Sunday, 16 August 2015

ഊഷര ഭൂമി കാത്തിരിക്കുന്നു അഭിനവ ഋഷ്യശ്രുഗന്റെ വരവിനായി


മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ ആശയും ആശ്രയവുമായ എമറാത്തിന്റെ മണ്ണിലേയ്ക്കു ഒരിക്കലും വരില്ല എന്ന് നിനച്ച ഒരു വ്യക്തി കടന്നു വരുകയാണ് ഒരു പത്തു കൊല്ലം മുൻപ് ഈ പേര് കേൾക്കുന്നത് പോലും അറപ്പും വെറുപ്പും അവജ്ഞയും ആയിരുന്ന ഭൂരിപക്ഷം ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ഒരു നാട് എന്ന നിലയിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു സന്ദർശനമാണ് ഇന്നും നാളെയുമായി അബു ദാബിയിലും ദുബയിലുമായി നടക്കാൻ പോകുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ കാണാൻ കഴിയുന്ന നാട്ടിൽ , നാട്ടിലെ ഏതൊരു ഹതാശന്റെയും സ്വപ്നഭൂമിയാണ്‌ ഇന്നും ഗൾഫ്‌ അതിൽ വിശിഷ്യ ദുബൈക്ക് പ്രഥമ സ്ഥാനം നല്കപെട്ടു പോരുന്നു. നാട്ടിലെ ഏതൊരു തോഴിലന്വേഷിയോടും ജോലി ചെയ്യാൻ ഇഷ്ടമുള്ള വിദേശ നഗരം ഏതെന്നു ചോദിച്ചാൽ ദുബൈ എന്നാവും ഉത്തരം അത്രമേൽ ഈ നാടും അതിന്റെ സംസ്കാരവും നമ്മൾ  സ്നേഹിക്കുന്നു എന്നതിന് വേറെ തെളിവ് തേടേണ്ട ആവശ്യം ഇല്ല.

ഏകീകൃത എമിരേറ്റുകൾ   രൂപികൃതമായ കാലം തൊട്ടു അവർക്ക് എന്നും പ്രിയപ്പെട്ട ജനത ഇന്ത്യക്കാരായിരുന്നു . വിശ്വാസത്തിലും കാര്യപ്രാപ്തിയിലും നമ്മൾ കാണിച്ച ആത്മാർത്ഥത തിരിച്ചും നമുക്ക് പത്തും നൂറും മടങ്ങുകളായി തിരികെ തന്നതിന്റെ പരിണിത ഫലമാണ്  ചെറിയ തോതിലെങ്കിലും ഇന്ത്യയിലെ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തീക പുരോഗതിയുടെ  നിദാനം തന്നെ . എന്നും നമ്മളെ സ്നേഹിച്ച ഭരണാധികാരികളെ എമാരത് രൂപികൃതമായ കാലം തൊട്ടു ഉണ്ടായിട്ടുള്ളൂ എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. വിവിധ സംസ്കാരകങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ഒരു കുടകീഴിൽ  ഇത്രയേറെ മത സൌഹര്ദ്ധത്തോടും സഹോദര്യത്തോടും സമാധാനത്തോടും ഒരു രാജ്യത്ത് വസിക്കാൻ കഴിയുന്നു എന്നത് തന്നെ ഇവിടുത്തെ ഭരണാധികാരികളുടെ മഹത്വം വിളിച്ചോതുന്നു. അങ്ങനെ സകലരെയും സർവാത്മനാ സ്വീകരിക്കുന്ന ഒരു രാജ്യത്ത് വന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം ജനതതിക്കു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് മുപ്പതുലക്ഷം അല്ല ലോകമെമ്പാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും ഉറ്റു നോക്കുകയാണ് .

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന വ്യക്തി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് കുടിയേറപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതു വാസ്തവമാണ് പഴയ ഭീകര മുഖം നന്നായി കഴുകി മിനുക്കി പുതിയ അവതാരത്തിലെയ്ക്കുള്ള പരകായ പ്രവേശം വളരെ ഭംഗിയായി തന്നെ മോഡിയും അദ്ദേഹത്തിന്റെ പബ്ലിക്‌ റിലേഷൻ ടീമും നടത്തികഴിഞ്ഞു . കഴിഞ്ഞ ഒരു കൊല്ലം ജനഹൃദയങ്ങളിൽ സ്വപനത്തിന്റെ വിതക്കാലമായിരുന്നു ആദ്യം മോഹനവാഗ്ദാനം എന്ന കലപ്പകൊണ്ട് പതിയെ ഉഴുതു മെതിച്ചു സ്വപനത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ് ഇത് വിളഞ്ഞു നൂറും അറുപതും മേനി ഫലം പുറപ്പെടുവിച്ചാൽ മോഡി ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ട്ട നേടും. പാകിയ വിത്തുകൾക്ക് വളവും വെള്ളവും  തേടിയാണ് മോഡിയുടെ വിദേശ യാത്രകൾ ഓരോന്നും.ഇന്ത്യൻ ജന ഹൃദയങ്ങളിൽ മോഡി വിതച്ച പ്രതീക്ഷയുടെ നാംബുകൾക്ക് കരുത്തു പകരാൻ ആണ് ഈ യാത്രകളെങ്കിൽ ഓരോ ഇന്ത്യക്കാരനും അങ്ങയെ സഹർഷം സ്വാഗതം ചെയ്യുന്നു.

മൂന്ന് പതിറ്റാണ്ടിനു ശേഷമാണ്  യു എ യിലെ പ്രവാസികളെ  ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ  ഞങ്ങൾ നോക്കി കാണുന്നത് . നാട്ടിൽ ജീവിക്കുന്നതിനേക്കാൾ മെച്ചപെട്ട ഒരു ജീവിത സാഹചര്യം തേടിയാണല്ലോ ഓരോ പ്രവാസവും ആരംഭിക്കുന്നത് അങ്ങനയിരിക്കെ നാട് തന്നെ മെച്ചപെട്ട അവസ്ഥയിൽ എത്തിയാൽ ഞങ്ങളുടെ പ്രവാസവും അസ്തമിക്കും അങ്ങ് നല്കിയ സ്വപ്നം ഞങ്ങളുടെ പ്രവാസഭൂമികയിൽ നിന്നുള്ള തിരിച്ചു വരവാണ്, അതിനായി അങ്ങ് നടത്തുന്ന ഏതു പദ്ധതിയും കൈ മെയ് മറന്നു പ്രോത്സാഹിപ്പിക്കാനും സഹകരിക്കാനും പ്രവാസികളായ ഞങ്ങൾ മുന്നിൽ ഉണ്ടാവും. ഇന്ദിര ഗാന്ധിക്ക് ശേഷം ഇഛാ ശക്തിയുള്ള വിശ്വാസമുള്ള കരങ്ങളിൽ ഇന്ത്യ എത്തപെട്ടു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി തുടങ്ങിയിട്ടുള്ളത് അങ്ങ് അധികാരമേറ്റതു മുതലാണ്‌ വർഗീയ സംഘർഷങ്ങളും  അനവസരത്തിലുള്ള പ്രസ്താവനകളും വഴി വെറുപ്പിന്റെ വ്യാപാരം നടത്തുന്നവരെ തടയാൻ കഴിഞ്ഞില്ല എങ്കിൽ വികസനവും സമാധാനവും നമുക്ക് മരീചിക മാത്രമാവും.

നാളെ ജന സഹസ്രങ്ങൾ അങ്ങയെ കാണാൻ അങ്ങയുടെ വാക്ക് കേൾക്കാൻ മരുഭൂമിയുടെ വിരിമാറിൽ തടിച്ചു കൂടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഞങ്ങളുടെ സ്വപ്നങ്ങള്ക്ക് ചിറകു വിരിപ്പിക്കാൻ അങ്ങേയ്ക്ക് കഴിയുമെന്ന്. ഞങ്ങളുടെ പ്രവാസത്തിനു അന്ത്യം കുറിക്കാൻ അങ്ങയുടെ കരങ്ങൾക്ക് ശക്തിയുണ്ടെന്ന്, ചരിത്രം ചിലതൊക്കെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുണ്ട്  താങ്കളുടെ ഭൂതകാലവും ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലെയ്ക്കു എറിയപ്പെടും. ഒരു നാൾ, നമ്മുടെ  ഇന്ത്യ ലോക രാജ്യങ്ങളിൽ വെച്ച് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ആ ദിവസം . വരൂ ഊഷരമായിരുന്ന മണ്ണിനെ സ്വപ്നങ്ങളുടെ പറൂദീസയാക്കിയ നാട്ടിലേയ്ക്ക് ,അലാവുദീന്റെ അത്ഭുത വിളക്കിനെ അന്വർത്വമാക്കിയ അംബര ചുംബികളുടെ നാട്ടിലേയ്ക്ക് പ്രത്യുതാ അങ്ങയുടെ ജനം രണ്ടാമതൊന്നു ചിന്തിക്കാതെ ജീവിക്കാൻ തിരഞ്ഞെടുക്കുന്ന മരുഭൂമിയുടെ മരുപച്ചയിലെയ്ക്ക് .......

