Sunday 16 August 2015

ഊഷര ഭൂമി കാത്തിരിക്കുന്നു അഭിനവ ഋഷ്യശ്രുഗന്റെ വരവിനായി


മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ ആശയും ആശ്രയവുമായ എമറാത്തിന്റെ മണ്ണിലേയ്ക്കു ഒരിക്കലും വരില്ല എന്ന് നിനച്ച ഒരു വ്യക്തി കടന്നു വരുകയാണ് ഒരു പത്തു കൊല്ലം മുൻപ് ഈ പേര് കേൾക്കുന്നത് പോലും അറപ്പും വെറുപ്പും അവജ്ഞയും ആയിരുന്ന ഭൂരിപക്ഷം ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ഒരു നാട് എന്ന നിലയിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു സന്ദർശനമാണ് ഇന്നും നാളെയുമായി അബു ദാബിയിലും ദുബയിലുമായി നടക്കാൻ പോകുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ കാണാൻ കഴിയുന്ന നാട്ടിൽ , നാട്ടിലെ ഏതൊരു ഹതാശന്റെയും സ്വപ്നഭൂമിയാണ്‌ ഇന്നും ഗൾഫ്‌ അതിൽ വിശിഷ്യ ദുബൈക്ക് പ്രഥമ സ്ഥാനം നല്കപെട്ടു പോരുന്നു. നാട്ടിലെ ഏതൊരു തോഴിലന്വേഷിയോടും ജോലി ചെയ്യാൻ ഇഷ്ടമുള്ള വിദേശ നഗരം ഏതെന്നു ചോദിച്ചാൽ ദുബൈ എന്നാവും ഉത്തരം അത്രമേൽ ഈ നാടും അതിന്റെ സംസ്കാരവും നമ്മൾ  സ്നേഹിക്കുന്നു എന്നതിന് വേറെ തെളിവ് തേടേണ്ട ആവശ്യം ഇല്ല.

ഏകീകൃത എമിരേറ്റുകൾ   രൂപികൃതമായ കാലം തൊട്ടു അവർക്ക് എന്നും പ്രിയപ്പെട്ട ജനത ഇന്ത്യക്കാരായിരുന്നു . വിശ്വാസത്തിലും കാര്യപ്രാപ്തിയിലും നമ്മൾ കാണിച്ച ആത്മാർത്ഥത തിരിച്ചും നമുക്ക് പത്തും നൂറും മടങ്ങുകളായി തിരികെ തന്നതിന്റെ പരിണിത ഫലമാണ്  ചെറിയ തോതിലെങ്കിലും ഇന്ത്യയിലെ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തീക പുരോഗതിയുടെ  നിദാനം തന്നെ . എന്നും നമ്മളെ സ്നേഹിച്ച ഭരണാധികാരികളെ എമാരത് രൂപികൃതമായ കാലം തൊട്ടു ഉണ്ടായിട്ടുള്ളൂ എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. വിവിധ സംസ്കാരകങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ഒരു കുടകീഴിൽ  ഇത്രയേറെ മത സൌഹര്ദ്ധത്തോടും സഹോദര്യത്തോടും സമാധാനത്തോടും ഒരു രാജ്യത്ത് വസിക്കാൻ കഴിയുന്നു എന്നത് തന്നെ ഇവിടുത്തെ ഭരണാധികാരികളുടെ മഹത്വം വിളിച്ചോതുന്നു. അങ്ങനെ സകലരെയും സർവാത്മനാ സ്വീകരിക്കുന്ന ഒരു രാജ്യത്ത് വന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം ജനതതിക്കു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് മുപ്പതുലക്ഷം അല്ല ലോകമെമ്പാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും ഉറ്റു നോക്കുകയാണ് .

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന വ്യക്തി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് കുടിയേറപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതു വാസ്തവമാണ് പഴയ ഭീകര മുഖം നന്നായി കഴുകി മിനുക്കി പുതിയ അവതാരത്തിലെയ്ക്കുള്ള പരകായ പ്രവേശം വളരെ ഭംഗിയായി തന്നെ മോഡിയും അദ്ദേഹത്തിന്റെ പബ്ലിക്‌ റിലേഷൻ ടീമും നടത്തികഴിഞ്ഞു . കഴിഞ്ഞ ഒരു കൊല്ലം ജനഹൃദയങ്ങളിൽ സ്വപനത്തിന്റെ വിതക്കാലമായിരുന്നു ആദ്യം മോഹനവാഗ്ദാനം എന്ന കലപ്പകൊണ്ട് പതിയെ ഉഴുതു മെതിച്ചു സ്വപനത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ് ഇത് വിളഞ്ഞു നൂറും അറുപതും മേനി ഫലം പുറപ്പെടുവിച്ചാൽ മോഡി ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ട്ട നേടും. പാകിയ വിത്തുകൾക്ക് വളവും വെള്ളവും  തേടിയാണ് മോഡിയുടെ വിദേശ യാത്രകൾ ഓരോന്നും.ഇന്ത്യൻ ജന ഹൃദയങ്ങളിൽ മോഡി വിതച്ച പ്രതീക്ഷയുടെ നാംബുകൾക്ക് കരുത്തു പകരാൻ ആണ് ഈ യാത്രകളെങ്കിൽ ഓരോ ഇന്ത്യക്കാരനും അങ്ങയെ സഹർഷം സ്വാഗതം ചെയ്യുന്നു.

മൂന്ന് പതിറ്റാണ്ടിനു ശേഷമാണ്  യു എ യിലെ പ്രവാസികളെ  ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ  ഞങ്ങൾ നോക്കി കാണുന്നത് . നാട്ടിൽ ജീവിക്കുന്നതിനേക്കാൾ മെച്ചപെട്ട ഒരു ജീവിത സാഹചര്യം തേടിയാണല്ലോ ഓരോ പ്രവാസവും ആരംഭിക്കുന്നത് അങ്ങനയിരിക്കെ നാട് തന്നെ മെച്ചപെട്ട അവസ്ഥയിൽ എത്തിയാൽ ഞങ്ങളുടെ പ്രവാസവും അസ്തമിക്കും അങ്ങ് നല്കിയ സ്വപ്നം ഞങ്ങളുടെ പ്രവാസഭൂമികയിൽ നിന്നുള്ള തിരിച്ചു വരവാണ്, അതിനായി അങ്ങ് നടത്തുന്ന ഏതു പദ്ധതിയും കൈ മെയ് മറന്നു പ്രോത്സാഹിപ്പിക്കാനും സഹകരിക്കാനും പ്രവാസികളായ ഞങ്ങൾ മുന്നിൽ ഉണ്ടാവും. ഇന്ദിര ഗാന്ധിക്ക് ശേഷം ഇഛാ ശക്തിയുള്ള വിശ്വാസമുള്ള കരങ്ങളിൽ ഇന്ത്യ എത്തപെട്ടു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി തുടങ്ങിയിട്ടുള്ളത് അങ്ങ് അധികാരമേറ്റതു മുതലാണ്‌ വർഗീയ സംഘർഷങ്ങളും  അനവസരത്തിലുള്ള പ്രസ്താവനകളും വഴി വെറുപ്പിന്റെ വ്യാപാരം നടത്തുന്നവരെ തടയാൻ കഴിഞ്ഞില്ല എങ്കിൽ വികസനവും സമാധാനവും നമുക്ക് മരീചിക മാത്രമാവും.

നാളെ ജന സഹസ്രങ്ങൾ അങ്ങയെ കാണാൻ അങ്ങയുടെ വാക്ക് കേൾക്കാൻ മരുഭൂമിയുടെ വിരിമാറിൽ തടിച്ചു കൂടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഞങ്ങളുടെ സ്വപ്നങ്ങള്ക്ക് ചിറകു വിരിപ്പിക്കാൻ അങ്ങേയ്ക്ക് കഴിയുമെന്ന്. ഞങ്ങളുടെ പ്രവാസത്തിനു അന്ത്യം കുറിക്കാൻ അങ്ങയുടെ കരങ്ങൾക്ക് ശക്തിയുണ്ടെന്ന്, ചരിത്രം ചിലതൊക്കെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുണ്ട്  താങ്കളുടെ ഭൂതകാലവും ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലെയ്ക്കു എറിയപ്പെടും. ഒരു നാൾ, നമ്മുടെ  ഇന്ത്യ ലോക രാജ്യങ്ങളിൽ വെച്ച് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ആ ദിവസം . വരൂ ഊഷരമായിരുന്ന മണ്ണിനെ സ്വപ്നങ്ങളുടെ പറൂദീസയാക്കിയ നാട്ടിലേയ്ക്ക് ,അലാവുദീന്റെ അത്ഭുത വിളക്കിനെ അന്വർത്വമാക്കിയ അംബര ചുംബികളുടെ നാട്ടിലേയ്ക്ക് പ്രത്യുതാ അങ്ങയുടെ ജനം രണ്ടാമതൊന്നു ചിന്തിക്കാതെ ജീവിക്കാൻ തിരഞ്ഞെടുക്കുന്ന മരുഭൂമിയുടെ മരുപച്ചയിലെയ്ക്ക് .......

No comments: