Sunday, 29 July 2012

പറൂദീസയിലേയ്ക്കൊരു വിസ

അകത്താക്കിയ  നാല് പെഗ്  തണുപ്പിനെ പ്രതിരോധിക്കുമെന്നു മനസിലായപ്പോള്‍ ഡേവിഡ്‌ മെല്ലെ പുറത്തേക്കു ഇറങ്ങി ആലിപ്പഴങ്ങള്‍ മുടിയ പൈന്‍ മരങ്ങളും വിജനമായ റോഡും കടന്നു നഗര പ്രാന്തം ലക്ഷ്യമാക്കി നടന്നു .കടുത്ത നിരാശയും അന്യതാ ബോധവും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു തൊഴില്‍  അന്വേഷകന്‍ ആയി അലയുംമ്പോഴാണ് തിരുവല്ലയില്‍ നിന്നും സുസിയുടെ വിവാഹ പരസ്യം കണ്ടു പ്രലോഭിതനായത്. ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട പുരാതന കുടുംബത്തിലെ ദൈവഭയമുള്ള യുവതി വരനെ തേടുന്നു ലണ്ടനില്‍ നേഴ്സ്( BSC )വെളുത്ത നിറം സാമാന്യം സൌന്ദര്യം വരനെ കൊണ്ട് പോകും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബ മഹിമയുള്ള  വരനെ തേടുന്നു .

ജീവിതം മാറിമറിയാന്‍ അധികം സമയം ഒന്നും വേണ്ട ചിലപ്പോള്‍ സുസി ഒരു വഴികാട്ടിയാവും .നീണ്ട വിദേശവാസം ജാതകത്തില്‍ ഉണ്ടെന്നാണ് അമ്മച്ചി പണ്ട് പറയാറുണ്ടായിരുന്നത് പക്ഷെ കരിസ്മാറ്റിക്ക് ധ്യാനം കൂടിയ മൂച്ചില്‍ അമ്മച്ചി ജാതകമെടുത്തു  കരിച്ചു കളഞ്ഞതിനാല്‍ സത്യമാണോന്നു ഒരു ഉറപ്പും ഇല്ല . എന്തായാലും ഒന്ന് പോയി നോക്കാം ഒരു ഞായറാഴ്ച പള്ളി കമ്മറ്റി കഴിഞ്ഞപ്പോള്‍ കപ്യാരെയും കൂട്ടി   ബൈക്കെടുത്തു നേരെ വിട്ടു തിരുവല്ലക്ക് ഒരു പഴയ വീട് പക്ഷെ പ്രതാപകാലത്ത് ഇവര് പുലികളായിരുന്നു എന്ന് ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളുടെ കമനീയശേഖരം പൂമുഖത്തെ ഭിത്തിയില്‍ ഇരുന്നു വിളിച്ചു പറയുന്നു .ചെറുക്കനെക്കാള്‍ ഏറെ ഫിലോസഫിയിലെ ബിരുദങ്ങള്‍ ആണ്  കാരണവര്‍ക്ക്‌ ബോധിച്ചതെന്നു  തോന്നി കല്യാണം കഴിഞ്ഞാല്‍ എപ്പോള്‍ ലണ്ടനിലേയ്ക്ക് കൊണ്ട് പോകും എന്ന് പ്രത്യേകം ചോദിയ്ക്കാന്‍ കപ്പ്യാരെ നേരെത്തെ ചട്ടം കെട്ടിയിരുന്നതിനാല്‍ കിട്ടിയ ഗാപ്പില്‍ കപ്പ്യാര്‍ ആ ചോദ്യം എറിഞ്ഞു ."ഏറിയാല്‍ ഒരു മാസം വിസയും പേപ്പറുകളും ശരിയാകേണ്ട താമസം മാത്രം അവള്‍ക്കവിടെ ഗ്രീന്‍ കാര്‍ഡ് ഉണ്ടേ" കാരണവര്‍ അഭിമാനത്തോടെ പറഞ്ഞു.

കുതിരപ്പുറത്തു കുന്തവും പിടിച്ചിരിക്കുന്ന ഗീവര്‍ഗീസ് പുണ്യവാനെ സാക്ഷി നിര്‍ത്തി സൂസി തോമസിനെ  സൂസി ഡേവിഡ്‌ ആക്കി  മാറ്റുമ്പോള്‍  നാലുകോടിയിലെ അപ്പച്ചന്റെ വഷള് മണമുള്ള ഉണക്കമീന്‍ കച്ചവടത്തിന്റെ ലോകത്ത് നിന്നും ഒരു മഞ്ഞു മൂടിയ താഴ്വാരത്തെ പൌണ്ടിന്റെ കൊതിപ്പിക്കുന്ന ഗന്ധം എന്നെ തഴുകി കടന്നു പോയി .തത്വ ശാസ്ത്രത്തില്‍ ഡിപ്ലോമയും ഡിപ്ലോമസിയും നേടിയ എന്നെ വെറും ഉണക്കമീന്‍ കച്ചവടക്കാരന്‍ ആക്കാന്‍ ശ്രമിച്ച ക്രൂരനായ അപ്പച്ചന്റെ മുഖത്തു നോക്കി വിജയീ ഭാവത്തില്‍ ഞാന്‍ സുസിയുടെ കഴുത്തില്‍ മിന്നു കെട്ടി .കല്യാണത്തിനു കഴിച്ച ബിരിയാണിയുടെ മണം കൈയില്‍ നിന്നും മാറുന്നതിനു മുമ്പ് സൂസി മോള്‍ എന്നെ തനിച്ചാക്കി ലണ്ടനിലേയ്ക്ക് വണ്ടി കയറി.ഇനി എന്‍റെ ഊഴമാണ് സാധാരണ അപ്പന്‍റെ ഉണക്കമീന്റെ മോശട് മണം സഹിക്കാന്‍ വയ്യാത്തതിനാല്‍  ഒരു നേരത്തും വീട്ടില്‍ ഇരിക്കാതെ ഊര് തെണ്ടുന്ന ഞാന്‍ സൂസിമോളുടെ കിളിമൊഴിക്കായി ഫോണിന്റെ ചോട്ടില്‍ പെറ്റു കിടന്നു . വിസയും  ടിക്കെറ്റും വന്ന അന്ന് യുവദീപ്തിയിലെ മദ്യവിരുദ്ധ പ്രവത്തകര്‍ക്കെല്ലാം കള്ളും കപ്പ ബിരിയാണിയും വയറു നിറയെ വാങ്ങി കൊടുത്തു. വരുമ്പോള്‍ നല്ല വിലകൂടിയ സ്കോച്ച് ഒരെണ്ണം നേരത്തെ ബുക്ക്‌ ചെയ്തു മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എന്നെ കണ്ണീരോടെ യാത്രയാക്കി .

