Saturday, 3 October 2015

അലമുരുവിൽ നിന്നും ആകാശം മുട്ടെ ഒരാൽമരംനല്ല മഴയും വെള്ളപ്പൊക്കവും വന്നു സ്കൂളിൽ ദുരിതാശ്വാസ കാമ്പ് തുറന്നപ്പോൾ കൂടി പള്ളിക്കൂടത്തിൽ പോയി താമസിക്കാൻ ഭാഗ്യം കിട്ടത്തവനാണ് താനെന്നു പല്ലാ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അന്ന് അതിസാരവും ശർദ്ദിയും ബാധിച്ചു മെഡിക്കൽ കോളേജിൽ   അഡ്മിറ്റു ചെയ്തിരുന്നതിനാൽ കുടുംബം മുഴുവൻ പാർക്കുന്ന സ്കൂൾ കാണാനോ അതിനകത്ത് കേറാനോ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ജനിചിട്ടിത് വരെ പല്ലായ്ക്കു പള്ളികൂടത്തിന്റെ പടി വാതിൽ കാണാൻ കഴിഞ്ഞിട്ടില്ല. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലെ അത്രയൊന്നും വികസിതമല്ലാത്ത അലമുരു എന്നാ ഗ്രാമത്തിലാണ് പല്ലാ ജനിച്ചത്ഗ്രാമത്തിനു വെളിയിൽ ആറു മൈൽ അപ്പുറം കടന്നു വേണം പള്ളിക്കൂടത്തിൽ പോകാനും പഠിക്കാനും. രാമകൃഷ്ണ റാവു  എന്ന സാധാരണ കർഷകന്റെ ആറുമക്കളിൽ  ആറാമനായാണ് മേടപെട്ടി പല്ലാ റാവു ജനിക്കുന്നത് ആറര ഏക്കറോളം നീണ്ട നെൽപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് രാമകൃഷ്ണ റാവു മക്കളെ വളർത്തിയത് ആറു മക്കളിൽ ആണായി പിറന്ന ആരും തന്നെ പഠിക്കാൻ പോയിട്ടില്ല. ഓർമ്മ വെച്ച കാലം തൊട്ടു അപ്പൻ റാവുവിന്റെ തോട്ടത്തിലെ പണിയാണ് മക്കൾ എല്ലാവർക്കും കിഴക്ക് വെള്ള കീറുമ്പോൾ കൈകോട്ടും പഴയ ആരോരൂട്ട് ബിസ്ക്കറ്റ് പാട്ടയുമായി വയലിൽ ഇറങ്ങുന്ന അപ്പന് പിന്നാലെ നാല് ആണ്മക്കളും ഉണ്ടാവും പകലന്തിയോളം പണികൾ പലതുണ്ടാവും പാടത്ത് കള പറിക്കലിലാണ് വയലോലകളിലെ ഹരീ ശ്രീ .ഒന്ന് പഠിച്ചു തഴക്കം വന്നു തുടങ്ങുമ്പോൾ മാത്രമാണ് കാള  പൂട്ടി നിലം ഉഴുന്നപോലെ കഠിനമായ  മറ്റു പണികൾ ചെയ്യിപ്പിച്ചു തുടങ്ങുന്നത് . മുറി മീശ മുളച്ചു തുടങ്ങിയ കാലത്ത് അടുത്ത ഗ്രാമത്തിൽ നിന്നും വന്ന സുബ്ബ റാവു ആണ് അപ്പനോട് മക്കളെ ഗൾഫിൽ വിടുന്ന കാര്യം സംസാരിച്ചത് പതിനായിരം രൂപ ശമ്പളം എന്ന് കേട്ടപ്പോൾ രാമകൃഷ്ണ റാവുവിന്റെ തല കറങ്ങി ആൽത്തറയിൽ ഇരുന്നെന്നാണ് പല്ല പറയുന്നത്. ചേട്ടന്മാർക്കാർക്കും നാട് വിട്ടു പോകാൻ താല്പര്യം ഇല്ലാതിരുന്നതിനാലാണ് പല്ലായ്ക്കു നറുക്ക് വീഴുന്നത്   പക്ഷെ പതിനെട്ടു തികയാത്ത പല്ലായ്ക്കു പാസ്പോർട്ട് കിട്ടില്ല  ഇരുപത്തി അയ്യായിരം വാങ്ങി ഏജന്റാണ് പതിനാറുകാരനായ പല്ലായ്ക്കു പാസ്പോർട്ട് തരപ്പെടുത്തുന്നത്‌.


വീടും വയലും മാത്രമായിരുന്ന ലോകത്ത് നിന്നും  ഭൂമിയിലെ സ്വർഗത്തിൽ എത്തിയ പ്രതീതി ആയിരുന്നു ഷാർജയിലെ കോണ്ട്രാക്റ്റ് കമ്പനിയിൽ എത്തിയപ്പോൾ.പാകിസ്ഥാനികളും ശ്രീലങ്കക്കാരും ഫിലിപൈനികളും അടങ്ങിയ കമ്പനിയിലെ മൂന്ന് നിലയുള്ള കട്ടിലിനു മുകളിലെ നിലയിൽ എയർ കണ്ടിഷനോട് ചേർന്ന കിടക്ക തന്നെ അവൻ സ്വന്തമാക്കി. തണുപ്പും ചൂടും വരുന്ന യന്ത്രം അവന്റെ വന്യമായ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒന്നല്ല  .ചൂട് അവനൊരു പ്രശ്നമേ  അല്ലായിരുന്നു എന്ത് കട്ടി പണിയും കൂസലില്ലാതെ അവൻ ചെയ്തു തീർക്കുംപക്ഷെ ഭാഷ അത് വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു . പണി മടിയന്മാരായ പാകിസ്ഥാനി മേസിരിമാർ അവനെ കഴുതയെന്നും ബുദ്ധിയില്ലത്തവനെന്നും വിളിച്ചു കളിയാക്കുമ്പോഴും ഒന്നും മനസിലാകാതെ അവൻ ജോലിയിൽ വ്യാപ്രതനാകും.വന്നു കുറച്ചു ദിവസം  കഴിഞ്ഞു ആണ്  അവൻ എന്നെ പരിച്ചയപെടുന്നത് .
മീരു ആന്ധ്രാ ?
എന്നെ കണ്ടിട്ട് ഒരു അന്ധ്രാക്കാരനെ പോലെ തോന്നിയിരിക്കണം.
 അല്ല കേരളാ ,,
എന്റെ മറുപടി കേട്ട് അവൻ ഒന്നും മിണ്ടാതെ പോയി കേരളം ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ അതിരിലാണെന്നോ മറ്റോ ധരിച്ചു വശായി എന്ന് വ്യക്തം. പിന്നെ പിന്നെ കാണുമ്പോൾ എല്ലാം അവൻ അവന്റെ ഭാഷയിൽ വാതോരാതെ എന്നോട് സംസാരിക്കും അവന്റെ അപ്പൻ രാമകൃഷ്ണ റാവുവിനെപറ്റിയും അവരുടെ അടുത്തുള്ള ക്ഷേത്രത്തിൽ നടക്കാറുള്ള ഉത്സവങ്ങളെ പറ്റിയും എല്ലാം പാതി മനസിലാക്കിയും മറുപാതി ഊഹിച്ചും ഞാൻ അവന്റെ ഉറ്റ ചങ്ങാതിയായി മാറുകയായിരുന്നു .

ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടയിൽ എന്തോ വാങ്ങാൻ ഞങ്ങൾ ഒരുമിച്ചു കടയിൽ പോയി എന്റെ പേഴ്സ്   തുറന്നതും അതിനുള്ളിൽ നാട്ടിൽ നിന്നും വന്നപ്പോൾ ബാക്കിയായ അന്പതിന്റെയും നൂറിൻറെയും നോട്ടുകൾ കണ്ട അവൻ അത്ഭുതത്തോടെ അത് വാങ്ങി നോക്കി ഏതോ അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെയും നോട്ടുകളെയും മറിച്ചും തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു .
സത്യം പറ നീ ആന്ധ്രാക്കാരൻ അല്ലേ??  ഇത് ആന്ധ്രയിലെ നോട്ടുകളാണ് നാട്ടിൽ വെച്ച് ബാബ എനിക്ക് മുടിവെട്ടാനും മാങ്ങഹൽവ വാങ്ങാനും തരുന്നത് നോട്ടുകൾ തന്നെ ,
 എനിക്ക് ഉള്ളിൽ ചിരി പൊട്ടി ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും അതിൽ 25 സംസ്ഥാനങ്ങൾ (അന്ന് 25 ആയിരുന്നു ) ഉണ്ടെന്നും കേരളം അതിന്റെ തെക്കേ അറ്റത്തെ സംസ്ഥാനം ആണെന്നും ഒക്കെ എന്നിലെ സാക്ഷരൻ അവനെ ബോധ്യപെടുത്താൻ ശ്രമിച്ചു.
നാടോടിക്കാറ്റിലെ ദാസനെ പോലെ ഞാൻ മനസ്സിൽ ആലോചിച്ചു പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസായ ഞാൻ എവിടെ കിടക്കുന്നു കൂപ മണ്ടൂകം എവിടെ കിടക്കുന്നു. പല്ല പതിയെ പതിയെ ഭാഷ വശത്താക്കി തുടങ്ങി അവന്റെ പ്രായം അവനെ വേഗം വേഗം കാര്യങ്ങൾ ഗ്രഹിക്കാൻ പ്രപ്ത്തനാക്കി കൊണ്ടിരുന്നു . നാട്ടിൽ കാളപൂട്ടിയ കലപ്പ ഉപയോഗിച്ചിരുന്ന അവൻ പതിയെ ബോബ് കാറ്റും ഫോർക്ക് ലിഫ്റ്റും ജെ സി ബിയും വശത്താക്കി എന്ന് മാത്രമല്ല അത് കൊണ്ട് സർക്കസ് നടത്താൻ തക്ക പ്രാവിണ്യം അതിൽ നേടി പക്ഷെ ലൈസൻസ് ഇല്ല കമ്പനി അതെടുത്തു കൊടുക്കാൻ തയാറാണ് പക്ഷെ അവനു  പരീക്ഷകളെ  പേടിയാണ് ജീവിത പരീക്ഷയല്ലാതെ ഒരു പരീക്ഷകളിലും അവൻ ഉൾപെട്ടിട്ടില്ല എങ്കിലും കമ്പനിയിൽ നടന്ന ഒരു അപകടത്തിനു ശേഷം ലൈസൻസ് ഇല്ലാതെ ഒരു വണ്ടിയും ഓടിക്കാൻ അനുവദിക്കില്ല എന്ന നിയമം വന്നപ്പോൾ അവൻ മനസില്ലാ മനസോടെ അതിനു  തയ്യാറായി. സിഗ്നൽ ടെസ്റ്റ്വൈവാ പരീക്ഷയാണ് ബോർഡിൽ തെളിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ടിക്ക് ചെയ്താൽ മാത്രം മതി എന്നിട്ടും 22 തവണ അവൻ സിഗ്നൽ ടെസ്റ്റ്തോറ്റൂ. അവസാനം ദയ തോന്നിയ ഉദ്യോഗസ്ഥർ അവനെ റോഡ്ടെസ്റ്റ്നടത്താൻ അനുവദിച്ചു അതിൽ ആദ്യ തവണ തന്നെ അവൻ പാസായി


കാലം ഒഴുകുന്ന നദിയാണെങ്കിൽ നാം അതിലെ കല്ലുകളാണ് അനുഭവങ്ങളുടെ കുത്തൊഴുക്കിൽ കല്ലുകളുടെ പരുക്കൻ സ്വഭാവം മാറി മൃദുവാകുന്നത്   പോലെ അനുഭവങ്ങളുടെ തീച്ചൂളയിൽ പല്ലാ പതിയെ പതിയെ ഉരുളാൻ കല്ല്പോലെ മയപെട്ടു കൊണ്ട്  കമ്പനിയോടൊപ്പം വളർന്നു. ഡ്രൈവറായി ,സൂപ്പർ വൈസർ ആയി ,മുഖ്യ ഫോർമാൻ ആയിഗൊദാവരിയും പാടങ്ങളും മാത്രം കണ്ടു വളർന്ന മീശ  മുളയ്ക്കാത്ത പയ്യൻ ഇന്ന് ഒരു പാട് ഭാഷകൾ സംസാരിക്കുന്ന ഒരു ഗ്രാമത്തിനെ പോറ്റുന്ന ജമീന്ദാരായി വളർന്നിരിക്കുന്നു. അലമുരു ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഒരാളെ എങ്കിലും ഗൾഫിൽ എത്തിക്കാൻ പല്ലായ്ക്കു കഴിഞ്ഞിരിക്കുന്നു. ദേവൂടാ എന്ന് സ്നേഹപൂർവ്വം അവർ വിളിക്കുന്ന  അവരുടെ കണ്കണ്ട ദൈവവും അന്ന ദാതവുമായി മനുഷ്യൻ മാറിയിരിക്കുന്നു . പക്ഷെ ഇപ്പോഴും ഡ്രൈവർ ഇല്ലെങ്കിൽ കൂലി ഇല്ലെങ്കിൽ പല്ലാ എന്ത് മല്ലൻ പണി ചെയ്യാനും പല്ല തയാറാണ്. അപ്പൻ രാമകൃഷ്ണ റാവു പാട്ടത്തിനു പണിയെടുത്ത ആറേക്കർ ഭൂമി കൂടാതെ അറുപതോളം ഏക്കർ ഭൂമി നാട്ടിൽ സ്വന്തമായി വാങ്ങിയിട്ടും പല്ലാ വിനയ്വാനിതൻ ആണ്. വെയിൽ പേടിച്ചു പണി മതിയാക്കുന്നവരോട് പല്ലായ്ക്ക് ഒന്നേ പറയാനുള്ളൂ സ്വർണം സ്വർണ്ണമാവുന്നത് ഉലയിലെ തീയിൽ വെന്തുരുകിയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ ജീവിതം കരുപ്പിടുപ്പിക്കുക, കിട്ടാത്ത സൌഭാഗ്യങ്ങളെ ക്കുറിച്ച് കരയാതെ നേടാനുള്ള സ്വർഗത്തിന് വേണ്ടി പണിയെടുക്കുക നാളെ നിങ്ങളുടെതാണ്‌.

Post a Comment