Thursday, 14 December 2017

കല്യാണ സൗഗന്ധികം



പ്രിയപ്പെട്ട സുധാകരൻ  ചേട്ടന് ,

ഇങ്ങനെയൊരു കത്തു കിട്ടുമ്പോൾ ചേട്ടൻ പുരികം മേൽപ്പോട്ടുയർത്തി മടക്കി കുത്തിയ മുണ്ടു മോളിലോട്ടു തെറുത്തു തുടയിൽ തടവി ആരാണിപ്പാ നമക്കിങ്ങനെ ഒരു കത്തയക്കാനുള്ളതു  എന്നു ചിന്തിച്ചു ഉത്തരം നോക്കി നിൽക്കുമെന്നു ഞാൻ ഊഹിക്കുന്നു.സംശയിക്കേണ്ടാ ഇതു സുധാകരൻ ചേട്ടനുള്ള കത്തു തന്നെയാണ് ഒരു പാടു ദൂരെ ചേട്ടനറിയാത്ത ചക്രവാളത്തിലും ചേട്ടനെ സ്നേഹിക്കുന്നവർ ഉണ്ടെന്ന തോന്നൽ ചേട്ടനു സമ്മാനിക്കാൻ ഇങ്ങനെ ഒരു കത്തെഴുതണമെന്നു എനിക്കു തോന്നി. ഈ ഞാൻ ആരാണെന്നല്ലേ ചേട്ടൻ ഇപ്പോൾ ആലോചിക്കാൻ തുടങ്ങുന്നത് ഞാൻ ചേട്ടന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ചേട്ടന്റെ ഒരു അഭ്യുദയ കാംക്ഷി എന്നു മാത്രം തൽക്കാലം അറിയുക ഇനി വിഷയത്തിലേയ്ക്കു വരാം .

ആവണിപ്പാടത്തു നിന്നും വന്ന ഒരാലോചന ചേട്ടന്റെ മകൾ സുധാമണിക്കു ഏതാണ്ടു ഉറപ്പിച്ച മട്ടിലാണല്ലോ . നല്ലതു തന്നെ  ഏതൊരപ്പന്റെയും ഉറക്കം കെടുത്തുന്ന വിഷയമാണ്   പ്രായപൂർത്തിയായി വീട്ടിൽ നിൽക്കുന്ന പെണ്മക്കൾ . അവർക്കു ചേർന്ന വരനെ കണ്ടെത്താൻ ഉത്തരവാദിത്വമുള്ള ഏതൊരപ്പനെയും പോലെ ചേട്ടനും ശ്രമിച്ചിട്ടുണ്ട് അതാണാല്ലോ ആവണിപ്പാടത്തു നിന്നും വന്ന ആലോചന ഉറപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചതും .

ഇനി എഴുതാൻ പോകുന്ന കാര്യങ്ങൾ തീർത്തും രഹസ്യമാണ് ഈ കത്തു വായിക്കുന്ന ചേട്ടനും ഞാനുമല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ലാത്ത പരമരഹസ്യം . സുധാമണിക്കു വേണ്ടി ആലോചിച്ചുറപ്പിച്ച പയ്യൻ  രാകേഷ് ഒരു കൊലപാതകിയാണ് . അധികം ആരും അറിഞ്ഞിട്ടില്ലാത്ത അധികമാരുമല്ല ഞാനും രാകേഷും   അല്ലാതെ  ഈ വിവരം അറിയുന്ന മൂന്നാമതൊരാൾ ചേട്ടനാണ്. ഈ കത്തു ചേട്ടൻ അധികൃതരെ ഏൽപ്പിക്കുമെന്ന ഭയമൊന്നും എനിക്കില്ല കാരണം താങ്കളുടെ മകളുടെ ഭാവിയെക്കരുതി ഞാൻ പറയുന്ന നല്ല കാര്യത്തിനു അതിന്റേതായ ഗൗരവം ചേട്ടൻ കൊടുക്കുമെന്നു ഞാൻ മനസ്സിലാക്കുന്നു .ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ രണ്ടു പേരും പിടിക്കപ്പെടും അതുറപ്പാണ് ഈ സത്യം അറിഞ്ഞു കൊണ്ടു ചേട്ടൻ ഇനിയും ഈ ബന്ധം തുടരാൻ തീരുമാനിച്ചാൽ മകളോടുള്ള സ്നേഹക്കുറവായേ എനിക്കതിനെ കാണാൻ കഴിയൂ .

കത്തിനോടൊപ്പം വെച്ചിരിക്കുന്ന ഫോട്ടോയിൽ കാണുന്ന ശ്യാം ലാലെന്ന യുവാവിനെപ്പറ്റി ആവണിപ്പുറത്തൊന്നു അന്വേഷിച്ചു നോക്കുക .കഴിഞ്ഞ വിഷു മുതൽ ഇയാളെ  നാട്ടിൽ നിന്നും കാൺന്മാ നില്ല . നാട്ടുകാരും വീട്ടുകാരും ഇയാൾ എങ്ങോ നാടു  വിട്ടു പോയെന്ന വിശ്വാസത്തിലാണ് കഴിയുന്നത് എന്നാൽ സത്യമതല്ല കഴിഞ്ഞ വിഷുവിന്റെ തലേന്നു കൂട്ടു  കൂടി മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ കശപിശയിൽ ശ്യാംലാലിനെ അങ്ങയുടെ മകളുടെ പ്രതിശ്രുത വരൻ രാകേഷ് കൊലപ്പെടുത്തുകയായിരുന്നു . കള്ളു തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ അവനൊരു മൃഗമാണ് .ഞാൻ പല തവണ ഉപദേശിച്ചിട്ടുള്ളതാണ് ആ സംഭവത്തിനു ശേഷം ഇപ്പോൾ എനിക്കവനുമായി എനിക്കു യാതൊരു ബന്ധവും ഇല്ല .

ഇനിയും വിശ്വാസമായില്ലെങ്കിൽ  ഒരു സത്യവും കൂടി ഞാൻ തുറന്നെഴുതാം കൊല്ലപ്പെട്ട ശ്യാംലാലിന്റെ മൃതദേഹം രാകേഷിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിനുള്ളിൽ അസ്ഥിപഞ്ചിരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ടാവാം . ഇത്രയും പരത്തി എഴുതി ഒരപരിചിതയുടെ കല്യാണം മുടക്കാൻ ഞാൻ തുനിഞ്ഞത് അങ്ങയോടുള്ള സഹതാപവും അങ്ങയുടെ മകൾ സുധാമണിയോടുള്ള അദമ്യമായ സ്നേഹവും കൊണ്ടാണ് . ദയവു ചെയ്തു ചേട്ടൻ ആവണിപ്പടത്തെ കല്യാണ  ആലോചനയുമായി മുന്നോട്ടു പോകാതിരിക്കുക .

ഒരു പാടു ഉത്കണ്ഠകളോടെ

ഒരഭ്യുദയ കാംഷി

No comments: