Monday, 2 June 2014

സാഗർ മാതയും കടന്നൊരു കള്ളൻ




ടംഗ ബഹാദൂർ റാണ അതായിരുന്നു അയാളുടെ മുഴുവൻ പേര്, ഇന്ത്യ നേപ്പാൾ അതിർത്തി ഗ്രാമമായ ബീർഗഞ്ഞിൽ നിന്നും ഏജൻസിക്ക് 5 ലക്ഷം നേപ്പാളി രൂപ നൽകിയാണ്‌ അയാൾ ഗൾഫിൽ എത്തുന്നത്.വിചിത്രമായ രൂപഭാവാധികളും പ്രത്യേകമായ അംഗ ചലനങ്ങളും ആണ് ടംഗയെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപിച്ചത്‌ നേപ്പാളിൽ നിന്നും കൊണ്ടുവന്ന ഒരു പെട്ടി ഉണങ്ങിയ പുകയില ചുരുട്ടി വലിക്കുകയാണ്‌ അയാളുടെ ജോലി കഴിഞ്ഞുള്ള ഏക വിനോദം . ഹിന്ദി നന്നായി സംസാരിക്കുമെങ്കിലും അധികം ആരോടും മിണ്ടാത്ത അത്യാവശം ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയുന്ന ടംഗയിൽ എന്തോക്കൊയോ വലിയ നിഗൂഡത എന്നിലെ നിരീക്ഷകൻ തിരിച്ചറിഞ്ഞിരുന്നു .

അന്നൊരിക്കൽ ക്യാമ്പിൽ ഒരു മോഷണം നടന്നു ശമ്പളം കിട്ടി രണ്ടു നാൾ കഴിഞ്ഞു പയ്യോളിക്കാരൻ നാസറിന്റെ ബട്ടുവ മൂടോടെ ആരോ അടിച്ചു മാറ്റി. എല്ലാ കുന്ത മുനകളും ടംഗ എന്ന നേപ്പാളി ഒറ്റയാനിലെയ്ക്ക് തിരിഞ്ഞു കാരണം ബാക്കി എല്ലാവരും മലയാളികളാണ് അവരാരു ഒന്നും മോഷ്ട്ടിക്കില്ല എന്ന് നാസറിന്റെ സാക്ഷ്യം കൂടി ആയപ്പോൾ ടംഗയെ ഓഫീസിലേയ്ക്ക് വിളിപ്പിക്കാതെ തരമില്ലന്നായി.തലയുയർത്തി കുറ്റ ബോധം ലവലേശം ഇല്ലാതെ വന്ന ടംഗയെ മുന്നിൽ നിർത്തി ഞാൻ ഒന്ന് നന്നായി കുടഞ്ഞു. ചുമന്നു കലങ്ങിയ കണ്ണുകൾ ഉയർത്തി ഗൌരവഭാവത്തിൽ ടംഗ എന്നെ ഉരുക്കുന്ന ഒരു നോട്ടം നോക്കി ജീവിതത്തിൽ ഇന്ന് വരെ താൻ ഒരാളുടെയും അണാ പൈസ മോഷ്ടിച്ചിട്ടില്ല നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പറഞ്ഞു വിടാം നിശ്ചയ ധാർട്ട്യത്തോടെയുള്ള ആ മറുപടി എന്നെ ഉത്തരമില്ലത്തവനാക്കി തെളിവുകളില്ലാതെ വെറും ആരോപണത്തിന്റെ പേരിൽ ഒരുവനെ എങ്ങനെ വിധിക്കാൻ കഴിയും ടംഗ ആസംഭവത്തോടെ സഹപ്രവർത്തകരിൽ നിന്നും കൂടുതൽ അകന്നുവെങ്കിലും അവന്റെ ജോലിയിൽ മുൻപത്തെക്കാൾ ആത്മാർഥതയുള്ളവനായി തുടർന്നു.

രണ്ടു മാസത്തിനു ശേഷം വീണ്ടും മോഷണം ആവർത്തിച്ചു ഇക്കുറി പണം നഷ്ട്ടമായത് ഓച്ചിറക്കാരൻ തോമാച്ചന്റെ കട്ടിലിനു അടിയിൽ നിന്നാണ് ഇരുപതു വർഷമായുള്ള കമ്പനിയിൽ തുടക്കം തൊട്ടു ജോലി ചെയ്യുന്നവരാണ് മിക്കവാറും ആളുകൾ അതിൽ തന്നെ ഏറ്റവും പുതിയത് ടംഗ മാത്രമാണ് മറ്റാരെയും ആർക്കും സംശയവും ഇല്ലതാനും എന്തായാലും ഇനി ഒരു റിസ്ക്‌ എടുക്കാൻ മറ്റുള്ളവർ തയ്യാറായിരുന്നില്ല. ഒന്നെങ്കിൽ അവർ അല്ലെങ്കിൽ ഈ നേപ്പാളി എന്ന ആവശ്യവുമായി അവർ എന്നെ ഗോരോവോ ചെയുന്ന ഘട്ടം എത്തിയപ്പോൾ ടംഗയെ പുതിയ മുറിയിലേയ്ക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം ആയി. കുറ്റം തെളിയാതെ കുറഞ്ഞപക്ഷം തൊണ്ടി മുതലിൽ ഒന്നെങ്കിലും കണ്ടു കിട്ടുന്നതിനു മുൻപ് എങ്ങനെ ഒരാളെ കള്ളനാക്കും. ഉർവശി ശാപം ഉപകാരം എന്ന പോൽ ടംഗ ഒരു മുറിയിൽ ഒറ്റയ്ക്ക് സർവതന്ത്ര സ്വതന്ത്രനായി.

ഒന്ന് രണ്ടു മാസം കുഴപ്പം ഒന്നും ഇല്ലാതെ പോയി പക്ഷെ തോമാച്ചനും നാസറിനും ജോണികുട്ടിക്കും ഒക്കെ ഒരു സംശയം പണി കഴിഞ്ഞു വന്നു കുളിച്ചു കഴിഞ്ഞാൽ പിന്നെ ടംഗയെ കാണുന്നില്ല നേരം വെളുക്കുമ്പോൾ പണിക്കു വരുന്നുണ്ട് അതല്ലേ നമുക്ക് മുഖ്യം അവന്റെ പണി കഴിഞ്ഞു അവൻ എവിടെ എങ്കിലും പോകട്ടെ . എവിടെ എങ്കിലും അവനു കൂട്ടുകാർ ഉണ്ടാവും അവരുടെ അടുത്തു പോകുന്നതാവും സീനിയർ അണ്ണന്മാരെ സമാശ്വസിപ്പിച്ചു പണിക്കു പറഞ്ഞു വിട്ടു.അന്നൊരു പെരുന്നാൾ ദിനമായിരുന്നു മൂന്ന് ദിവസം നീണ്ട അവധിയുള്ള പെരുന്നാൾ ദിനം. രണ്ടാം ദിനം രാവിലെ ഏകദേശം അഞ്ചു മണിയോടെ എന്റെ ഫോണ്‍ നിർത്താതെ ശബ്ദിച്ചു. ഉറക്കച്ചടവിൽ ആദ്യം ഒഴിവാക്കിയ ഞാൻ രണ്ടും മൂന്നും തവണ കഴിഞ്ഞിട്ടും വീണ്ടും വിളിക്കുന്നത്‌ കണ്ടാണ്‌ ആൻസർ ചെയ്തത് . "സയീദീ ഞാൻ ഹീര പോലിസ് സ്റെഷനിൽ നിന്നാണ് വിളിക്കുന്നത്‌ നിങ്ങൾ പത്തു മണിക്ക് മുൻപ് ഇവിടെ എത്തണം " ദൈവമേ
ഈ മണൽകാട്ടിൽ ജീവിതം ആരംഭിച്ചിട്ട് ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു എന്നാൽ ഈ നിമിഷം വരെ പോലിസ് സ്റെഷന്റെ വാതിൽക്കൽ പോലും പോകേണ്ടി വന്നിട്ടില്ല ഇതെന്തു പൊല്ലാപ്പാണ് തമ്പുരാനേ ! ചിലപ്പോൾ ആരെങ്കിലും വിളിച്ചു പറ്റിച്ചതാവുമോ കാൾ വന്ന നമ്പരിലേയ്ക്ക് തിരിച്ചു ഡയൽ ചെയ്തു . സുബാ അൽ ഹെയർ ഹീരാ പോലീസ് സ്റേഷൻ അപ്പുറത്ത് നിന്നും ഘന ഗാംഭീര്യം നിറഞ്ഞ ശബ്ദം അതെ അത് തന്നെ ആരും പറ്റിച്ചതല്ല . ഇനി തന്റെ തൊഴിലാളികൾക്ക് ആർക്കെങ്കിലും എന്തെങ്കിലും അപകടം നീണ്ട അവധി ആഘോഷിക്കാൻ എല്ലാവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തു പോയിരിക്കുന്നതിനാൽ ആർക്ക് എന്ത് പറ്റിയെന്നു ഒരു പിടിയും ഇല്ല . കുളിച്ചെന്നു വരുത്തി വേഗം ഒരുങ്ങി വണ്ടി ഹീരാ പോലിസ് സ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു .

സർ എന്നെ വിളിപ്പിച്ചിരുന്നു റിസപ്ഷനിൽ ഇരുന്ന വെളുത്തു കുറുകിയ പോലീസുകാരനോട്‌ വന്ന കാര്യം ഉണർത്തിച്ചു അകത്തു നിന്നും പച്ച കുപ്പായമിട്ട രണ്ടു പോലീസുകാർ പുറത്തിറങ്ങി വന്നു ടംഗ ബഹാദൂർ നിന്റെ ജോലിക്കരനാണോ ? അതെ സർ എന്ത് പറ്റി അവനു വല്ല ആപത്തും പഴക്കം വന്ന അറബി മുറിച്ചു വിക്കിയും ഞാൻ മൊഴിയുന്നത് കേട്ടിട്ടാവണം പോലീസുകാരൻ ചോദ്യം ഉറുദുവിലേയ്ക്ക് മാറ്റി. നീ എന്തിനാ അവനു വിസ കൊടുത്ത് കൊണ്ട് വന്നത് കമ്പനി പണിക്കോ അതോ ബാക്കാല കുത്തിത്തുറന്ന് മോഷ്ട്ടിക്കാനോ ? എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോയി എന്റെ വിസക്കാരാൻ മോഷണ കേസിൽ ജയിലിൽ! ഞാനും കുടുങ്ങും കുറഞ്ഞപക്ഷം കേസും കുന്തവുമായി പുറകെ തൂങ്ങുകയെങ്കിലും വേണം എന്തൊരു പരീക്ഷണമാണ് ഇശ്വരാ ! പക്ഷെ പോലീസുകാർ മനസാക്ഷിയുള്ളവർ ആയിരുന്നു അവർ എന്നെ കൂട്ടി അവൻ കിടക്കുന്ന സെല്ലിന് അരികിൽ കൊണ്ട് നിർത്തി. ടംഗ എന്റെ മുഖത്ത് നോക്കുന്നില്ല "തും ക്യോം ഐസാ കിയ" എന്റെ കണ്ണുകൾ ദേഷ്യവും അരിശവും ദുഖവും കൊണ്ട് നിറഞ്ഞൊഴുകി രണ്ടു സ്ടാറുള്ള പോലീസുകാരൻ തോളിൽ തട്ടി എന്നെ സമാശ്വസിപ്പിച്ചു. ഇവൻ രണ്ടു ആഴ്ച മുൻപ് കമ്പനിയിൽ നിന്ന് പറയാതെ പോയതാണ് എന്ന് ഒരു പേപ്പറിൽ എഴുതി വാങ്ങി .ഇനി വിളിക്കുമ്പോൾ വരാം എന്നാ ഉറപ്പിൻ മേൽ അവർ എന്റെ ഐ ഡി വാങ്ങി വെച്ചശേഷം പറഞ്ഞയച്ചു. നാസറിന്റെയും തോമാച്ചന്റെയും പണം പോയ വഴികളെ കുറിച്ച് ഇനി ആലോചിക്കേണ്ടതില്ല. ഒരു അറിവും പരിചയവും ഇല്ലാതെ ഒരാളെ ജോലിക്ക് വെച്ച താൻ തന്നെയാണ് കുറ്റക്കാരൻ തിരികെ ക്യാമ്പിൽ എത്തി എല്ലാവരോടു കഥ വിവരിച്ചപ്പോൾ ചിലർക്ക് അത്ഭുതം ചിലർക്ക് പുശ്ചം. ഞങ്ങൾ ഒരിക്കൽ കൂടി ടംഗ യുടെ മുറി തുറന്നു പരിശോദിച്ചു . തറ തുടക്കുന്ന മോപ്പുകൊണ്ട് ജിപ്സം ബോർഡിൽ കുത്തിയ ജോപ്പന്റെ തലയിലേയ്ക്ക് സോപും അത്തറും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും മഴപോലെ നിപതിച്ചു ഒരു കൊച്ചു സൂപ്പർ മാർക്കെറ്റ് തുടങ്ങാനുള്ള സാധനങ്ങൾ മുകളിൽ ശേഖരിച്ചു വെച്ചിരിക്കുന്നു എല്ലാവരെയും വിഡ്ഢിയാക്കി ഒന്നും മിണ്ടാത്ത ആ നേപ്പാളി ഒരു വർഷം ഞങ്ങളുടെ ഇടയിൽ ജീവിച്ചു എന്ന്ഞങ്ങൾക്കാർക്കും വിശ്വസിക്കാൻ ആയില്ല . എങ്കിലും എന്റെ നേപ്പാളീ നീ ശരിക്കും ഒരു ഇരപ്പാളി ആയിരുന്നല്ലോ

2 comments:

ajeeshmathew karukayil said...

പിൻ കുറിപ്പ് : ഏവെറസ്റ്റ് കൊടുമുടിക്ക് നേപ്പാളിൽ വിളിക്കുന്ന പേരാണ് സാഗർ മാതാ . ബട്ടുവ എന്നത് പെർസിന്റെ ഉർദു പദമാണ് .

ajith said...

കക്കാന്‍ അറിയാമെങ്കിലും നിക്കാന്‍ അറിയാത്ത ഒരു കള്ളന്‍