മഞ്ഞു വീണു കോട്ടും തൊപ്പിയും ഒക്കെ വെളുത്തിരിക്കുന്നു നാലു പെഗ് തന്ന പ്രതിരോധം അലിഞ്ഞു ഇല്ലാതെ ആകുന്നു.അടുത്തുകണ്ട സ്റ്റോറില്‍ കയറി വെള്ളക്കാരനോട് ഹായ് പറഞ്ഞു "ഹായ് ഹൌ ആര്‍ യു ജെന്റില്‍ മാന്"‍ . സര്‍ ഐ ആം നോറ്റ് സൊ ഫൈന്‍ ആം ലൂക്കിംഗ് ഫോര്‍ എ ജോബ്‌ സിന്‍സ് ലാസ്റ്റ് സിക്സ് മന്ത് . സായിപ്പ് കരുണ കാണിക്കണം പെമ്പ്രന്നോരു കൊണ്ടുവരുന്നത് തിന്നു മടുത്തു മുട്ടാത്ത വാതിലുകളില്ല സാറിനെ കണ്ടിട്ട് ഒരു മനുഷ്യസ്നേഹി ആണെന്ന് തോന്നുന്നു അല്ല സാറിന്‍റെ നെറ്റിയില്‍ അത് എഴുതി വെച്ചിട്ടുണ്ട് എം ജി യുണിവേര്‍സിറ്റി മണ്ടയില്‍ കയറ്റിതന്ന മല്ലു ഇങ്ങ്ലീഷില്‍ സായിപ്പ് വീണെന്ന് തോന്നുന്നു . സീ ജെന്റില്‍ മാന്‍ ഐ കനോട്ട് ഹെല്പ് ഡയറക്റ്റ് ബട്ട്‌ ഐ വില്‍ സെന്‍റ് യു സം വെയര്‍ ഹി വില്‍ ഹെല്പ് യു . ഓ സമാധാനമായി സായിപ്പിന് നന്ദി പറഞ്ഞു മേല്‍വിലാസം വാങ്ങി വീട്ടിലേയ്ക്ക് നടന്നു.


സൂസിക്ക്എന്നോട് ഭയങ്കര സ്നേഹമാണ് എന്നാലും അവള്‍ ഒറ്റയ്ക്ക് സമ്പാദിക്കുന്നത് തിന്നുമുടിക്കുന്നവന്‍ എന്ന ഒരു ധാരണ അവളുടെ  മനസ്സില്‍  ഉണ്ടെന്നു തോന്നുന്നു അല്ലെങ്കില്‍ എന്‍റെ കോമ്പ്ലെക്സ് ആവും എന്തായാലും ഇനി എനിക്കും ഞെളിഞ്ഞു  നില്‍ക്കാം സ്വന്തം പൌണ്ടിന് കള്ളടിക്കാം  ആറുമാദിക്കാം . പിറ്റേന്ന്  സായിപ്പു ജോലിയെ പറ്റി വിശദീകരിക്കുമ്പോള്‍  ഭൂമി പിളര്‍ന്നു താഴെ പോകുന്നപോലെ തോന്നി  സായിപ്പിന്റെ കക്കൂസ് വണ്ടിയില്‍ കിളി ആയിട്ടാണ് ജോലി. നിര്‍ധിഷ്ട്ട മാലിന്യകുഴികളില്‍ പൈപ്പ് കടത്തി  മോട്ടര്‍ ഓണ്‍ ആക്കി അമേദ്യം വലിച്ചു വണ്ടിക്കുള്ളിലാക്കണം  ശേഷം പൈപ്പ് ചുരുട്ടി ഗട്ടെര്‍ മൂടണം ദൂരെ രീസൈക്ലിംഗ് പ്ലാന്റില്‍ കൊണ്ട് ടാങ്കെര്‍ കാലി  ചെയ്യണം  . ഇവിടെ തത്വ ശാസ്ത്രത്തിലെ ബിരുധനന്തര ബിരുദത്തിനു എന്ത് റോള് , എന്നാലും സായിപ്പ് മാന്യനാ തോട്ടി പണിയാണെന്ന് അറിഞ്ഞു നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട് . തോട്ടി എങ്കില്‍ തോട്ടി നാട് വിട്ടാല്‍ പിന്നെ എന്ത് നോക്കാന്‍ സൂസിയോടൊരു കള്ളം പറഞ്ഞു പിറ്റേന്ന് മുതല്‍ ജോലിക്ക് പോയി തുടങ്ങി എങ്കിലും മോട്ടോര്‍ ഓണ്‍ ആകുമ്പോള്‍ കടന്നു വരുന്ന ദുര്‍ഗന്ധം എന്നെ  നാട്ടിലെ ഓര്‍മകളിലേയ്ക്ക് കൊണ്ട് പോകും  ഇതിലും എത്രയോ നന്നായിരുന്നു അപ്പന്‍റെ ഒണക്കമീന്‍റെ മോശട് മണം. എല്ലാം നഷ്ടപെടുത്തി തിരിച്ചു വരാന്‍ കൊതിക്കുന്ന എന്നെ അവിടുത്തെ ഉണക്കമീന്‍ കടയുടെ മാനെജേര്‍  ആയി എങ്കിലും സ്വീകരിക്കണേ അപ്പാ .........

Monday, 23 July 2012

ഉയിര്‍പ്പ് കാക്കുന്ന മത്തായിമാര്‍

അന്നൊരു  പെത്രത്താ   ആയിരുന്നു വലിയ നോമ്പ് തുടങ്ങുന്നതിനു മുന്‍പുള്ള അവസാന ഞായര്.‍ അപ്പച്ചന്‍ മാര്‍കെറ്റില്‍ നിന്നും വന്നപ്പോള്‍ ഒരു കൊച്ചു മുട്ടനാടിനെ കൊണ്ട് വന്നു കൊമ്പ് മുളച്ചു തുടങ്ങിയ വെളുത്ത താടിയുള്ള വെള്ളയില്‍ പുള്ളിയുള്ള ഒരു കുറുമ്പന്‍  ആട്. പോമി പട്ടി ചത്തു പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് ഒരു രസവും ഉണ്ടായിരുന്നില്ല .കാലത്ത് ഇറച്ചി വാങ്ങാന്‍ പോയ അപ്പന്‍ ആടിനെ മുഴുവനോടെ വാങ്ങി കൊണ്ടുവരുന്നത് കണ്ടു അമ്മച്ചി തലയില്‍ കൈവെച്ചു പ്രാകി "ഇതിനെ വളര്‍ത്താനോ കൊല്ലാനോ" അമ്മച്ചിയെ മാറ്റിനിര്‍ത്തി അപ്പച്ചന്‍ എന്തോ സ്വകാര്യം പറഞ്ഞതും ആടിന്റെ കയര് അപ്പനില്‍ നിന്നും വാങ്ങി അമ്മച്ചി പറമ്പിലേയ്ക്ക്  നടന്നു വലിയ ഉത്സാഹത്തോടെ ഞങ്ങളും .

 വടക്കേലെ മത്തായികുട്ടിയുടെ പോലെ ഉശാം താടി വളര്‍ത്തിയിരുന്നത് കൊണ്ട് അവനു  മത്തായികുട്ടി  എന്ന് പേരിട്ടു .മഹാ വികൃതി ആയിരുന്നു മത്തായികുട്ടി കയറൊന്നു ലൂസകേണ്ട താമസം അവന്‍ ചാട്ടം  തുടങ്ങും.വിഭൂതി പെരുനാളുകഴിഞ്ഞു മടങ്ങുന്ന വഴി ചന്തയില്‍ കയറി അമ്മച്ചി രണ്ടു കെട്ടു പ്ലാവില വാങ്ങി അവനെ തീറ്റെണ്ടതും  അഴിച്ചു മാറ്റി കെട്ടേണ്ടതും ഞങ്ങള്‍ കുട്ടികളുടെ ചുമതലയാണ് .ഞാനും അനിയത്തി അനുവും രാവിലെ ഉണരുമ്പോള്‍ മുതല്‍ മത്തായികുട്ടിക്കു പിന്നാലെ ആണ്  വെള്ളാരം കുന്നിലെ പുല്ലു അവനു വലിയ ഇഷ്ടമാണ്.സ്കൂള്‍ അടപ്പയത് കൊണ്ട് കൂട്ടുകാരെല്ലാം അവിടെ കൂടി ഓരോ ഓരോ കളികളാണ് ബിന്ദുവും സുമതിയും ജോബും ഞങ്ങളും കൂടിയാല്‍ മത്തയികുട്ടിയുടെ കയറഴിച്ചു വിട്ടിട്ടു പിറകെ ഓട്ടമാണ് ഇടയ്ക്കു അവന്‍ തിരിഞ്ഞു നിന്ന് കുത്താന്‍ ഒങ്ങും എങ്കിലും അവന്റെ മുളച്ചു വരുന്ന കൊമ്പ് കൊണ്ടുള്ള കുത്ത് ഞങ്ങള്‍ ആരും ഭയപെട്ടിരുന്നില്ല .മത്തായികുട്ടി കുറച്ചു ദിവസം കൊണ്ട് തന്നെ ഞങ്ങളുടെ ആത്മമിത്രമായി .പുറത്തു പോകുമ്പോള്‍ അമ്മച്ചിയോട്‌ പറഞ്ഞു രണ്ടു രൂപ പ്രത്യേകം വാങ്ങും  മത്തായികുട്ടിക്കു  പ്ലാവില വാങ്ങി തീറ്റിചിട്ടെ വീട്ടില്‍ കയറു .ഒരു മാസം കൊണ്ട് മത്തായികുട്ടി കൊഴുത്തുരുണ്ട് നല്ല ഒരു മുട്ടനാടായി മാറിയിരിക്കുന്നു അന്ന് അപ്പന്‍ കൊണ്ടുവരുമ്പോള്‍ കണ്ട സോമാലിയന്‍ ലുക്ക്‌ ഒക്കെ മാറി ഒരു ജഗജില്ലി ആയിരിക്കുന്നു .

ഓശാന ഞായര്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ എല്ലാവരും എത്തും അപ്പച്ചന്റെ ചേട്ടന്മാരും സഹോദരന്മാരും പെങ്ങന്മാരും അവരുടെ കുട്ടികളും ഒക്കെ ആയി വിശുദ്ധ  വാരം ഇടവകപള്ളിയില്‍ കൂടി   ഉയിര്‍പ്പും ആഘോഷിച്ചു  മടങ്ങുകയാണ് പതിവ് .ലണ്ടനില്‍  നിന്നും ദുബായില്‍ നിന്നും ഇങ്ങു കൂനന്കുരിശു നിന്നും വരെ  എല്ലാവരും  വീട്ടില്‍ എത്തിയിട്ടുണ്ട്. അപ്പാപ്പന്‍ ഭയങ്കര കര്‍ശനക്കാരനായ വിശ്വാസി ആണ് വിശുദ്ധ വാരത്തിലെങ്കിലും മക്കളെല്ലാം ഒരുമിച്ചു കൂടി ഇടവകപള്ളിയിലെ നേര്ച്ച കഞ്ഞി കുടിക്കണമെന്നത് അപ്പന്റെ ഒരു നിര്‍ബന്ധമാണ്‌ .എനിക്കും അനുവിനും ഇഷ്ടമില്ലാത്ത ദിവസങ്ങളാണ് ഈ ഏഴു ദിവസങ്ങള്‍ ഇങ്ങ്ലീഷ്‌ മാത്രം പറയുന്ന പീറ്റും സാന്ദ്രയും ഒന്നും മിണ്ടാത്ത മോളി മാത്യുവും ഒക്കെ ഞങ്ങളുടെ വീട് കൈയേറുന്ന ദിവസമാണ് .കര്‍ത്താവ്‌ മരിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നെന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ   പീറ്റ് തനി സായിപ്പാണ്‌ മലയാളം പറയുന്നതെ അവനു പുച്ഛമാണ് .തിരക്കിനിടയില്‍ എല്ലാവരും മത്തായികുട്ടിയെ മറന്നിരിക്കുന്നു അവനു നേരെ ചൊവ്വേ വെള്ളമോ പ്ലാവിലയോ കൊടുക്കാന്‍  പോലും ആരുമുമില്ല .

ഓശാന കുര്‍ബാന കഴിഞ്ഞ ഉടനെ ഓടിയത് മത്തായികുട്ടിയുടെ  അടുത്തേക്കാണ്‌ പാവം വല്ലാണ്ട് വിളറിയിരിക്കുന്നു  ഞങ്ങളെ കണ്ടതും പിന്‍ കാലില്‍ കുത്തി മുന്നോട്ടു കുതിച്ചു ചാടി ഓശാന പെരുനാളിനു കിട്ടിയ ഓലമുഴുവന്‍ അവന്‍ കടിച്ചു തിന്നു അത്രയ്ക്ക് വിശന്നിരിക്കുന്നു പാവത്തിന് , പെസഹാ പാല് കാച്ചുമ്പോള്‍ അമ്മച്ചി എല്ലാവരുടെയും ഓല ചോദിക്കുമ്പോള്‍ എന്ത് പറയും അനുമോള്‍ക്കും വെപ്രാളമായി മത്തായികുട്ടിയുടെ വിശപ്പുകണ്ടപ്പോള്‍ അതൊന്നും ഓര്‍ത്തില്ല . മോളി  മാത്യു മിണ്ടില്ലങ്കിലും പാവമാണ് ഞങ്ങളുടെ വിഷമം മനസിലാക്കിയ അവരുടെ ഓല പകുത്തു മുന്നാക്കി ഓരോന്ന് വീതം ഞങ്ങള്‍ക്ക് തന്നു.പെസഹയും ദുഃഖ വെള്ളിയും കഴിഞ്ഞു ഇനി പ്രത്യാശയുടെ ഉയിര്‍പ്പാണ്. പേരപ്പന്‍ ലണ്ടനില്‍ നിന്നും കൊണ്ടുവന്ന വിലകൂടിയ കുപ്പി പോരാഞ്ഞു ചന്ദ്രന്റെ ഷാപ്പില്‍ നിന്നും രണ്ടു റാക്ക് പട്ടയും വരുത്തി ചായ്പ്പില്‍ വെച്ചിട്ടുണ്ട്. മത്തായികുട്ടിയുടെ കൂടിന്‍റെ അപ്പുറമാണ് ചായ്പ്പ് അതുവഴി പോകും വഴി ചായ്പില്‍ കയറി ഒരു കുപ്പി പൊട്ടിച്ചു മണത്തു ഓ തല ചെകിടിക്കുന്നു ഇതാണോ അപ്പനും പേരപ്പന്മാരുമായി കുടിക്കാന്‍ പോകുന്നത് .അന്നും പതിവുപോലെ മത്തായികുട്ടിയെ തീറ്റാന്‍ പുല്‍മേട്ടില്‍ പോയി വരുമ്പോള്‍ ഇറച്ചികടക്കാരന്‍ വറീത് വീട്ടിലുണ്ട് . ചായ്പിലെ റാക്കില്‍ നിന്നും പട്ടച്ചാരായവും അടിച്ചു കത്തിക്ക്  മൂര്ച്ചകൂട്ടുകയാണ്.

വൈകിട്ട് പള്ളിയില്‍ പോയാല്‍ പാതിരാ കുര്‍ബാന കഴിഞ്ഞേ മടങ്ങാന്‍ പറ്റു ഞങ്ങള്‍ പിള്ളേര് സെറ്റ് എല്ലാം നേരത്തെതന്നെ  അള്‍ത്താരക്ക്  മുന്‍പില്‍  നിരന്നു കഴിഞ്ഞു .പള്ളിചിറ അച്ഛന്റെ പാട്ട് കുര്‍ബാന കേരളത്തില്‍ എമ്പാടും പ്രശസ്തമാണ് അതിനൊരു ലയവു ഭക്തിയും ഒന്ന് വേറെ തന്നെ തുടങ്ങിയാല്‍ പിന്നെ തീരുംവരെ അതിലങ്ങനെ ലയിച്ചു പോകും ഇതിനിടയില്‍ അല്പം അഭംഗി വികാരി അച്ഛന്റെ  അറുബോറന്‍ പ്രസംഗമാണ് .കുര്‍ബനകഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഞങ്ങളെ എന്നും ആനയിച്ചു സ്വീകരിക്കാറുള്ള മത്തായികുട്ടിയുടെ വിളി കേള്‍ക്കഞ്ഞിട്ടാണ് ഞാനും  അനുവും ഓടി ചായ്പ്പിനരികിലെയ്ക്ക് ചെന്നത് അവിടെ വറീത് ഇരുന്നു നുറുക്കുന്നത് ഞങ്ങളുടെ മത്തായികുട്ടിയുടെ പിഞ്ചു ശരീരം ആണെന്ന് മനസിലാക്കാന്‍ അവന്റെ അറുത്തു മാറ്റിയ തല കാണേണ്ടി വന്നു. നിലവിളിചോടിയ അനുവിന്റെ പുറകെ ഞാനും പാഞ്ഞു, ഇന്നലെ  വരെ ഞങ്ങളോട് ഒത്തു കളിച്ച മത്തായികുട്ടി , തമ്പുരാന്‍റെ നാമത്തില്‍  രക്തസാക്ഷിത്വം വരിചിരിക്കുന്നു. ലോകം എമ്പാടും എത്ര മിണ്ട പ്രാണികള്‍ ആവും മനുഷ്യകുലത്തിന്റെ മോചനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവന്റെ പേരില്‍ ബാലിയാടക്കപെടുക .

  മത്തായികുട്ടി ഓടികളിച്ച  വെള്ളാരം കുന്നിലെ പുല്‍മേട്ടില്‍ ഞാനും അനുവും
എത്ര നേരം ഇരുന്നെന്നു അറിയില്ല .പേരപ്പന്‍ വന്നു വിളിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ മത്തായികുട്ടിയുടെ  ഇളം മേനി  വേകുന്ന മണം ഞങ്ങള്‍ക്ക് അസഹ്യമാകുന്നത് പോലെ പോലെ തോന്നി പിന്നിലെ ചായ്പ്പില്‍ നിന്നും ആഘോഷങ്ങളുടെ ആരംഭം എന്നോണം ഒരു ഗാനം   ഒഴുകി വന്നു കര്‍ത്താവുയര്‍ത്തെഴുനേറ്റ ഞായരാഴ്ച്ചാ ...... അന്ന് ഞങ്ങള്‍ ഒന്നും  കഴിച്ചില്ല ഞങ്ങളുടെ നിരാഹാരം മത്തായികുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിചാണെന്നു മനസിലാക്കിയ അമ്മച്ചി വന്നു ഞങ്ങളുടെ അടുക്കല്‍ ഒരു രഹസ്യം പറഞ്ഞു "നമ്മുടെ കര്‍ത്താവ് ഉയിര്‍ത്തെഴുനേറ്റതു  പോലെ മത്തായി കുട്ടിയും ഒരു നാള്‍ ഉയിര്‍ക്കും മക്കള് വന്നു വല്ലോം കഴിക്കു " നിറഞ്ഞൊഴുകുന്ന അനുവിന്റെ കണ്ണുകള്‍ തുടച്ചു മനസില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു ക്രൂശിതനായ കര്‍ത്താവേ നിനക്ക് ഒരാള്‍ക്ക്‌ മാത്രം  ഉയിര്‍ത്താല്‍  മതിയാരുന്നു ഇതിപ്പോള്‍ ലോകം എമ്പാടും എത്ര മിണ്ടാ പ്രാണികളാണ് ഉയിര്‍പ്പ്  പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് അവരുടെ മേല്‍ കരുണ തോന്നേണമേ .



Saturday, 21 July 2012

നിഷ്കപടനായ ഒരു അന്തിക്കാട്ടുകാരന്‍ .





ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന ബൈബിള്‍ വചനം സത്യമെങ്കില്‍ ഇവിടെ ഇതാ അന്തിക്കാട്ടൊരു മനുഷ്യന്‍ ഹൃദയം നിറയെ നന്മയുമായി ജീവിക്കുന്നു .തന്റെ ഹൃദയത്തിലെ നന്മ മനോഹരമായ ആഖ്യാനങ്ങളിലൂടെ മൂന്ന് ദശകങ്ങളായി  മലയാളിക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനും ഓര്‍ത്തു ചിരിക്കാനുമായി അണിയിച്ചു ഒരുക്കിയ മലയാളിയുടെ മാത്രം സത്യന്‍ അന്തിക്കാട് .സാധാരണക്കാരായ കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ഇഷ്ട സംവിധായകന്‍ ആരെന്നു ഒരു സര്‍വേ നടത്തിയാല്‍ പകരം വെക്കാന്‍ മറ്റൊരു പേരില്ലാതെ തിരഞ്ഞെടുക്കപെടുക  അന്തിക്കാട്ടെ  ഈ കുലീനന്‍ അല്ലാതെ മറ്റാരും ആവില്ല . 1982 ല്‍ കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ സ്നേഹവീട് വരെ അമ്പതു സിനിമകള്‍ മലയാളികള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും അണിയിച്ചൊരുക്കി ജൈത്രയാത്ര തുടരുകയാണ്. മലയാളത്തില്‍ താരങ്ങളുടെ പിന്‍ബലം ഇല്ലാതെ ഒരു ചിത്രത്തിന് മിനിമം ഗ്യാരണ്ടി നല്‍കാന്‍ കെല്പുള്ള ഒരേയൊരാള്‍ സത്യന്‍ അന്തിക്കാട്‌  അല്ലാതെ മറ്റാരുമല്ല .

സത്യന്‍ ശ്രീനി കൂട്ടുകെട്ട് .

  
സത്യന്റെ ഏറ്റവും മികച്ച പതിനഞ്ചു ചിത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ അവയില്‍ പത്തിലധികവും ശ്രീനിയുടെ തൂലികയില്‍ പിറന്നവയാണ്.ടി പി ബാലഗോപാലന്‍ എം ഏ മുതല്‍ ഏറ്റവും അവസാനം  തിരക്കഥ എഴുതിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വരെ പതിനഞ്ചോളം  ചിത്രങ്ങള്‍ ഈ സുവര്‍ണ കൂട്ടുകെട്ടില്‍ പിറന്നു .മലയാളി എന്നും കണ്ടാലും  എത്ര തവണ കണ്ടാലും മടുക്കാത്ത സന്ദേശവും ഗാന്ധി നഗര്‍ 2nd  സ്ട്രീറ്റും നാടോടിക്കാറ്റും വരവേല്‍പ്പും ഒക്കെ ഈ കൂട്ടുകെട്ടിന്റെ മെഗാ ഹിറ്റുകളുടെ പട്ടികയിലെ നക്ഷത്രങ്ങളാണ് . ഒറ്റ ഇടിക്കു പതിനഞ്ചു പേരെ നിലത്തിടുന്ന അതി മാനുഷീക ശക്തിയുള്ള നായകന്മാരില്ലാതെ പണകൊഴുപ്പിന്റെ പിന്‍ബലമില്ലാതെ നാട്ടിന്‍ പുറങ്ങളില്‍ നാം നിത്യേന കണ്ടു വരുന്ന ദാസനിലും വിജയനിലും കാഞ്ചനയിലും കഥയുടെ കാമ്പ് കണ്ടെത്തുന്ന രസതന്ത്രം മലയാളീ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌ .

സത്യനിലെ അരാഷ്ട്രീയ വാദി  .

സത്യന്‍ അന്തിക്കാട്  അരാഷ്ട്രീയ വാദി  ആണോ ? ചുരുക്കം ചില സിനിമകള്‍ കണ്ടെങ്കിലും അങ്ങനെ ചിലര്‍ അദ്ധേഹത്തെ പറ്റി ധരിച്ചു വശായാല്‍ തെറ്റ് പറയുക വയ്യ .സന്ദേശവും നരേന്ദ്രന്‍  മകന്‍ ജയകന്താനും എല്ലാ രാഷ്ടീയ പാര്‍ടികളിലെ പുഴുകുത്തുകളെയും പ്രതിഫലിപിച്ചു എങ്കില്‍ ഭാഗ്യദേവത  പോലെ ചില ചിത്രങ്ങളില്‍ എടുത്തു പറയത്തക്ക രീതിയില്‍ കമ്മ്യുണിസ്റ്റ് വിരുദ്ധത നിഴലിച്ചു കാണാം .സിനിമ മുഴുവനായി അല്ല എങ്കിലും  ചില കഥാപാത്രങ്ങള്‍ അരാഷ്ടീയ വാദികളോഒരു പ്രത്യയ ശാസ്ത്രത്തെ നിശിതമായി വിമര്‍ശിക്കുന്നവരോ ആണെന്നുള്ളത്‌ സത്യന്‍ സിനിമകള്‍ സസൂഷ്മം നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതാണ്.  ഒരു പരിധി വരെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കലാരൂപം എന്ന നിലയില്‍ സത്യനെ പോലുള്ള ജനപ്രിയ സംവിധായകര്‍   പറയുന്നത് അതിന്റെ നല്ല അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും  കലാസൃഷ്ടിയെ ആ  ദൃഷ്ടി  കോണിലൂടെ  കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്രമായി മാത്രം കണ്ടു അതിലെ കലാകാരനെ നമുക്ക് വെറുതെ വിടാം .

സത്യന്‍ അന്തിക്കാട്‌ എന്ന ഗാനരചയിതാവ് 


മലയാളി അറിയപെടുന്ന സംവിധായകന്‍ എന്നതിനേക്കാളുപരി ഒരു നല്ല ഗാനരചയിതാവും കൂടിയാണ് സത്യന്‍ അന്തിക്കാട്‌ .ഗാന രചയിതാവ് എന്ന നിലയില്‍ തന്റെതായ സാന്നിധ്യം അറിയിച്ചതിനു ശേഷമാണ് സംവിധായകന്റെ  മേലങ്കി എടുത്തണിയുന്നത്‌  ഒരു നിമിഷം തരു നിന്നില്‍ അലിയാന്‍, ഓ മൃദുലേ  തുടങ്ങിയ   എവെര്‍ ഗ്രീന്‍ ഹിറ്റ് അടക്കം   നൂറിലധികം ഹിറ്റ് പാട്ടുകള്‍ക്ക് തൂലിക ചലിപ്പിച്ചത് മലയാളികളുടെ ഈ പ്രിയ സംവിധായകന്‍ ആണ്

നന്മ വിതച്ചു നന്മ കൊയ്യുന്ന കഥാപാത്രങ്ങള്‍ .

 പെണ്ണ് ഒരുക്കിയ ചതിയില്‍ പെടുന്ന തട്ടാനും തട്ടാനു ചുറ്റും ജീവിക്കുന്ന ഗ്രാമത്തിന്റെ  പച്ചയായ പറിച്ചു നടലും, നാടിനും നാട്ടാര്‍ക്കും നന്മ മാത്രം ചെയ്തു ജീവിച്ച രമേശന്‍  നായരും, ജീവിക്കാനായി വേഷം കെട്ടുന്ന രാംസിങ്ങും,  ഹൌസ് ഓണര്‍ ഗോപാലകൃഷ്ണനും ,വരവേല്‍പിലെ ബസ്‌ മുതലാളിയും, തലയണ മന്ത്രത്തിലെ കുടില ബുദ്ധിക്കാരിയായ കാഞ്ചനയും ,തൊഴില്‍ ഇല്ലാതെ അലയുന്ന ദാസനും വിജയനും അവര്‍ ഉയര്‍ത്തി വിട്ട നര്‍മവും അതിലെ ജീവിതവും , എന്നും നന്മകളിലെ മനുഷ്യസ്നേഹിയും, അച്ചുവിന്റെ അമ്മയിലെ അമ്മയും മകളും,വീണ്ടു ചില വീട്ടുകാര്യങ്ങളിലെ റോയിച്ചനും അങ്ങനെ ജീവിത ഗന്ധിയായ എത്രയെത്ര കഥാപത്രങ്ങള്‍ .നമുക്ക് ചുറ്റും കാണുന്ന പലരായി ഇന്നസെന്റും ഒടുവിലും മാമുകോയയും ശ്രീനിവാസനും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍ ഇതെന്റെ ജീവിതം അല്ലെങ്കില്‍ നാം കണ്ടു മറന്ന അയല്‍പക്കത്തെ പ്രേക്ഷകന്‍ തിരയുമ്പോള്‍ ആണ് സിനിമയും സംവിധായകനും ജനകീയന്‍ ആകുന്നത്‌.

ഈ അടുത്തിടെ നടന്‍ സലിം  കുമാര്‍  സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ എല്ലാം ഒരേ റൂട്ടില്‍ ഓടുന്നവയാണെന്നു അഭിപ്രായം പ്രകടിപിച്ചതായി കണ്ടു .ശരിയായിരിക്കാം ഒരേ റൂട്ടില്‍ ഓടുന്ന വണ്ടിക്കു ഇനിയും ഒരുപാട് വ്യത്യസ്ത  കാഴ്ചകള്‍ കാണാനും കേള്‍ക്കാനും സത്യനെ സ്നേഹിക്കുന്ന ജനങ്ങളിലേയ്ക്ക് പകരാനും ഉണ്ട് ജനങ്ങള്‍  സ്വീകരിക്കുന്നിടത്തോളം   സത്യന്‍ എന്ന സംവിധായകനും സര്‍വോപരി മനുഷ്യ സ്നേഹിയും ഉണ്ടാവേണ്ടത്  കേരളീയരുടെ ആവശ്യമാണ് .നല്ല ചിരിയും കുറച്ചു ചിന്തകളുമായി ഇനിയും ഒരു പാട് ചിത്രങ്ങളിലൂടെ  മനസ്സില്‍ അന്യം നിന്നും പോകുന്ന നന്മയുടെ ശീലുകള്‍ സത്യന്‍ അന്തിക്കാട്‌ എന്ന വലിയ കലാകാരന്റെ  വരും സിനിമകളിലൂടെ പുനര്‍ജനിക്കട്ടെ .....

 

Wednesday, 18 July 2012

സ്വപ്‌നങ്ങള്‍ സാക്ഷി

അന്നൊരു ഞായറാഴ്ച ആയിരുന്നു
കൃത്യമായി പറഞ്ഞാല്‍ ലോസ് ആന്‍ജെലസില്‍
ഒളിമ്പിക്സ് ഉത്ഘാടനം ചെയ്ത
കര്‍ക്കിടകത്തിലെ ഒരു  കറുത്ത ദിനം

സര്‍ക്കാരുദ്യോഗം എന്ന പട്ടു മെത്ത
സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന എന്നെ
ചുട്ടു പൊള്ളുന്ന മണലിലേയ്ക്കും ഒട്ടകങ്ങളുടെ
നാട്ടിലേയ്ക്കും കെട്ടിയെടുത്ത ദിനം

ശാന്തതയില്‍ നിന്നും കൊടും കാറ്റിലേയ്ക്കെന്നപോലെ
അപ്രതീക്ഷിതമായിരുന്നു ആ വിമാനയാത്രയും
വിപ്ലവമൊടുങ്ങാത്ത കൌമാരം പാതിയാക്കി
പറയാതെ മനസ്സില്‍ ഒളിപിച്ച പ്രണയത്തെ മറന്നു

ചാക്കുകാരന്റെ ബംഗ്ലാവ് പോലെ വലുതൊന്നു
വെക്കാനുള്ള അദമ്യമായ മോഹം
ഉപേക്ഷിച്ചതൊക്കെ വലിയ ലക്ഷ്യ പ്രപ്തിയിലെയ്ക്കുള്ള
ചവിട്ടു പടികളെന്നു നിനച്ചു സധൈര്യം മുന്നോട്ട്‌

നൂറും അറുപതും വിപ്ലവം വിളഞ്ഞ മനസും ശരീരവും
ഒരു രാത്രി വെളുത്തപ്പോള്‍ അടിമത്വത്തിന്റെ
കാഞ്ചന കൂട്ടില്‍ വെളുത്ത കന്തൂറക്കാരന്റെ
കറുത്ത ലോകത്തേയ്ക്ക് റാന്‍ മൂളിയായി

ദിര്‍ഹത്തിന്‍  ഗുണിതങ്ങള്‍ക്കൊപിച്ചു തൂക്കിയാ
പാരതന്ത്രത്തെ പാടെ മറന്നു ഞാന്‍
പൊള്ളും വെയിലിലെന്‍ സ്വപ്നം വിതച്ചിട്ട്
ഇന്ന് മറന്നു ഞാന്‍ നല്ലൊരു  നാളെയ്ക്കായി


വര്‍ഷം ഇല്ലതെന്റെ വര്‍ഷം കൊഴിഞ്ഞു പോയ്‌
അള്‍സര്‍ വൃണ ങ്ങളാല്‍ ആമാശയം ദ്വാരമായ്
കല്ലുകളാലെന്റെ  വൃക്ക നിറഞ്ഞു പോയ്‌

ആരോഗ്യമില്ലതെന്റെ ദേഹി ക്ഷയിച്ചു പോയ്‌


പുരുഷായുസൊന്നു കൊടുത്ത്  സ്വരൂപിച്ച
 ഷുഗറും പ്രഷറും കൊള സ്ട്രോളും ഭജിചിതാ
നഷ്ട സ്വര്ഗങ്ങളെ നിങ്ങളെ ഓര്‍ത്തിതാ
സ്വപ്ന സൌധത്തിന്റെ മാറില്‍ മയങ്ങുന്നു .








Thursday, 12 July 2012

ഇങ്കുലാബ് തങ്കച്ചന്‍

ദുരിതങ്ങളുടെ പെരുമഴകാലമായിരുന്നു ബാല്യവും കൌമാരവും കണ്ണുനീര്‍ വീണുഉണങ്ങിയ മുഖവും വിശന്നു ഒട്ടിയ വയറുമായി മറക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ മനസ്സില്‍ കോറിയിട്ട ഒരു കാലം അങ്ങനെ ഒരു വിശപ്പിന്റെ വിളി കത്തി ജ്വലിച്ചു നിന്ന സമയത്താണ് തോമാ ചേട്ടനെ പരിച്ചയപെടുന്നത് .തോമാച്ചേട്ടന്‍ തരകന്‍ ആണ് കല്യാണം മുതല്‍ ജാഥയ്ക്ക് ആളെ സംഘടിപ്പിച്ചു കൊടുക്കുന്നത് വരെയുള്ള സകല തരികിടകളും നടത്തി ജീവിച്ചു പോന്ന ഒരു പാവം കുട്ടനാടുകാരന്‍ .വീട്ടിലെ ദൈന്യത കണ്ടിട്ടാണ് തോമാ ചേട്ടന്‍ എന്നെ കൂടെ കൂട്ടുന്നത്‌ കേരള കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ ജില്ല സംസ്ഥാന സമ്മേളനങ്ങള്‍ തുടങ്ങി കഴിഞ്ഞാല്‍ തോമാച്ചേട്ടന്‍ എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകും തല ഒന്നിന് 500 വീതം തോമാചേട്ടന് കിട്ടും.മിക്കവാറും തിരുവനന്തപുരത്തോ കണ്ണുരോ ഒക്കെ ആകും സമ്മേളനങ്ങള്‍ അത് കൊണ്ട്  ഏ സി കോച് ബസില്‍ വെറുതെ ഇരുന്നു പല സ്ഥലങ്ങളും കണ്ടുനല്ല ഫുഡും കഴിച്ചു അടിച്ചു പൊളിച്ചു പോയി വരാം.തിരികെ പോരുമ്പോള്‍ ബസില്‍ കുപ്പി പൊട്ടിക്കും വേണമെങ്കില്‍ പോയി കുടിക്കാം ആ ശീലം തുടങ്ങാത്തത് കൊണ്ട് ഒരു പെപ്സിയോ ജുസോ കൊണ്ട് ഞാന്‍ ഒരിടം പിടിക്കും .

അന്നും പതിവ് പോലെ ഒരു ഗ്രൂപ്പിന്റെ ജില്ല സമ്മേളനം ആയിരുന്നു പാര്‍ടിക്ക് ഒട്ടും പിന്തുണ ഇല്ലാത്ത ജില്ല ആയതു കൊണ്ട് ജില്ല സെക്ക്രെട്ടെരി അല്ലാത്ത എല്ലാവരും കൂലി തൊഴിലാളികള്‍ . പാര്‍ട്ടി ചെയര്‍മാന്‍ വരുമ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കണം അലക്കി തേച്ച ഖദര്‍ ചുളിയാത്ത നിലയില്‍ ഞങ്ങള്‍ ഒരു അന്‍പതോളം തൊഴിലാളികള്‍ സമ്മേളന ഹാളില്‍ കയറി ഇരുന്നു .മിക്കവാറും എല്ലാ ആളുകളും സ്വന്തം നിലയില്‍ നന്നായി മിനുങ്ങിയിട്ടുണ്ട്‌ ജില്ല സെക്രെട്ടെരി തോമാച്ചനെ വിളിച്ചു "എന്താടോ ഇത് ബാറില്‍ കൂടി ഇത്ര സ്മെല്‍ ഇല്ലല്ലോ താന്‍ ഒരു കാര്യം ചെയ്യ് കുടിക്കാത്ത ഒരു പത്തു പതിനഞ്ചു പേരെ വിളിച്ചു മുന്നില്‍ ഇരുത്തു "ആദ്യം നറുക്ക് വീണത്‌ എനിക്കാണ് ആദ്യത്തെ നിരയില്‍ ഇരിക്കാന്‍ പോലും മദ്യപിക്കാത്തവരെ കിട്ടാന്‍ തോമാച്ചന്‍ നന്നേ പണിപെട്ടു.ചെയര്‍മാന്‍ വന്നതോടെ  തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു  വാങ്ങുന്ന കാശിനു കൂറ് കാണിച്ചു.

പ്രസംഗത്തിനിടയില്‍ ഒന്നിലധികം തവണ ചെയര്‍മാന്‍ എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി കഴിഞ തവണ റാന്നിയില്‍    ചെയര്‍മാന്‍ വന്നപ്പോഴും ഞാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു , പ്രസംഗം കഴിഞ്ഞു  എന്നോട് വേദിയിലേയ്ക്ക് ചെല്ലാന്‍ കൈ കൊണ്ട് ചെയര്‍മാന്‍ ആങ്ങ്യം കാട്ടി "ജോസപ്പേ ഇവന് പാര്‍ടിയില്‍ എന്നതാ സ്ഥാനം " ജില്ലാ സെക്രെട്ടെരിയോടാണ് ചോദ്യം, അത് പിന്നെ തോമാച്ചന്റെ ആളാ സെക്രെട്ടെരി കൈ ഒഴിഞ്ഞു . "നീയ് ഒരു കാര്യം ചെയ്യ് സമ്മേളനം കഴിയുമ്പോള്‍ എന്നെ വന്നു കാണു" തമ്പുരാനെ, ചെയര്‍മാന് ഇഷ്ട്ടപെട്ടാല്‍ ജാതകം തന്നെ മാറും വലിയ ആശ്രിത വത്സലന്‍ ആണെന്നാണ് കേള്‍വി.വല്ല നേതാക്കളില്ലത്ത ജില്ലയിലെ  ഒരു പാര്‍ട്ടി ഭാരവാഹിത്വം അത് മതി പിന്നെ പിടിച്ചു കേറാന്‍  കസേരയില്‍ വന്നിരുന്നു കിട്ടാവുന്ന സ്ഥാനമാനങ്ങളുടെ  കിനാവ്‌ കണ്ടു ഇരുന്നു .

സമ്മേളനം കഴിഞ്ഞു ചെയര്‍മാനും കൂട്ടര്‍ക്കും കാപ്പി കുടി ഉണ്ട് ഞാന്‍ പതിയെ ഡൈനിംഗ് ഹാളിനു വെളിയില്‍ ചെയര്‍മാന് മുഖം കാണത്തവിധം മാറി നിന്നു.കാപ്പി ഒന്ന് മുത്തിയിട്ട് കൈയിലെ കൈലേസ് കൊണ്ട് മുഖം തുടച്ചിട്ടു ചെയര്‍മാന്‍ എഴുന്നേറ്റു എന്റെ അടുത്തേക്ക് നടന്നു . ഇത് അത് തന്നെ ചെയര്‍മാന് എന്നെ പിടിച്ചിരിക്കുന്നു പാര്‍ടിയുടെ യൂത്ത് വിങ്ങിലെയ്ക്ക് ചേരാന്‍ നേരിട്ടു വിളിക്കാന്‍ ആണ് വരവ് . കുറഞ്ഞ പക്ഷം ഒരു ജില്ലാ പ്രസിഡന്റ്‌ സ്ഥാനം എങ്കിലും ഇല്ലങ്കില്‍ ഞാന്‍ വഴങ്ങില്ല ചെയര്‍മാന്റെ ഓരോ സ്റ്റെപ്പിനും എന്റെ ആത്മവിശ്വാസം വര്‍ധിച്ചു കൊണ്ടിരുന്നു ."എന്താ പേര് " തങ്കച്ചന്‍ ഞാന്‍ ആത്മ വിശ്വാസം വിടാതെ പറഞ്ഞു .
"തങ്കച്ചന്‍ ഒരു കാര്യം ചെയ്യണം ഇനി സമ്മേളനത്തിന് വരുമ്പോള്‍ ചാനല്‍ ക്യമാരക്കാര്‍ക്ക് മുഖം കിട്ടാത്ത വണ്ണം എവിടെയെങ്കിലും ഒന്ന് ഒതുങ്ങി നില്‍ക്കണം ഇപ്പൊ കഴിഞ്ഞ അഞ്ചു ജില്ലാ സമ്മേളനത്തിന്റെയും മുന്‍ നിരയില്‍ തന്റെ മുഖം ഉണ്ടായിരുന്നു ഇനി അത് മതി ചാനലുകാര്‍ക്ക് നമ്മുടെ സമ്മേളനം കൂലി തൊഴിലാളികളുടെ പിന്ബലത്തിലാണ് എന്ന് പാടി നടക്കാന്‍"


ഞാന്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചൊങ്ങി താഴേക്കു പോകുന്നത് പോലെ തോന്നി .തിരികെ വണ്ടിയില്‍ എത്തുമ്പോള്‍ വണ്ടിയില്‍ സല്സയുടെ കൂതറ ബ്രാണ്ട് മദ്യ വിതരണം  പൊടി  പൊടിക്കുന്നു ഒരു പെഗ് വാങ്ങി വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയിട്ട് സീറ്റിലേയ്ക്ക് ചാഞ്ഞു ....

Tuesday, 10 July 2012

മൂര്‍ത്തിയുടെ വിലാപങ്ങള്‍

മൂര്‍ത്തി വെപ്രാളപ്പെട്ടാണ് എന്നെ കാണാന്‍ വന്നത് "സാറേ ഉടനെ നാട്ടില്‍ പോകണം " ലീവ് കഴിഞ്ഞു വന്നിട്ട് ഒന്‍പതു മാസം കഴിഞ്ഞതെ ഉള്ളു അപ്പോഴേ ലീവോ ഇനിയും കിടക്കുന്നു ഒരു വര്‍ഷം കൂടി "മുര്‍ത്തി ഇരിക്ക് എന്താ അത്യാവശം വീട്ടില്‍ ആര്കെങ്കിലും എന്തെങ്കിലും" ഇല്ല സര്‍ എനിക്ക് ക്യാന്‍സല്‍ ചെയ്തു പോകണം ഇനി ഞാന്‍ ഇങ്ങോട്ട് ഇല്ല മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം ഭയചകിതനായിരുന്നു അയാള്‍.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ആരവല്ലി എന്ന ഗ്രാമത്തില്‍ നിന്നും വന്ന നല്ല കറുംബനായ എന്നാല്‍ തുമ്പ പൂ പോലെ വെളുത്ത ഹൃദയത്തിന്റെ ഉടമയായിരുന്നുനാരായണ മൂര്‍ത്തി എന്ന മൂര്‍ത്തിഭായ് . ജോലിയില്‍ ഉള്ള ആത്മാര്‍ഥതയും കഴിവും കൊണ്ട് ഞങ്ങളുടെ എല്ലാവരുടെ യും പ്രിയപ്പെട്ടവനും സ്നേഹവാത്സല്യങ്ങള്‍ക്ക്പാത്രവുമായിരുന്നു അയാള്‍ . ഇപ്പോള്‍ പെട്ടന്ന് എന്ത് പ്രകൊപനമാണോ അദ്ദേഹത്തെ നിര്‍ത്തി പോകാന്‍ ഉള്ള തീരുമാനത്തില്‍ എത്തിച്ചത് .ഒരു ഗ്ലാസ്‌ തണുത്ത വെള്ളം വരുത്തി ഒറ്റവലിക്ക് കുടിച്ചിട്ട് മുര്‍ത്തി തുടര്‍ന്ന് "സര്‍ ഇന്നലെ എനിക്കൊരു പെണ്‍കുട്ടി ജനിച്ചു " ആഹാ ഇതായിരുന്നോ വലിയ കാര്യം എന്നാല്‍ ഒരു കാര്യം ചെയ്യ് മുര്‍ത്തി ഒരു പത്തു പതിനഞ്ചു ദിവസത്തെ ലീവിന് പോയിട്ട് കുഞ്ഞിനേയും തള്ളയെയും കണ്ടിട്ട് വാ ഞാന്‍ പൂര്‍ണ പിന്തുണ നല്‍കി അയാളെ ബലപ്പെടുത്താന്‍ ശ്രമിച്ചു ,മൂര്‍ത്തിയെ പോലെ ഒരു പണിക്കാരനെ ഒഴിവാക്കിയാല്‍ കമ്പനിക്കാണ് നഷ്ട്ടം .
"അതല്ല സര്‍ പ്രോബ്ലം പോയാല്‍ എനിക്ക് തിരിച്ചു വരാന്‍ കഴിയില്ല , എന്റെ മകളുടെ ജന്മ രാശി ശരിയല്ല അവള്‍ ജനിച്ചു മൂന്ന് മാസത്തിനുള്ളില്‍ അവളുടെ അപ്പന്‍ മരിക്കുമെന്നാണ് ഗ്രാമത്തിലെ ജോത്സ്യന്‍ പ്രശ്നം വെച്ച് പറഞ്ഞത് " അപ്പോള്‍ അതാണ്‌ മൂര്‍ത്തിയുടെ അസ്വസ്ഥതയുടെ കാരണം ആരാ ഇത് നിന്നോട് പറഞ്ഞത് ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് ജന്മ നക്ഷത്രങ്ങള്‍ നോക്കി പ്രവചിക്കുന്നത് ഒക്കെ അസംബധം അല്ലെ? ഇത് കരുതിയാണോ നീ വിഷമിക്കുന്നത് "അല്ല സര്‍ അമ്മ ഭാര്യയെയും കുട്ടിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു അവര്‍ ഇപ്പോള്‍ തങ്കച്ചി കൂടെയാണ് താമസം അമ്മ പറയുന്നത് എല്ലാം ആമൂധേവി ഒരാള്‍ കാരണം ആണെന്ന് ഈ അവസ്ഥയില്‍ ഞാന്‍ അവിടെ വേണം സര്‍ എതിരൊന്നും പറയരുത് " മരിക്കാന്‍ പോകുന്ന ഒരാളുടെ ആഗ്രഹത്തിന് ഞാന്‍ എന്ത് എതിര് പറയാന്‍ അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണ് നോര്‍ത്ത് ഇന്ത്യയിലെയും സൌത്ത് ഇന്ത്യയിലേയും ഗ്രാമീണര്‍ എന്ന് കേട്ടിടുണ്ട് എന്നാലും മകന്‍ മരിക്കും എന്ന് ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചു മരുമകളെയും കുട്ടിയേയും വീട്ടില്‍ നിന്ന് അടിചിറക്കുക അങ്ങനെ എന്തൊക്കെ നടക്കുന്നു നാട്ടില്‍ ,ഏറ്റവും അടുത്ത ദിവസം ടിക്കെറ്റ് റെഡി ആക്കി മൂന്ന് മാസം അല്ല നാല് മാസം കഴിഞ്ഞും നീ മരിച്ചില്ല എങ്കില്‍ തിരികെ ഇങ്ങോട്ട് കയറിവാ എന്ന കരാറില്‍ വിസ ക്യാന്‍സല്‍ ചെയ്യാതെ മൂര്‍ത്തിയെ നാട്ടിലേയ്ക്ക് പറഞ്ഞു വിടുമ്പോള്‍ എനിക്കറിയാമായിരുന്നു അയാള്‍ തിരികെ വരുമെന്ന് .
മൂര്‍ത്തി പോയത് പണിയിലും ചെറിയ തടസങ്ങള്‍ ഉണ്ടാക്കി എങ്കിലും ക്രമേണ മൂര്‍ത്തി ഒരു ഓര്‍മ പോലും അല്ലാതെ ആയി അങ്ങനെ ഇരിക്കെ ഒരു ദിവസം അവിചാരിതമായി ഒരു കാള്‍ അങ്ങേത്തലക്കല്‍ മൂര്‍ത്തിയാണ് "സര്‍ ഞാന്‍ തിരിച്ചു വരുന്നു .എനിക്ക് ഒന്നും പറ്റിയിട്ടില്ല സര്‍ ഇപ്പൊ അപ്പാവും അമ്മാവും ഒക്കെ ഹാപ്പിയാണ് എന്റെ മോള്‍ മിടുക്കി ആയി ഇരിക്കുന്നു സാറിന് എന്നതാ കൊണ്ട് വരേണ്ടേ " ഒന്നും വേണ്ട നീയിങ്ങു വേഗം വാ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉണ്ടാവും നിന്നെ വിളിക്കാന്‍ .
എയര്‍പോര്‍ട്ടില്‍ ഇറങ്ങി കഴിഞ്ഞു വിളിച്ചിട്ട് പോകാന്‍ വേണ്ടി കാത്തിരുന്നു വിളി ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ് ഒന്ന് പോയി നോക്കാം എന്ന് കരുതിയത്‌ അവിടെ എത്തിയപ്പോള്‍ ഫ്ലൈറ്റ് ഒക്കെ കൃത്യ ടൈമിനു ലാന്റ് ചെയ്തു മൂര്‍ത്തി മാത്രം ഇല്ല .ഒരു പക്ഷെ മകളെ വിട്ടു പോരാന്‍ മനസ് വന്നിട്ടുണ്ടാവില്ല എങ്കിലും ഒന്ന് വിളിച്ചു പറയുമായിരുന്നു .മുന്‍പ് മുര്‍ത്തിയുടെ കാള്‍ വന്ന നമ്പരിലേയ്ക്ക് ഞാന്‍ തിരിച്ചു വിളിച്ചു .അപ്പറത്ത് നിന്നും കട്ടി തെലുഗു" ദയവായി ഇന്ഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കു എനിക്ക് മൂര്‍ത്തിയോട് ഒന്ന് സംസാരിക്കാന്‍ പറ്റുമോThis is Vijayawada Police station, The person you trying to contact is no more. he met with an accident . if you know his whereabouts pls help us to identify him .ദൈവമേ മരണം ഒഴിഞ്ഞു മാറിയ സന്തോഷത്തില്‍ വീണ്ടുമൊരു ജീവിതത്തിനായുള്ള യാത്ര അവസാന യാത്ര ആവുകയായിരുന്നു .തിരികെ വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ആരാണ് ജയിച്ചത്‌ മകളുടെ ജന്മ നക്ഷത്രങ്ങളുടെ ശാപമോ അത് പ്രവചിച്ച ജോല്സ്യനോ?അസംബന്ധം എന്ന് നമ്മള്‍ എഴുതി തള്ളുന്ന ചിലതില്‍ സത്യത്തിന്റെ ചെറു കണിക എങ്കിലും ഉണ്ടാവും ഇല്ലേ ? നിങ്ങള്‍ പറയു ........