Monday, 29 September 2008

ഹൃദയത്തിന്റെ ഭാഷ

പതിനാറു കഴിഞ്ഞപ്പോഴേ ഉള്ളില്‍ ചേക്കേറിയ മോഹമാണ് ,ഉസ്മാന്റെ ബാപ്പയെപോലെ ഗള്‍ഫില്‍ പോയി പത്തു കാശ് സമ്പാദിക്കണം. ഉസ്മാന്റെ മണം അവനണിയുന്ന ഉടുപ്പുകള്‍ ഒക്കെ ഒരു പ്രചോദനം ആയിരുന്നു .പത്താം ക്ലാസ് പാസായാലെ ഗള്‍ഫില്‍ ജോലി തരമാകുമെന്നു ഉമ്മ ഇടക്കിടെ ഒര്മിപിച്ചിരുന്നത്‌ കൊണ്ടു രണ്ടാം തവണയെങ്കിലും കയറികൂടി അത്രയ്ക്കായിരുന്നു പൂതി .പതിനെട്ടു തികയുന്ന അന്ന് തന്നെ പാസ്പോര്‍ട്ട് അപേക്ഷ കൊടുത്തു കാത്തിരിപ്പായി വിസക്കാരന്‍ മമ്മത് നേരത്തെ ഉറപ്പു പറഞ്ഞിട്ടുള്ളതാ പാസ്പോര്‍ട്ട് കിട്ടിയാലുടന്‍ എല്ലാവര്ക്കും കൊടുക്കുന്നതില്‍ പതിനായിരം കുറച്ചു വിസ തരാമെന്ന്.കാത്തിരുന്ന് കാത്തിരുന്ന് ഖാദര്‍പോലീസ് വെരിഫികെഷനും വന്നു ഇരുനൂറ്റി അമ്പതു കിട്ടിയപ്പോള്‍ ചോദ്യവും പറച്ചിലും ഇല്ലാതെ ഓന്‍ മടങ്ങി പിന്നെയും മാസമൊന്നു കഴിഞ്ഞു പാസ്പോര്‍ട്ട് കിട്ടാന്‍ . പോസ്റ്റ്മാന്‍ ഗോപാലേട്ടന്റെ കൈയില്‍ നിന്നും പാസ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങുമ്പോള്‍ പുത്തനുടുപ്പ്‌ കിട്ടിയകുട്ടിയുടെ ഭാവമായിരുന്നു.ബാപ്പ കടം വാങ്ങി തന്ന പതിനായിരവുമായി മമ്മതിനെ തേടി യാത്രയായി. മമ്മത് വലിയ തിരക്കുള്ള മനുഷനാ ഒനില്ലാത്ത ബിസിനസ്സ് ഒന്നുമില്ല പഴയ പാട്ട കുപ്പി മുതല്‍ വിസ വരെ മമ്മത് കച്ചോടം ചെയ്യുന്നുട് .ഉമ്മച്ചിയുടെ അകന്ന ബന്ധവും പറയുന്നതു കേട്ടു ബന്ധവും പറഞ്ഞു അങ്ങ് ചെന്നാല്‍ മതി ,പക്ഷെ ഓന്‍ഒരു പാടു പേരെ രക്ഷ പെടുത്തിയിട്ടുണ്ട് ചാക്കുകാരന്‍ ജലീല്‍ എങ്ങനാ രക്ഷപെട്ടേ .

പണം കീസയിലാക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇക്ക ഗള്‍ഫില്‍ ഞാന്‍ ഏത് ഭാഷയാവും സംസാരിക്കേണ്ടി വരിക .മമ്മതൊന്നു ചൂളി ഒരു പാടു പേരെ കയറ്റി വിട്ടിടുണ്ടെങ്കിലും ഒരു ഉംറ ചെയ്യാന്‍ കൂടി പോയിട്ടില്ല എങ്കിലും തന്റെ പൊതു വിജ്ഞാനം വെച്ചു ഒന്നു തട്ടി അറബി നാടു ആണെന്കിലും നെനക്ക് അറബിന്റെ ഒന്നു ആവശ്യം വരില്ല ലേശം ഹിന്ദി പഠിച്ചാ മതി .പത്താം ക്ലാസില്‍ ഹിന്ദിക്ക് പത്തു മാര്‍ക്ക് വാങ്ങിയ ഞാന്‍ ഹിന്ദി സംസാരിക്കണമെന്ന് . പെരേല്‍ എത്തിയപ്പോള്‍ ബാപ്പ പറഞ്ഞു എന്തേലും അറബി വല്ലതും പഠിക്കണ്ടേ നെനക്ക് പള്ളിലെ മുയലിയാരോട് പറഞ്ഞിട്ടുണ്ട് നാളെ മുതല്‍ മുതല്‍ കുറച്ചു ദിവസം പള്ളിപെരെ പോ പഠിക്കേണ്ട സമയത്തു പഠിച്ചില്ല പിന്നാ ഇപ്പൊ ,ബാപ്പയെ ധിക്കരിച്ചു ശീലമില്ല . രാവിലെ പള്ളിപെരെ വെച്ചു ഉസ്മാനാണ് അത് പറഞ്ഞതു ഗള്‍ഫില്‍ അറബിയല്ലത്രേ ഉര്‍ദു ആണത്രേ സംസാരഭാഷ കൂടുതലും ഇന്ത്യക്കാരും പാകിസ്ഥാനികളും എന്തിന് ലോക്കല്‍ അറബികള്‍ വരെ ഉര്‍ദു സംസാരിക്കുമെന്ന് ബാപ്പ പറഞ്ഞിട്ടുണ്ടത്രേ .മുയലിയാരെ കാത്തു മദ്രസയില്‍ നില്‍ക്കുമ്പോളും ഇതായിരുന്നു ചിന്ത എന്താവും ഗള്‍ഫില്‍ എനിക്ക് സംസാരിക്കേണ്ടി വരിക .ആദ്യ ദിനം ആവശ്യം വേണ്ട അറബികള്‍ പഠിച്ചു പുറത്തു വന്നപ്പോളാണ് നസീറിക്കയെ കണ്ടത് പുള്ളി പന്ത്രണ്ടു കൊല്ലം ഗള്‍ഫില്‍ ഉണ്ടായിരുന്നതാണ് അറബി പഠിക്കാനാണ് താന്‍ വന്നതെന്ന് അറിഞ്ഞപ്പോള്‍ നാസരിക്കയ്ക്ക് ചിരി അടക്കാന്‍ ആയില്ല .പള്ളിലെ അറബി അല്ലത്രേ അവിടുത്തെ സംസാരഭാഷ നെനക്ക് മലയാളം അറിഞ്ഞു കൂടെ അത് മതി അറബി നാട്ടില്‍ ഒരു കല്ലിനോട് പോലും മലയാളം പറഞ്ഞാല്‍ മനസിലാകുമാത്രേ .നാസരിക്ക എനിക്ക് കുറച്ചൊന്നും ഉ‌ര്‍ജമല്ല പകര്ന്നു തന്നിരിക്കുന്നത് .അങ്ങ് ഏഴാം കടലിനു അപ്പുറത്തും എന്റെ മലയാളം മതിയത്രേ .

ബപ്പയുടെയും ഉമ്മയുടെയും ദുവാ പടച്ച തമ്പുരാന്‍ കേട്ടിരിക്കുന്നു .വിസയുമായി മമ്മതിക്കാ വന്നു അറബിന്റെ കമ്പനിയില്‍ ശിപായി ,ജോലി എന്തായാലും മതി തന്നെ അവഗണിച്ചവരുടെ മുന്‍പിലൂടെ ഒന്നു നിവര്‍ന്നു നടക്കണം .ആധാരം പണയം വെയ്ക്കാണ്ട് തന്നെ ബാക്കി പണവും റെഡിയായി ഗള്‍ഫില്‍ പോകുന്നവര്‍ക്ക് പണം കടം കിട്ടാന്‍ പഞ്ഞമില്ലത്രേ .കാത്തു കാത്തു ഒടുവില്‍ ആ ദിനവും വന്നു കുടുംബത്തില്‍ നിന്നും ആദ്യമായി ഒരാള്‍ വിമാനം കയറുന്നു .രണ്ടു തലമുറയുടെ സ്വപ്നമാണ് ബാപ്പക്കും മൂത്തപ്പക്കും സാധിക്കാത്തതാണ് .നിലവിളികള്‍ തുടങ്ങി ഉമ്മ എന്നെ പിരിഞ്ഞിരുന്നിട്ടില്ല പറക്കും തളിക എന്നെ വഹിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്റെ ആഹ്ലാദം ആകാശത്തോളം ഉയരുകയായി .

ഉമ്മ പറഞ്ഞ കഥകളിലെ മുത്തു രസൂലിന്റെ നാട്‌ ഓര്മ വെച്ച നാള്‍ മുതല്‍ എന്റെ സ്വപ്ന ഭൂമി .വിമാനത്താവളത്തിലെ നീണ്ട ക്യുവില്‍ നിന്നും പുരത്തു കടന്നപ്പോള്‍ ആധിയായി ആരാവും സ്വീകരിക്കാന്‍ ഉണ്ടാവുക ,ഏത് ഭാഷയാവും സംസാരിക്കുക നാസിര്‍ പറഞ്ഞ വിശ്വ മലയാളത്തിലാണ് എന്റെ പ്രതീക്ഷ .പുറത്തു കടന്നതും ഒരു കറുത്ത തടിച്ച് അറബി വന്നു ചുമലില്‍ തട്ടി ചോദിച്ചു ഷൂ ഇസ്മക്ക് ഇന്ത?അന്ന് ആദ്യമായാണ് ഷൂ ഇടുന്നത് ഞാന്‍ കാലിലേയ്ക്ക് നോക്കി .ആത്തിനീ ജവാസ് അയാളെന്റെ പാസ്പോര്‍ട്ടിന് നേരെ കൈ നീട്ടി ഞാന്‍ പിന്നോട്ടാഞ്ഞു പതിനാറു വയസു മുതല്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു നേടിയതാണ് .പോക്കറ്റില്‍ നിന്നും അയാളെന്റെ ഫോട്ടോ കാട്ടി ഇതു നീയല്ലേ എന്ന് ചോദിച്ചപ്പോഴാണ് മനസിലായത് ഇതാണെന്റെ കഫീല്‍ .ഉമ്മച്ചി തന്നു വിട്ട അച്ചാറുസഞ്ചിയും തൂക്കി അയാളുടെ പിന്നാലെ നടക്കുമ്പോള്‍ ആയിരം ചിന്തകളായിരുന്നു മനസ്സില്‍ .പരവതാനി വിരിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡും കൂറ്റന്‍ കെട്ടിടങ്ങളും നിറഞ്ഞു തൂങ്ങുന്ന ഇന്തപനയും ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ നോക്കിയിരുന്നു .നഗരം പിന്നിട്ടു എതോക്കയോ മരുഭൂമിയിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് എന്റെ ചിന്തകള്‍ അതിനെക്കാളേറെ വേഗത്തിലും .ഏകദേശം മരുഭൂമിയുടെ മധ്യത്തിലായി വണ്ടി നിന്നു ഒരു ചെറിയ വീട് അതിനരികിലായി കുറെ ഒട്ടകങ്ങളും .ഒട്ടകങ്ങള്‍ക്കു കാവലാണ് എന്റെ ജോലി മനുഷ്യനും മാന്ജാതിയും ഇല്ലാത്ത മരുഭൂമിയില്‍ ഞാനും കുറെ ഒട്ടകങ്ങളും മാത്രം ആഴ്ചയിലൊരിക്കല്‍ അറബി വന്നു ക്ഷേമം അന്വേഷിച്ചു മടങ്ങും പിന്നെ ഞാനും കുറെ ഒട്ടകങ്ങളും മാത്രം .അറബിയും ,ഉര്‍ദുവും ,ഹിന്ദിയും ,നാസരിക്കയുടെ വിശ്വ ഭാഷയായ മലയാളവും വഴങ്ങാത്ത ഈ ഒട്ടകങ്ങള്‍ക്കു നടുവില്‍ ഹൃദയം കൊണ്ടു സംവദിച്ചു ഞങ്ങള്‍ സന്തുഷ്ടരായി കഴിയുന്നു.

3 comments:

ajeeshmathew karukayil said...

പള്ളിലെ അറബി അല്ലത്രേ അവിടുത്തെ സംസാരഭാഷ നെനക്ക് മലയാളം അറിഞ്ഞു കൂടെ അത് മതി അറബി നാട്ടില്‍ ഒരു കല്ലിനോട് പോലും മലയാളം പറഞ്ഞാല്‍ മനസിലാകുമാത്രേ .

നമ്മൂടെ ലോകം said...

നിങ്ങള്‍ എത്രയൊ ഭാഗ്യവാന്‍! എത്രമനുഷ്യന്‍ കൂടെണ്ടായാലും ഇവറ്റ്യുടെ സ്നേഹം ഒരിക്കലും കിട്ടുകയില്ല.

വീകെ said...

അസ്സലായി .
’ഇവിടെ അമര്‍ത്തു,പച്ച മനുഷ്യന്റെ അടയാളത്തിനായി കാത്തു നില്‍ക്കു’ എന്ന് ട്രാഫിക്കിന്റെ സിഗ്നല്‍ ബോഡുകളില്‍ പച്ച മലയാളത്തില്‍ എഴുതിവച്ചിരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.’
പക്ഷെ ആ കാലം മാറുകയാണ്.ഇനി മലയാളത്തിനു പകരം ‘ബംഗാളി
യാകും .