Saturday 21 July 2012

നിഷ്കപടനായ ഒരു അന്തിക്കാട്ടുകാരന്‍ .





ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന ബൈബിള്‍ വചനം സത്യമെങ്കില്‍ ഇവിടെ ഇതാ അന്തിക്കാട്ടൊരു മനുഷ്യന്‍ ഹൃദയം നിറയെ നന്മയുമായി ജീവിക്കുന്നു .തന്റെ ഹൃദയത്തിലെ നന്മ മനോഹരമായ ആഖ്യാനങ്ങളിലൂടെ മൂന്ന് ദശകങ്ങളായി  മലയാളിക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനും ഓര്‍ത്തു ചിരിക്കാനുമായി അണിയിച്ചു ഒരുക്കിയ മലയാളിയുടെ മാത്രം സത്യന്‍ അന്തിക്കാട് .സാധാരണക്കാരായ കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ഇഷ്ട സംവിധായകന്‍ ആരെന്നു ഒരു സര്‍വേ നടത്തിയാല്‍ പകരം വെക്കാന്‍ മറ്റൊരു പേരില്ലാതെ തിരഞ്ഞെടുക്കപെടുക  അന്തിക്കാട്ടെ  ഈ കുലീനന്‍ അല്ലാതെ മറ്റാരും ആവില്ല . 1982 ല്‍ കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ സ്നേഹവീട് വരെ അമ്പതു സിനിമകള്‍ മലയാളികള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും അണിയിച്ചൊരുക്കി ജൈത്രയാത്ര തുടരുകയാണ്. മലയാളത്തില്‍ താരങ്ങളുടെ പിന്‍ബലം ഇല്ലാതെ ഒരു ചിത്രത്തിന് മിനിമം ഗ്യാരണ്ടി നല്‍കാന്‍ കെല്പുള്ള ഒരേയൊരാള്‍ സത്യന്‍ അന്തിക്കാട്‌  അല്ലാതെ മറ്റാരുമല്ല .

സത്യന്‍ ശ്രീനി കൂട്ടുകെട്ട് .

  
സത്യന്റെ ഏറ്റവും മികച്ച പതിനഞ്ചു ചിത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ അവയില്‍ പത്തിലധികവും ശ്രീനിയുടെ തൂലികയില്‍ പിറന്നവയാണ്.ടി പി ബാലഗോപാലന്‍ എം ഏ മുതല്‍ ഏറ്റവും അവസാനം  തിരക്കഥ എഴുതിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ വരെ പതിനഞ്ചോളം  ചിത്രങ്ങള്‍ ഈ സുവര്‍ണ കൂട്ടുകെട്ടില്‍ പിറന്നു .മലയാളി എന്നും കണ്ടാലും  എത്ര തവണ കണ്ടാലും മടുക്കാത്ത സന്ദേശവും ഗാന്ധി നഗര്‍ 2nd  സ്ട്രീറ്റും നാടോടിക്കാറ്റും വരവേല്‍പ്പും ഒക്കെ ഈ കൂട്ടുകെട്ടിന്റെ മെഗാ ഹിറ്റുകളുടെ പട്ടികയിലെ നക്ഷത്രങ്ങളാണ് . ഒറ്റ ഇടിക്കു പതിനഞ്ചു പേരെ നിലത്തിടുന്ന അതി മാനുഷീക ശക്തിയുള്ള നായകന്മാരില്ലാതെ പണകൊഴുപ്പിന്റെ പിന്‍ബലമില്ലാതെ നാട്ടിന്‍ പുറങ്ങളില്‍ നാം നിത്യേന കണ്ടു വരുന്ന ദാസനിലും വിജയനിലും കാഞ്ചനയിലും കഥയുടെ കാമ്പ് കണ്ടെത്തുന്ന രസതന്ത്രം മലയാളീ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌ .

സത്യനിലെ അരാഷ്ട്രീയ വാദി  .

സത്യന്‍ അന്തിക്കാട്  അരാഷ്ട്രീയ വാദി  ആണോ ? ചുരുക്കം ചില സിനിമകള്‍ കണ്ടെങ്കിലും അങ്ങനെ ചിലര്‍ അദ്ധേഹത്തെ പറ്റി ധരിച്ചു വശായാല്‍ തെറ്റ് പറയുക വയ്യ .സന്ദേശവും നരേന്ദ്രന്‍  മകന്‍ ജയകന്താനും എല്ലാ രാഷ്ടീയ പാര്‍ടികളിലെ പുഴുകുത്തുകളെയും പ്രതിഫലിപിച്ചു എങ്കില്‍ ഭാഗ്യദേവത  പോലെ ചില ചിത്രങ്ങളില്‍ എടുത്തു പറയത്തക്ക രീതിയില്‍ കമ്മ്യുണിസ്റ്റ് വിരുദ്ധത നിഴലിച്ചു കാണാം .സിനിമ മുഴുവനായി അല്ല എങ്കിലും  ചില കഥാപാത്രങ്ങള്‍ അരാഷ്ടീയ വാദികളോഒരു പ്രത്യയ ശാസ്ത്രത്തെ നിശിതമായി വിമര്‍ശിക്കുന്നവരോ ആണെന്നുള്ളത്‌ സത്യന്‍ സിനിമകള്‍ സസൂഷ്മം നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതാണ്.  ഒരു പരിധി വരെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കലാരൂപം എന്ന നിലയില്‍ സത്യനെ പോലുള്ള ജനപ്രിയ സംവിധായകര്‍   പറയുന്നത് അതിന്റെ നല്ല അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും  കലാസൃഷ്ടിയെ ആ  ദൃഷ്ടി  കോണിലൂടെ  കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്രമായി മാത്രം കണ്ടു അതിലെ കലാകാരനെ നമുക്ക് വെറുതെ വിടാം .

സത്യന്‍ അന്തിക്കാട്‌ എന്ന ഗാനരചയിതാവ് 


മലയാളി അറിയപെടുന്ന സംവിധായകന്‍ എന്നതിനേക്കാളുപരി ഒരു നല്ല ഗാനരചയിതാവും കൂടിയാണ് സത്യന്‍ അന്തിക്കാട്‌ .ഗാന രചയിതാവ് എന്ന നിലയില്‍ തന്റെതായ സാന്നിധ്യം അറിയിച്ചതിനു ശേഷമാണ് സംവിധായകന്റെ  മേലങ്കി എടുത്തണിയുന്നത്‌  ഒരു നിമിഷം തരു നിന്നില്‍ അലിയാന്‍, ഓ മൃദുലേ  തുടങ്ങിയ   എവെര്‍ ഗ്രീന്‍ ഹിറ്റ് അടക്കം   നൂറിലധികം ഹിറ്റ് പാട്ടുകള്‍ക്ക് തൂലിക ചലിപ്പിച്ചത് മലയാളികളുടെ ഈ പ്രിയ സംവിധായകന്‍ ആണ്

നന്മ വിതച്ചു നന്മ കൊയ്യുന്ന കഥാപാത്രങ്ങള്‍ .

 പെണ്ണ് ഒരുക്കിയ ചതിയില്‍ പെടുന്ന തട്ടാനും തട്ടാനു ചുറ്റും ജീവിക്കുന്ന ഗ്രാമത്തിന്റെ  പച്ചയായ പറിച്ചു നടലും, നാടിനും നാട്ടാര്‍ക്കും നന്മ മാത്രം ചെയ്തു ജീവിച്ച രമേശന്‍  നായരും, ജീവിക്കാനായി വേഷം കെട്ടുന്ന രാംസിങ്ങും,  ഹൌസ് ഓണര്‍ ഗോപാലകൃഷ്ണനും ,വരവേല്‍പിലെ ബസ്‌ മുതലാളിയും, തലയണ മന്ത്രത്തിലെ കുടില ബുദ്ധിക്കാരിയായ കാഞ്ചനയും ,തൊഴില്‍ ഇല്ലാതെ അലയുന്ന ദാസനും വിജയനും അവര്‍ ഉയര്‍ത്തി വിട്ട നര്‍മവും അതിലെ ജീവിതവും , എന്നും നന്മകളിലെ മനുഷ്യസ്നേഹിയും, അച്ചുവിന്റെ അമ്മയിലെ അമ്മയും മകളും,വീണ്ടു ചില വീട്ടുകാര്യങ്ങളിലെ റോയിച്ചനും അങ്ങനെ ജീവിത ഗന്ധിയായ എത്രയെത്ര കഥാപത്രങ്ങള്‍ .നമുക്ക് ചുറ്റും കാണുന്ന പലരായി ഇന്നസെന്റും ഒടുവിലും മാമുകോയയും ശ്രീനിവാസനും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍ ഇതെന്റെ ജീവിതം അല്ലെങ്കില്‍ നാം കണ്ടു മറന്ന അയല്‍പക്കത്തെ പ്രേക്ഷകന്‍ തിരയുമ്പോള്‍ ആണ് സിനിമയും സംവിധായകനും ജനകീയന്‍ ആകുന്നത്‌.

ഈ അടുത്തിടെ നടന്‍ സലിം  കുമാര്‍  സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ എല്ലാം ഒരേ റൂട്ടില്‍ ഓടുന്നവയാണെന്നു അഭിപ്രായം പ്രകടിപിച്ചതായി കണ്ടു .ശരിയായിരിക്കാം ഒരേ റൂട്ടില്‍ ഓടുന്ന വണ്ടിക്കു ഇനിയും ഒരുപാട് വ്യത്യസ്ത  കാഴ്ചകള്‍ കാണാനും കേള്‍ക്കാനും സത്യനെ സ്നേഹിക്കുന്ന ജനങ്ങളിലേയ്ക്ക് പകരാനും ഉണ്ട് ജനങ്ങള്‍  സ്വീകരിക്കുന്നിടത്തോളം   സത്യന്‍ എന്ന സംവിധായകനും സര്‍വോപരി മനുഷ്യ സ്നേഹിയും ഉണ്ടാവേണ്ടത്  കേരളീയരുടെ ആവശ്യമാണ് .നല്ല ചിരിയും കുറച്ചു ചിന്തകളുമായി ഇനിയും ഒരു പാട് ചിത്രങ്ങളിലൂടെ  മനസ്സില്‍ അന്യം നിന്നും പോകുന്ന നന്മയുടെ ശീലുകള്‍ സത്യന്‍ അന്തിക്കാട്‌ എന്ന വലിയ കലാകാരന്റെ  വരും സിനിമകളിലൂടെ പുനര്‍ജനിക്കട്ടെ .....

 

2 comments:

ajith said...

എനിക്കും ഇഷ്ടമാണ് അന്തിക്കാട് സിനിമകള്‍

ഉദയപ്രഭന്‍ said...

മലയാളിയുടെ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്ന ചിത്രങ്ങള്‍., ഒപ്പം ഗ്രാമീണ ജീവിതവും. അതായിരുന്നു സത്യന്‍ ചിത്രങ്ങളുടെ പ്രത്യേകത.