Thursday, 6 August 2015

ഗുന്തർ പ്രാഷേ എന്ന ഞാൻ മോണിക്ക സെലസ് എന്ന സ്ത്രീയ്ക്കെഴുതുന്ന മാപ്പപേക്ഷ






എങ്ങനെ മാപ്പ് പറയണമെന്നോ എന്ത് പറഞ്ഞു തുടങ്ങണമെന്നോ എനിക്കറിയില്ല മോണിക്ക ഞാൻ തെറ്റ് ചെയ്തു ഗുരുതരമായ തെറ്റ് . വിഭ്രാന്തിയുടെ മൂർധന്യത്തിൽ തീവ്ര ആരാധന എന്ന ലഹരിയുടെ പിടിയിലായിരുന്നു ഞാൻ . സ്റ്റെഫി എനിക്ക് ജീവനായിരുന്നു ടെന്നിസിനെ പ്രണയിച്ച കാലം മുതൽ ഹൃദയത്തിലേറ്റിയ രൂപം സ്റ്റെഫി മാത്രമായിരുന്നു സ്റ്റുട്ട്ഗാർട്ടിലെ മൈതാനങ്ങളിൽ വെച്ച് ഞാൻ ഹൃദയത്തിൽ കോറിയിട്ട നീണ്ടു മെലിഞ്ഞ ആ 13 കാരിയിൽ നിന്നാണ് ഞാൻ ടെന്നിസിനെ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രണയം ടെന്നിസിനോടോ സ്റെഫിയോടോ എന്ന് വിവേചിച്ചറിയാൻ കഴിയാത്ത വിധം അപകടകരമാകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലെയ്ക്ക് വിജയ കിരിടത്തിന്റെ ശീതളിമയിൽ അവൾ മുന്നേറുമ്പോൾ ഒരു നിഴലുപോലെ ഞാൻ സ്റ്റെഡിയത്തിന്റെ കോണിൽ എവിടെയെക്കയോ ഇരുന്നു കൊണ്ട് നിർവൃതി അടയാറുണ്ടായിരുന്നു. എന്റെ ദിന രാത്രങ്ങളുടെ ജീവിതത്തിന്റെ തന്നെ സുര്യനായിരുന്നു സ്റ്റെഫി അവളുടെ ഓർമകളിൽ മാത്രമായിരുന്നു ഞാൻ ഉണരുന്നതും ഉറങ്ങുന്നതും അവളുടെ ഓരോ വിജയവും എനിക്ക് നല്കുന്ന ലഹരി അത് മാത്രമായിരുന്നു എന്റെ ആനന്ദം. അവൾ നേടിയ 22 ഗ്രാൻഡ്‌ സ്ലാം വിജങ്ങളിൽ അവളെക്കാൾ ഏറെ ഈ ഭൂമുഖത്ത് സന്തോഷിച്ചിട്ടുള്ള ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നിരിക്കണം. നിങ്ങൾ ഒരു പക്ഷെ ചിരിക്കുമായിരിക്കാം എന്നാൽ ഒന്ന് കൂടി ഞാൻ പറയാം എന്റെ എന്ത് കാര്യവും തുടങ്ങുന്നതിനു മുൻപ് ഞാൻ സ്റ്റെഫിയൊടു അനുവാദം ചോദിക്കുമായിരുന്നു നൂറു വാര അകലെ നിന്നും മാത്രം കണ്ടിട്ടുള്ള എന്റെ വീര വനിതയോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഞാൻ എങ്ങനെ അനുവാദം ചോദിച്ചു എന്ന് നിങ്ങൾ ശങ്കിക്കുന്നുണ്ടാവും എന്റെ വീട് നിങ്ങൾ ഒന്ന് കാണേണ്ടിയിരുന്നു അവിടെ എനിക്ക് ദൈവങ്ങളിൽ ഇല്ലായിരുന്നു പകരം എന്റെ പൂജാമുറിയും കിടക്കറയും എന്തിനേറെ കുളിമുറിയിൽ വരെ സ്റ്റെഫി മാത്രമായിരുന്നു. പലവേള ഈ കിറുക്കിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും എനിക്ക് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നു പക്ഷെ മോണിക്കാ ഇപ്പോൾ ഞാൻ ആത്മാർഥമായും ഖേദിക്കുന്നു.

മറ്റെന്തും എനിക്ക് സഹിക്കാമായിരുന്നു എന്നാൽ സ്റെഫിയുടെ തോൽവി എന്റെ നിയന്ത്രണങ്ങളെ തോൽപ്പിക്കുന്നവയായിരുന്നു അന്ന് ഓസ്ട്രെലിയൻ ഒപണിൽ 6 - 4 നു മുന്നിട്ടു നിന്ന ശേഷം കേവലം കൌമാരക്കാരിയായ നിന്റെ മുന്നിൽ മുട്ട് മടക്കുന്ന പ്രിയ താരത്തെ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് ഞാൻ ഉറങ്ങിയില്ല എന്ന് മാത്രമല്ല പുലരിയാവോളം സിലാരാസിന്റെ ലഹരിയിൽ ഉറക്കെ കരയുകയായിരുന്നു ഇനിയൊരു മടക്കം എന്റെ രാജകുമാരിക്കുണ്ടാവില്ല എന്ന് എന്റെ മനസ് പറയുന്നത് പോലെ അപരാജിതയായി മുന്നേറിയ എന്റെ താരം ഒരു രാത്രി വെളുക്കും മുൻപ് തീരെ ചെറുതായ പോലെ ഗുന്തർ പ്രാഷേ എന്ന ആരുമല്ലാത്ത എന്നെക്കാൾ ചെറുതായ ഒരു ഗ്രാൻഡ്‌ സ്ലാം രാജകുമാരിയെ എനിക്ക് സങ്കല്പ്പിക്കവുന്നതിലും അധികമായിരുന്നു. പിന്നീടുള്ള പകലുകളും രാവുകളും  ഞാൻ ലഹരിയിൽ ആയിരുന്നു വിസ്ക്കിയുടെ ഗന്ധം മരിജുവാനയുടെയും ഒപിയത്തിന്റെയും മയക്കം എനിക്ക് പകലുകൾ ഇല്ലായിരുന്നു. തോൽവിയുടെ മൂടുപടത്തിൽ അകപെട്ടു പോയേക്കാവുന്ന സ്റെഫിയുടെ ഭാവിയെ ഞാൻ ഭയപ്പെട്ടു ഒന്ന് തീരുമാനിച്ചു വിജയം മാത്രമുള്ള ലോകത്തേയ്ക്ക് എന്റെ പ്രിയപ്പെട്ട താരമേ നീ പറന്നകലുക. തോൽവികൾ ഇല്ലാതെ ഇനിയും ഇനിയും ഒരു പാട് ആരാധക ഹൃദയങ്ങളിൽ നിന്റെ ഓർമ ജ്വലിക്കട്ടെ .

പതിമൂന്നു സെന്റി നീളമുള്ള ബോണിംഗ് കത്തി വാങ്ങി അരയിൽ തിരുകുമ്പോൾ ഒരിക്കലും എന്റെ വന്യ സ്വപ്നത്തിൽ പോലും നീ ആയിരുന്നില്ല എന്റെ ലക്‌ഷ്യം എന്റെ പ്രിയപ്പെട്ട സ്റെഫിയെ തോൽവിയുടെ കയ്പ്പുള്ള ലോകത്ത് നിന്നും എന്നന്നെയ്ക്കും പറഞ്ഞു അയച്ചു അവൾക്കു വീര ചരമം നല്കാനുള്ള ഒരു ആരാധകന്റെ ആവേശം മാത്രമായിരുന്നു . പലതവണ ഈ ഉദ്ദേശ ത്തോടെ സ്റെഫിയെ സമീപിക്കാൻ ശ്രമിച്ചതാണ് ഒരു തവണ രണ്ടടി അകലത്തിൽ എനിക്കവളെ ഹസ്തദാനം ചെയ്യാനും സാധിച്ചു എങ്കിലും ആ സാമീപ്യം എന്റെ ധൈര്യം ചോർത്തികളഞ്ഞു. അവിചാരിതമായാണ് ആ ഏപ്രിൽ 30 നു ഞാൻ ക്വാട്ടർ ഫൈനലിന് എത്തുന്നത് തന്നെ ഹാംബർഗിലെ മൈതാനങ്ങളിൽ കളി നടക്കുമ്പോൾ എനിക്ക് പുറത്തു സ്വസ്ഥതയോടെ ഇരിക്കാൻ ആവുമായിരുന്നില്ല അവസാന നിമിഷമാണ് ഞാൻ ആ കളി കാണണം എന്ന് തീരുമാനിച്ചത് മലീന മഗ്ദലേനയും മോണികാ നീയും എനിക്ക് അന്യരായിരുന്നു. ആദ്യ സെറ്റ് 6-4 നു നീ നേടുമ്പോൾ കാണികളിൽ ഇരുന്നു ഹർഷാരവം മുഴക്കിയവരിൽ ഒരാൾ ഞാനും ആയിരുന്നു അപ്പോഴൊന്നും നീ എനിക്ക് ശത്രുവോ ഇരയോ ആയിരുന്നില്ല പിന്നെ എനിക്കെങ്ങനെ ഇതിനു കഴിഞ്ഞു ..

രണ്ടാം സെറ്റ് നിന്റെ ബാക്ക് ഹാൻഡ്‌ ഷോട്ടുകളുടെ മാസ്മരികതയിൽ മുഴുകിയിരുന്നപ്പോഴാണ് സ്റ്റെഫി എന്റെ ചിന്തകളെ മഥിക്കാൻ തുടങ്ങിയത് ദിവസങ്ങൾക്ക് മുൻപ് നീ തകർത്തെറിഞ്ഞത് വര്ഷങ്ങളായി മനസ്സിൽ ഞാൻ ചില്ലിട്ടു പൂജിക്കുന്ന രൂപമല്ലേ എന്ന തോന്നൽ ഒരു നിമിഷം നിന്നെ എന്റെ ശത്രുവാക്കി ഇനിയൊരിക്കലും സ്റെഫിയെ തോല്പ്പിക്കാൻ മോണിക്ക എന്ന പീറ പെണ്‍കുട്ടിക്ക് കഴിയാതിരിക്കട്ടെ എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ അലറി വിളിച്ചു പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല.ബോധം വരുമ്പോൾ ഞാൻ ഏതോ മാനസിക രോഗ ആശുപത്രിയിൽ ആയിരുന്നു അവർ പറഞ്ഞു എനിക്ക് താരാരാധന മൂത്ത് ഭ്രാന്തായതാണെന്ന്. രണ്ടു കൊല്ലം ഭ്രാന്തിന്റെയും ഇരുട്ടിന്റെയും തടവറയിൽ കിടന്നു അതിലേറെ എന്റെ മനസാക്ഷിയുടെ കോടതിൽ ഞാൻ നീറിയമരുകയായിരുന്നു.

 ഞാൻ പഴയ ഭ്രാന്തൻ ഗുന്തർ പ്രാഷേയല്ല ഇവാന്റെയും ഗ്രിഗറിയുടെയും മോണിക്കയുടെയും പിതാവ് കൂടിയാണ് എനിക്കൊരു മകൾ ജനിച്ചാൽ അവൾക്കു നിന്റെ പേര് വേണമെന്നതായിരുന്നു എൻറെ പ്രായശ്ചിത്തത്തിന്റെ ആദ്യ പടി അവൾ ടെന്നീസ് കളിക്കും നിന്റെ പോലെ ബാക്ക് ഹാൻഡ്‌ ഷോട്ടുകൾ ആണ് അവളുടെയും ബലം. ഒരിക്കൽ ഒരിക്കൽ എങ്കിലും എനിക്ക് എൻറെ മകളുമായി നിന്നെ വന്നു കണ്ടു മാപ്പിരക്കണം. 
ഞാൻ നശിപ്പിച്ചത് നിന്റെ കരിയർ മാത്രമല്ല നിന്റെ ജീവിതം കൂടിയാണെന്ന് അറിയുന്നു ഏതു പ്രായശ്ചിത്തവും നഷ്ട്ടപെട്ടു പോയ നിന്റെ ജീവിതത്തിനു പകരമാവില്ല എന്നെനിക്കറിയാം. എങ്കിലും ഫിനിക്സ് പക്ഷിയെ പോലെ മരണത്തെ തോൽപിച്ച നിനക്ക് ഒരു ഭ്രാന്തന്റെ  വിഹ്വലതകളിൽ നിന്നുണ്ടായ തെറ്റിന് എന്നോട് ക്ഷമിക്കാൻ ആവും ഞാൻ കാത്തിരിക്കുന്നു ......