യാഹൂ മെസ്സഞ്ചറിലെ ചാറ്റിങ്ങിലായിരുന്നു എന്റെ സൈബർ അക്ഷരപിച്ച
ചാറ്റും ചീറ്റും ശീൽക്കാരവും കൊണ്ട് തരളിതമായിരുന്ന കൌമാരം
ഗൂഗിൾ ടോക്കിലെ അനോണിമസ് ഐഡിയിൽ നിന്നാണ് ഞാൻ
ഹരിപ്രീയ പാട്ടീൽ എന്ന ഗോസായി പെണ്ണിനോട് ചങ്ങാത്തം കൂടുന്നത്
പ്രേമമെന്ന വികാരം സാർവ്വ ദേശിയമാണെന്നും അതിനു മതിലുകൾ ഇല്ലെന്നും
ലുങ്കി മലയാളിയായെ എന്നെ ഹരിപ്രീയ പാട്ടിൽ പറഞ്ഞു പാട്ടിലക്കിയത്
വെബ് കാം എന്ന സാധനം അവളുടെ വീട്ടിൽ വരുന്ന ദിവസം വരെ മാത്രമായിരുന്നു
ഞങ്ങളുടെ പരിശുദ്ധ പ്രേമത്തിന്റെ ആയുസ് , പപ്പനാവേട്ടന്റെ
പാവൽ പാടത്തിലെ പേക്കോലം പോലൊരു പാട്ടീല് കുട്ടി
പേടിച്ചരണ്ട ഞാൻ പിന്നെ പതിനാലു കഴിഞ്ഞാണ് കംപ്യുട്ടർ തുറന്നത്
കേരള കഫെയിലെ കമ്പി ചാറ്റിങ്ങിലേയ്ക്കായിരുന്നു പിന്നെ എന്റെ ചുവടു മാറ്റം
മുല കുടിയന്മാരായ തെറിച്ച പിള്ളേരുടെ വായ്മൊഴി കേൾക്കാൻ
പലവുരു ഞാൻ ബ്രഹന്നളയും മോഹിനിയുമായി പരകായ പ്രവേശം നടത്തി
ചൂടൻ ചർച്ചകളിൽ വിയർത്തും വിസർജ്ജിച്ചും വിവശനായി
മുഖമില്ലാത്ത സ്വപ്‌നങ്ങൾ കൊടുത്ത് ഞാൻ പല വിടന്മാരെയും വിവശനാക്കി
വാരികകൾ തിരിച്ചയച്ച കൃതികളെ നോക്കി വ്യകുലനായി ഇരിക്കുമ്പോഴാണ്
ഞാൻ ബ്ലോഗുകളെ കുറിച്ച് കേട്ടത്, ഭഗ്നാശരായ കലാകാരന്മാരുടെ
കഥകളും കവിതകളും എന്ന് വേണ്ട എല്ലാ ചവറും അതിൽ പ്രസിദ്ധീകരിക്കമാത്രേ
കട്ടേം പടോം മടക്കിയിരുന്ന എന്നിലെ കലാകാരൻ സട കുടഞ്ഞെഴുനേറ്റു
കഥയായി കവിതയായി ലോകത്തുള്ള സകലമാന വിഷയങ്ങളും
തൂലിക തുമ്പിലൂടെ വിരിഞ്ഞിറങ്ങി , കമന്റ്റുകളുടെ വരിനായി
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കാണാതായപ്പോൾ
ഒന്നു രണ്ടു വ്യാജ പ്രൊഫൈലുകൾ സൃഷ്ട്ടിച്ചു ഞാൻ തന്നെ കമണ്ടറൂമായി
ഓർകൂട്ട് ഒരു ചേലുള്ള കൂട് തന്നെ ആയിരുന്നു നിറങ്ങൾ ചാലിച്ച
നിറയെ ഓർമകളുടെ സുഗന്ധവുമായെത്തിയ സ്നേഹകൂട്
ആ കൂട്ടിൽ ഞാൻ പഴയ പുസ്തക താളുകളിൽ എവിടെയോ മറന്ന
ഒരു പാട് മയിൽ പീലി തുണ്ടുകളെ കണ്ടെത്തി
ടെസ്റ്റിമോണിയലുകളും പടം പിടുത്തവുമായി ഒന്ന് ഇണങ്ങി
വരുമ്പോളാണ് ഗൂഗിളിന്റെ ആ ബസ് വരുന്നത്
പറയാനുള്ളത് ക്യാപ്സൂൾ പരുവത്തിൽ ബസിൽ പറയാം
ബുദ്ധി ജീവികളുടെ ആധിക്യം കൊണ്ടും
ബുദ്ധിപരമായി വലുതായി എഴുതാൻ കഴിയാത്തതിനാലും
വഴിയിൽ എവിടെ വെച്ചോ ഞാൻ ബസിൽ നിന്നും ഇറങ്ങി .
അധികം ദൂരം ഓടാതെ തന്നെ ബസിനു സഡൻ ബ്രേയ്ക്കും വീണു .
ശശിയണ്ണൻ സുനന്തേച്ചിയെ കെട്ടാൻ കൊതി മൂത്ത് നടക്കണ കാലത്താണ്
ആദ്യമായി ഞാൻ ട്വിട്ടെറിനെപറ്റി കേൾക്കണത്
അമേരിക്കയിലെല്ലാം ട്വിട്ടെരിൽ കൂടിയാണത്രേ
മുള്ളിയാൽ ട്വീറ്റ് തൂറിയാൽ ട്വീറ്റ് ട്വീട്ടോട് ട്വീറ്റ്
കുറയാൻ പാടില്ലല്ലോ എന്ന് കരുതി ഞാനും ട്വീട്ടി
രണ്ടു മൂന്ന് ഘടാ ഘടിയൻ ട്വീട്ടുകൾ
സക്കർ ബർഗ് എന്ന താന്തോന്നി പയ്യൻ തുടങ്ങിയ ഫേസ് ബുക്ക്
യുറോപ് കടന്നു പതിയെ പതിയെ ഏഷ്യയിൽ ചുവടുറപ്പിച്ച
ആദ്യ ഘട്ടത്തിൽ തന്നെ എടുത്തു അതിലും ഒരു നെടുവിരിയൻ അക്കൗണ്ട്
നാർസിസം മൂത്ത വേളയിലൊക്കെ സ്വന്തം പ്രതിബിംബം കാണാൻ
വേമ്പനാട്ടു കായലിനെയും മുറി കണ്ണാടിയെയും ആശ്രയിച്ചിരുന്ന ഞാൻ
ചാഞ്ഞും ചരിഞ്ഞും ചിരിച്ചും ചിരിക്കാതെയും ഫോട്ടം പിടിചിട്ടിട്ട്
നാട്ടുകാരുടെ ലൈകിനു വേണ്ടി കമ്പ്യുട്ടറിനു മുന്നിൽ ഇമവെട്ടാതെ കുത്തിയിരുന്നു
സരിത ചേച്ചിയുടെ ക്ലിപുകൾ തരംഗ മായ നേരത്താണ് വാട്സ് അപ്പില്ലത്തത്
ഒരു കുറവായി അനുഭവപ്പെടാൻ തുടങ്ങിയത്
അഞ്ചും ആറും എട്ടും ക്ലിപ്പുകൾ കണ്ടവർ നീയ് കണ്ടോ മുത്തെ എന്ന്
മുഖത്ത് നോക്കി ചോദിച്ചു തുടങ്ങിയപ്പോഴാണ്
സ്മാർട്ട് ഫോണ്‍ ഒന്ന് വാങ്ങിയെ മതിയാകൂ എന്ന് തീരുമാനിച്ചത് .
ഇപ്പോൾ ഞാൻ അത്യന്താധുനീകൻ ആയിക്കഴിഞ്ഞിരിക്കുന്നു
എനിക്ക് ഫേസ് ബൂക്കുണ്ട് ,വാട്സ് ആപ്പുണ്ട് ട്വിട്ടരുണ്ട്
വീ ചാറ്റ് ഉണ്ട് ഐ എം ഓ യുണ്ട് ലിങ്കിടിനുണ്ട്
ഒരു ദിവസം ഒരു പോസ്റ്റെങ്കിലും ഇട്ടില്ലങ്കിൽ
എന്റെ ആരാധകർ അസ്വസ്ഥരാകും
അവരെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാവു
നാല് പേരെ ഒരുമിച്ചു മുന്നിൽ കണ്ടാൽ എന്റെ
മുട്ടുകൾ കൂട്ടി ഇടിയ്ക്കുമേങ്കിലും സോഷ്യൽ മീഡിയയിൽ
ഞാൻ ഒരു സംഭവമാണ് വെറും സംഭവമല്ല ഒരു മഹാ പ്രസ്ഥാനം
ഗറില്ല യുദ്ധമാണ് എന്റെ തൊഴിൽ, താന്തിയ തൊപ്പിയാണെന്റെ ഗുരു
എന്നെ വിടൂ .. എനിക്ക് ഫേസ് ബുക്കിൽ പോസ്റ്റിടാൻ നേരമായി .....
No comments:
Post a Comment