Wednesday 15 March 2017

മുല്ലപ്പൂപ്പുഞ്ചിരി

ഇതും പെണ്ണാണെങ്കിലോ ? ശാലിനിയുടെ ആശങ്ക കലർന്ന ചോദ്യം കേട്ടതും അയാൾ മ്ലാന വദനനായി .
ഇല്ല, ഉണ്ണിക്കണ്ണൻ ഇനിയും  നമ്മെ പരീക്ഷിക്കില്ല , ഇനി വരുന്നത് ഉണ്ണിക്കണ്ണനാ എനിക്കുറപ്പാ പ്രകാശൻ സംശയ ലേശമെന്യേയാണത് പറഞ്ഞതെങ്കിലും ഒരു സന്ദേഹം വന്നത് പോലെ തുടർന്നു, അടുത്ത തവണ സ്കാനിങ്ങിനു  പോകുമ്പോൾ നമുക്കയാളോട് ചോദിക്കാം . ആയിരം രൂപാ രഹസ്യമായി കൊടുത്താൽ അയാൾ പറയും മോളിക്കുട്ടിയുടെ മൂന്നാം ഗർഭം നേരത്തെ അറിഞ്ഞത് എങ്ങനെയാ ,അവളുടെ കെട്ടിയോൻ രഹസ്യത്തിൽ റേഡിയോഗ്രാഫർക്കു കൈക്കൂലി കൊടുത്തു .
ഇനിയെങ്ങാനും പെണ്ണാണെന്നറിഞ്ഞാൽ ശാലിനി സംശയം കൂറി,
പ്രകാശൻ പ്രകാശം നഷ്ട്ടപ്പെട്ടവനേപ്പോലെ മുഖം താഴ്ത്തിയിരുന്നു .
ശാലിനിയുടെ സംശയത്തിൽ  ദേഷ്യപെട്ടിട്ടെന്നോണം   അടിവയറു നോക്കിയൊരാൾ അകത്തു നിന്നും   തൊഴിച്ചു .
അഹ് ! ഇവൻ ചെക്കനാ പ്രകാശേട്ടാ, കണ്ടില്ലേ എന്ന ചവിട്ടാ ചവിട്ടുന്നെ !
ശാലിനിയുടെ വയറു തടവി കൊണ്ടയാൾ മെല്ലെ  വയറിലേയ്ക്ക്  ചെവി ചായ്ച്ചു.  ബഹളം കേൾക്കുന്നു  ചട്ടമ്പിയാണെന്നാ തോന്നുന്നേ   അയാൾ സ്വയം ആശ്വസിച്ചു .
അച്ഛാ... ഒരു ചിണുങ്ങലോടെ പാറുക്കുട്ടി ഓടി അരികിലെത്തി
പാറുകുട്ടിക്കു അനിയനെ വേണോ അനിയത്തിയെ വേണോ ?
അനിയത്തിയെ , യാതൊരു സങ്കോചവുമില്ലാതെ അവൾ പറഞ്ഞതും  ശാലിനിയുടെ വയറിൽ നിന്നും തലയുയർത്തി അയാൾ പുറത്തേയ്ക്കു പോയി .
അച്ഛന് ആൺ വാവയെ ആണോ അമ്മേ ഇഷ്ട്ടം പാറു അമ്മയുടെ കരവലയത്തിനുള്ളിൽ നിന്നു നിഷ്കളങ്കം ചിരിച്ചു .
ഇനിയും പെൺകുഞ്ഞുണ്ടായാൽ കെട്ടിച്ചു വിടാൻ അച്ഛൻ ഒരു പാടു കഷ്ട്ടപെടണം അതുകൊണ്ടു ഇനി നമുക്കൊരു ആൺ വാവ മതി .മോൾക്ക് കളിപ്പിക്കാൻ ഒരു കുഞ്ഞു അനിയൻ വാവ .
പാറുകുട്ടിക്കു ദേഷ്യം വന്നു മോളിയാന്റിയുടെ കുറുമ്പൻ വാവ കാട്ടുന്ന കുറുമ്പുകൾ കണ്ടിട്ടില്ലേ എല്ലാ ആൺ വാവകളും കുറുമ്പന്മാരാ എനിക്കൊരു അനിയത്തി വാവയെ മതി .കട്ടിലിനടിയിൽ നിന്നുമെടുത്ത  തന്റെ ബാർബി പാവയെ അമ്മയുടെ ഉദരത്തോടു  ചേർത്തു വെച്ച് കൊണ്ട് പാറൂ ഈണത്തിൽ വിളിച്ചൂ ചേച്ചമ്മേടെ പിപ്പിക്കുട്ടീ പിപ്പി  വാവേ ...

അമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൊന്നു കൊണ്ട് ആൾരൂപമൊന്നു നേർന്നാണ് മൂന്നാമത്തെ സ്കാനിങ്ങിനായി വീട്ടിൽ നിന്നിറങ്ങിയത് . ജലദോഷത്തിനു പോലും സ്കാനിങ് നിർദേശിക്കുന്ന ഡോക്ക്ട്ടർമാരുടെ നാട്ടിൽ സ്കാനിങ് സെന്ററിലെ തിരക്കിൽ അവർ ഊഴമെത്തുന്നതും കാത്തിരുന്നു . ശാലിനിക്കു മുന്നിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയുടെ നാലാമത്തെ പ്രസവം ആണത്രേ ആദ്യത്തെ മൂന്നും ആൺ കുട്ടികളായതിനാൽ ഒരു പെണ്ണ് വേണമെന്ന് പുള്ളിക്കാരന് നിർബന്ധം . പ്രകാശൻ അസൂയയോടെ മെലിഞ്ഞ പെൺകുട്ടിയുടെ കെട്ടിയോനെ  നോക്കി  അയാൾ ബുദ്ധനെപ്പോലെ പ്രകാശിക്കുന്നതായി കാണപ്പെട്ടു . ആൺകുട്ടികളുടെ തന്തയാകുക ഒരു കഴിവു തന്നെ കൊള്ളി വെക്കാനൊരാളില്ലാതെ അലയുന്ന ആത്മാവിന്റെ നിലവിളി പ്രകാശന്റെ ഹൃദയത്തിലെവിടെയോ പെരുമ്പറ കൊട്ടും പോലെ മുഴങ്ങി .

ഹിന്ദിക്കാരൻ റേഡിയോഗ്രാഫറുടെ ഹിന്ദിയിലുള്ള ചീത്തവിളി കേട്ടാണ് പ്രകാശൻ ഈ ലോകത്തേയ്ക്ക് തിരിച്ചു വന്നത് . ആരോ അയാൾക്ക് കുട്ടിയെന്തെന്നു അറിയാൻ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചത്രേ ഇപ്പോൾ പോലീസ് വരുമെന്നാണ് അറ്റൻഡർ പറയുന്നത് . പാവം ലിംഗ കൗതുകി വിറച്ചു കൊണ്ടു റിസപ്‌ഷൻ കൗണ്ടറിനു മുന്നിൽ നിൽക്കുന്നു ഭാര്യ കൂടെ ഇല്ലായിരുന്നെങ്കിൽ അയാൾക്ക് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാമായിരുന്നു  . അപ്പോൾ മോളികുട്ടിയുടെ കെട്ടിയോൻ കൈക്കൂലി കൊടുത്തതോ ? ആൺ കുഞ്ഞാണെന്നു മുൻപേ അറിഞ്ഞതോ ? കൈക്കൂലി വാഗ്ദാനം ചെയ്തയാളിന്റെ നിറവയറുള്ള ഭാര്യയുടെ കരച്ചിലിൽ മനം അലിഞ്ഞ ഹിന്ദിക്കാരൻ പോലീസിനെ വിളിച്ചില്ല .  സ്കാനിംഗ് റൂമിലേയ്ക്ക് കയറുമ്പോൾ ഒരക്ഷരം ചോദിക്കരുതെന്നു ശാലിനി ചട്ടം കെട്ടി .പലതവണ അയാളുടെ വായിൽ നിന്നും അത് പുറത്തു ചാടും എന്ന് തോന്നിച്ചപ്പോഴൊക്കെ ശാലിനി വലതു കൈയിൽ അമർത്തി നുള്ളി . ഇനി രണ്ടു മാസം അതിനപ്പുറം നമ്മുടെ ആകാംഷയ്‌ക്ക്‌ ആയുസുണ്ടാവില്ല ഇത്രയും കാത്തില്ലേ ശാലിനി കണവന് സൽബുദ്ധി ചൊല്ലിക്കൊടുത്തു സമാശ്വസിപ്പിച്ചു .

'അമ്മ തയ്ക്കുന്ന ആണുടുപ്പുകൾക്കു മുകളിൽ പാറുക്കുട്ടി സ്കെച്ച് പെന്നുകൾ കൊണ്ട് വർണ്ണം ചാർത്തി . കുഞ്ഞനിയത്തി വരുമ്പോൾ പാടി പഠിപ്പിക്കാൻ ജൂലീ  മിസ് പഠിപ്പിച്ച  പാട്ട് ഈണത്തിൽ കാണാതെ പഠിച്ചു വെച്ചു . ശാലിനിയമ്മയ്ക്ക് നടക്കാനും ഇരിക്കാനും വയ്യാതെ വയറു വീർത്തു വന്നപ്പോൾ അച്ഛൻ സഹായത്തിനു ഡാകിനിയാമ്മുമ്മയുടെ മുഖമുള്ള  ഒരു വയസ്സിത്തള്ളയെ കൊണ്ട് വന്നു . മന്ത്രവാദിനിയുടെ മുഖമുള്ള ആ കിഴവി പാറുകുട്ടിയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .

പ്രകാശൻ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ,പിന്നെയുമിരുന്നു അല്ല ഇരിപ്പുറയ്ക്കുന്നില്ല ഒരു മതിലിനപ്പുറം ശാലിനിയുടെ കരച്ചിലിന്റെ ഞരക്കങ്ങൾ  ആരംഭിച്ചിരിക്കുന്നു . നേർത്ത രോദനങ്ങളിൽ നിന്നും തീവ്രമായ അലറിക്കരച്ചിലുകൾ  അസ്വസ്ഥമാക്കിയപ്പോൾ പ്രകാശൻ ലേബർ റൂമിന്റെ ഡെറ്റോൾ മണമുള്ള ഇടനാഴിയിലൂടെ  മുന്നോട്ടു നടന്നു . ശാലിനിയുടെ തുണി ബാഗ് ഡാകിനിയുടെ മുഖമുള്ള വയറ്റാട്ടി തള്ള അരയ്ക്കും നെഞ്ചിനു ഇടയിൽ ചേർത്തു വെച്ച് കൊണ്ട് അതിലേയ്ക്ക്  തലയമർത്തി മയക്കത്തിലേയ്ക്ക് വഴുതി വീണു .

നേവി കട്ട് വിൽസ് പാക്കിലെ ഇരുപതാമത്തെ സിഗരറ്റിന്റെ അവസാന പുകയും തീർന്നെന്നു ഉറപ്പു വന്ന ശേഷം അയാൾ  ലേബർ റൂമിന്റെ വാതിലിൽ ശക്തിയായി മുട്ടി . പച്ചയുടുപ്പിട്ട മധ്യവയസ്ക്കയായ നേഴ്സ് വാതിൽ തുറന്നതും പ്രകാശൻ പരിഭ്രാന്തനായപോലെ പറഞ്ഞു . ഇനിയും പ്രസവിച്ചില്ലെങ്കിൽ ഓപ്പറേഷൻ നടത്തിക്കോളൂ ഡോക്റ്റർ  അവളെ ഇങ്ങനെ ഇട്ടു വേദന തീറ്റിക്കാതെ . ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ടെന്ന ഭാവത്തിൽ ഒന്നും പറയാതെയാ പച്ച പുതച്ച രൂപം  വാതിൽ കൊട്ടിയടച്ചു .ഡാകിനി മുഖമുള്ള വയറ്റാട്ടി പ്രകാശനെ കൈ കാട്ടി അടുത്തു വിളിച്ചു സ്വാന്തനിപ്പിച്ചു . 77 വയസ്സിനുള്ളിൽ നൂറിലധികം ജനനം കണ്ടതും പരിചരിച്ചതുമാണ്  ഇച്ചിരി സമയം കൂടി കാത്താൽ മതി ആ കരച്ചിൽ കേട്ടാൽ എനിക്കറിയാം .

