Thursday 23 October 2014

മിയ കുൾപ മിയ കുൾപ മിയ മാക്സീമ കുൾപാ





ചോരയിൽ മുങ്ങിയ ആ മനുഷ്യനെ എടുത്തുയർത്തി ചുറ്റും നോക്കി ഇല്ല പരിസരത്തെങ്ങും ഒരാളും ഇല്ല. മൃതപ്രായനായ ഇദ്ധേഹത്തെ ഉപേക്ഷിച്ചു  കടന്നു കളയുകയാവും തനിക്കും തന്റെ ഭാവിക്കും നല്ലത്, ശ്രദ്ധയോടെ അല്ലാതെ ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല മനപൂർവ്വം എന്തിനിയാൾ എന്റെ വണ്ടിക്കു മുൻപിൽ തന്നെ ചാടി. ഒരു പക്ഷെ ഞാൻ ഓടിച്ച പോര്ഷ് വണ്ടി കണ്ടു ഏതോ വലിയ മുതലാളിയാവും ഉള്ളിൽ  എന്ന്  തെറ്റി ധരിച്ചിട്ടാവണം ഈ പാവം ഈ കടും കൈക്ക് മുതിര്ന്നത് എങ്കിലും എന്തിനു എന്റെ വണ്ടിയുടെ മുൻപിൽ തന്നെ വന്നു ചാടി. ചോരയുടെ മനം പിരട്ടുന്ന ഗന്ധം ഓക്കാനം ഉണ്ടാക്കുന്നത്‌ വരെ അയാൾ എന്റെ കൈകളിൽ കിടന്നു നിലവിളിക്കുകയായിരുന്നു. ഒരു ദേവാസുര യുദ്ധം മനസ്സിൽ പെരുമ്പറ കൊട്ടുന്നു. ജയിൽ, പിഴ, തകരുന്ന ബിസിനസ്‌, കരയുന്ന കുഞ്ഞുങ്ങളുടെ മുഖം ഒക്കെ ഒരു വശത്ത്‌, ജീവന് വേണ്ടി യാചിക്കുന്ന അപരിചിതന്റെ  ചോര ചീന്തുന്ന മുഖം മറ്റൊരു വശത്ത്,  ഭയവും ജീവിത മോഹവും മനസാക്ഷിയെ കറുത്ത തുണി കൊണ്ട് മൂടുവാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാൻ നിർവികാരനായി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു ചാവി വലത്തോട്ട് തിരിച്ചു . മുൻപെങ്ങും കേള്ക്കാത്ത അത്ര ഭയാനകമായ ശബ്ദത്തോടെ എഞ്ചിൻ   സ്റ്റാർട്ട്‌ ആയി , റിവേർസ് ഗിയറിൽ വണ്ടി പുറകോട്ടു എടുക്കുമ്പോൾ  നേർത്ത ഞരക്കത്തോടെ അയാൾ രക്ഷിക്കൂ എന്ന് യാചിക്കുന്നതു എനിക്ക് കാണാമായിരുന്നു. ക്ഷമിക്കു സഹോദര നിന്റെ ജീവനേക്കാൾ ഏറെ ഞാൻ എന്നെ സ്നേഹിക്കുന്നു എന്റെ കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്നു തല്ക്കാലം എനിക്ക് അസുരനാകാതെ തരമില്ല. ഇല്ല ആരും കണ്ടിട്ടില്ല എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തിയ ശേഷം വണ്ടി എതിര് ദിശയിലേയ്ക്ക് ആക്സിൽ  അമര്ന്നു.

വീടിലെത്തിയതും രക്തം പുരണ്ട ഷർട്ടുകൾ ഊരിയെറിഞ്ഞു . അപ്പോഴേയ്ക്കും ജോലിക്ക് പുറപ്പെട്ടിരുന്ന ഭാര്യ ജാനെട്ടിനെ  മൊബൈലിൽ വിളിച്ചു .നീ അടിയന്തിരമായി വീട്ടില് എത്തണം രാവിലെ ഒരുമിച്ചു ജോലിക്കിറങ്ങിയ രണ്ടു പേരില് ഒരാൾ അസമയത്ത് തിരികെ വീടിലെത്തി വിളിക്കുന്നു എന്തോ ഭയാനകമായത് വീട്ടിലോ ചെട്ടനിലോ സംഭവിച്ചിരിക്കുന്നു. ജാനെറ്റ് മൊബൈലിൽ  തിരികെ വിളിച്ചു കൊണ്ടേ ഇരുന്നു അപ്പോൾ കാറിലെ ചോരകര കഴുകി വൃത്തിയാക്കുന്നതിനുള്ള തിരക്കിലായിരുന്നു അയാൾ. പരിഭ്രാന്തയായി ഓടിയെത്തിയ ജാനെട്ടിനെ കെട്ടി പിടിച്ചു കൊണ്ടയാൾ ഏങ്ങലടിച്ചു . ഒന്നും മനസിലാകാത്ത ജാനെറ്റ്  അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ജോണിയ്യേട്ടാ കരയാതിരിക്കു എന്താണ് സംഭവിച്ചതെന്ന് പറയൂ . ബിസിനസ്‌ നഷ്ട്ടം വന്നപ്പോൾ പണയപെടുത്തിയ കാറിനു പകരം ജാനെറ്റ് മാസ വാടകയ്ക്ക് എടുത്ത കാറാണ്.എന്തെങ്കിലും അപകടം സംഭവിച്ചാൽ പൂര്ണ ബാധ്യത തനിക്കായിരിക്കുമെന്നു വാടകക്കാരുമായി കരാര് ഉള്ളതാണ്. പിടിക്കപ്പെട്ടാൽ ജയിൽ മാത്രമല്ല കടുത്ത പിഴയും നല്കേണ്ടി വരും. ആരും കണ്ടില്ലല്ലോ ജോണിയേട്ടൻ സമാധാനമായിരിക്ക് അയാള്ക്ക് വല്ലതും സംഭവിച്ചോ എന്ന് നമുക്ക് നോക്കിയിട്ട് വരാം ജാനെറ്റ് ധൈര്യം  പകര്ന്നു.

ലിഫ്റ്റിറങ്ങി വണ്ടിയുടെ അടുത്തെത്തിയപ്പോൾ ജോണി സ്ഥലകാല ബോധം നഷ്ട്ടപെട്ടവനെ പോലെ അലറി , അലര്ച്ച കേട്ട സെക്ക്യുരിട്ടി ഓടി അവര്ക്കരികിലെത്തി എന്താ സംഭവിച്ചേ എന്ന് ചോദിച്ചു ജാനെറ്റ് തന്ത്രപൂർവ്വം ഒരു നുണ പറഞ്ഞു അയാളെ മടക്കി,  ശേഷം ജോണിയെ കൈ പിടിച്ചു പാസ്സഞ്ഞർ സീറ്റിലേയ്ക്ക് ഇരുത്തി .  കുറ്റബോധത്തിന്റെ വലിയ ചുഴിയിൽ  ബോധമണ്ഡലം പ്രദിക്ഷണം വെയ്ക്കുമ്പോൾ ജാനെറ്റ് പറയുന്നതൊന്നും കേള്ക്കാതെ അയാൾ വേറൊരു ലോകത്തിൽ ആയിരുന്നു . അപകടം നടന്ന സ്ഥലം എത്തി, ഇല്ല എങ്ങും ആരും ഇല്ല ചോരപാടുകൾ പോലും റോഡിൽ അവശേഷിക്കാത്ത വിധം വെടിപ്പാക്കിയിരിക്കുന്നു . കഷ്ട്ടി ഒരു മണിക്കൂർ  ആകുന്നതിനു മുൻപ് എല്ലാം പഴയ പടി ആക്കിയിരിക്കുന്നു . അയാൾ മരിച്ചോ ജീവിച്ചോ ആര്ക്കറിയാം രാവിലെ തീര്ത്തും വിജനമായിരുന്ന റോഡിൽ പതിയെ വാഹനങ്ങൾ അങ്ങിങ്ങ്  അനങ്ങി തുടങ്ങിയിരിക്കുന്നു . അയാൾ ഇടിച്ചു വീണ സ്ഥലം നോക്കി ജോണി വിങ്ങി പൊട്ടി, ജാനെറ്റ് അയാളും എന്നപ്പോലെ ഒരു ഭാര്യയും കുട്ടികളും ഉള്ള ആളാകില്ലേ ? അയാളെയും കാത്തു വഴി കണ്ണുമായി കുറച്ചു പേര് ഉണ്ടാവില്ലേ അതെല്ലാം ഞാൻ കാരണം ഒരു തേങ്ങലോടെ അയാൾ ജാനെട്ടിന്റെ ചുമലിലെയ്ക്ക് വീണു .


ജോണി ഉറങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു കണ്ണടച്ചാൽ രക്ഷിക്കാൻ കേഴുന്ന ബംഗാളിയുടെചോരയിൽ കുതിർന്ന  മുഖം മാത്രം. രക്ഷിക്കാമായിരുന്ന എന്റെ ജീവനെ ഉപേക്ഷിച്ചു കടന്നു പോയവനെ നിയും ഇനി സ്വസ്ഥമായി ജീവികേണ്ട എന്ന് പ്രതികാര വാഞ്ചയോടെ ഭീക്ഷിണി ഉയർത്തുന്ന ചോര വാർന്ന ഭീതി ജനിപ്പിക്കുന്ന  മുഖം മാത്രം. രാത്രികൾ ജോണിക്ക് ഒരു പേടി സ്വപ്‌നങ്ങൾ ആയിരിക്കുന്നു എല്ലാത്തിനോടും ഭയം വണ്ടിയിൽ യാത്ര ചെയ്യുന്നതോ കാണുന്നതോ തന്നെ ഭയമായിരിക്കുന്നു. ജോണിയുടെ ബിസിനെസ്സും  ജാനെട്ടിന്റെ  ജോലിയും ഏതാണ്ട് ഒരു വഴിക്കായിരിക്കുന്നു. സ്വപ്‌നങ്ങൾ കൊണ്ട് നെയ്ത ഓടും പാവും നെടുകെ മുറിയുകയാണ് ഇനിയും ചികിത്സിച്ചില്ലെങ്കിൽ ജോണി കടുത്ത മനോരോഗി ആയി മാറും. നാട്ടിൽ അപ്പനും അമ്മയും ഉള്ള വീട്ടിലേയ്ക്ക് ഇത്ര വേഗം ഒരു പറിച്ചു നടൽ ഉണ്ടാവുമെന്ന് ആരും കരുതിയതല്ല പക്ഷെ നമ്മുടെ പദ്ധതികള്ക്ക് പച്ചകൊടി കാട്ടുന്നത് മുകളിൽ ഉള്ളവൻ ആണെന്ന ബോധ്യത്തെ അടിവരയിടുന്ന സംഭവങ്ങളാണ് തനിക്കും കുടുംബത്തിനും ഒരു മാസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ജാനെറ്റ് വേഗം മാറ്റത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു .


ജോണിയേട്ടന്റെ കമ്പനി ജോലിക്കാരെ പിരിച്ചു വിടാൻ ഒഫിസിലെയെക്ക് പോകുവാൻ ടാക്സി  നോക്കി  വെളിയിൽ നില്ക്കുമ്പോഴാണ് അപരിചിതനായ ആ മനുഷ്യൻ കടന്നു വരുന്നത്. ജോണിയുടെ കൈയിൽ കടന്നു പിടിച്ചു കൊണ്ടയാൾ ചോദിച്ചു യാദ് ഹൈ മേരാ ചേഹരാ ? ഓർമ്മയുണ്ടോ ഈ മുഖം ഇല്ല ജോണിക്ക് ഒര്ത്തെടുക്കാനെ കഴിയുന്നില്ല എന്ന് മനസിലാക്കിയ അപരിചിതാൻ തുടർന്നു. ഒര്ക്കാൻ വഴിയില്ല മുൻപ് ഈ മുഖം കാണുമ്പോൾ മുഴുവൻ ചോരയായിരുന്നു ഞാൻ ജീവന് വേണ്ടി കേഴുകയായിരുന്നു എന്നിട്ടും നീ എന്റെ നിലവിളിക്ക്‌ ചെവി കൊടുക്കാതെ കടന്നു കളഞ്ഞില്ലേ ? ജോണി ഇടിവെട്ടെറ്റ പോലെ  നില്ക്കുകയാണ് ജാനെട്ടിനെ പരിഭ്രമം വന്നു മൂടിയിരിക്കുന്നു ജോണിയേട്ടന്റെ നിയന്ത്രണം നഷ്ടപെടുമോ എന്ന ഭയം അവളെ കരച്ചിലിന്റെ വക്കോളം എത്തിച്ചിരിക്കുന്നു. അല്പനേരത്തെ നിശബ്ദതക്കു ശേഷം ബെന്ഗാളി  തുടർന്നു സാറിനെ ഞാൻ കുറ്റം പറയില്ല അന്ന് ഞാൻ മരിക്കാനായി മനപൂർവ്വം അങ്ങയുടെ വണ്ടിക്കു മുൻപിൽ ചാടിയതാണ് ജോലിയും കുടുംബവും നഷ്ട്ടപെട്ട ഒരാൾക്ക് പെട്ടന്ന് തോന്നിയ ഒരു പാഴ് ബുദ്ധി . അന്ന് മുനിസിപ്പാലിറ്റിക്കാർ കണ്ടത് കൊണ്ട് ജീവൻ ബാക്കിയായി. എല്ലാം പടച്ച തമ്പുരാന്റെ നിയോഗം ഇനിയും ദുരിത പർവ്വം ചുമക്കാനാവും അങ്ങേരുടെ കിത്താബിൽ എഴുതിയിട്ടുള്ളത്   . ജോണി മഞ്ഞു മല ഉരുകി ഒലിചൊരു വെള്ളച്ചാട്ടം പോലെ അയാളെ ആഞ്ഞു ആലിംഗനം ചെയ്തും ശേഷം ജാനെട്ടിനെയും .അന്നയാൾ ഉറങ്ങി കുറ്റ ഭാരത്തിന്റെ നേരിപ്പോടുകളിലെയ്ക്ക് പെയ്തിറങ്ങിയ മഞ്ഞു നദിയുടെ തണുപ്പിൽ ലയിച്ചു ലയിച്ചു ഒരു ചാര കൂമ്പാരമായ്‌ അതിൽ നിന്നും മെല്ലെ ഒരു തിത്തിരി കുരുവി  ചിറകു വിടർത്തി ആകാശത്തിലേയ്ക്ക് പറന്നുയർന്നു........  

No comments: