Monday 28 November 2016

കുഞ്ചെറിയായുടെ വിചിത്ര പ്രതികാരം



ബേബിച്ചായൻ നിങ്ങളാണോ ? അന്നു വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു അപരിചിതൻ തോളത്തു തട്ടി ചോദിച്ചപ്പോൾ അയാൾ രണ്ടാമതൊന്നു കൂടി ആലോചിച്ചു പറയണോ വേണ്ടയോ ? ശ്വാസമിടിപ്പിന്റെ ഉയർന്ന താളങ്ങൾ മനസിലാക്കിയിട്ടെന്നോണം അപരിചിതൻ അയാളുടെ കൈ തണ്ടയിൽ കടന്നു പിടിച്ചു . മോട്ടോർ പമ്പിന്റെ വേഗതയിൽ ഹൃദയരക്തം പമ്പു ചെയ്തു തുടങ്ങിയിരിക്കുന്നു .പിടിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിൽ അയാൾ അയാളിലെ പഴയ ചട്ടമ്പിയെ പുറത്തെടുക്കാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി . മെലിഞ്ഞതെങ്കിലും ബലിഷ്ടനായ യുവാവിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് താനെന്നു അയാൾക്കു ബോധ്യം വന്നിരിക്കുന്നു . പൂർവ്വാശ്രമത്തിൽ തല്ലുകയോ അംഗ വിഹീനരാക്കുകയോ ചെയ്ത ആരുടെയെങ്കിലും ഇളം തലമുറക്കാരനാണ് തന്നെ പിടികൂടിയിരിക്കുന്നതെന്ന ബോധ്യത്തിൽ അയാൾ യുവാവിന്റെ പിന്നാലെ അനുസരണയുള്ളവനെപ്പോലെ തല താഴ്ത്തി നടന്നു .
നിങ്ങൾ തന്നെയാണ് ബേബിച്ചായൻ അതെനിക്കുറപ്പായിരിക്കുന്നു ! അപരിചിതനായ യുവാവ് അതുറപ്പിച്ച വിധം അയാളുടെ മുഖത്തേയ്ക്കു കണ്ണുകൾ ഗാഢമായി ആഴ്ത്തിയിറക്കി .മൗനം സമ്മതം, കീഴടക്കപ്പെട്ടവനെപ്പോലെ കണ്ണുകൾ താഴ്ത്തി അയാൾ തലകുലുക്കി .
തെരുവു ജനനിബിഡമാണ് ആരും ആരെയും ഗൗനിക്കുന്നില്ല എല്ലവർക്കും അവരവരുടെ പ്രശ്നങ്ങളാണ് വലുത് .ആകുലതയോടെ ഉണർന്നു ആകുലതയോടെ ഉറങ്ങുന്ന സാധാരണക്കാരുടെ നാടാണിണിത് .അടിവാരം വിട്ടു ഈ നഗരത്തിലേയ്ക്ക് ചേക്കേറുമ്പോൾ ബേബിച്ചായനു കളങ്ക പൂരിതമായ ഭൂതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയായിരുന്നു .ആരും തിരക്കി വരാത്ത ഒളിയിടം തേടിയുള്ള യാത്ര അവസാനിച്ചത് ഈ നഗരത്തിലാണ് ഈ നിമിഷം വരെ താൻ സുരക്ഷിതനും സ്വാതന്ത്രനുമായിരുന്നു പക്ഷെ ഇപ്പോൾ ?

യുവാവിന്റെ ബലിഷ്ടമായ കരങ്ങൾ തന്നെ ഏതോ വിജനതയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതു ബേബിച്ചായൻ അറിയുന്നു .ഏതെങ്കിലും മൂർച്ചയുള്ള ആയുധം പാപജഡിലമായിരുന്ന ആയുസ്സിനെ അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ അയാൾ അസ്വസ്ഥനായി .

അടിവാരത്തു നിന്നും തല്ലിയോടിച്ച കുഞ്ചെറിയ , കട്ടിളപ്പടിക്കിടയിൽ വെച്ചു കൈ ഞെരിച്ചു രണ്ടാക്കിയ പ്രത്താസ് , ചെത്തു തേറിനു കുതികാൽ വെട്ടിയോടിച്ച ഗോപാലൻ , കൊരവള്ളിയൊടിച്ചു മൃതപ്രായനാക്കിയ അബ്ദുറഹ്മാൻ . ആരെങ്കിലും ഒരാൾ ഒരിക്കലെങ്കിലും തിരികെ വരുമെന്നു പ്രതീക്ഷ ഇതാ നിറവേറപ്പെടാൻ പോകുന്നു. താൻ ചെയ്തു കൂട്ടിയ പാപങ്ങൾ ബൂമറാങ്ങു പോലെ തനിക്കു നേരെ പാഞ്ഞടുക്കുന്നു യുവാവ് രണ്ടും കൽപ്പിച്ചു തന്നെയാണ് വന്നിരിക്കുന്നത് . യാത്ര നഗരത്തിന്റെ തിരക്കിൽ നിന്നും പകലുകളിൽ പോലും ആളുകൾ വരാൻ മടിക്കുന്ന അസാന്മാർഗികളുടെ വിഹാരകേന്ദ്റത്തിനടുത്തേയ്ക്കാണ് .

ബേബിച്ചായൻ തന്നെ ആണല്ലോ അല്ലേ ? അവസാന വട്ട ഉറപ്പാക്കലിനായി യുവാവ് ഒരു വട്ടം കൂടി ആ ചോദ്യമെറിഞ്ഞ ശേഷം മുറുക്കിപ്പിടിച്ചിരുന്ന കൈകൾ മെല്ലെ സ്വതന്ത്രമാക്കി . പതിനാറു കൊല്ലം കഴിഞ്ഞിരിക്കുന്നു അടിവാരം വിട്ടിട്ട് .ചില പഴയ മുഖങ്ങളെ കണ്ടാൽ ഓർക്കുമെന്നല്ലാതെ ,തന്റെ മുന്നിലിരിക്കുന്ന അപരിചിതനായ യുവാവിനു താൻ ഉപദ്രവിച്ച ആരുടെയെങ്കിലും മുഖസാദൃശ്യമുണ്ടോ എന്നറിയാൻ അയാൾ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി .

യുവാവ് ഷർട്ട് മേല്പോട്ടുയർത്തി അരയിൽ തടവി,ഏതോ ആയുധവും ഒളിപ്പിച്ചാണയാൾ വന്നിരിക്കുന്നത് ,എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണമെന്നു ബേബിച്ചായന്‌ തോന്നിയെങ്കിലും യുവാവിനു നിഷ്‌പ്രയാസം കീഴ്‌പ്പെടുത്താവുന്നത്ര ദുർബലനാണ് താൻ എന്ന ചിന്ത അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചു . യുവാവ് അരയിൽ കെട്ടിയ തോർത്തിൽ നിന്നും എന്തോ എടുത്തു പുറത്തേയ്ക്കിട്ടു .ബേബിച്ചായൻ രണ്ടു തവണ ആ സാധനത്തിലേയ്ക്ക് വിശാസം വരാത്തവനെപ്പോലെ നോക്കി അഞ്ഞൂറിന്റെ നാലു കെട്ടു ഇന്ത്യൻ കറൻസി !
രണ്ടു ലക്ഷമുണ്ട് എണ്ണനൊന്നും നിൽക്കേണ്ടാ ,റാസ് അൽഖൈമയിൽ നിന്നും സണ്ണി വിളിച്ചോളും !

റാസ് അൽ ഖൈമയിൽ നിന്നും സണ്ണി !ആരായിരിക്കാം അയാൾ ബേബിച്ചൻ ആശ്ചര്യത്തോടെ അപരിചിതനെ നോക്കി ,അപരിചിതൻ കാതിൽ സ്വകാര്യമെന്നോണം പറഞ്ഞു .കുന്നുപുറത്തു കുഞ്ചെറിയായുടെ മകൻ സണ്ണിയെ ഓർമ്മയില്ലേ? അന്നു അടിവാരം വിട്ടു ഓടി പോയതിൽ പിന്നെ അവരങ്ങു തെളിഞ്ഞു അപ്പനെ നേരെയാക്കാൻ ബേബിച്ചായൻ ചെയ്ത ഉപകാരത്തിനുള്ള പ്രതിഫലമാണിത്.വളരെ വിചിത്രമായിരിക്കുന്നു വർഷങ്ങൾക്കു മുൻപ് അപ്പനെ തല്ലിയോടിച്ച ആൾക്കിതാ അയാളുടെ മക്കൾ പ്രതിഫലം അയച്ചു കൊടുക്കുന്നു. അപരിചിതൻ ദൂരെ ഇരുളിലേയ്ക്ക് മറയും വരെ ബേബിച്ചായൻ ഏതോ അന്യ ഗ്രഹത്തിൽ എത്തിയ പോലെ തരിച്ചു നിന്നു .അപരിചിതൻ നൽകിയ നോട്ടുകെട്ടുകളിൽ ഒന്നെടുത്തു വിടർത്തി ഉറക്കെ ചിരിച്ചു . ലോകം വളരെ വിചിത്രമാണ് അവിടെ സംഭവിക്കുന്നതും വളരെ വിചിത്രമായ കാര്യങ്ങളാണ്.


കേസ് നമ്പർ 221 ന്റെ വിധി വാചകം വായിച്ചു കഴിഞ്ഞപ്പോൾ കോടതി വരാന്തയിൽ നിന്ന രണ്ടു പേർ പ്രതി കൂട്ടിലേയ്ക്ക് നോക്കി പൊട്ടി ചിരിച്ചു . കള്ളനോട്ടു കേസിൽ ഏഴു വർഷം കഠിന തടവിനു വിധിക്കപ്പെട്ട ബേബിച്ചൻ പോലീസ് വാഹനത്തിലേയ്ക്ക് നടന്നു കയറുമ്പോൾ സണ്ണിക്കുട്ടി അനുജൻറെ ബലിഷ്ഠമായ കരം ചേർത്തു പിടിച്ചു . ഉണങ്ങാത്ത മുറിവുകളുമായി ലോകം വിട്ടു പോയ പ്രിയപ്പെട്ട അപ്പച്ചൻ കുഞ്ചെറിയാ സ്വർഗത്തിലിരുന്നു കൊണ്ടു മക്കളെ നോക്കി ചിരിച്ചു . ബേബിച്ചായൻ ഇപ്പോൾ ജയിലിൽ സുവിശേഷ പ്രഘോഷകനാണ് , പ്രതികാരം കർത്താവിന്റേതു മാത്രമെന്നു സഹതടവുകാരെ ഉദ്ബോധിപ്പിക്കുന്ന നല്ല ശമരിയാക്കാരൻ ..

No comments: