Thursday, 24 November 2016

ഓ സി ഡി അഥവാ ഒബ്സസീവ് കമ്പൽസിവ് ഡിസോർഡർ

എന്റെ അപ്പുപ്പനായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാൻസർ രോഗി , അന്നീ രോഗം കേരളത്തിൽ കേട്ടിട്ടു പോലും ഉണ്ടായിരുന്നില്ല ബോംബയിലെ ഹോസ്പിറ്റലിൽ വെച്ചാണ് അപ്പൂപ്പൻ മരണമടഞ്ഞത് . നാല്പതു കൊല്ലം കഴിഞ്ഞപ്പോൾ അപ്പനെയും ക്യാൻസർ ബാധിച്ചു . പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പൊ ദാ എന്നെയും ,
നിഹാൽ അതു പറയുന്നതു കേട്ടു അത്ഭുതത്തോടെ ഞങ്ങൾ ഇരുന്നു . ഒരു തലമുറയിലെ മൂന്നു പേർക്ക് ഒരേ രോഗം വരിക .
ക്യാൻസർ ഒരു പാരമ്പര്യ രോഗമാണോ അമ്മേ ?
എനിക്കു പിന്നിൽ മൂന്നാമതായി നിന്ന പതിനേഴുകാരിയാണ് ആ ചോദ്യം ചോദിച്ചത് .അവളുടെ മുഖത്ത് ഉൽക്കണ്ഠയും ഭയം കലർന്ന ഒരു തരം പരവേശവും അപ്പോൾ എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു കാരണം രോഗബാധിതയായ അമ്മയുമായാണവൾ ക്യൂവിൽ നിൽക്കുന്നത് .
ഞങ്ങളുടെ കുടുംബത്തിന് അതൊരു ശാപമായിരുന്നു, യുവാവ് തനിക്കു പിന്നിലിരുന്ന കൗമാരക്കാരിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു തുടങ്ങി . കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജി വാർഡിന്റെ മുന്നിലെ വരിയിൽ നിന്നവർ ആ യുവാവിനു ചുറ്റുംഒരു കഥ കേൾക്കാനെന്നോണം തടിച്ചു കൂടി .
എന്താണ് നിങ്ങളുടെ പേര് ? കൗമാരക്കാരിയുടെ ക്യാൻസർ ബാധിതയായ അമ്മയാണാ ചോദ്യം ചോദിച്ചത് ,
നിഹാൽ , നിഹാൽ ജോർജ്ജ് , കോട്ടയത്തു നിന്നും ഇടുക്കിയിലേയ്ക്ക് ആദ്യം കുടിയേറിയ അവറാൻ എന്റെ വല്യപ്പനാണ് . അപ്പൂപ്പൻ കുടിയേറിയ കാലത്തു ഒരു പാടു കാടുകൾ വെട്ടിത്തെളിച്ചിട്ടുണ്ടെന്നും അതിലൊന്ന് ഒരു സർപ്പക്കാവായിരുന്നു . ഉടഞ്ഞു പോയ സർപ്പ കാവും അതിൽ തല തല്ലി ചത്ത സർപ്പ കുഞ്ഞുങ്ങളുടെ ശാപവും ആണ് ഞങ്ങളെ തലമുറ തോറും വിടാതെ പിൻ തുടരുന്ന രോഗ കാരണം .അർത്ഥശങ്കയില്ലാതെ അയാൾ ഒറ്റശ്വാസത്തിലാണത്രയും പറഞ്ഞു നിർത്തിയത്
ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്തേയ്ക്കു നോക്കി ആത്മവിശ്വാസം നഷ്ട്ടപെട്ട യുവാവ് , ഇനി ഒന്നും സഹായത്തിനില്ലാത്തവനെപ്പോലെ അയാൾ തല താഴ്ത്തിയിരുന്നു . ഡോക്ടർ വരാൻ സമയമായിരിക്കുന്നു ഓരോരുത്തരും അവരവരുടെ വരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു .കൗമാരക്കാരികൈയ്യിലുള്ള മൊബൈലിൽ ഗെയിം കളിക്കുകയാണ് ഇടയ്ക്കിടെ ഒളി കണ്ണിട്ടു നിഹാൽ ജോർജ്ജ് എന്ന കഥ പറഞ്ഞ യുവാവിനെ നോക്കുന്നുണ്ട് . ആരെങ്കിലും കാണുന്നു എന്നു തോന്നുമ്പോൾ കൈയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നും വെള്ളം എടുത്തു അമ്മയ്ക്ക് കൊടുക്കുന്നു പ്രണയത്തിനു കണ്ണും മൂക്കും രോഗവിവരവും ഒന്നും അറിയേണ്ട ഒരു പ്രണയം തളിരിടുന്നതിനുള്ള അന്തരീക്ഷം രൂപപ്പെട്ടു വരുന്നു ,അവരുടെ ഇടയിലെ കാഴ്ചയ്ക്കു വിഘാതമായി ഞാൻ കസേരയിൽ ഇരുന്നതോടെ അവളുടെ ശ്രദ്ധ മുഴുവൻ മൊബൈൽ ഗെയിമിലേയ്ക്ക് മാറി .
ചേട്ടനെന്നാ അസുഖം ?
നിഹാൽ തിരിഞ്ഞു നിന്നു എന്നോടായിട്ടാണാ ചോദ്യം ചോദിച്ചത് . ക്യാൻസർ വാർഡിൽ ക്യാൻസറിനു ചികിൽസിക്കുന്ന ഡോക്റ്ററെ കാണാൻ വരിയിൽ നിൽക്കുന്നയാൾക്ക് കാൻസർ അല്ലാതെ മറ്റൊന്നും ആവില്ലന്നയാൾക്കറിയാം . എന്നാലും എന്റെ ഏതവയവത്തെയാണ് അതു കാർന്നു തിന്നുന്നതെന്നാണയാളുടെ ചോദ്യം .
രക്താർബുദം ! കൗമാരക്കാരി അതെന്താണെന്നു സംശയിച്ചു അമ്മയെ നോക്കി ബ്ലഡ് ക്യാൻസർ 'അമ്മ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു കൊടുത്തു .ഏതോ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠിച്ചതിന്റെ ഗുണമാണത് .ഒരസുഖത്തിന്റെ പേരു പോലും ചൊവ്വിനെ മലയാളം അറിയില്ല പോലും .
എനിക്കു തലമുറകളായി പകർന്നു കിട്ടിയതാണീ രോഗം അപ്പൂപ്പൻ,അപ്പൻ ,ഞാൻ എങ്കിലും ഇത്ര ചെറുതിലേ ,അയാൾ വിങ്ങിപ്പൊട്ടി ഞാൻ തോളിൽത്തട്ടി സമാശ്വസിപ്പിച്ചു ,നിഹാൽ ഒരു സഹയാത്രികനെ കിട്ടിയതു പോലെ എന്നോടു കൂടുതൽ അടുത്തിരുന്നു .
ഡോക്ടർ പേരു വിളിക്കുന്ന മുറയ്ക്ക് ആളുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു .
അയ്യോ ! പാമ്പ് ! ഒരലർച്ചയോടെ അയാൾ മുന്നിലേയ്ക്ക് കുതറി മാറി .
ഒരു നിരുപദ്രവ കാരിയായ നീർക്കോലി ഞങ്ങൾക്കിടയിലൂടെ ഭിത്തിയിലേയ്ക്ക് നുഴഞ്ഞു കയറി . അന്നാദ്യമായി ഒരു പാമ്പിനെ കാണുന്നതു പോലെ നിഹാൽ അലറി വിളിച്ചു അതെവിടുന്നു വന്നെന്നോ എങ്ങോട്ടു പോയെന്നോ അറിയില്ല .
നിഹാൽ ഇതിപ്പോൾ മൂന്നാം തവണയാണ് ഞാൻ നിന്നെ വിലക്കുന്നത് ,ഇനിയെനിക്ക് പോലീസിനെ വിളിക്കേണ്ടി വരും .ഡോക്ടർ പുറത്തേയ്ക്കിറങ്ങി വന്നു അയാളെ നോക്കി രൂക്ഷമായ ഭാഷയിൽ ശകാരിച്ചു . ഇതു കേട്ടിട്ടെന്നോണം രണ്ടു വെള്ള കുപ്പായമിട്ട അറ്റെൻഡർമാർ നിഹാൽ ജോർജ്ജ് എന്ന ആരോഗ്യ ദൃഢഗാത്രനായ യുവാവിനെയും തൂക്കി പുറത്തേയ്ക്കു പോയി . അവിടെ നടക്കുന്ന ഒന്നിനെപ്പറ്റിയും ഒരു ധാരണയില്ലാത്തവരെപ്പോലെ ഞാനടക്കം അയാൾക്കു പിന്നിൽ നിന്ന പലരും ലൈനിൽ നിന്നും ആ കാഴ്ച അത്ഭുതത്തോടെ നോക്കിക്കണ്ടു .
ഒന്നുമില്ലെങ്കിലും അയാൾ ഒരു രോഗി ആണെന്നെങ്കിലും ഓർക്കണമായിരുന്നു ! കൗമാരക്കാരിയാണ് ആക്ഷേപങ്ങൾക്ക് തുടക്കമിട്ടത്‌ ,അവൾ ഈ സമയം കൊണ്ടു അവനെ വളച്ചെടുത്തെന്നു തോന്നിപ്പിക്കുന്നതു പോലെയായിരുന്നു ആ പരാതി . രോഗിയായ 'അമ്മ അവളോടു മിണ്ടരുതെന്നു ചുണ്ടിൽ കൈയ്യമർത്തി ആംഗ്യം കാണിച്ചു പിന്നീടവൾ ഒരക്ഷരം മിണ്ടിയില്ല . പിന്നിൽ നിന്നും പിറുപിറുപ്പുകൾ ശക്തമായതോടെ ഡോക്ടറുടെ മുറിയിൽ നിന്നും അറുപതിനോടടുത്ത ഒരു സിസ്റ്റർ വന്നു ഉച്ചത്തിൽ ശാസനയിറക്കി രംഗം ശാന്തമായി , തെല്ലമർഷം എനിക്കും തോന്നാതെ ഇരുന്നില്ല കാരണം കുറഞ്ഞ സമയം കൊണ്ടാ യുവാവ് എന്റെയും ഹൃദയത്തിലെവിടെയോ ഒളിച്ചു കടന്നിരുന്നു .എന്റെ ഊഴം വരുമ്പോൾ ഡോക്ടറോടു ചോദിക്കാനുറച്ചു ഞാൻ കാത്തിരിപ്പു ബെഞ്ചിൽ ഇരുന്നു കണ്ണുകളടച്ചു .
ഡോക്ടർ എന്തിനായിരുന്നു ആ യുവാവിനെ ചികിൽസിക്കാതെ പറഞ്ഞയച്ചത് ?
എന്റെ ചോദ്യത്തിനു ഉത്തരം തരാനല്ല തനിക്കു സമയമെന്നു ഡോക്ടറുടെ ശരീര ഭാഷ പറയുന്നുണ്ടായിരുന്നെങ്കിലും ഒരു രോഗിയോടുള്ള കാരുണ്യമെന്നോണം അയാൾ പറഞ്ഞു .
അയാൾക്ക്‌ ഇവിടെ ചികിൽസിക്കേണ്ട രോഗമൊന്നും ഇല്ല . ഏതെങ്കിലും മനോരോഗ ആശുപത്രിയിലാണ് അയാൾ ചികിത്സ തേടേണ്ടത് . അയാളുടെ അപ്പനും അപ്പൂപ്പനും ക്യാൻസർ വന്നു മരിച്ചു എന്ന് കരുതി താനും ആ രോഗം വന്നേ മരിക്കുമെന്നോ അല്ലെങ്കിൽ താൻ ഇപ്പോൾ ആ രോഗത്തിനടിമയാണെന്നോ ഗുരുതരമായി തെറ്റിദ്ധരിച്ചിരിക്കുകയാണയാൾ .പാമ്പും രോഗവുമെല്ലാം അയാളുടെ മാനസീക വ്യാപാരങ്ങളിൽ നിന്നുണ്ടാകുന്ന തോന്നലുകളാണ് .
അപ്പോൾ ഞാൻ കണ്ട നീർക്കോലി ? അതും ഇല്ല്യൂഷൻ ആയിരുന്നുവോ ,ഞാൻ മാത്രമല്ല എനിക്ക് പിന്നിൽ നിന്ന അൻപതോളം പേർ കണ്ടതാണ് .അടുത്ത കീമോയ്ക്കുള്ള തിയതി ഒരു മാസം കഴിഞ്ഞാണ് അതും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ അയാൾ ആശുപത്രി വാതിൽക്കലെ തട്ടു കടയിൽ നിൽപ്പുണ്ട് . ഞാൻ അടുത്തു ചെന്നു എന്തെങ്കിലും പറയും മുൻപായാൾ കയ്യിലിരുന്ന ചായ ഗ്ളാസ് എനിക്ക് നേരെ നീട്ടി പരിഭ്രാന്തനെപ്പോലെ ചോദിച്ചു .
ഒന്നു സൂക്ഷിച്ചു നോക്കിയേ വല്ലതും കാണുന്നുണ്ടോ ?
ഞാൻ ആ ഗ്ളാസ് വാങ്ങി അതിലേയ്ക്ക് സൂക്ഷിച്ചു നോക്കി, ആവി പാറുന്ന ചായ മാത്രം .
ഇല്ല ,ഒന്നുമില്ല , ഞാനയാൾക്കാ ചായഗ്ളാസ്സ് തിരികെ നൽകി .
ചുമ്മാ, ഇതിലൊരു സർപ്പം തലനീട്ടി നിൽക്കുന്നുണ്ട് , നിങ്ങൾക്കതു കാണാം എന്നിട്ടും നിങ്ങളെന്നോടതൊളിക്കുകയാണ് .
ചായ ഒരു സിപ്പ് പോലും അകത്താക്കാതെ തട്ടിലേയ്‌ക്കുപേക്ഷിച്ചു അയാൾ മുന്നോട്ടു നടന്നു ,സന്ദേഹിയെപ്പോലെ ഞാനയാളുടെ പിന്നാലെ ചെന്നു ചോദിച്ചു
നിങ്ങൾക്കു ബ്ലഡ് ക്യാൻസർ ആണല്ലേ എനിക്കും !
അൽപ നേരത്തെ മൗനം മുറിച്ചിട്ടെന്നോണം അയാൾ എനിക്കു മുഖം തിരിഞ്ഞു നിന്നു തുടർന്നു
നമ്മൾ രണ്ടു പേരും മരിക്കും ,സർപ്പശാപം കൊണ്ടു ഞാനും അതില്ലാതെ തന്നെ താനും .
ഉറക്കെ ചിരിച്ചു കൊണ്ടയാൾ മുന്നോട്ടു നടന്നു അയാളുടെ തോളിൽ തൂക്കിയിട്ടിരുന്ന മുഷിഞ്ഞു പഴകിയ തുണി സഞ്ചിയിൽ നിന്നും  ഒരു കൊച്ചു പൊളവൻ(നീർക്കോലി ) എന്നെ നോക്കി തല വായുവിൽ രണ്ടു പ്രാവശ്യം ചുഴറ്റിയ ശേഷം നിഹാൽ ജോർജ്ജിനോപ്പം യാത്ര തുടർന്നു ...

No comments: