താമരക്കുളത്തെ രേവു മാമിയുടെ മകൾ ഗിരിജ . കുഞ്ഞിലേ എങ്ങാണ്ടു കണ്ടതാണിവളെ, മാമി വഴിക്കിട്ടു പോയതിൽ പിന്നെ കുടുംബ വീട്ടിലേയ്ക്കു വന്നിട്ടില്ല അല്ലായിരുന്നെങ്കിൽ എനിക്കു മുറപെണ്ണാകേണ്ടവൾ . ഏങ്ങലടികൾ നിലച്ചുവെന്നു തോന്നിയപ്പോൾ ഒരു നിമിഷം ഞാനവളുടെ മുഖത്തേയ്ക്കു നോക്കി വലിയ പാപം ചെയ്ത കുറ്റഭാരത്താൽ അവൾ തലകുമ്പിട്ടിരുന്നു .ആ മുറിയുടെ കനത്ത ഏകാന്തത എന്നെയും അവളെയും അടക്കം ചെയ്ത തുറുങ്കു പോലെ ആയി തീർന്നിരിക്കുന്നു .
താമരകുളത്തേയ്ക്കു പോകുമ്പോൾ അവൾക്കു നാലും എനിക്കു പതിനൊന്നും വയസായിരുന്നിരിക്കണം . രേവു മാമി വാഴക്കാളിയായിരുന്നു അപ്പയുമായി വഴക്കിടുമ്പോൾ ഇത്രയും വലിയ അകൽച്ച ഉണ്ടാവുമെന്ന് ആരും കരുതിയിരുന്നതുമല്ല ,എന്തോ വലിയ അകൽച്ചയുടെ തുടക്കമായിരുന്നു ആ ചെറിയ വഴക്ക് എന്നറിഞ്ഞിരുന്നെങ്കിൽ അപ്പ തുടക്കത്തിലേ അതൊഴിവാക്കുമായിരുന്നു .പിന്നീടു പല തവണ അപ്പ രേവു മാമിയെ പ്രതി പശ്ചാത്തപിക്കുന്നതു ഞാൻ കേട്ടിട്ടുള്ളതാണ് . എവിടെ എങ്കിലും അവളും കുട്ടികളും സുഖമായി ജീവിക്കുന്നു എന്ന വാർത്ത കേൾക്കാൻ അപ്പ ഒരു പാട് തവണ കൊതിച്ചതാണ് . പിന്നീട് താമരകുളത്താണ് താമസം എന്നറിഞ്ഞപ്പോൾ ഒന്ന് വന്നു കാണാനും എല്ലാ പിണക്കങ്ങളും അവസാനിപ്പിക്കാൻ അപ്പ ശ്രമിച്ചതുമാണ് എവിടെയോ ഒരു തടസ്സം അപ്പ രേവു മാമിയെയും കുഞ്ഞുങ്ങളെയും കാണാതെ മരിച്ചു . അപ്പയുടെ മരണശേഷം ഞങ്ങളും ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്നത് തന്നെ മറന്ന മട്ടായിരുന്നു .
അലിയിക്കാ ഇപ്പോൾ കഴിയും ! വാതിലിൽ ശക്തമായ മുട്ട് കേട്ട അവൾ വാരിപിടിച്ചെഴുന്നേറ്റു . ഗിരീഷേട്ടൻ പോയ്‌കൊള്ളൂ ഒരിക്കലും ഒരാൾക്കും രക്ഷപെടുത്താൻ കഴിയാത്ത കെണിയിലാണ് ഞാൻ പെട്ടിരിക്കുന്നത് . ചതിയിൽ പെടുത്തിയാണ് ഇവർ എന്നെ ഇവിടെ കൊണ്ട് വന്നത് ഇപ്പോൾ ഇതെനിക്കു ശീലമായിരുന്നു .പിന്നീടൊരിക്കൽ ഞാൻ ഗിരീഷേട്ടനെ വിളിക്കാം അപ്പോൾ കാര്യങ്ങൾ വിശദമായി സംസാരിക്കാം .ഇവിടം അത്ര സുരക്ഷിതമല്ല അലി ഇക്കയുടെ കണ്ണുകൾ ഈ ഫ്ലാറ്റിനു പുറത്തെന്ന പോലെ അകത്തുമുണ്ട് ഇവിടെ നടക്കുന്ന ഏതു ഗൂഢാലോചനയും അയാൾ തിരിച്ചറിയും . ഒരു കാരണവശാലും നമ്മൾ നേരത്തെ അറിയുന്നവരായിരുന്നു എന്നു പുറത്താരോടും വെളിപ്പെടുത്താതിരിക്കുക .
അലിയുടെ ഹദ്ദ ഈ നാട്ടിൽ കുപ്രസിദ്ധമാണ് , അവിടെ നാട്ടിൽ നിന്നും ബംഗ്ളാദേശിൽ നിന്നും ഫിലിപ്പിൻസിൽ നിന്നും റഷ്യൻ റിപ്പബ്ലിക്കിൽ നിന്നും എന്ന് വേണ്ട ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള മാംസം ലഭ്യമാണ് ആവശ്യക്കാരന്റെ ഇഷ്ടം പോലെ വിളമ്പാൻ ഒരു അധോലോകം തന്നെ അയാളുടെ വിളിപ്പുറത്തുണ്ട് . ഗിരിജ അവൾ കൊച്ചു കുട്ടിയാണ് , വിശാലമായ ഒരു ഭാവിയുള്ള സുന്ദരിക്കുട്ടി അവൾ എങ്ങനെ ഈ കുരുക്കിൽ വന്നു പെട്ടു . ദിവസവും വായിക്കുന്ന ചതിയുടെ വഞ്ചനകളുടെ കഥകൾ നമുക്കന്യമായവ ആയിരുന്നത് കൊണ്ടു അതൊന്നും ശ്രദ്ധിച്ചിരുന്നില്ല . ഗിരിജയും അതേ പോലൊരു ചതിയിൽ പ്പെട്ടിരിക്കണം ,സ്വമനസാലെ ആരെങ്കിലും ഈ തൊഴിൽ തിരഞ്ഞെടുക്കുമോ ? ഒരിക്കൽ നനഞ്ഞാൽ കുളിരില്ലാത്തവരുടെ ലോകമാണിവിടം .രക്ഷപ്പെടണമെന്ന് അവൾക്കാഗ്രഹം ഉണ്ടായിരുന്നെങ്കിൽ അവൾ അതിനു മുന്നേ ശ്രമിക്കുമായിരുന്നു .
ഗിരീഷ് മേനോൻ നിങ്ങൾ ഇവിടം വരെ ഒന്നു അത്യാവശ്യമായി വരേണ്ടതുണ്ട് ! പാതിരാത്രി ഉറക്കത്തിന്റെ മൂന്നാം യാമം മുറിച്ചെത്തിയ ഫോൺ കോളിലെ നീരസം മറച്ചു വെയ്ക്കാതെ ആയാൾ മൊബൈൽ അലക്ഷ്യമായി കട്ടിലിലേയ്ക്കെറിഞ്ഞു . ,ഗിരിജയെ കണ്ടത് മുതൽ അവളുടെ തൊഴിൽ അറിഞ്ഞ നിമിഷം മുതൽ അവൾ എന്റെ നമ്പർ അവളുടെ ഇഷ്ട്ടപെട്ടവരുടെ പട്ടികയിൽ കുറിച്ചിട്ടപ്പോൾ മുതൽ ഏതെങ്കിലും ഒരു അജ്ഞാതന്റെ സന്ദേശം അല്ലെങ്കിൽ ഇങ്ങനെ ഒരു വിളി താൻ പ്രതീക്ഷിച്ചിരുന്നതാണ്.
അജ്ഞാതൻ പറഞ്ഞ വിലാസം ലക്ഷ്യമാക്കി ഡിം ലൈറ്റിട്ട കാറിൽ മുന്നോട്ടു നീങ്ങുമ്പോൾ ഒന്നുറപ്പായിരുന്നു ഏതെങ്കിലും ഒരു വില്ലയിലെ റെയ്‌ഡിൽ അവൾ പിടിയിലായിരിക്കുന്നു. ഞങ്ങൾ പിരിഞ്ഞിട്ടു ഇന്നു നാല് ദിവസം കഴിഞ്ഞിരിക്കുന്നു രക്ഷപ്പെടണം എന്നുണ്ടായിരുന്നെങ്കിൽ അവൾ ഇതിനു മുൻപേ എന്നെ വിളിച്ചേനെ ശരിക്കും പറഞ്ഞാൽ അങ്ങനെ ഒരു കാൾ കാത്തിരുന്നു താൻ രണ്ടു ദിവസത്തെ ജോലി പോലും ഉപേക്ഷിച്ചതാണ് . അവളെ കണ്ടു മുട്ടിയ വില്ലയിൽ പിന്നീടു രണ്ടു തവണ കൂടി പോയെങ്കിലും അവിടം ശൂന്യമായിരുന്നു .അല്ലെങ്കിലും ഇക്കൂട്ടർക്ക് സ്ഥിരമായ ഒരു താവളം ഉണ്ടാവില്ല പോലീസിന്റെയും സദാചാര വാദികളുടെയും ദൃഷ്ടിയകലത്തു നിന്നും മാറി മാറിയവർ കച്ചവടം നടത്തി കൊണ്ടേ ഇരിക്കും .
മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിനുള്ളിലെ പ്ലാസ്റ്റിക്ക് ബാഗ് സിപ്പ് തുറക്കുമ്പോഴാണ് ഞാനാ മുഖം ശരിക്കും കാണുന്നത് . അലിയുടെ ഹദ്ദയിൽ വെച്ച് കണ്ടപ്പോഴുണ്ടായിരുന്ന നിസ്സംഗതയും നിർവികാരതയും ഒട്ടുമില്ലാതെ ശാന്തമായിട്ടാണ് അവൾ ഉറങ്ങുന്നത് .അവൾ അവസാനമായി വിളിച്ച വിളിക്കാൻ ശ്രമിച്ച നമ്പറുകളിൽ നിന്നാണത്രെ ഇവർ എന്നെ തേടിപ്പിടിച്ചത് അതെന്തായാലും നന്നായി നാല് ദിവസം മുൻപാണിത് സംഭവിച്ചിരുന്നതെങ്കിൽ മരുഭൂമിയുടെ ഏതെങ്കിലും കോണിൽ അജ്ഞാത മൃതദേഹമായി എവിടെയെങ്കിലും അടക്കപെടേണ്ടി വരുമായിരുന്നു . റോഡു ക്രോസ്സ് ചെയ്യുന്നതിനിടെ ഏതോ അജ്ഞാത വാഹനം ഇടിച്ചു മരിച്ചുവെന്നതാണ് പോലീസ് റെക്കോർഡുകളിൽ കാണപ്പെടുന്ന ഭാഷ്യം .അലി ഇക്കാ സമർത്ഥനാണ് ഇത് പോലെ അജ്ഞാത വാഹനമിടിച്ചു മരിക്കപ്പെടുന്നവരിൽ ചിലരെങ്കിലും അയാളുടെ കൈകളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചവരാണ് . നാളെ ഞാൻ ഇരുപത്തി നാലു കൊല്ലങ്ങൾക്കു ശേഷം രേവു മാമിയെ കാണാൻ പോകുകയാണ് .എം ബി ഏ കഴിഞ്ഞു വിദേശത്തേയ്ക്ക് ജോലിതേടിപ്പോയ മകളുമായി വരുന്ന എന്നോടു അപ്പയോടുണ്ടായിരുന്ന ദേഷ്യമുണ്ടാവാൻ വഴിയില്ല .
No comments:
Post a Comment