Sunday, 12 October 2008

സാന്ത്വന വെള്ളി

വെള്ളി ഒരു സാന്ത്വനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി.

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി.

വിവരമില്ലാത്തവന്റെ വിവരക്കേടുകള്‍ക്ക്

റാന്‍ മൂളി നില്‍ക്കെണ്ടാതൊരു വെള്ളി.

ടി വി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി.

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി.

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നു പണവും ഇല്ലങ്കിലും ങ്ങള്വേഗം വന്നാ മതിന്ന

കിളി മൊഴിക്ക് മുന്നില്‍ വാക്കുകള്‍ നഷ്ടപെടുന്ന വെള്ളി .

നളപാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാനൊരു വെള്ളി .

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലാതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ് ,

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

7 comments:

ajeeshmathew karukayil said...

ഒരിക്കലെങ്കിലും മക്കളെ പിരിഞ്ഞിരിക്കാത്തവര്‍ക്ക്, പ്രവാസത്തിന്റെ നൊമ്പരം അനുഭവിക്കാത്തവര്‍ക്ക് ഇതു ഒരു പക്ഷെ വെറും വാക്കുകള്‍ ആവാം .

siva // ശിവ said...

വെള്ളി താങ്കള്‍ക്ക് അവധി ദിവസം ആണോ?

പിന്നൊരു കാര്യം എല്ലാവരും പ്രവാസികള്‍ തന്നെയാണല്ലോ?

Anonymous said...

സാന്ത്വനമെന്നെഴുതൂ, സ്വാന്തനമെന്നല്ല.

ajeeshmathew karukayil said...

അനോണിക്ക് ആത്മാര്‍ഥമായ നന്ദി താങ്കള്‍ ചൂണ്ടി കാട്ടിയില്ലയിരുനെങ്കില്‍ തിരുത്തപെടാതെ പോകുമായിരുന്നു . ശിവക്കും നന്ദി .

ഗോപക്‌ യു ആര്‍ said...

seeing first time
aasamsakal...

വരവൂരാൻ said...

അജീഷ് മാത്യു വളരെ മനോഹരമായിരിക്കുന്നു. ആശംസകൾ

Mahi said...

വെറും വാക്കുകളായി തോന്നിയില്ല.സ്വന്തം നാട്ടില്‍ പോലും പ്രവാസിയാകാന്‍ വിധിക്കപ്പെട്ടവന്‌ ഇതെങ്ങനെ വെറും വാക്കുകളാകും