Tuesday, 1 May 2018

എങ്കിലും പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!



വിവാഹ ഒരുക്ക സെമിനാറിന്റെ ഒന്നാം ദിനം
ഉറക്കം തൂങ്ങി മരത്തണലിൽ വെച്ചു
ഒതുക്കത്തിൽ ഞാനവളുടെ ചെവിയിൽ
ഒരു രഹസ്യം പറഞ്ഞു .

പെണ്ണേ നമ്മളൊന്നാകും മുൻപ്
നീയെന്റെ മാഗ്ന കാർട്ട വായിച്ചുറപ്പിക്കണം
പരസ്പര സമ്മതത്തോടെ
പരിപൂർണ്ണ ബഹുമാനത്തോടെ
നീയെന്റെ നല്ല പാതിയാകണം .

നിയമാവലി ഒന്ന്

നിന്റെയമ്മയെപോലെന്റെയമ്മയെ
നിന്റെയപ്പനെപോലെന്റെയപ്പനെ
ഞാൻ കരുതും പോലെന്റെ ബന്ധു ജനങ്ങളെ
പരിധികളില്ലാതെ നീ പരിപാലിക്കണം

നിയമാവലി രണ്ട്

പള്ള കാളൻ ഞാൻ ഇടവരുത്തില്ല എന്നാൽ
പൊന്നിനോടുള്ള മമതയുപേക്ഷിക്കണം
പുതു വസ്ത്രങ്ങൾക്കൊരു പൊതു മിനിമം പരിപാടി
പിള്ളാരും പിറുങ്ങണിയും തമ്പുരാൻ തരുമ്പോൾ .

കണ്ണിമ ചിമ്മുന്ന നാണം കൊണ്ടവളെന്റെ
നിയമാവലികൾക്കു സാധുത നൽകി .
വലം കാലിൻ വിരലാലൊരു നഖ ചിത്രമെഴുതി
ഉറക്കം തൂങ്ങിയുടെ പൂക്കൾ വിരിഞ്ഞു

പുതിയ വാസസ്ഥലം ,പുതിയ ആകാശം,
പുതിയ ജീവിതം , പുതിയ ഭൂമി
പശുവിൻ പാലില്ലാത്ത ആദ്യരാത്രിയുടെ
ആലസ്യത്തിൽ നിന്നുണർന്നവൾ
കളറിളകിയ ചുണ്ടന്റെ ചെവിയോടു ചേർത്തു .

ചേട്ടാ മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണെന്നു
വേദപുസ്തകം പറയുന്നില്ലേ .
പച്ച കൂരിരുട്ടിൽ അവളുടെ ശബ്ദം
മുറിയിലാകെ ഇരമ്പി പ്രതിഭലിച്ചു .

എന്റെ നിയമം ഐഹീകമാണെന്നും
അവളുടെ നിയമമാണ് ഭൗമീകമെന്നു
അവൾ വാദിച്ചു ജയിച്ചു , ഊരിയെടുത്ത
വാരിയെല്ലിന്റെ വീട്ടാ കടത്തിനെന്നെ
അവൾ പണയ ഉരുപ്പടിയാക്കി .

അവൾ പറയുന്നു ഞാൻ ചെയ്യുന്നു
അവൾ ചിരിക്കുന്നു ഞാൻ തേങ്ങുന്നു
അവൾ ആറുമാദിക്കുന്നു ഞാൻ സഹിക്കുന്നു
എങ്കിലും എന്റെ പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!!



No comments: