Tuesday, 15 November 2016

ഊഹക്കച്ചവടം






അഹമ്മദാബാദിലെ സിദ്ദി സയ്യിദ് മസ്ജിദിന്റെ വടക്കേ അതിരിലുള്ള ഗുജറാത്തി മധുര പലഹാരക്കടയാണ് പട്ടേലർ അടയാളമായി പറഞ്ഞിരുന്നത് . വെള്ളിയാഴ്ച്ച നമസ്ക്കാരത്തിനായി വരുന്ന ശുഭ്ര വസ്ത്ര ധാരികളിലേയ്ക്ക് കണ്ണും നട്ടു ശേഖർ മധുര പലഹാര കടയുടെ മൊസൈക് പാകിയ തിണ്ണയുടെ തണുപ്പിൽ ചേർന്നിരുന്നു . ജുമാ ഖുതുബാ കഴിഞ്ഞതും തലയിൽ തൊപ്പി വെച്ച മുട്ടനാടിന്റെ താടിയുള്ള ഒരാൾ ശേഖറിനെ തോണ്ടി വിളിച്ചു . കേരളത്തിൽ നിന്നുള്ള യാത്ര സുഖമായിരുന്നോ ? ചോദ്യം കേട്ടതും ശേഖർ ചാടിയെഴുന്നേറ്റു കാരണം പട്ടേൽ പറഞ്ഞിരുന്ന കോഡ് അതായിരുന്നു . കേരളത്തിൽ നിന്നുള്ള യാത്ര സുഖമായിരുന്നോ എന്നു ചോദിക്കുന്ന ആളിനെ അനുഗമിക്കുക .തിണ്ണയിൽ ഒതുക്കി വെച്ചിരുന്ന ചുമട് മെല്ലെ തോളിൽ എടുത്തിട്ടു അയാളുടെ പുറകെ കുറച്ചു നേരം മുന്നോട്ടു നടന്നു . ബിരിയാണിയുടെ ഗന്ധമാണ് ആ തെരുവോരങ്ങൾക്ക് മസാല കൂടിയ ദം ബിരിയാണിയുടെ ഗന്ധം കനത്തു വന്ന തെരുവോരത്തിന്റെ അറ്റത്തെത്തിയതും ആട്ടിൻ താടിയുള്ള ശുഭ്ര വസ്ത്ര ധാരി തിരിഞ്ഞു നിന്നു ഇവിടെ വരെ മതി യാത്രയെന്ന അർത്ഥത്തിൽ കൈ കാട്ടിയ ശേഷം അകത്തേയ്ക്കു പോയി .
കലാപത്തിന്റെ വടുക്കൾ ഉണങ്ങാത്ത മണ്ണാണിത് ,പകയുടെ കനലെരിയുന്ന നെരിപ്പോടുകൾ ഉള്ളിൽ പേറി ജീവിക്കുന്ന പാർശ്വ വൽകൃതരുടെ ഒളിസങ്കേതങ്ങൾ .ഏതു നിമിഷവും പൊട്ടി പുറപ്പെടാവുന്ന കലാപത്തെ ഇവർ ഭയക്കുന്നു . ഉള്ളിലേയ്ക്ക് പോയയാൾ ഉടനൊന്നും തിരിച്ചു വരുന്ന ലക്ഷണം കാണുന്നില്ല ശേഖർ പകുതി മുറിഞ്ഞു വീണ ഒരു മരകുറ്റിയിൽ കയറി ഇരുന്നു അപ്പോഴും കനമുള്ള ആ ബാഗ് ആയാൾ തോളിൽ തന്നെ തൂക്കിയിട്ടിരുന്നു . കടന്നു പോകുന്നവർ സംശയ ദൃഷ്ടിയോടെ തന്നെയും ബാഗിനെയും നോക്കുന്നുവെന്നതു തിരിച്ചറിഞ്ഞ ശേഖർ അടുത്തു കണ്ട തണ്ടൂരി റൊട്ടിക്കടയിലേയ്ക്ക് കയറി . റൊട്ടിക്കടക്കാരൻ തോളിൽ ചുറ്റിയിരുന്ന തോർത്തെടുത്തു മുഖം തുടച്ച ശേഷം കമ്പിയിൽ കോർത്തെടുത്ത തണ്ടൂരി റൊട്ടിയുമായി അടുപ്പിന്റെ മോന്തായത്തിലേയ്ക്ക് തല താഴ്ത്തി . ചൂടുള്ള തണ്ടൂരി റൊട്ടി കഴിക്കാൻ നല്ല രുചിയാണ് ശേഖർ ചൂടോടെ വാങ്ങിയ ഒരു റൊട്ടി കറു മുറെ കറു മുറെ കടിച്ചു തുടങ്ങിയതും ഊശാം താടിക്കാരൻ ആജാനബാഹുവായ രണ്ടു കപ്പടാ മീശക്കാരുമായി പുറത്തേയ്ക്കു വന്നു .
റൊട്ടിക്കടക്കാരന്റെ കടയിലെ ടേപ്പ് റെക്കോർഡറിൽ ഗുലാം അലി ഗസൽ പാടുന്നുണ്ടായിരുന്നു . ശേഖറിന്റെ പുറത്തു തൂക്കിയിട്ടിരുന്ന സഞ്ചിക്കായി ആജാന ബാഹുവായ തടിമാടന്മാരിൽ ഒരാൾ ഭവ്യതയോടെ കൈ നീട്ടി. ആദ്യമൊന്നു മടിച്ചെങ്കിലും ഊശാം താടിക്കാരൻ കണ്ണിറുക്കി കാണിച്ചതോടെ ശേഖർ സഞ്ചി അയാൾക്കു കൈ മാറി പിന്നാലെ നടന്നു .
ഊശാം താടിക്കാരൻ നല്ല മലയാളത്തിൽ സംസാരിക്കുന്നതു കേട്ട് ശേഖർ ആദ്യമൊന്നു ഞെട്ടി . വർഷങ്ങളായി കേരളത്തിൽ കച്ചവടം ചെയ്യാൻ വരുന്നത് കൊണ്ട് തമിഴും മലയാളവും തെറ്റില്ലാതെ സംസാരിക്കാൻ കഴിയുമെന്ന് പറഞ്ഞു കൊണ്ടയാൾ കൈയ്യിലിരുന്ന മുക്കി പൊടി തിരുകി നെറുകം തലയിലേയ്ക്ക് വലിച്ച ശേഷം കൈലേസുകൊണ്ടു മൂക്ക് തുടച്ചു . ഒരു സുഹൃത്തിനോടെന്നപോലെ അയാൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് എന്റെ അങ്കുശമില്ലാത്ത ആശങ്ക അറിയാതെ പുറത്തേയ്ക്കു ചാടിയത് .
ഈ നിരോധിച്ച നോട്ടുകൾ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു ?
അത് വരെ കലപില സംസാരിച്ചിരുന്ന ഊശാം താടിക്കാരൻ പെട്ടന്ന് മൗനിയായി .
താനേതോ വലിയ അപരാധം ചെയ്ത തോന്നൽ ശേഖറിന്റെ ഹൃദയത്തിലൂടെ കടന്നു പോയി .
വലിയ കൊള്ളക്കാരുടെ സാമ്രാജ്യം പ്രതീക്ഷിച്ചാണ് അകത്തേയ്ക്കു പോയതെങ്കിലും ഉള്ളിൽ ശുഷ്കിച്ചു വീഴാറായ ഒരു സ്വർണ്ണ കടയും നരച്ചു വെള്ളികെട്ടിയ തലയുള്ള വൃദ്ധനും മാത്രമാണുള്ളത് . വൃദ്ധൻ സംസാരിച്ചതു മുഴുവൻ ഊശാം താടിക്കാരനായ മനുഷ്യനോടായിരുന്നു .ഗുജറാത്തി ഭാഷയിൽ എന്തോ പറഞ്ഞപ്പോൾ ഊശാം താടിക്കാരൻ ശേഖറിനു മുന്നിൽ തിരിഞ്ഞു നിന്നു കൊണ്ടു അപ്പോൾ കൊടുക്കാമല്ലോ എന്നു ചോദിച്ചു . ആജാനബാഹു ബാഗ് താഴെ ഇറക്കി വെച്ചു . വെള്ളി കെട്ടിയ കിളവൻ ബാഗിൽ നിന്നും രണ്ടു കെട്ടു പുറത്തെടുത്തു മണത്തു നോക്കി . നേരത്തെ തയ്യാറാക്കി വെച്ചിരുന്ന രണ്ടു പ്ലാസ്റ്റിക് ബാഗിൽ ആറു വീതം ബാർ ഗോൾഡ് ഊശാം താടിക്കാരനു നേരെ നീട്ടി . ഊശാൻ താടി അതു ശേഖറിനു കൈ മാറി ഡീൽ കഴിഞ്ഞിരിക്കുന്നു .ആജാന ബാഹുക്കളായ യുവാക്കൾ ശേഖറിന്റെയും ഊശാം താടിയുടെയും കൂടെ പുറത്തേയ്ക്കു വന്നില്ല.
ആ കാശ് എന്തു ചെയ്യുമെന്നു ചോദിച്ചില്ലേ ?
അപ്രതീക്ഷിതമായി ഊശാം താടി എന്റെ പഴയ ചോദ്യത്തിനു മുൻകാല പ്രാബല്യത്തിൽ ഉത്തരം പറയാൻ സന്നദ്ധനായി മുന്നോട്ടു വന്നിരിക്കുന്നു . രണ്ടു ചെവിയും മലർക്കെ തുറന്നു ഞാൻ അയാളുടെ വായിലേയ്ക്ക് നോക്കി . കടലാസു വില മാത്രമുള്ള രണ്ടു കോടിയാണാ ഗുജറാത്തി കിളവൻ വാങ്ങി വെച്ചിരിക്കുന്നത് . രണ്ടു കോടി വാങ്ങി അമ്പതു ലക്ഷത്തിന്റെ സ്വർണ്ണം വലിയ ലാഭ കച്ചവടം ആയേനെ ,നിരോധനം വരുന്നതിനു മുൻപേ ആയിരുന്നെങ്കിൽ, പക്ഷെ ഇപ്പോൾ അപ്പി തുടയ്ക്കാൻ പോലും കൊള്ളാത്ത വെറും കടലാസു കഷണം ? ഊശാം താടിക്കാരന്റെ അർത്ഥഗർഭമായ മൗനംവരാനിരിക്കുന്ന കൊടുങ്കാറ്റിന് മുന്നോടിയാണെന്നു ശേഖറിനു തോന്നി .
ആറു മാസം കഴിയുമ്പോൾ സർക്കാർ തന്നെ നോട്ടു നിരോധനം പിൻ വലിക്കും !!!
ഇവിടെ എല്ലാ മൂലയിലും ആ വാർത്ത പരന്നു കഴിഞ്ഞിരിക്കുന്നു ,
ശേഖർ വിശ്വാസം വരാത്തവനെപ്പോലെ ഊശാം താടിക്കാരനെ നോക്കി .
സത്യമാണ് പറഞ്ഞതെന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി ചിരിച്ചു . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച അറിവിൻ മേലാണത്രെ ഈ നാട്ടിൽ ഊഹ കച്ചവടം പൊടി പൊടിക്കുന്നത് .
അപ്പോൾ ഇപ്പോൾ പ്രഖ്യാപിച്ച നിരോധനം പിൻ വലിക്കും എന്നാണോ താങ്കൾ പറയുന്നത് ? ശേഖർ ഊശാം താടിക്കാരൻ കിളവൻ പറഞ്ഞതു ഒന്നു കൂടി കേൾക്കാൻ അയാളെ നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു . തിരിച്ചും മറിച്ചും ചോദിച്ചിട്ടും വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ഊശാം താടി യാത്ര അവസാനിക്കും വരെ തയ്യാറായില്ല .
ശേഖർ ഇപ്പോൾ കുറഞ്ഞ ചിലവിൽ നിരോധിച്ച കറൻസികൾ വാരിക്കൂട്ടുന്ന തിരക്കിലാണ് കാരണം നിരോധനം എടുത്തു കളയുന്ന ആ ദിവസം അയാൾക്കു കൊയ്യേണ്ടതു കുറച്ചൊന്നുമല്ല . അനിശ്ചിതത്വം സാഹസികത എന്നിവയ്ക്ക് തയ്യാറായ ശേഖർ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ആ പ്രഖ്യാപനം വരുന്ന ദിവസവും കാത്തിരിക്കുകയാണ് ...

No comments: