Wednesday, 9 November 2011

വിടുതലൈ കണ്ണദാസ് ഫ്രം തൃങ്കോമാലി

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത് .പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍ മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം . അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്‌ . പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു . ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി .


ചെറിയ പ്രായം ആയതുകൊണ്ടോ എന്തോ കണ്ണന്‍ വേഗം ജോലിയൊക്കെ വശമാക്കി .പക്ഷെ തമിഴ് വിട്ടൊരു കളി കണ്ണനു വഴങ്ങില്ല ജാവേദ്‌ ഭായ് എന്നാ പാകിസ്താനി പഠിച്ച പണി പതിനെട്ടും നോക്കി കണ്ണനെ ഉര്‍ദു പഠിപ്പിക്കാന്‍ ജാവേദ്‌ ഭായി വേഗം തമിഴ് പഠിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല .അതങ്ങനെയാണ് തമിഴര്‍ക്കു അവരുടെ ഭാഷ അമ്മയാണ് അത് വിട്ടു ഒന്ന് ഇച്ചിരി ബുദ്ധി മുട്ടാണ്. ഒന്നാം തിയതി ചെല്ലയ്യന്‍ വരും ചെല്ലയ്യന്‍ പുലികളുടെ എജെന്റ് ആണ് ശമ്പളം വന്നാലുടന്‍ ചിലവിനുള്ളത് വിട്ടു ബാക്കി വാങ്ങി അയാള്‍ പോകും ഇതുപോലെ പല ക്യാമ്പിലും ഇവര്‍ക്ക് ആളുകള്‍ ഉണ്ട് അവിടെ എല്ലാം ചെല്ലയന്‍ തന്നെ ചെന്ന് പണം വാങ്ങണം .ഒന്ന് രണ്ടു മാസം ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ കണ്ണനോട് ചോദിച്ചു എന്തിനാ നീ അധ്വാനിക്കുന്ന പൈസ ഇങ്ങനെ വല്ലവര്‍ക്കും കൊടുക്കുന്നെ ? നല്ല തമിഴില്‍ കണ്ണന്‍ പറയാന്‍ തുടങ്ങി ഇത് വന്ത് തായ് നാടിനു വേണ്ടി ഉയിര് വെച്ച് പോരടിക്കുന്നവര്‍ക്ക് കരണ്ടും വെള്ളവും നിഷേധിക്കപെട്ടു പിറന്ന മണ്ണില്‍ പര ദേശി ആയി ജീവിക്കുന്ന ജനസമൂഹത്തിന്റെ മോചനത്തിന് വേണ്ടി ... കണ്ണന്‍ വാചാലനായി ,വെലുപിള്ള പ്രഭാകരന്‍ കണ്ണനു കടവുള്‍ ആയിരുന്നു .കിടക്കുന്ന കട്ടിലിനു ചുറ്റും പ്രഭാകരന്റെ പല വിധത്തിലുള്ള ചിത്രങ്ങള്‍ പറ്റിച്ചു വെച്ചിരുന്നു .ഉറങ്ങുമ്പോഴും ഉണരുമ്പോഴും അയ്യാ കടവുളേ എന്നാ വിളിയോടെ പ്രഭാകരനെ തൊഴുതു നില്‍ക്കുന്ന കണ്ണന്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുത മനുഷ്യന്‍ തന്നെ ആയിരുന്നു .

ചെല്ലയ്യ വന്നാല്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ചയാണ് നാട്ടിലെ വിശേഷങ്ങള്‍ കണ്ണനെ ധരിപ്പിക്കുന്നതും പോരാട്ടത്തിന്റെ അപ്പോള്‍ അപ്പോള്‍ ഉള്ള വിവരങ്ങള്‍ ചെല്ലയ്യ അറിയും ഒരു നാള്‍ ചെല്ലായ വന്നു പോയതിനു ശേഷം കണ്ണന്‍ ആരോടും മിണ്ടിയില്ല ഭക്ഷണവും കഴിച്ചിട്ടില്ല .രാജപക്ഷെ പ്രസിഡന്റ്‌ ആയശേഷം പുലികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് .കണ്ണന്റെ അപ്പാ മുരുകെശനെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നു .അമ്മ തൃങ്കോമാലിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസി ആയി കഴിയുകയാണ് ഇതെല്ലാം കേട്ടിട്ട് കണ്ണന്‍ എങ്ങനെയാണ് ഉറങ്ങുക .ഉണ്ണാതെ ഉറങ്ങാതെ എന്തെങ്കിലും അസുഖം വരുത്തി വെക്കുമെന്ന ഭയം ആണ് ഞങ്ങളെ കൊണ്ട് ചെല്ലയ്യനെ വിളിപ്പിച്ചത് .ചെല്ലയന്‍ വന്നതും ഞങ്ങള്‍ പറഞ്ഞു ഇപ്പടി ആനാ കണ്ണന്‍ ഊരുക്കു പോയി വരട്ടെ വന്നിട്ട് മൂന്ന് നാല് വര്ഷം കഴിഞ്ഞില്ലേ .ഒന്നും മിണ്ടാതെ ചെല്ലയ്യ കണ്ണനെ വിളിച്ചു മാറ്റി നിര്‍ത്തി കുറെ നേരം അടക്കം സംസാരിച്ചു .ചെല്ലയ്യന്‍ പോയ ശേഷം കണ്ണന്‍ മൌനം വെടിഞ്ഞു ചെല്ലയ്യ എന്തോ പറഞ്ഞു ശരിക്കും വിരട്ടി ഇരിക്കുന്നു .യുദ്ധം മുറുകുകയാണ് തൃങ്കോമാലിയും ജാഫ്നയും കടന്നു ലങ്കന്‍ സൈന്യം മുന്നേറി കഴിഞ്ഞു .മൂന്ന് മാസമായി ചെല്ലയ്യ പടി വാങ്ങാന്‍ വന്നിട്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി സണ്‍ ടി വി കാണിക്കുന്ന അപൂര്‍ണങ്ങള്‍ ആയ വാര്‍ത്തകള്‍ അല്ലാതെ വിശ്വസനീയമായ വാര്‍ത്തകള്‍ അറിയാതെ കണ്ണന്‍ വീര്‍പ്പുമുട്ടുകയായിരുന്നു .അന്നൊരു മെയ്‌ 18 ആയിരുന്നു റൂമില്‍ നിന്നും വലിയ ഒരു അലര്‍ച്ച കേട്ട് ഞങ്ങള്‍ ഓടിയെത്തിയതും വാഴതടി വെട്ടിയിട്ടപോലെ കണ്ണന്‍ നിലത്തു വീണു .മുഖത്ത് വെള്ളം തളിച്ച് അയാളെ ഉണര്‍ത്തുമ്പോള്‍ ആണ് ടി വി യിലെ ഫ്ലാഷ് ന്യൂസ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് വെലുപിള്ള പ്രഭാകരന്‍ കൊല്ലപെട്ടു .ഉണരുമ്പോള്‍ ഒക്കെ അയാള്‍ അയ്യാ അയ്യാ എന്ന് വലിയവായില്‍ നിലവിളിച്ചുകൊണ്ട് കട്ടിലില്‍ തല ചേര്‍ത്തു അടിച്ചു കൊണ്ടിരുന്നു . ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യന്‍ മരിച്ചതിനു ഇത്രയേറെ ദുഃഖം എന്തിനു? ഞങ്ങള്‍ മലയാളികള്‍ക്ക് അത്ഭുതം ആയിരുന്നു എം ജി ആര്‍ മരിച്ചതില്‍ മനം നൊന്തു നൂറുകണക്കിന് പേര്‍ മരിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വന്നു .അന്ന് റൂമില്‍ ഞങ്ങള്‍ ആരും ഉറങ്ങിയില്ല കണ്ണന്‍ കടവുള്‍ പോയ ലോകത്തേക്ക് പോകാതിരിക്കാന്‍ ഉറക്കം ഒഴിഞ്ഞു ഞങ്ങള്‍ കാവല്‍ ഇരുന്നു .പിറ്റേന്ന് മുതല്‍ കണ്ണന്‍ പണിക്കു ഇറങ്ങിയില്ല രണ്ടു ദിവസത്തിന് ശേഷം മൂന്ന് മാസത്തെ ശമ്പളം വെലുപിള്ള പ്രഭാകരന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ വെച്ച് വീര ചരമം പ്രാപിച്ച എഴൈ തലൈവരേ സാഷ്ടാംഗം നമസ്ക്കരിച്ചു കണ്ണന്‍ പുറത്തു പോയി .പിന്നെ ഞങ്ങള്‍ കണ്ണനെ കാണുന്നത് പോലീസ് മോര്‍ച്ചറിയില്‍ എംബാം ചെയ്യാനായി കാത്തുകിടക്കുന്ന വിറങ്ങലിച്ച രൂപത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്‌ കവര്‍ തുറന്നു മുഖം കാട്ടുമ്പോള്‍ ആയിരുന്നു .ആത്മഹത്യാ ചെയ്ത ഭീരുവിന്റെ ഭാവമല്ലായിരുന്നു കണ്ണന്റെ മുഖത്തപ്പോള്‍‍ ,പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പോരാളിയുടെ കരുത്തായിരുന്നു .


2 comments:

Anonymous said...

വിദേശത്ത് അയച്ചു ഷെയര്‍ മേടിക്കുന്ന പുലികളെ പറ്റി ഒരു പുതിയ അറിവാണ് കേട്ടോ മാഷേ.

ajeeshmathew karukayil said...

പത്തു ശതമാനം കേട്ടറിവും ബാക്കി ഭാവനയുമാണ് .