Tuesday, 26 June 2018

അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!


വീട്ടിലെത്തിയപ്പോഴാണ് അയാളതോർത്തത്, തന്റെ കൂടെ ആറു വയസുള്ള ഇഷാനും ഉണ്ടായിരുന്നു .
എവിടെയായിരിക്കണം അവൻ , മദ്യത്തിന്റെ മരവിപ്പിൽ ഹൈപ്പോ തലമാസിൽ ഒരു പുനർ വിചിന്തനം സാധ്യമാകുന്നില്ല . തുണിക്കടയിൽ , കാർണിവൽ നഗരിയിൽ , കീറ്റപ്പന്റെ കുലുക്കി സർബത്തു കടയിൽ .
പെട്ടന്നയാൾ ചാടിയെഴുന്നേറ്റു വണ്ടി സ്റ്റാർട്ട് ചെയ്തു .
ഞാനും വരാം ചേട്ടാ, പേടിച്ചരണ്ട ശബ്ദത്തിൽ ഭാര്യ പിൻ വിളി വിളിച്ചു .
വേണ്ടാ.... അയാൾ വിലക്കി
നഗരം ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു . എന്തൊരു മറവിയാണിത് ഭഗവാനെ, അയാൾ സ്വയം ശപിച്ചു ബൈക്കിന്റെ ആക്സിലേറ്ററിൽ കൈയ്യമർത്തി .
അകത്തേയ്ക്കു കയറുമ്പോൾ സെക്കുരിറ്റി മുഖത്തു കയ്യമർത്തി ചിരിച്ചു . ഇരുണ്ട വെളിച്ചത്തിൽ കുറെ മദ്യപൻമാരുടെ നടുവിൽ അവരുടെ താളത്തിനൊത്തു ഇഷാൻ നൃത്തം ചെയ്യുന്നു .
"എന്തൊരു മറവിയാണ് സാറേ , ഞങ്ങൾ വീടന്വേഷിക്കുകയായിരുന്നു ആ കൊച്ചിനൊന്നും അറിയില്ല അതു കൊണ്ടു തിരക്കി വരുന്നതും കാത്തു ഞങ്ങളിരുന്നു . ഇനിയും താമസിച്ചിരുന്നേൽ ഞങ്ങൾ പോലീസിനെ വിളിച്ചേനെ "
മുഖം നോക്കാതെ ഇഷാനെ എടുത്തയാൾ ബൈക്കിനു മുന്നിലിരുത്തി യാത്ര തുടർന്നു .
എവിടെയായിരുന്നു ചേട്ടാ !
ആകാംക്ഷയും ഉത്കണ്ഠയും കലർന്ന ശ്രീമതിയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ അയാൾ അകത്തേയ്ക്കു കയറിപ്പോയി .
ചേട്ടാ ! ചേട്ടാ ... ഈ കൊച്ചിനാരോ കള്ളു കൊടുത്തിട്ടുണ്ട് നോക്കിയേ ഇവന്റെ വായിൽ നിന്നും ആ വൃത്തികെട്ട മണം !
ഒന്നും കേൾക്കാത്തത് പോലെ അയാൾ തലയിണയിൽ മുഖമമർത്തി തേങ്ങി കരഞ്ഞു .ഒരു കുഞ്ഞു കൈ അയാളുടെ ചുമലിൽ സ്പർശിച്ചു കുറ്റബോധത്തോടെ അയാൾ അവനെ നോക്കി തിരിഞ്ഞു കിടന്നു .
അങ്കുശം തെല്ലുമില്ലാതെ അവൻ അപ്പനെ നോക്കി പറഞ്ഞു .
പപ്പാ നാളെയും എന്നെ അവിടെ കൊണ്ട് പോകണം .നല്ല സ്നേഹമുള്ള ചേട്ടന്മാരാ അവിടെ വരുന്നത് !!!!
സിലിങ്ങിൽ കറങ്ങുന്ന പങ്കായത്തെക്കാൾ വേഗത്തിൽ അയാളുടെ ചിന്തകൾ ഒരു ചുഴിയിലേയ്‌ക്കെന്നപോലെ ഒരു ബിന്ദുവിലേയ്ക്കു ആഴ്ന്നിറങ്ങി .ലഹരിയുടെ ഉന്മത്തതയിൽ നിന്നും അയാൾ എന്നന്നേയ്ക്കും മോചിതനാകുകയാണെന്നു അയാൾക്കു തോന്നി...
ഇന്നു അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!

No comments: