Tuesday, 14 March 2017

കാളീ കടാക്ഷം (കഥ )പഴുക്കാൻ തുടങ്ങിയാൽ മരുഭൂമിക്കൊരേ ചൂടാണ് ,കായ്ച്ചു തുടങ്ങിയ ഈന്തപ്പഴങ്ങൾ പഴുപ്പിക്കാൻ ചുട്ടു പഴുത്ത ഒരു തരം കാറ്റു വീശിയടിക്കാറുണ്ട് അതിൽ ഹതഭാഗ്യരായ തന്നെപ്പോലെ ചിലരുടെ സ്വപ്നങ്ങളും കൂടിയാണ് വിയർത്തു വീഴുന്നത് . തുറന്നു വെച്ച ശീതികരണിയുടെ തണുപ്പിലേയ്ക്ക് തല നീട്ടുമ്പോൾ ഉദയകുമാറിനു ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച സുഖമായിരുന്നു .എത്ര നേരം ആ ഇരുപ്പിൽ ഇരുന്നെന്നറിയില്ല എഴുന്നേൽക്കുമ്പോൾ പിടലിക്കു താഴോട്ടു ഒരു മരവിപ്പു പടരുന്നു .ചൂടിന്റെ കാഠിന്യം വിട്ടുമാറാത്ത വെള്ളം തലയിലേയ്ക്കിറ്റു വീഴുമ്പോൾ പെട്ടന്നയാൾ തല വെട്ടിച്ചു തിരിച്ചു മരവിച്ചു തുടങ്ങിയ മുതുകിലേയ്ക്ക് ഷവർ നീട്ടി . കോശങ്ങളിൽ നിന്നും കോശങ്ങളിലേയ്ക്ക് പടർന്നു കയറുന്ന എന്തോ ഒന്ന് ,അതു മരവിപ്പല്ല വേദനയാണെന്നയാൾ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു.നാൽപതു വയസു വരെ ശരീരം നമ്മളെയും നാൽപതു കഴിഞ്ഞാൽ നമ്മൾ ശരീരത്തെയും നോക്കണം എന്ന ബാലപാഠം പറഞ്ഞു തന്ന അയ്യപ്പൻ ചേട്ടൻ മരിച്ചതു നാല്പത്തി അഞ്ചാം വയസിലാണ് . നീണ്ട പ്രവാസം ദാനമായി തന്ന എല്ലാ അസുഖങ്ങളും ഉദയകുമാറിനെ പ്രത്യക്ഷത്തിൽ ആക്രമിച്ചു തുടങ്ങിയതും നാൽപതു കഴിഞ്ഞതിനു ശേഷമാണ് . കൃത്യനിഷ്ഠയില്ലാത്ത ജീവിതവും കൈയ്യിൽ കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നുന്നതും അയാളെ വേഗം രോഗിയാക്കുമെന്നു അറിയാമായിരുന്നിട്ടും അയാൾ ആ ശീലങ്ങളൊന്നും ഉപേക്ഷിച്ചിരുന്നില്ല .രണ്ടു കാലും ഉപ്പൂറ്റിയിലൂന്നി ഉദയകുമാർ താഴേയ്ക്കിരുന്നു ,കൈത്തണ്ടയിലിരുന്ന ഷവർ നെറുകം തലയിലേയ്ക്ക് വെള്ളം വീഴത്തക്ക വിധം അയാളിറുക്കി പിടിച്ചു .
നിങ്ങളെങ്ങനെ അകത്തു കടന്നു ?
മനോഹരമായി ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും ആശ്ചര്യ ഭാവത്തിൽ ഉദയൻ അവരെ നോക്കി . വർഷത്തിലൊരിക്കൽ മാത്രം പെണ്ണിന്റെ ചൂടും മണവും അറിയുന്ന പുരുഷന്റെ ഏകാന്തതയിലേയ്ക്ക് വശ്യമായി ചിരിച്ചു കൊണ്ടൊരു സുന്ദരി കടന്നു വന്നാൽ അധിക നേരം തനിക്കു നിയന്ത്രിക്കാൻ കഴിയുമെന്നു ഉദയകുമാറിനു തോന്നിയില്ല .
നിങ്ങളെന്തിനാണ് ഇവിടെ അകത്തേയ്ക്കു അനുവാദമില്ലാതെ കടന്നു വന്നത് ?
വീണ്ടും ചോദ്യം, ഈ നാട് ഇങ്ങനെയാണ് ,ഇവിടെ വരുന്നവരെല്ലാം കാശുണ്ടാക്കാൻ വരുന്നവരാണ് ആണും പെണ്ണും അതല്ലാത്തവരും ഒക്കെ ഇവിടെ വരുന്നത് ഏതു വിധേനയെയും കാശുണ്ടാക്കാനാണ് . എന്തു ജോലി ചെയ്തും കാശുണ്ടാക്കാൻ ഇറങ്ങി തിരിച്ച കുറേയെണ്ണങ്ങളിൽ ഒരുവളായിരിക്കണം ഇവളും .
സ്ത്രീയെ നീയാഗ്രഹിക്കുന്നതു പോലെ ഒന്നും നടക്കില്ല , മടങ്ങി പോകുകയാണ് നിനക്കു നല്ലത് .
ആഗത സുന്ദരിയാണ് ,അതീവ സുന്ദരി, അതാണയാളുടെ ഹൃദയമിടിപ്പു കൂട്ടുന്നത് . കൂടുതൽ സംസാരിച്ചാൽ താൻ വഴങ്ങി പോകുമോ എന്നയാൾ ഭയപ്പെടുന്നു . കഠിന ഹൃദയരെപ്പോലും ഉണർത്താൻ കഴിയുന്ന വശ്യമന്ത്രം ഇത്തരക്കാരുടെ കൈയ്യിലുണ്ടാവും . വന്ന കാലത്തെപ്പോഴോ ഒരു റഷ്യൻ സുന്ദരിയെ പ്രാപിച്ചതൊഴിച്ചാൽ നീണ്ട പ്രവാസ ജീവിതയാനത്തിൽ ഒരു സ്ത്രീയെ ആ മനസ്സു കൊണ്ടു പോലും ഭോഗിച്ചിട്ടില്ല . ആഗ്രഹമില്ലാഞ്ഞിട്ടല്ല വഴിക്കണ്ണുമായി തന്നെയും കാത്തു തപസു ചെയ്യുന്ന തന്റെ പ്രിയതമയെ വഞ്ചിക്കാനുള്ള വൈമുഖ്യം അതൊന്നു കൊണ്ടു മാത്രം.
ഉദയകുമാർ എന്നാണിനി നാട്ടിൽ പോകുന്നത് ?
ആഗതയുടെ ചോദ്യം അയാളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് , അയാളാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി മുൻപെപ്പോഴെങ്കിലും ഇവരെ ഇല്ല , ഒരിക്കലെങ്കിലും ആ മുഖം കണ്ടതായി അയാളോർക്കുന്നില്ല എന്നിട്ടും തന്റെ പേരും മറ്റും കൃത്യമായി ഇതെങ്ങനെ . പുതിയതരം തട്ടിപ്പുകൾ ഒരു പാടുള്ള കാലമാണ് എവിടുന്നെങ്കിലും എല്ലാം അറിഞ്ഞു അടുത്തു കൂടി പണം പിടുങ്ങാനുള്ള വേലകൾ .
ചുണ്ണാമ്പുണ്ടോ ?
ആഗത പൊട്ടിച്ചിരിച്ചു പേടിപ്പെടുത്തുന്ന ആ ചിരിയുടെ പ്രകമ്പനങ്ങൾ ആ മുറിയിലാകെ പ്രതിധ്വനിച്ചു മുഴങ്ങി .തന്റെ ചെറുപ്പത്തിൽ ചുണ്ണാമ്പു ചോദിച്ചു വരുന്ന യക്ഷിക്കഥകളൊരുപാടു കേട്ടിട്ടുണ്ട് . അതിലൊന്നും ഒരു മുത്തശ്ശി കഥക്കപ്പുറം സാംഗത്യം ഉണ്ടെന്നു താൻ വിശ്വസിച്ചിരുന്നുമില്ല ഇപ്പോളിതാ കൺ മുന്നിൽ ഒരു യക്ഷി .
ഈ മരുഭൂമിയിൽ ഞങ്ങൾക്കെന്താണ് കാര്യമെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത് ?
ഉദയകുമാറിന്റെ മനസു വായിച്ചിട്ടെന്നോണം അവൾ വീണ്ടും ചിരിച്ചു .തൊണ്ട വറ്റി വരളുന്നു ഒരു ഗ്ലാസ് വെള്ളത്തിനായി അയാൾ കൈ കൈകൾ കൊണ്ടു മേശമേൽ പരതി .
മരുഭൂമിയിലെന്നല്ല ഈ ലോകം മുഴുവൻ ഞങ്ങൾക്കു സഞ്ചരിക്കാൻ കഴിയും കാരണം ഞങ്ങൾ അപ്സരസുകളാണ് . യമന്റെ ദൂതുമായി പറന്നു ചെല്ലേണ്ട ദൗത്യം ഇപ്പോൾ ഞങ്ങളിലാണ് നിഷിപ്തമായിരിക്കുന്നത് . ഞാൻ നിന്റെ മരണ പത്രം വായിച്ചു കേൾപ്പിക്കാൻ നിയോഗിക്കപ്പെട്ട അപ്സരസ് .
അസഹ്യമായ പൊട്ടിച്ചിരി,അയാൾ രണ്ടു കൈ കൊണ്ടും കാതുകളെ ഇറുക്കിയടച്ചു .ജീവിച്ചു കൊതി തീർന്നിട്ടില്ല നാട്ടിൽ അപ്പയെ കാത്തിരിക്കുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ,പ്രിയതമനു എന്തെങ്കിലും സംഭവിച്ചാൽ ജീവൻ തന്നെ വെടിഞ്ഞേക്കാവുന്ന ഭാര്യ .
അപ്സരസുകൾ ദൈവഹിതം അറിയിക്കാനെത്തുന്നവർ മാത്രമാണോ ?
നിങ്ങൾ വിചാരിച്ചാൽ ഒരു വർഷത്തേയ്ക്ക് കൂടി,
എന്റെ വീടിന്റെ വായ്പാ കുടിശ്ശിക തീരും വരെയെങ്കിലും ,
അല്ലെങ്കിൽ എന്റെ ഭാര്യയും കുഞ്ഞും ....
അപ്സരസ് ഒന്നും മിണ്ടിയില്ല ,ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽ പാലത്തിലൂടെയാണ് താൻ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നു ഉദയകുമാറിനു തോന്നി . മനുഷ്യരെപ്പോലെ നിസ്സഹായരായ വെറും ദൂതർ മാത്രമാണ് അപ്സരസുകൾ അവർക്കൊന്നും ചെയ്യാനുള്ള കഴിവില്ല . എന്തിനായിരിക്കണം ഇങ്ങനെ ഒരു മുന്നറിയിപ്പ് യമ ധർമ്മ ശാസ്താവ് വരുന്നതിനു മുൻപോരാൾ ദൂതുമായി വരികയെന്നത് കേട്ടു കേൾവി പോലുമുണ്ടായിട്ടില്ലാത്ത ഒന്നാണ് .
ഉദയകുമാർ ബാത്ത് ടബ്ബിൽ എഴുന്നേറ്റു നിന്നു , അസഹ്യമായ വേദന ശരീരമാസകലം പടർന്നു കയറുന്നു .ടബ്ബിനഭിമുഖമായി ഇരുന്ന നിലക്കണ്ണാടിയിലേയ്ക്ക് മുഖം തിരിച്ചു അയാൾ സൂക്ഷിച്ചു നോക്കി . ദേഹമാസകലം ചുവന്നു തിണിർത്ത കുരുക്കൾ പടർന്നു പൊന്തുന്നു . മരിക്കുന്നതിനു മുൻപ് ഭാര്യയെ വിളിക്കണം പ്രിയ മക്കളുടെ ശബ്ദമെങ്കിലും കേൾക്കണം അയാൾ മൊബൈൽ എടുത്തു തോണ്ടി വിളിച്ചു .
"ചേട്ടാ ചിക്കൻ പോക്സിന്റെ കാലമാ അവിടെ പേടിക്കരുത് ,കാളി കടാക്ഷമാണെന്ന മേൽ ശാന്തി പറയുന്നത് .
അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുൻപ് ശ്രീമതിയുടെ ഇങ്ങോട്ടുള്ള നിർത്താതെയുള്ള സംസാരം ഇടയിലെപ്പോഴോ മുറിഞ്ഞു . ഉദയകുമാർ അല്പം മുൻപ് വരെ തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീക്കു വേണ്ടി മുറിയാകെ പരതി നടന്നു . അപ്പോഴും തങ്ങി നിൽക്കുന്ന ചെമ്പക സുഗന്ധവുമായി ഇടനാഴിയിൽ നിന്നുമൊരു ഇളം തെന്നൽ അകത്തേയ്ക്കു വീശി . ഉദയകുമാറിന്റെ തിരുനെറ്റിയിൽ മഞ്ചാടിക്കുരുപോലെ വീർത്തു വീങ്ങി നിന്ന ഒരു കുരു പൊട്ടി അതിൽ നിന്നും രക്തവും ചലവും അയാളുടെ മുഖത്തേയ്ക്കു ഒഴുകി ഒലിച്ചിറങ്ങി.ചേട്ടാ കാളീ കടാക്ഷമാ പേടിക്കരുത് ശ്രീമതിയുടെ വാക്കുകൾ അപ്പോഴും അവിടെയെവിടെയോ പതിഞ്ഞ ശബ്ദത്തിൽ പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .......................
Post a Comment