Thursday, 17 September 2015

പുലിമട കടന്നൊരു പുനർജ്ജന്മംതലൈവരുടെ മരണത്തോടെ ഈലവുമായി ആഭിമുഖ്യമുള്ള എല്ലാവരെയും ശ്രീ ലങ്കൻ സേന അറസ്റ്റ് ചെയ്യുകയും അവസാനത്തെ ഈലം പോരാളിയും മണ്ണടിഞ്ഞു എന്ന് ബോധ്യം വന്നപ്പോഴാണ് കാളിയപ്പൻ നിറവയറുമായിരിക്കുന്ന ഭാര്യ പദ്മയുമായി രാമേശ്വരത്തെയ്ക്ക്   കടക്കാൻ തീരുമാനിച്ചത്. പദ്മയുടെ ജീവനെക്കരുതിയായിരുന്നു കാളിയപ്പൻ അങ്ങനെ ഒരു തീരുമാനം എടുത്തത് കാരണം 2008 ലെ കൊളംബോ നഗരത്തെ നടുക്കിയ ബസ്‌ ബോംബാക്രമണത്തിൽ ബസിൽ ബോംബു വെയ്ക്കാൻ നിയോഗിക്കപ്പെട്ട വനിതാ പോരാളിയായിരുന്നു പദ്മ. ഒരു നാൾ തമിൾ മണ്ണും സ്വതന്ത്രമാകുമെന്നും അന്ന് വീര ചരിത്രം എഴുതിയ പോരാളികളുടെ കൂടെ തന്റെ പേരും ചേർക്കപെടും എന്ന സുന്ദര സ്വപ്നമാണ് വെറും കൌമാരക്കരിയായിരുന്ന പദ്മയെ ആ പാതകത്തിന് പ്രേരിപ്പിച്ചത്.  പദ്മയാണ് അടുത്ത പദ്ധതി നടപ്പിലാക്കേണ്ടത് എന്ന സന്ദേശം കിട്ടിയ നാൾ മുതൽ മനസുകൊണ്ട് മരിക്കാൻ തയ്യാറെടുക്കയായിരുന്നു. സാധാരണ ഈലം നടത്തുന്ന ചാവേർ ആക്രമണങ്ങളിൽ നിന്നും വിഭിന്നമായ ഒരു പ്ലോട്ട് അവതരിപ്പിച്ചു കാണിച്ചപ്പോഴാണ് സമാധാനം ആകുന്നത് എങ്കിലും ഒരു ചെറിയ ഭയം   എവിടെങ്കിലും ഒരു ചുവടു പിഴച്ചാൽ നെഞ്ചിലെ ലോക്കാറ്റിലുള്ള സയനൈഡ് കുപ്പി കടിച്ചു പൊട്ടിക്കുക അതാണ്‌ മുകളിൽ നിന്നും കിട്ടിയ നിർദേശം.  ഭംഗിയുള്ള പൂക്കൾ നിറച്ച സഞ്ചിയിൽ അതി പ്രഹര ശേഷിയുള്ള ബോംബുമായി തിരക്കുള്ള സെൻട്രൽ ബസ്‌ സ്റെഷനിൽ എത്തുക ബാഗ് ആരുമറിയാതെ ഉപേക്ഷിച്ചു മടങ്ങുക. കുട്ടിത്തം വിട്ടുമാറാത്ത പദ്മയുടെ മുഖം ഒന്ന് മാത്രമാണ് ആ ഒപേറെഷൻ നടത്താൻ പദ്മയെ നിയോഗിച്ചതിനു പിന്നിലെ പുലി ബുദ്ധി .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു വൈശാഗിയുടെ വാരാന്ത്യത്തിലേക്ക് വഴുതാൻ വെമ്പൽ കൊണ്ട് വലിയ തിരക്കിലേയ്ക്ക് നഗരം പോകെ പോകെയാണ് തമിൾ മക്കളുടെ സ്വാതന്ത്ര്യം തേടി തലയിൽ മുല്ലപ്പൂവും  ഒരു കൊച്ചു കൂടയിൽ നിറയെ വർണ്ണ പൂക്കളുമായി  പദ്മ എന്ന പദ്മിനി സെൽവൻ   പാൽ പുഞ്ചിരിയും തൂകി സെൻട്രൽ ബസ്‌  സ്റ്റെഷൻ പരിസരത്തു എത്തുന്നത്. ആർക്കും സംശയത്തിന് ഇട നൽകാതെ ബസ്‌ കാത്തിരിക്കുന്നവരുടെ ഇടയിൽ നമ്ര മുഖിയായി സ്ഥാനം പിടിച്ച ശേഷം  കൈയ്യിലിരുന്ന പൂക്കൂട  പതിയെ കസേരയുടെ താഴേയ്ക്ക് നീക്കി വെച്ചു. ഏതു നിമിഷവും ഇത് പൊട്ടിത്തെറിക്കും അനേകം പേർ മരിക്കും അവരിൽ ഒരുവളായി ഞാനും ഈലത്തിനു വേണ്ടി ജീവൻ നൽകിയാലോ, വേണ്ടാ ഇനിയും ഇനിയും ഒരു പാട് ദൂരം ഈലത്തിനു വേണ്ടി പൊരുതാൻ ഞാൻ ഉണ്ടാവണം . ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ എഴുന്നേറ്റു മുന്നിലേയ്ക്ക് നടന്നു . ആരെങ്കിലും പിൻവിളി വിളിച്ചു പൂക്കൂട എടുക്കാൻ പറഞ്ഞാൽ, ഒരു പിൻ വിളിയും കാതോർത്ത് പദ്മ മുന്നിലേയ്ക്ക് നടന്നു. ഇല്ല ആരും പിറകെ വിളിച്ചില്ല തന്റെ യാത്രാ നീളുകയാണ് ജീവനും, ഒരു അഞ്ചു മിനിട്ട് മുൻപോട്ടു നടന്നതും പുറകിൽ നിന്നൊരു ഭയാനക ശബ്ദം,  ഞെട്ടിയില്ല  കൂട്ട കരച്ചിൽ , പരിഭ്രാന്തരായ ആളുകൾ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു പദ്മ ഒന്ന് തിരഞ്ഞു നിന്നു മനസ് കല്ല്‌ പോലെ ദൃഡമായിരിക്കുന്നു. അൻപുക്കു അൻപാന തമിൾ വാഴ്ക, ഈലം വാഴ്ക, അറുപത്തിയെട്ടു മൃതദേഹങ്ങൾക്കും കൂട്ട കരച്ചിലുകൾക്കും അപ്പുറം താനും സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കാളിയായിരിക്കുന്നു എന്ന സന്തോഷത്തിൽ പദ്മ മുന്നോട്ടു നടന്നു.

ഈലം മുൻകൈ എടുത്താണ് കാളിയപ്പനുമായി വിവാഹം നടത്തുന്നത് കാളിയപ്പൻ മദ്രാസിൽ പോയി ബിരുദം നേടിയ ആളാണ്‌. പൊട്ടു അമ്മൻ എന്ന ഷണ്മുഖ ലിംഗം ശിവശങ്കരന്റെ പേർസണൽ സെക്രട്ടറി ആയിരുന്നു കാളിയപ്പൻ .പൊട്ടു അമ്മൻ ഈലം വിട്ടു ഒളിച്ചോടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നിട്ടും വേണ്ടപെട്ടവരെ അറിയിച്ചില്ല എന്ന കാരണത്താൽ കാളിയപ്പൻ ഈലത്തിന്റെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കപെട്ടു. പൊട്ടു അമ്മൻ നീട്ടിയ പ്രവാസം എന്ന സുഖവാസം ഈലത്തിന്റെ നന്മയെക്കരുതി വേണ്ടെന്നു വെച്ച കാളിയപ്പന് പിന്നെ ഏകാന്ത വാസമായിരുന്നു ട്രിങ്കൊമാലിയിലെ കുഞ്ഞു ഭവനത്തിൽ പദ്മയും മകൻ തമിൾ സെൽവനുമായി ഒറ്റപെട്ട ജീവിതം നയിക്കുമ്പോഴും എന്നെങ്കിലും തമിൾ മണ്ണ് സിംഹള ആധിപത്യത്തിൽ നിന്നും മോചിതമാകുമെന്നു കാളിയപ്പൻ  സ്വപ്നം കണ്ടിരുന്നു. ലങ്കയിൽ അധികാര കൈമാറ്റവും പുലി പാളയത്തിൽ കരുണയുടെ നേതൃത്തത്തിൽ പാളയത്തിൽ പടയും തുടങ്ങിയതോടെ ഈലം എന്ന ആശയം എങ്ങോ അസ്തമിക്കാൻ വെമ്പുന്ന സ്വപ്നമായി. രാജപക്സെയുടെ പട്ടാളം നിർ ദാക്ഷിണ്യം പുലി മടകൾ നിർവീര്യമാക്കി ജാഫ്നയും റ്റ്രിങ്കൊമാലിയും കടന്നു സൈന്യം പ്രഭാകരനെ വധിച്ചിരിക്കുന്നു ഇനിയൊരു ചെറുത്തു നിൽപ്പിനു പോലും ബാല്യമില്ലാത്ത വിധം തമിൾ പുലികൾ പിഴുതെറിയപെട്ടിരിക്കുന്നു . തമിൾ വീടുകളിൽ ലങ്കൻ സേന സംഹാര താണ്ടവം തുടങ്ങിയിരിക്കുന്നു ഈലവുമായി വിദൂര ബന്ധം ആരോപിച്ചു പോലും കൊടിയ പീഡനങ്ങളിൽ പൊറുതി മുട്ടിയപ്പോഴാണ്‌ കാളിയപ്പൻ രമേശ്വരത്തോട്ടു കുടുംബ സമേതം ബോട്ട് കയറുന്നത്.

അരാജകത്വത്തിന്റെ ലങ്കയിൽ നിന്നും സ്വന്തം മണ്ണിലേയ്ക്കുള്ള പറിച്ചു നടലായിരുന്നു കാളിയപ്പനും കുടുംബത്തിനും രമേശ്വരത്തോട്ടുള്ള കൂടുമാറ്റം. പദ്മയും കൊച്ചു തമിൾ സെൽവനും പറുദീസയിൽ എത്തിയ സന്തോഷത്തിലായിരുന്നു. ആ സന്തോഷത്തിനു ആക്കം കൂട്ടി കുഞ്ഞു ലക്ഷ്മി കൂടി കുടുംബത്തിൽ വന്നു പിറന്നു . ലക്ഷ്മി മോൾ ആദ്യാക്ഷരം ചൊല്ലി തുടങ്ങിയ നാൾ മുതൽ വ്യതിരക്തമായശബ്ദത്തിൽ എന്തൊക്കയോ പുലമ്പുന്നു എന്നതു ഞങ്ങൾക്ക് അതിശയമായിരുന്നു പിന്നെ പിന്നെ ആ ചൊല്ലലുകൾക്ക് വ്യക്തത വന്നു. തമിൾ മാത്രം സംസാരിക്കുന്ന  കാളിയപ്പനും പദ്മയ്ക്കും സിംഹള സംസാരിക്കുന്ന മകൾ. പല തവണ ചൊല്ലി പഠിപ്പിച്ചിട്ടും ലക്ഷ്മി തമിളിനോടൊപ്പം സിംഹളയും സംസാരിച്ചു തുടങ്ങി ഡോക്ടറെ കാണിച്ചപ്പോൾ കുറച്ചു കൂടി നന്നായി സംസാരിക്കാൻ തുടങ്ങുമ്പോൾ അത് മാറികൊള്ളും എന്ന ഉപദേശമാണ് കിട്ടിയത് എങ്കിലും ഇത്ര കൃത്യമായി സിംഹള വെറും രണ്ടര വയസുള്ള കുട്ടി എങ്ങനെ മനപാഠം ആക്കി. ഒരു ദിവസം ലക്ഷ്മിമോൾ ഇങ്ങനെ പറഞ്ഞു തുടങ്ങി "ഞാൻ അമ്മ കൊന്ന ദയവതിയാണ് കൊളംബോയ്ക്കടുത്ത് ബട്ടരമുള്ള ഗ്രാമത്തിലെ ഗ്രാമ മുഖ്യന്റെ മകളായ ദയവതിയാണ് ഞാൻ  അന്ന് നടന്ന ബസ്‌ സ്ഫോടനത്തിൽ ചിന്നി ചിതറിയ ദേഹങ്ങളിൽ ഒന്ന് ഞാനായിരുന്നു." നാവുറയ്ക്കാത്ത ലക്ഷ്മിയുടെ വെളിപ്പെടുത്തലുകളിൽ പദ്മ പേടി കൊണ്ട് വിറച്ചു. പുനർജ്ജന്മം എന്നൊക്കെ കഥകളിൽ വായിച്ചിട്ടുണ്ട് എന്നാൽ ഇങ്ങനൊ ഒന്ന് തന്റെ വയറ്റിൽ പിറന്ന കുഞ്ഞു തന്നെ, പദ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാളിയപ്പൻ ശ്രിലങ്കയിലുള്ള സുഹൃത്ത്ക്കളെ വിളിച്ചു ലക്ഷ്മി മോൾ പറഞ്ഞ അടയാളങ്ങൾ ഉള്ള ആരെങ്കിലും അന്ന് ബസ്‌ സ്ഫോടനത്തിൽ കൊല്ലപെട്ടിടുണ്ടോ എന്ന് അന്വേഷിച്ചു. കിട്ടിയ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു അവൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ സത്യമാണ്. അങ്ങനെ ഒരു സ്ത്രീ അന്ന് കൊല്ലപെട്ടിരുന്നു കൊല്ലപെടുമ്പോൾ അവരും ഗർഭിണി ആയിരുന്നു . കാളിയപ്പനും പദ്മയും പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല ലക്ഷ്മിക്ക് സിംഹള ഭാവം എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല വരുമ്പോൾ ആ കുഞ്ഞു മുഖത്തേയ്ക്കു നോക്കാൻ തന്നെ ഭയമാണ്.ബാധ ഒഴിപ്പിക്കാൻ കാളിയപ്പനും പദ്മയും നേരാത്ത നേർച്ചകളോചെയ്യാത്ത പൂജകളോ ഇല്ല. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു  വസന്ത പൌർണമിയും അമാവാസിയും ഒരുമിച്ച വെള്ളിയാഴ്ച അന്ന് പദ്മയൊരു സ്വപ്നം കണ്ടു ഏഴു വർണങ്ങളുള്ള ഒരു പൂക്കുടയുമായി നടന്നടുക്കുന്ന സുന്ദരി പെണ്ണ് പതിയെ നടന്നു വന്നു തന്റെ കട്ടിലിനു അരികിൽ ഇരിക്കുന്നു നല്ല ശ്രീലങ്കൻ തമിഴിൽ സംസാരിച്ചു  തുടങ്ങിയ യുവതി ക്ഷണ നേരം കൊണ്ടൊരു തീഗോളമായി മാറുന്നു പദ്മ പേടിച്ചു നിലവിളിച്ചു കൊണ്ട് ഉണർന്നു. പദ്മയുടെ നിലവിളികേട്ട് ഉണർന്ന ലക്ഷ്മി പച്ചരി പല്ലുള്ള മോണകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ഭയപെട വേണ്ട അമ്മാ ദയവതി അക്കാ പോയാച്ച് ഇനി മേ നീങ്ക  നിമ്മതിയാ തൂങ്കമ്മാ ......
Post a Comment