നമ്മൾക്കിടയിൽ ഇങ്ങനെയൊരു സംസാരം ആവശ്യമുണ്ടോ ? മേത്ത മൂന്നാം പ്രാവശ്യം അതു പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി
സാലെ ഇന്ത്യൻ കുത്താ ,ചില്ലാത്തെ തും
അടി കൊള്ളുന്നതും കൊടുക്കുന്നതും ഇന്ത്യക്കാരൻ ആണെന്നായിരുന്നു എന്റെ അതു വരെയുള്ള വിശ്വാസം .
ഞാൻ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു .കുറെ നേരമായി ചെവി തിന്നുന്ന സംസാരത്തിൽ ശ്രദ്ധിക്കാതിരിക്കാനാണ് എയർ ഫോൺ കാതിൽ തിരുകി സുബ്ബലഷ്മിയുടെ പാട്ടിൽ ലയിച്ചത് .അടി പൊട്ടിയപ്പോൾ എനിക്കെഴുന്നേൽക്കാതിരിക്കാൻ ആയില്ല .
അരെ ക്യാ ഹോരെ !! ഞാൻ അടി കൊണ്ടു ചുവന്ന കവിളു തടവി കുട്ടിയെപ്പോലെ കരയുന്ന മേത്താജിയെ താടിയിൽ പിടിച്ചു മേലോട്ടുയർത്തി .
സാഗ്മ ഒറ്റാബുദ്ധിക്കാരനാണ് ,അധികം സംസാരം ആരോടുമില്ല ,പതിവായി കിടക്കാൻ മാത്രമേ മുറിയിൽ വരൂ നേരത്തെ വന്നാൽ ഇമ്മാതിരി ചില ശണ്ഠകൾ പതിവാണ് .പല തവണയായി ഇങ്ങോരോട് റൂം മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു . നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയറിൽ നിന്നുള്ള ഇന്ത്യക്കാരനാണ് സാഗ്മ പക്ഷെ അയാളുടെ വാദം അയാൾ ചൈനക്കാരൻ ആണെന്നാണ് അരുണാചൽ പ്രദേശിലെ ഒരു ഭാഗം ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്നു എന്നതാണയാളുടെ ഞങ്ങളോടുള്ള വെറുപ്പിന്റെ ഹേതു .
സാഗ്മ പുറത്തേയ്ക്കു പോയി , മേത്താജി കരച്ചിൽ നിർത്തിയെങ്കിലും വൃണിത ഹൃദയവുമായി കട്ടിലിനു കീഴെയിരുന്ന പെട്ടികൾ വലിച്ചു പുറത്തെടുത്തു തുണികൾ തിടുക്കത്തിൽ തള്ളികയറ്റി .
നിങ്ങളിതെന്തു ഭാവിച്ചാ കമ്പനി നമുക്കു മൂന്നു പേർക്കും കൂടി അനുവദിച്ച റൂമാ ,അവൻ ഇന്ത്യക്കാരൻ അല്ലെങ്കിൽ അവൻ വിട്ടു പോകട്ടെ ഈ റൂം ഞാൻ മേത്താജിയെ പൂണ്ടടക്കം പിടിച്ചു .
നമുക്കു ഒരുമിച്ചു പരാതിപ്പെടാം !
നീ വരുമോ ? മേത്ത എന്നെ സംശയത്തോടെ നോക്കി ,
ങ്ങും ! ഞാൻ തലയാട്ടി .
മാനേജർ സ്റ്റാർക്കി കർക്കശക്കാരനായ വെള്ളക്കാരനാണ് , വംശീയത പറഞ്ഞു ചെന്നാൽ അയാൾ ടെർമിനേഷൻ അടിച്ചു കയ്യിൽ തരുമെന്നത് കട്ടായം !
വിറച്ചു വിറച്ചു ഞങ്ങളാ വിഷയം സ്റ്റാർക്കിയുടെ മുന്നിൽ അവതരിപ്പിച്ചു .
സാർ സാഗ്മയുടെ കൂർക്കം വലി അസഹ്യമാണ് ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ല !ഞങ്ങളെ മറ്റൊരു റൂമിലേയ്ക്ക് മാറ്റണം !!!!! മുൻപു റിഹേഴ്സൽ എടുത്ത വിഷയങ്ങളിൽ ഇല്ലാതിരുന്ന പുതിയ വിഷയം വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ച എന്നെ മേത്ത ആത്മ വിശ്വാസത്തോടെ നോക്കി .
സ്റ്റാർക്കി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി , മനുഷ്യാവകാശങ്ങൾക്കു വില കൽപ്പിക്കുന്നവരാണ് ഇക്കൂട്ടരെന്നു കേട്ടിട്ടുണ്ട് .
ഓകെ ,നാളെ മുതൽ സാഗ്മ വേറൊരു മുറിയിലേയ്ക്കു മാറുകയാണ് പകരം മറ്റൊരാൾ നിങ്ങളുടെ മുറിയിലെത്തും ആർ യു ഹാപ്പി വിത്ത് ദാറ്റ് !!
വെരി മച്ച് ഹാപ്പി സാർ , ഞങ്ങൾ സന്തോഷത്തോടെ പുറത്തിറങ്ങി .
ഞങ്ങൾ റൂമിലെത്തും മുൻപു സാഗ്മ കിടക്കയും തൂക്കി പുതിയ റൂമിലേയ്ക്ക് പോയി .
ഒഴിഞ്ഞ ബെഡിൽ പിറ്റേന്നു മുതൽ താമസിക്കാൻ ആറരയടി പൊക്കവും കരിവീട്ടി മസിലുമുള്ള ഒരജാന ബാഹുവായ മനുഷ്യനെത്തി അയാൾ സ്വയം പരിചയപ്പെടുത്തി .
ഞാൻ ബശാറത്ത് ഖാൻ , കാശ്മീരിൽ നിന്നു വരുന്നു .ശേഷം ഒരു കനത്ത മൗനം വാക്കുകൾക്കിടയിൽ കടന്നു വന്നു ഞാനും മേത്തയും പരസ്പരം മുഖത്തോടു മുഖം നോക്കി . മൗനം മുറിഞ്ഞു ആജാനബാഹു പിന്നെയും വാ തുറന്നു
നിങ്ങളുടെ ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്ന കാശ്മീരല്ല , സ്വതന്ത്ര കാശ്മീർ പാകിസ്ഥാൻ സർവ്വ സ്വാതന്ത്രവും നൽകുന്ന കാശ്‌മീർ !!!
മേത്താജി കവിളിൽ തടവി പതിയെ കട്ടിലിലേയ്ക്കു നടന്നു ,ഞാൻ എന്റെ കിടക്കയിലേയ്ക്കും പിന്നെയവിടെയാകെ മൗനമായിരുന്നു ചീവീടുകൾ ചിലയ്ക്കാത്ത താഴ്വരയിലെ പേടിപ്പിക്കുന്ന മൗനം പോലെ ഭീകരമായ മൗനം .........
No comments:
Post a Comment