതള്ളി.ആംബുലൻസ് നേഴ്സ് ഫിലിപിനോ കാറിനുള്ളിൽ കയറി സ്ത്രീയെ മലർത്തി കിടത്തി "സാർ പൾസ് ഉണ്ട് ഇവർ മരിച്ചിട്ടില്ല "എന്നുറക്കെ പറഞ്ഞു ഇത് കേട്ടതും എന്റെ ഹൃദയത്തിലൂടെ ആശ്വാസത്തിന്റെ കൊള്ളിയാൻ മിന്നി മറഞ്ഞു പോയി, അവരെ ആംബുലൻസിൽ കയറ്റി വേഗം ആശുപത്രിയിലെയ്ക്കും
എന്നെ പോലീസ് സ്റ്റെഷനിലെയ്ക്കും കൊണ്ട് പോയി . ജീവിതത്തിൽ ആദ്യമായാണ്‌ ഒരു പോലീസ് സ്റ്റെഷനു ഉള്ളിൽ കയറുന്നത് എന്നെ കൊണ്ട് വന്നത് ചെറിയ റാങ്കിലുള്ള പോലീസുകാർ ആയിരുന്നതിനാൽ എന്നോട് വലിയ ചോദ്യം ഒന്നും ചോദിച്ചിരുന്നില്ല അവർ മുദീർ എന്ന് വിളിക്കുന്ന ഒരു കുലീനനു മുൻപിൽ എന്നെ നിർത്തി വിലങ്ങഴിച്ചു . അസ്ലാമും അലൈക്കും തികച്ചും മാന്യമായ രീതിയിൽ അയാള് എന്നെ അഭി സംബോദന ചെയ്തു കസേരയിൽ ഇരിക്കാൻ പറഞ്ഞതിന് ശേഷം സംഭവിച്ചത് വിവരിക്കാൻ എന്നോട് ആവശ്യപെട്ടു. വള്ളി പുള്ളി വിടാതെ വിറയ്ക്കുന്ന ചുണ്ടുകളോടെ നടന്നത് മുഴുവൻ ഞാൻ അയാളോട് പറഞ്ഞു അത് വിശ്വസിചിട്ടെന്നവണ്ണം ഒന്നും മിണ്ടാതെ കുറച്ചു നേരം തല കുമ്പിട്ടിരുന്നു, ശേഷം മറ്റൊരു പോലീസുകാരനെ വിളിച്ചു ഹോസ്പിറ്റലിൽ വിളിച്ചു ആ സ്ത്രീക്ക് ബോധം വന്നോ എന്ന് അന്വേഷിക്കാൻ ആവശ്യപെട്ടു. ഇല്ല ഇത് വരെ അവർക്ക് ബോധം വന്നില്ല . ജെന്റിൽ മാൻ അവർക്ക് ബോധം വന്നു സത്യം പറയുന്നതുവരെ നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റദിയിൽ കഴിയേണ്ടി വരും. വീണ്ടും പഴയ പോലീസുകാരൻ വന്നു എന്നെ ജയിലിനും ഓഫീസിനും ഇടയിലുള്ള ഇടുങ്ങിയ മുറിയിൽ ഇരുത്തി പുറത്തു നിന്നും ലോക്ക് ചെയ്തു കടന്നു പോയി, മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിനൊരു ജയിൽ വാസം.സെൻട്രൽ ഏ സി യുടെ തണുപ്പിൽ മരവിച്ച മാർബിൾ തറയിൽ ഞാൻ നിവർന്നു കിടന്നു എന്റെ ഫോണ്‍ ഓഫ്‌ ചെയ്തത് എന്തിനെന്നറിയാതെ ഭാര്യ വിഷമിക്കുന്നുണ്ടാവും.ഓഫീസിൽ നിന്ന് ആരെങ്കിലും വന്നിരുന്നെങ്കിൽ! തന്റെ വിഷമാവസ്ഥ അറിയാവുന്നത് ആത്മ സുഹൃത്തെന്നു കരുതിയ ആ ചതിയനു മാത്രമാണ്. അവൻ ആരോടെങ്കിലും പറയുമോ പറഞ്ഞാൽ തന്നെ പൊടിപ്പും തൊങ്ങലും വെച്ച് എന്നെ ഒരു സ്ത്രീ ലമ്പടനും കൊലപാതകിയും ആക്കുമോ ? പോലീസുകാരൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത് കൈയിൽ ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞ മസാല ചേരാത്ത ബിരിയാണി അയാൾ എനിക്ക് നേരെ നീട്ടി , നേരം വെളുത്തിട്ടു ഇത് വരെ ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും വിശപ്പ്‌ എന്നൊന്നില്ല ,ബിരിയാണി വാങ്ങി വെച്ച് ഞാൻ അയാളോട് ചോദിച്ചു "സാർ വോ ലട്കി കോ ഖോഷ് ആഗയാ " ഉർദുവിൽ മറുപടി വശം ഇല്ലാത്തത് കൊണ്ടാവണം അദ്ദേഹം അറബിയിലാണ് മറുപടി പറഞ്ഞത് ഇന്നത്തെ ഹോസ്പിടൽ ടൈം കഴിഞ്ഞിരിക്കുന്നു നാളെ രാവിലെ മാത്രമേ ഹോസ്പിറ്റലിൽ പോകാൻ പറ്റു. ഇനി ഒരിക്കലും ആർക്കും ഒരു നന്മയും ചെയില്ല നന്മ ചെയ്യാൻ ശ്രമിച്ചത്‌ കൊണ്ടല്ലേ തനിക്കീ ഗതി വന്നത് സ്വയം പിറ് പിറുത്തു കൊണ്ട് മരവിച്ച മാര്ബിളിലെയ്ക്കു വീണ്ടും ചാഞ്ഞു .

പത്തു മണിയോടെ പോലീസുകാരൻ എത്തി ലോക്ക് തുറന്നു എന്നെ കൈവിലങ്ങ് വെച്ച് ജീപ്പിലേയ്ക്ക് നടത്തി ഹോസ്പിറ്റൽ ലക്ഷ്യമാക്കിയാണ് വണ്ടി നീങ്ങുന്നത്‌ വണ്ടിയുടെ വേഗത്തെക്കാൾ ഏറെ എന്റെ ചിന്തകളും പാഞ്ഞു കൊണ്ടിരിക്കുകയാണ് ഹോസ്പിറ്റലിന്റെ വിശാലമായ മുറ്റത്ത് വണ്ടി നിന്നു. കൈയാമം അണിഞ്ഞു ജീപ്പിൽ നിന്നും ഇറങ്ങുന്ന ഞാൻ ആയിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ആകെ നനഞാൽ പിന്നെ എന്ത് കുളിര്, ഇന്നലെ മുതൽ തനിക്കു ഈ കൈവിലങ്ങ് ഒരു ശീലമായിരിക്കുന്നു എന്നെ പേടിയോടും സഹതാപത്തോടും ഒരു അത്ഭുത വസ്തുവിനെ പോലെ നോക്കുന്നവരുടെ നോട്ടങ്ങൾ അവഗണിച്ചു ഞാൻ മുന്നോട്ടു നടന്നു. ആറാം വാർഡിലെ ഏഴാമത്തെ കട്ടിലിൽ ഇന്നലെ മരിച്ചെന്നു കരുതിയ സ്ത്രീ കുത്തിയിരുന്നു ആപ്പിൾ കഴിക്കുന്നു. നൻഗ്ഗീ ഞാൻ നിങ്ങളെ ഉപദ്രവിച്ചോ ? നോക്കു എന്റെ കൈയിലെ വിലങ്ങുകൾ ഇതെല്ലം നീ കാരണം നിന്നെ സഹായിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഇത്രയും പറഞ്ഞതും ഞാൻ നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു. പോലീസിന്റെ ദ്വിഭാഷി അവരോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ഞാൻ അവരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് അവർ പറഞ്ഞതോടെ പോലീസ് എന്റെ കൈവിലങ്ങഴിച്ചു . ഒരു അറബി വീട്ടിലെ കൊടിയ പീഡനം സഹിക്കാതെ അവിടെ നിന്നും രക്ഷപെട്ടു വരുന്ന വഴിയായിരുന്നു അവർ 5 ദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ തളർന്നു സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിൽ ആയിരുന്നു എന്നെ കണ്ടതും കാറിൽ ബോധ രഹിതയായതും .നിരപരാധിത്വം തെളിയിക്കപെട്ടിരിക്കുന്നു ഇനി എനിക്ക് പോകാമല്ലോ സാർ ഞാൻ പോലീസുകാരനോട്‌ ചോദിച്ചു നോ നോ തിരികെ ഓഫീസിൽ എത്തി രജിസ്റ്റർ ഒപ്പിട്ടു മുദീർനെ കണ്ടാൽ മാത്രമേ പ്രക്രീയ പൂർത്തിയാവു. വീണ്ടും വണ്ടി പോലീസ് സ്റ്റെഷനിലേയ്ക്ക് പക്ഷെ ഇത്തവണ കുറ്റവാളിയെ പോലെ തലകുനിച്ചല്ല. മുദീറിന്റെ ഓഫീസിൽ എത്തിയതും അയാൾ ക്ഷമാപണത്തോടെ എതിരേറ്റു സോറി മിസ്റ്റർ നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു അയാൾ നീട്ടിയ രെജിസ്റ്ററിൽ ഒപ്പ് വെച്ച് പുറത്തേയ്ക്ക് ഇറങ്ങി.

ഫോണ്‍ ഓണ്‍ ചെയ്തതും ബെൽ അടിച്ചു നാട്ടിൽ നിന്നു ഭാര്യ ആണ് " എവിടാരുന്നു ചേട്ടാ എന്തായിരുന്നു ഫോണ്‍ ഓഫ്‌ ചെയ്തു വെച്ചത് ഞാൻ എത്ര വിഷമിചെന്നോ? പിന്നെ ഇന്ന്ഓശാന പെരുനാൾ ആണ് ഇനി വരാനിരിക്കുന്നത് പീഡാനുഭവ വാരമാണ് ഈ ആഴ്ച പാവങ്ങളെ കൈ അയച്ചു സഹായിക്കണം " അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു, ഒരു പാവത്തിനെ സഹായിച്ചതിന് ഞാൻ അനുഭവിച്ച പീഡാനുഭവത്തെ പറ്റി അവളോട്‌ പറഞ്ഞില്ല . സാധാരണ വണ്ടി സിഗ്നലിൽ നിർത്തുമ്പോൾ സ്ഥിരം ഭിക്ഷ വാങ്ങുന്ന കിളവൻ ബെന്ഗാളി കാറിന്റെ ചില്ലിൽ വന്നു കൊട്ടിയിട്ടും ഞാൻ അനങ്ങിയതെ ഇല്ല .

Sunday, 6 October 2013

ആപ്പിൾ വോഡ്ക

അന്നൊരു വ്യാഴാഴ്ച ആയിരുന്നു ആത്മാവിന്റെ ദാഹം കലശലാകുന്ന ദിനം നല്ല ഇളനീരിൽ ചാലിച്ച് സോമരസം നുകരുന്ന ദിനം , സാദാരണ ബെൻഗാളികൾ വീട്ടിൽ കൊണ്ട് തരുന്ന ലോക്കൽ സ്ക്കൊച്ചിൽ തല പൂഴ്ത്തി മെല്ലെ അനന്ത ശയനതിലെയ്ക്ക് വഴിമാറുകയാണ് പതിവ് എന്നാൽ അന്നൊരു കൊതി പുറത്തെ എല്ല് തണുപ്പിക്കുന്ന മഞ്ഞു ഞങ്ങളെ ഒരു ബൊൽഷെവിക്ക് ആശയതിലെയ്ക്ക് കൈപിടിച്ച് നടത്തി. ഇന്ന് അനവധി വിപ്ലവത്തിന് ചൂടും ചൂരും പകർന്ന വോഡ്ക ആയാലോ മണ്ണെണ്ണ മണമുള്ള മക്ക് ആണ്ട്രൂസും കിംഗ്‌ രൊബെർട്ടും കുടിച്ചു മടുത്ത സഹമുറിയന്മാർ എന്റെ തീരുമാനത്തെ കൈയടിച്ചു പ്രോല്സാഹിപിച്ചു.പക്ഷെ പൂച്ചക്കാരു മണികെട്ടും നല്ല കള്ള് വേണമെങ്കിൽ 25 കിലോമീറ്റർ വണ്ടി ഓടിച്ചു അടുത്ത ബൂഗണ്ടത്തിൽഎത്തണം പക്ഷെ അത് റിസ്ക്ക് ആണ് ഒന്നാമതെ മദ്യ നിരോധനം നിലനില്ക്കുന്ന സ്ഥലത്ത് കൂടി മദ്യം വാങ്ങി വരുമ്പോൾ എവിടെയെങ്കിലും വെച്ച് അപകടം ഉണ്ടാവുകയോ പോലീസ് പിടിക്കുകയോ ചെയ്‌താൽ വണ്ടിയും ആളും ഉള്പെടെ അകത്തു പോകും. അൽപബുദ്ധികളും നിക്കറിൽ തൂറികളുമായ ഞാൻ ഉള്പെടെ ഉള്ളവർ അറച്ചു നിന്നപ്പോൾ കൂട്ടത്തിൽ ധൈര്യശാലിയും പുത്തെൻ പണക്കാരനുമായ ദാവിദ് ധൈര്യസമേതം മുന്നോട്ടു വന്നു എന്റെ വണ്ടിയിൽ പോകാം പക്ഷെ എല്ലാവരും കൂടെ ചെല്ലണം, നിര്ദേശം കൈ അടിച്ചു പാസാക്കപ്പെട്ടു.അതുവരെ വിവരണങ്ങളിൽ നിന്നും മാത്രം കേട്ട തേൻക്കുട എന്ന കള്ളു കടയിലേയ്ക്ക് അല്ല സ്വർഗ്ഗ രാജ്യത്തേയ്ക്ക് ദാവിദു രാജാവിന്റെ സ്വപ്ന തേര് ചലിച്ചു തുടങ്ങി .

നാട്ടിലെ ബിവരജെസിന്റെ പെട്ടികട മാത്രം കണ്ടു ശീലിച്ച ഞങ്ങളിൽ പലര്ക്കും അതൊരു സ്വര്ഗരാജ്യം ആയിരുന്നു പത്തു മുതൽ അൻപതിനായിരം രൂപ വരെ വിലയുള്ള കള്ളുകളുടെ കമനീയ ശേഖരം ഏതൊരു കുടിയനെയും ആലീസിന്റെ അത്ഭുത ലോകത്തേയ്ക്ക് നയിക്കാൻ പ്രാപ്പ്തമായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൊതിയോടെ ഓടുന്ന സഹമുറിയൻമാരുടെ ആക്രാന്തം ഗ്രഹണി പിടിച്ച കുഞ്ഞു കണ്ട ചിക്കെൻ ബിരിയാണി എന്നത് പോലെ വിചിത്രം ആയിരുന്നു. ഒരു കുപ്പി വോഡ്ക്ക മാത്രമായിരുന്നു ഞങ്ങളുടെ വരവിന്റെ ലക്‌ഷ്യം എങ്കിൽ വന്നു കണ്ടു കഴിഞ്ഞപ്പോൾ പോക്കറ്റിന്റെ അളവും വ്യാപ്തിയും അനുസരിച്ച് ആളാം വീതം വിവിധ വർണങ്ങളിൽ ഉള്ള വ്യത്യസ്ത ബ്രാൻഡുകൾ വാങ്ങി വണ്ടിയുടെ ഡിക്കി നിറച്ചു.ഓരോ ബ്രാണ്ടും ഓരോ ദിവസം ഇനി നമ്മളറിയാത്ത ടേസ്റ്റ് ഭൂമിയിൽ ഉണ്ടാവില്ല വണ്ടി റൂം എത്തുന്നത് വരെ ക്ഷമിക്കാൻ കഴിവില്ലാത്ത സാജുച്ചയാൻ നല്ല കടും ചെമന്ന നിറത്തിലുള്ള ലാംബീസ് എന്ന കുപ്പിയുടെ കഴുത്തു പൊട്ടിച്ചു മൂക്കിലെയ്ക്ക് ആഞ്ഞു വലിച്ചു. ആ സുഗന്ധം എന്നെ അനുഭവിപ്പിക്കനായി കുപ്പിയുമായി എന്റെ മൂക്കിനോട് അടുത്തതും ഞങ്ങളുടെ വണ്ടി ഒന്ന് ഉലഞ്ഞു കുപ്പിയിൽ നിന്നും കള്ള് തെറിച്ചു എന്റെ മുഖത്തും ദേഖത്തുംആകെ വീണു.

"പണി പാളി" എന്ന ദാവിദിന്റെ ദയനീയ സ്വരം വരാൻ പോകുന്ന അപകടത്തിന്റെ മുന്നോരുക്കമാണെന്ന് ഞങ്ങൾ വേഗം തിരിച്ചറിഞ്ഞു. ഞങ്ങളുടെ വാഹനത്തിനു പിന്നിൽ ഒരു വാഹനം ഇടിച്ചിരിക്കുന്നു.പുറപ്പെടും മുൻപ് വീമ്പു പറഞ്ഞ ധൈര്യശാലി ദാവീദ് ആലീല പോലെ വിറക്കുന്നു. പുറകിൽ നിന്നും ഇടിച്ച വാഹനത്തിൽ നിന്നും രണ്ടു കന്തൂരക്കാർ പുറത്തേയ്ക്ക് ഇറങ്ങി നല്ല അറബിയിൽ ചീത്ത വിളിച്ചു തുടങ്ങിയിരിക്കുന്നു. സാമാന്യം നന്നായി അറബി സംസാരിക്കാൻ അറിയാവുന്ന ഞാൻ മുന്നോട്ടു നീങ്ങി നിന്നു.ഡ്രൈവർ അറബി അല്പം ശാന്തനായി പോലീസിനെ വിളിക്കാൻ എന്നോട് ആവശ്യപെട്ടു. പോലീസ് വന്നാൽ പണി പാലും വെള്ളത്തിൽ കിട്ടും, ഒരു കുപ്പി വാങ്ങാൻ പോയ ഞങ്ങൾ ഒന്നര ഡസൻ കുപ്പികളുമായാണ് വരുന്നത് അതെങ്ങാനും പിടിച്ചാൽ എല്ലാവരും അകത്താകും വണ്ടിയും പോകും ഞങ്ങളുടെ ദൈന്യത കണ്ടിട്ടെന്നോണം അതിൽ ഒരു അറബി എന്റെ അടുത്തു വന്നു ചോദിച്ചു ,
"സഹോദരാ ഞാനും യുവാവാണ് നിങ്ങളും, എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറയും നമുക്ക് പരിഹരിക്കാം നിങ്ങളുടെ ഡ്രൈവറിനു ലൈസെൻസ് ഇല്ലേ, അതോ നിങ്ങൾ ഡ്രഗ്സ് ഉപയോഗിച്ചിടുണ്ടോ ?" എന്റെ ഉടുപ്പിൽ കമിഴ്ന്ന വിസ്ക്കിയുടെ ഗന്ധം ശ്വസിച്ചു അയാൾ മൂക്ക് വക്രിക്കുന്നത് കണ്ടതോടെ ഞാൻ സത്യം പറഞ്ഞു സർ ഞങ്ങൾ മദ്യം വാങ്ങി വരുന്ന വഴിയാണ് ! ഇതുകേട്ടതും കൂടെയുണ്ടായിരുന്ന അറബി ഫോണ്‍ എടുത്തു പോലീസിനെ വിളിച്ചേ മതിയാകു എന്ന വാശിയിൽ പുറത്തേക്കു നടന്നു പിന്നാലെ വണ്ടി ഓടിച്ചിരുന്ന അറബിയും രണ്ടു പേരും മാറി നിന്നു എന്തൊക്കയോ തമ്മിൽ പറയുന്നു. ഞങ്ങൾ പെട്ടിരിക്കുന്നു ദാവീദ് തുടങ്ങിയ ബിസിനസ്‌, മോഹനേട്ടന്റെ വീട് പണി, സാജുച്ചായന്റെ മൂന്നു മക്കളുടെ വിദ്യാഭ്യാസം ഒക്കെ തുലാസിൽ ആടുകയാണ്.

ചർച്ചക്ക് ശേഷം അറബികളിൽ ഒരാൾ ഞങ്ങളുടെ വണ്ടിയുടെ പാസ്സഞ്ജർ സീറ്റിൽ കയറി വണ്ടി ഇട റോഡിലേയ്ക്ക് മാറ്റിയിടാൻ പറഞ്ഞു വിറയ്ക്കുന്ന കൈകളോടെ ദാവീദ് ആദ്യം കണ്ട ഇടവഴിയിലേയ്ക്ക് വണ്ടി പായിച്ചു കയറ്റി. മെല്ലെ അറബി പറഞ്ഞു തുടങ്ങി ഇപ്പോൾ ഞാൻ പോലീസിനെ വിളിച്ചാൽ നിങ്ങൾ എല്ലാവരും കുടുങ്ങും ഞങ്ങളുടെ വണ്ടി നന്നാക്കാൻ ഉള്ള കാശും ഇൻഷൂർ തുകയും നിങ്ങൾ തന്നാൽ ഞങ്ങൾ പോലീസിനെ വിളിക്കില്ല നിങ്ങള്ക്ക് സുഖമായി പോകാം. ആശ്വാസത്തിന്റെ നിശ്വാസം ഞങ്ങളിൽ നാല് പേരിലും ഉയര്ന്നിരിക്കുന്നു ദാവീദ് ഭായി പേഴ്സ് എടുത്തു അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ അയാൾക്ക്‌ നേരെ നീട്ടി. ദാവീദിന്റെ പെർസിന്റെ കനം കണ്ട അറബി ചുവടു മാറ്റി പേഴ്സിൽ ഉള്ളത് മൊത്തം വേണം എന്നായി ചർച്ച കനത്തു തുടങ്ങി ഭീഷിണിയും യാചനയും ഞങ്ങൾ നാല് പേരും പഠിച്ച അടവ് പതിനെട്ടും പയറ്റിയിട്ടും അറബി വിടുന്ന ലക്ഷണം ഇല്ല ഒന്നുകിൽ ജയിൽ അല്ലെങ്കിൽ പേർസിൽ ഉള്ള മുഴുവൻ പണം എന്നാ ഓഫർ ഞങ്ങള്ക്ക് മുന്നിൽ വെച്ച് അറബി കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി, വർക്ക്‌ഷൊപ്പിലെയ്ക്കു മെഷീൻ വാങ്ങാൻ വെച്ചിരുന്ന കാശാണിത് ദാവീദിന്റെ ദയനീയ സ്വരം, ഒടുവിൽ ഞങ്ങൾ മനസില്ല മനസോടെ ഒരു തീരുമാനത്തിൽ എത്തി .വിറയ്ക്കുന്ന കൈകളോടെ ദാവീദിന്റെ പേർസിൽ നിന്നും പതിമൂവായിരം ദിര്ഹംസിന്റെ കെട്ട് അറബിയുടെ കൈകളിൽ ഏല്പിച്ചു, ഇനി ഒരിക്കലും ആവർത്തിക്കരുത്‌ എന്ന താകീതും നല്കി അറബികൾ കാറോടിച്ചു കടന്നു പോയി .പോയത് പോട്ടെ മാനം കപ്പല് കയറി ഇല്ലല്ലോ നഷ്ട്ടം തുല്യമായി പകുത്തു ഞങ്ങൾ വീടെത്തി. അന്നാദ്യമായി താപനില പൂജ്യം ഡിഗ്രിയോടു അടുത്തിട്ടും ഞങ്ങള്ക്ക് തണുത്തില്ല.

റൂമിലാകെ ശമ്ശാന മൂകത, ബൊൽഷെവിക്ക് വിപ്ലവത്തിന് ഊര്ജം പകർന്ന റക്ഷ്യൻ വോഡ്കകളിൽ ഒന്നിനെ പിടലി മുറിച്ചു ഗ്ലാസിലേയ്ക്ക് പകർത്തി ഒരു കവിൾ അകത്തേയ്ക്ക് വലിച്ചു , കഠിനമായ കയ്പ്പ് തൊണ്ടയിലേയ്ക്കു ഇറക്കാൻ കഴിയാത്ത വണ്ണം ഒരു അസ്വസ്ഥത, മോഹിച്ചു മേടിച്ച ആപ്പിൾ വോഡ്ക്കയെ ബാത്ത് ടബ്ബിൽ ഒഴുക്കി അന്ന് ഞങ്ങൾ ഒരു പ്രതിജ്ഞ ചെയ്തു ഇനി മേലിൽ ആപ്പിൾ വോഡ്‌ക്ക കുടിക്കില്ല എന്ന് .

Tuesday, 2 April 2013

നിതഖാത് നീ വന്നു വിളിക്കുമ്പോൾ

പാതിരയുടെ നാലാം യാമത്തിൽ ഞാനൊരു കനവു കണ്ടു
കടലോളം പരന്ന മണൽ കൂനകൾക്കു നടുവിൽ എവിടെയോ
കൈയിൽ ആത്മവിശ്വാസം എന്ന പാഥേയം പൊതിഞ്ഞു കെട്ടി
അറബി പൊന്നു തേടി കടലുകടന്നു വന്നിരിക്കുകയാണ് ഞാൻ

കാതങ്ങൾക്ക് അകലെ ഒരു കിളി കൊഞ്ചൽ മുഴങ്ങുന്നതിന്റെ
അലയൊലികൾ എന്റെ കരളു നോവിക്കുന്നുണ്ടെങ്കിലും
പൊരിയുന്ന വെയിൽ ഹൃദയം പിഴിഞ്ഞ് ദാഹം തീര്ക്കുമ്പോഴും
മരുഭൂമി  മലർവാടിആക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ

ഒരു പൂമരം നട്ടു ഞാനതിൽ പൂ വിരിഞ്ഞിടാൻ നോറ്റു ഞാൻ
പൂവ് വന്നതിൽ കായു വന്നതിൽ മെല്ലെ വസന്തവും നേടി ഞാൻ
 പച്ച കൊണ്ട് നിറച്ചു ഞാനാ മനുഷ്യനില്ലാത്ത നാടിനെ
പച്ച വന്നു നിറഞ്ഞ നാട്ടിലെയ്ക്കെത്തി മാനുഷർ മെല്ലവേ
എന്റെ ഭൂമിക  ഇതെന്റെ ഭൂമിക മെല്ലെയാർത്തു വിളിച്ചവർ

സഹ തടവുകാരന്റെ കൂര്ക്കം വലിയാണ് ആ   സ്വപ്നം മുറിച്ചത്
നാടുകടത്തപ്പെടാൻ  കാത്തിരിക്കുന്ന ആയിരങ്ങളിൽ ഒരുവനായി
അധോവായുവിന്റെ ഗന്ധം വീര്പ്പു മുട്ടിക്കുന്ന കുടുസുമുറിയിൽ
ആ ദിവസവും കാത്തു കഴിയുകയാണ്  ഞാൻ,എനിക്ക് പോയെ മതിയാവു
ഇവിടെ ഞാൻ പരദേശി ആണ് ഈ നാടും നഗരവും എന്റേതല്ല

ഞാൻ പരദേശിയാണ് ഈ നാടിനു  എന്നെകൊണ്ട്‌ ഒരാവശ്യവും ഇല്ല
എന്നെപ്പോലെ ഒരായിരം പേരെ ഇവർ ദിനേന പുറംതള്ളുന്നു
എന്തു കൊണ്ടെന്നാൽ ഞങ്ങൾ പരദേശികൾ ആകുന്നു
ഞങ്ങൾ പരദേശികൾ ആകുന്നു ,ഞങ്ങൾ പരദേശികൾ ആകുന്നു . 
 

Monday, 18 March 2013

പയർ മണിയിൽ കൊത്തിയ പേര്

ശിവൻ കിടക്ക പായയിൽ നിന്നും തട്ടി വിളിച്ചിട്ടാണ് അത് പറഞ്ഞത് ഇന്നലെ രാത്രി പോയ യുസഫ് ഇതുവരെ വന്നിട്ടില്ല ! രാവിലെ മുതൽ ജോലിക്കാർ പലരും അവരുടെ മൊബൈലുകളിൽ നിന്നും മാറി മാറി വിളിച്ചിട്ടും ഒരേ പല്ലവി അലഹത് ഫുൾ മുതഹരക്ക് അലധിയ തലത്ത് ഹു മുഗലക്ക് . എന്ത് സംഭവിച്ചാലും മൊബൈൽ ഓഫ്‌ ചെയ്യാത്തവൻ ആണ് ,അഞ്ചു വര്ഷത്തെ ജോലിക്കിടയിൽ ഇതാദ്യമായാണ് പറയാതെ ഒരു വിട്ടു നിൽക്കൽ അത് കൊണ്ട് തന്നെ എല്ലാവരും പരിഭ്രാന്തിയിലും ആയി .രാവിലെ ജോലിക്ക് ആളെ സൈറ്റിൽ കൊണ്ട് പോകേണ്ട വാഹനവുമായി ആണ് അവൻ മുങ്ങിയിരിക്കുന്നത് പതിനഞ്ചോളം പേർ ഞാൻ വരുന്നതുവരെ പല പല ഊഹാപോഹങ്ങളും പരസ്പരം പങ്കു വെച്ച് യുസഫിന്റെ തിരോധാനത്തെ അന്താരാഷ്ട്ട പ്രശ്നമായി വളർത്തുന്ന തിരക്കിൽ ആയിരുന്നു .അഞ്ചു വർഷമായി ഞങ്ങളുടെ സാരഥി ആയിരുന്നെങ്കിലും ഒരു പാട് രഹസ്യങ്ങൾ അവനിൽ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആരോടും അധികം അടുക്കാത്ത എന്നാൽ എല്ലാവരോടും സൌഹൃദം ഉണ്ടായിരുന്ന സുമുഖനായ പാകിസ്താനി പയ്യൻ.ഞാനും മൊബൈലിൽ രണ്ടു തവണ വിളിച്ചു നോക്കി ഫലം തദൈവ ! എന്താവും സംഭവിചിട്ടുണ്ടാവുക ?

ഓഫീസിൽ എത്തിയതും ആദ്യം ചെയ്‌തത്‌ നെറ്റിൽ കിട്ടുന്ന ലോക്കൽ ന്യൂസ്‌ എല്ലാം ഒന്നോടിച്ചു നോക്കുകയായിരുന്നു എവിടെയെങ്കിലും എന്തെങ്കിലും അപകടം എന്നാലും മൊബൈൽ അടിക്കണമല്ലോ
ഗൾഫ്‌ ന്യൂസ്‌ മൂന്നാം പേജിലെ വാർത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ദുബൈ ക്രീക്കിൽ മുപ്പതു വയസു തോന്നിക്കുന്ന ഒരു അജ്ഞാത ജഡം .വണ്ടിയെടുത്തു പോലീസ് മോര്ച്ചരിയിലെക്കുള്ള യാത്രയിൽ ഉടനീളം പ്രാര്ത്ഥന ഒന്ന് മാത്രമായിരുന്നു "ദൈവമേ അത് യുസഫ് ആവരുതെ " എല്ല് മരവിപ്പിക്കുന്ന തണുപ്പിലും എന്റെ നെറ്റിയിൽ എവിടെയോ വിയർപ്പ് പൊടിയുന്നു, മോര്ച്ചരിക്കുള്ളിലെയ്ക്കുള്ള നടപ്പിൽ കാലുകൾ യന്ത്രം പോലെ ചലിക്കുകയാണ് ഇന്നലെ വരെ എന്റെ വാക്കുകൾക്ക് റാൻ മൂളി നിന്ന ഒരു ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീരത്തിന് താൻ സാക്ഷിയാകാൻ പോകുന്നു യാത്രയിൽ കൂടെ വന്ന പോലീസുകാരൻ എന്തൊക്കയോ ചോദിക്കുന്നുണ്ട് പക്ഷെ താൻ വേറെ ഏതോ ലോകത്താണ് .പരന്നു വിശാലമായ കോൾഡ്‌ സ്റ്റോറിന്റെ വിരിപ്പുകളിൽ ഒന്നിൽ അയാൾ ആഞ്ഞു വലിച്ചു ഒറ്റ നോട്ടം അത് മതിയായിരുന്നു അത് താൻ തേടി വന്ന യുസഫ് അല്ല എന്ന് മനസിലാക്കുവാൻ .പോലീസുകാരൻ പ്ലാസ്റ്റിക്‌ സിപ് വലിച്ചു നീക്കി ശരീരം മുഴുവൻ സസൂഷ്മം വീഷിക്കാൻ ആവശ്യപെട്ടു "ഇല്ല ഇതല്ല ഞാൻ തേടി വന്നവൻ" പോലീസു കാരന്റെ മുഖത്തു നിരാശപടരുന്നത് നോക്കി ഞാൻ ഉള്ളിൽ ചിരിച്ചു .രാവിലെ മുതൽ ഉള്ളിൽ കയറിയ ഭൂതം ഒഴിഞ്ഞു പോയിരിക്കുന്നു എന്നാലും യുസുഫ് എവിടെ ?

ഞാൻ ആ പോലീസുകാരന്റെ പിറകെ കൂടി "സാർ എന്നെയൊന്നു സഹായിക്കു കുറഞ്ഞപക്ഷം ഇവൻ എവിടെ എന്ന് കണ്ടു പിടിക്കാൻ എങ്കിലും " എന്റെ ദൈന്യത കണ്ടിട്ടാവണം അയാൾ എന്നെയും കൂട്ടി മറ്റൊരു ഓഫീസിൽ പോയി യുസുഫിന്റെ പാസ്പോര്ട്ട് വാങ്ങി അകത്തേക്ക് പോയി അര മണിക്കൂർ കഴിഞ്ഞു ഒരു കള്ള ചിരിയുമായി അയാൾ പുറത്തേക്കു വന്നു" മീൻ ആദ ? ആഹു മൽ ഇന്ത ? ആരാണിവൻ നിന്റെ സഹോദരൻ ആണോ ?" എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണെന്ന് കൊച്ചു ക്ലാസിൽ പഠിച്ചിട്ടുണ്ട് പക്ഷെ ഒരു പാകിസ്താനി എങ്ങനെ എന്റെ സഹോദരൻ ആകും" നോ സാർ ഹി ഈസ്‌ ഔർ ഡ്രൈവർ വാട്ട്‌ ഹാപെണ്ട് ടൂ  ഹിം" ആദ ദാക്കൾ അബുദാബി സിജാൻ" അവൻ അബുദാബിയിലെ ജയിലിൽ ആണ് പോലും ഷാർജയിൽ മാത്രം ജോലി ഉള്ളയാൾ എങ്ങനെ അബുദാബി ജയിലിൽ ആകും കൂടുതൽ വിശദീകരണം അബുദാബിയിൽ കിട്ടുമെന്ന കനത്ത താകീത് എന്നെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും പിന്തിരിപിച്ചു .പോലീസുകാരൻ പറഞ്ഞ ജയിൽ തേടി  വണ്ടി അബുദാബി ലക്ഷ്യമാക്കി നീങ്ങി.
അബുദാബി സിറ്റിക്ക് പുറത്ത് ഏകദേശം നാൽപതു മിനിട്ട് സഞ്ചരിച്ചാൽ ഒരു കുന്നിനു മുകളിലായി അൽ വത്ബ എന്നൊരു ജയിൽ ലക്ഷ്യമാക്കിയാണ് എന്റെ യാത്ര .തികച്ചും അപരിചിതമായ വഴികളിൽ കൂടി വിജനമായ പാതകൾ താണ്ടി ഒരു യാത്ര ഒരു നിയോഗം പോലെ ഷാർജയിൽ നിന്നും 240 കിലോമീറ്റർ ദൂരത്തെക്കൊരു രസികൻ ട്രിപ്പ്‌ .മാന്യതയുടെ ആൾ രൂപങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന കുറെ നല്ല പോലീസുകാരുടെ  സഹായ ത്താൽ ജയിലിന്റെ  ഇടുങ്ങിയ  വാതിൽ എനിക്കായി തുറന്നു കിട്ടി 100  മീറ്റർ ഇടനാഴിയിലൂടെ സഞ്ചരിച്ചാൽ അങ്ങേ അറ്റം ഒരു  കൊച്ചു  കിളി വാതിൽ ഒരു പത്തു മിനിട്ടത്തെ കാത്തിരിപ്പിന് ശേഷം കിളിവാതിലിൽ ആ മുഖം പ്രത്യക്ഷമായി .
കുറ്റ ഭാരത്താൽ എന്നെ നോക്കനാവുന്നില്ല ക്യാ കിയ യുസുഫ് ? എന്റെ ചോദ്യത്തിന് ശക്തമായ ഒരു കരച്ചിലായിരുന്നു  പ്രതികരണം അതുവരെ ഉള്ളിൽ അടക്കി പിടിച്ചിരുന്ന ദേഷ്യവും സങ്കടവും ഒക്കെ കണ്ണീരായി ഒലിച്ചിറങ്ങി .ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോൾ മുഖം തുടച്ചു കൊണ്ട് യുസുഫ് പറഞ്ഞു തുടങ്ങി . അവിചാരിതമായി വന്ന  മിസ്കാളിൽ നിന്നാണ് ജാനെറ്റ് എന്നാ ഫിലിപ്പിനി പെണ്ണിനെ പരിചയപ്പെടുന്നത് അബു  ദാബിയിൽ ഏതോ അറബി വീട്ടിലെ വേലക്കാരിയായിരുന്നു അവർ , പിന്നെ ഫോണ്‍ വിളികളായി സൌഹൃദം പ്രണയത്തിനു  വഴിമാറി ടെലിഫോണ്‍ റീ ചാർജു ചെയ്തു ഒരു തുക കൈയിൽ നിന്നും പോയപ്പോൾ അത് മുതലാക്കാൻ തക്കം നോക്കി ഇരിക്കുമ്പോഴാണ് ഒരു ഓഫർ അവളുടെ ഭാഗത്തുനിന്നും വരുന്നത് ഒരു അഞ്ഞൂറ് ദിർഹം അത്യാവശം വേണം ഇവിടെ കൊണ്ട് വരുവാണേൽ നിനക്ക് കാര്യവും നടത്തി തിരിച്ചു പോകാം .പ്രായത്തിന്റെ ചോരത്തിളപ്പിൽ കേട്ട പാതി കേള്ക്കത്തപാതി 500 ദിർഹം കടം  വാങ്ങി നേരെ അബുദാബിക്ക് വിട്ടു.രാത്രിയിൽ മൈഡ് റൂമിൽ ആളനക്കം കണ്ട ഗൃഹനാഥൻ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത് പോലീസ് വന്നതും പെണ്ണ് കളം മാറ്റി ചവിട്ടി ദൈവത്തിനു പോലും രക്ഷിക്കാൻ വയ്യാത്ത കുരുക്കിൽ പാവം അകപെടുകയും ചെയ്തു .പുറത്തിറക്കാൻ എന്നാലാവും വിധം സഹായം ചെയ്യാം എന്ന ഉറപ്പും നല്കി അവിടെ നിന്നു ഇറങ്ങി പക്ഷെ അവനെതിരെ ചാർത്തപെട്ട വകുപ്പുകൾ ശക്തമായിരുന്നു .രണ്ടു മാസം ജയിൽ ശിക്ഷയും ശേഷം നാടു കടത്തലുമായിരുന്നു അവനു വിധിച്ച ശിക്ഷ.

വീണ്ടും ഒരിക്കൽ കൂടി ഞാൻ വത്ബ സെൻട്രൽ ജയിലിൽ അവനെ കാണാൻ എത്തി അവന്റെ പാസ്പോർട്ടും ടിക്കെട്ടും ആനുകൂല്യങ്ങളും ജയിൽ
അധികാരികളെ ഏല്പിച്ചശേഷം അവനെ  കാണാൻ ചെന്നു.ഒരു മാസം മുൻപ് അവന്റെ മുഖത്തു കണ്ട കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ല തികച്ചും സന്തോഷവാനും ശാന്തനുമായഅവനോടു ഞാൻ ചോദിച്ചു നീ വളരെ സന്തോഷവാനണല്ലോ?
അതെ സാർ ഞാനൊരു വിശ്വാസിയാണ് ഞങ്ങളുടെ വേദപുസ്തം പറയുന്നു  ഓരോ പയർ മണിയിലും അത് കഴിക്കേണ്ടാവന്റെ പേര് രേഖപെടുത്തിയിരിക്കുന്നു കുറച്ചു കാലം ഈ ജെയിലിലെ
ഭക്ഷണത്തിൽ ആയിരുന്നു ഇനി അത് പാകിസ്താനിൽ എവിടെയോ ആണ് .കിളി വാതിലിലൂടെ ഒരു കൈ പുറത്തേക്ക് നീട്ടി എന്റെ കരം ഗ്രഹിച്ചു നന്ദി പറഞ്ഞു ഞാൻ തെറ്റ് ചെയ്തു അള്ളാഹു എന്നെ ശിക്ഷിച്ചു നിങ്ങളോടും അറിഞ്ഞോ അറിയാതയോ ഞാൻ ചെയ്ത എല്ലാതെറ്റുകളും എനിക്ക് പൊറുത്തു തരണം .രണ്ടു മാസത്തെ  ജയിൽ വാസം ആവനെ മറ്റൊരു മനുഷ്യൻ ആക്കിയിരിക്കുന്നു അവനോടു യാത്ര പറഞ്ഞു കാറിൽ കയറി ഷാർജയിലെയ്ക്കു യാത്ര തിരിക്കുമ്പോൾ മനസിൽ മുഴുവൻ അവന്റെ വാക്കുകൾ പ്രതിദ്വനിക്കുകയായിരുന്നു "ദാനെ ദാനെ മേം ഖാനെ വാലേ കാ നാം ലിഖിയേ രഖാ" നിന്റെ അന്നം നിൽക്കുമ്പോൾ നിനക്ക് പോയെ മതിയാവു പടച്ച തമ്പുരാന്റെ വിളിക്ക് പിന്നാലെ .........