Wednesday, 2 May 2018

ചിരിക്കുന്ന ബുദ്ധൻ


ബുദ്ധനോടല്ലെന്റെ പ്രണയം
ബോധ്യങ്ങൾ തേടിയയാൾ
പാതി വഴിയിലുപേക്ഷിച്ച
പാവം യശോധരയോടാണ് .

അഹിംസയല്ലയവരുടെ മാർഗ്ഗമെന്നു
ചോരയിൽ ചവിട്ടി നിന്നു
ഭിക്ഷുക്കളിപ്പോൾ പേർത്തും പേർത്തും
പഴിച്ചുകൊണ്ടേയിരിക്കുന്നു .

ഇനിയൊരു വൃക്ഷത്തണലും
ഒരാളെയും ബുദ്ധനാക്കില്ല
ശാന്തിയെന്നതൊരു
പരസ്പര ധാരണയാണ്

ചിരിക്കുന്ന ബുദ്ധൻ
സമാധാനത്തിന്റെ പ്രാവല്ല
ബുദ്ധൻ ഇനിയൊരിക്കലും
ചിരിക്കാതിരുന്നിരുന്നെങ്കിൽ ..

പണയ പണ്ടങ്ങൾ



മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ
എന്റെ പ്രണയത്തിനു
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ
ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും
പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്
പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്
ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്
പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .

Tuesday, 1 May 2018

എങ്കിലും പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!



വിവാഹ ഒരുക്ക സെമിനാറിന്റെ ഒന്നാം ദിനം
ഉറക്കം തൂങ്ങി മരത്തണലിൽ വെച്ചു
ഒതുക്കത്തിൽ ഞാനവളുടെ ചെവിയിൽ
ഒരു രഹസ്യം പറഞ്ഞു .

പെണ്ണേ നമ്മളൊന്നാകും മുൻപ്
നീയെന്റെ മാഗ്ന കാർട്ട വായിച്ചുറപ്പിക്കണം
പരസ്പര സമ്മതത്തോടെ
പരിപൂർണ്ണ ബഹുമാനത്തോടെ
നീയെന്റെ നല്ല പാതിയാകണം .

നിയമാവലി ഒന്ന്

നിന്റെയമ്മയെപോലെന്റെയമ്മയെ
നിന്റെയപ്പനെപോലെന്റെയപ്പനെ
ഞാൻ കരുതും പോലെന്റെ ബന്ധു ജനങ്ങളെ
പരിധികളില്ലാതെ നീ പരിപാലിക്കണം

നിയമാവലി രണ്ട്

പള്ള കാളൻ ഞാൻ ഇടവരുത്തില്ല എന്നാൽ
പൊന്നിനോടുള്ള മമതയുപേക്ഷിക്കണം
പുതു വസ്ത്രങ്ങൾക്കൊരു പൊതു മിനിമം പരിപാടി
പിള്ളാരും പിറുങ്ങണിയും തമ്പുരാൻ തരുമ്പോൾ .

കണ്ണിമ ചിമ്മുന്ന നാണം കൊണ്ടവളെന്റെ
നിയമാവലികൾക്കു സാധുത നൽകി .
വലം കാലിൻ വിരലാലൊരു നഖ ചിത്രമെഴുതി
ഉറക്കം തൂങ്ങിയുടെ പൂക്കൾ വിരിഞ്ഞു

പുതിയ വാസസ്ഥലം ,പുതിയ ആകാശം,
പുതിയ ജീവിതം , പുതിയ ഭൂമി
പശുവിൻ പാലില്ലാത്ത ആദ്യരാത്രിയുടെ
ആലസ്യത്തിൽ നിന്നുണർന്നവൾ
കളറിളകിയ ചുണ്ടന്റെ ചെവിയോടു ചേർത്തു .

ചേട്ടാ മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണെന്നു
വേദപുസ്തകം പറയുന്നില്ലേ .
പച്ച കൂരിരുട്ടിൽ അവളുടെ ശബ്ദം
മുറിയിലാകെ ഇരമ്പി പ്രതിഭലിച്ചു .

എന്റെ നിയമം ഐഹീകമാണെന്നും
അവളുടെ നിയമമാണ് ഭൗമീകമെന്നു
അവൾ വാദിച്ചു ജയിച്ചു , ഊരിയെടുത്ത
വാരിയെല്ലിന്റെ വീട്ടാ കടത്തിനെന്നെ
അവൾ പണയ ഉരുപ്പടിയാക്കി .

അവൾ പറയുന്നു ഞാൻ ചെയ്യുന്നു
അവൾ ചിരിക്കുന്നു ഞാൻ തേങ്ങുന്നു
അവൾ ആറുമാദിക്കുന്നു ഞാൻ സഹിക്കുന്നു
എങ്കിലും എന്റെ പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!!