ഒരു പ്രവചനം പോലെ വയറ്റാട്ടി തള്ള പറഞ്ഞു നാക്കു പിൻവലിച്ചതും ഒരു കൊച്ചു കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി . "പെൺകുട്ടിയാ " വയറ്റാട്ടി തള്ള കാണാതെ വെറും കരച്ചിൽ കേട്ടു തിരിച്ചറിഞ്ഞിരിക്കുന്നു .പ്രകാശന് ദേഷ്യം ഇരച്ചു കയറി ,പറഞ്ഞതു ഇഷ്ടപ്പെട്ടില്ല എന്ന മട്ടിൽ  ക്രൂദ്ധയായി കിളവിതള്ളയെ നോക്കി . ഒന്നും പറഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ അവർ മടിയിലിരുന്ന തുണി  സഞ്ചിയിൽ നിന്നും പെറ്റ  പെണ്ണിന് വേണ്ട വെള്ളത്തുണികൾ വലിച്ചു പുറത്തേയ്ക്കിട്ടു .

ലേബർ റൂമിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു .പച്ച ഉടുപ്പിട്ട മധ്യ വയസ്ക്ക കൂടുതൽ വെള്ള തുണി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തോടെ പറഞ്ഞു ശാലിനി പ്രസവിച്ചു  "പെൺകുട്ടിയാ ".കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പ്രകാശൻ കസേരയിലേയ്ക്കിരുന്നു . ഒന്നും എഴുതാത്ത കടലാസു കഷണം പോലെ അയാളുടെ ഹൃദയം ചിന്താ രഹിതമായി . കസേരയിൽ ഉറങ്ങുകയായിരുന്ന പാറുക്കുട്ടി ഉണർന്നിരിക്കുന്നു അവളെ എടുത്തു  ഇരുത്തിയതും പച്ച പുതച്ച മധ്യ വയസ്ക്ക  വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു  ചെറിയ കെട്ടു പ്രകാശനു  നേരെ നീട്ടി . ചോരിവാ വക്രിച്ചാ പൈതൽ അയാളെ നോക്കി ചിരിച്ചു .ഒരു കണ്ണാടിയിലെന്ന പോലെതന്റെ മുഖ സാദൃശ്യമുള്ളവളെ   നോക്കിയയാൾ നിർന്നിമേഷനായി നിന്നു  .ഒരു ചിരിയിൽ മുൻപുണ്ടായിരുന്ന ഇച്ഛ ഭംഗമെല്ലാം  അലിഞ്ഞു ഇല്ലാതായത്  പോലെ അയാൾക്ക് തോന്നി .പാറുകുട്ടിയുടെ മടിയിൽ കുഞ്ഞനിയത്തിയെ വെച്ചപ്പോൾ ചേച്ചമ്മയുടെ അധികാരത്തിൽ അവൾ കുഞ്ഞു പിപ്പിക്കുട്ടിയുടെ കവിളിൽ  ഉമ്മവെച്ചു .ഡാകിനി തള്ള ഓടി വന്നു കുട്ടിയെ ഏറ്റു  വാങ്ങിയൊരു ശ്ലോകം ചൊല്ലി സംസ്കൃതമോ ദേവനകാരികമോ ആയതിനാൽ പ്രകാശനതു മനസ്സിലായില്ല.
   
കടുത്ത അപരാധം ചെയ്തവളെപോലെ കിടന്ന ശാലിനിയുടെ കട്ടിലിനരുകിലിരുന്നു കുഞ്ഞു പാറുക്കുട്ടി അനിയത്തിക്കുവേണ്ടി പഠിച്ച പാട്ടു ഈണത്തിൽ  പാടി
"മുല്ലപ്പൂവേ ചോദിക്കട്ടെ നിന്നോടൊരു കാര്യം
നിനക്കിടാനീ വെള്ളയുടുപ്പു തുന്നിയതാരാണ്"
പ്രസന്ന വദനനായ പ്രകാശനെ കണ്ടതും ശാലിനിക്കു  ശ്വാസം നേരെ വീണു,  ശേഷം പ്രകാശനും ശാലിനിയും പാറുകുട്ടിയോടൊപ്പം  ആ പാട്ടേറ്റു പാടി .പിന്നൊരു ചിരിയായിരുന്നു ഒരിക്കലും നിലയ്ക്കാത്ത സംഗീത മധുരിമ നിറഞ്ഞ ആനന്ദത്തിന്റെ മുല്ലപ്പൂപ്പുഞ്ചിരി .

No comments: