Monday 21 November 2016

രാമകൃഷ്ണന്റെ ആന.


രാമകൃഷ്ണന് ഒരാനയുണ്ടായിരുന്നു , രാമകൃഷ്ണൻ നടക്കാൻ പറഞ്ഞാൽ നടക്കുകയും പെടുക്കാൻ പറഞ്ഞാൽ പെടുക്കുകയും ചെയ്യുന്ന ഇമ്മിണി പോലും കുറുമ്പില്ലാത്ത അപ്പുവാന . എൺപത്തിരണ്ടിലെ ഏഷ്യൻ ഗെയിംസിലെ ഭാഗ്യ ചിഹ്നമായ അപ്പുവെന്ന പേരു കടം കൊണ്ടാണ് രാമകൃഷ്ണൻ തന്റെ ആനയെയും അപ്പു എന്നു വിളിച്ചു തുടങ്ങിയത് . വൈകുന്നേരങ്ങളിൽ ഞങ്ങളുടെ കളിസ്ഥലമായ കരി മണ്ണു നിറഞ്ഞ വെളിമ്പ്രദേശത്തേയ്ക്കു രാമകൃഷ്ണൻ ആനയുമായി വരും ,വിശാലമായ പറമ്പിന്റെ ഒരറ്റത്തു പനയോലയും തെങ്ങോലയും കൂട്ടിയിട്ട ഒരു കോണിൽ അപ്പുവിന്റെ കളികൾ ഞങ്ങൾ കുട്ടികൾ ദൂരെ നിന്നു നോക്കി ആസ്വദിക്കും .അപ്പു കുറുമ്പില്ലാത്തവനാണെങ്കിലും അപ്പുവിന്റെ പാപ്പാൻ രാമകൃഷ്ണനെ ഞങ്ങൾ കുട്ടികൾക്ക് മറ്റെന്തിനേക്കാളും ഭയമായിരുന്നു . ചുരുട്ടി മോളോട്ടു വെച്ച കപ്പടാ മീശയും ബനിയൻ കാൺകെ തുറന്നിട്ട രണ്ടു വശത്തും പോക്കറ്റുള്ള വരയൻ ഷർട്ടും എപ്പോഴും ചുണ്ടിലെരിയുന്ന നീളൻ ചുരുട്ടും ചാരായം മണക്കുന്ന ഉശ്ചാസവായുവുമൊക്കെ രാമകൃഷ്ണനെ ഞങ്ങൾ കുട്ടികൾക്കു ആനെയെക്കാൾ പേടിയുള്ള ഒരു മൃഗമാക്കിയിരുന്നു .
വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ അപ്പുവാന കരി മണ്ണു പറമ്പിന്റെ ഓരത്ത് പനമ്പട്ടയും തെങ്ങോലയും ശാപ്പിട്ടു സുഖിച്ചിരിപ്പുണ്ടാവും കീഴെ മാറി ഇരുമ്പു ചുറ്റിയ പെരുമര തോട്ടിയുമായി രാമകൃഷ്ണനും .ഉത്സവ കാലമായാൽ അപ്പുവിന് സുഖമാണ് പറയെടുപ്പും എഴുന്നള്ളിപ്പുമായി വീടു വീടാന്തരം കറങ്ങാം .വയറു നിറയെ പഴവും ശർക്കരയും അവിലും മലരും എന്നു വേണ്ട അപ്പു എന്തൊക്കെ തിന്നുമോ അതൊക്കെ കൊടുക്കാൻ നാട്ടുകാർ മത്സരിക്കും . രാമകൃഷ്ണൻ പാപ്പാനായുള്ള ആനയെ വിളിക്കാൻ അമ്പലക്കമ്മറ്റിക്കാർക്കൊക്കെ വലിയ ഉത്സാഹമാണ് .രാമകൃഷ്ണന്റെ മകനു പോലും അപ്പുവിനേക്കാൾ അനുസരണ കുറവാണെന്നാണ് നാട്ടിലുള്ള സംസാരം . വൈകുന്നേരം രാമകൃഷ്‌ണൻ കൊടുക്കുന്ന പനം കള്ളും മോന്തി അപ്പു ഉറങ്ങും വരെ രാമകൃഷ്ണൻ അപ്പുവിന്റെ പിന്നാലെ നിഴലു പോലെ ഉണ്ടാവും .
അക്കു കളിയുടെ മൂന്നാം റൌണ്ട് കഴിഞ്ഞു മാറിയിരുന്ന സോഫിയയുടെ മുഖത്തെ വാട്ടം എന്നെ തെല്ലൊന്നു നിരാശനാക്കി അതങ്ങനെയാണ് സോഫിയ ഒന്നു മുഖം കറുപ്പിച്ചാൽ എനിക്കെന്തോ അസ്കിതയാണ് . രണ്ടാം ക്ലാസിൽ പഠിക്കുന്ന ഞാനും ഒന്നു ബി യിലെ സോഫിയായും തമ്മിൽ ,അല്ലേൽ വേണ്ട ചെറിയ വായിൽ വലിയ വർത്തമാനം പറയരുതെന്നാണ് അപ്പച്ചൻ പറഞ്ഞിട്ടുള്ളത് .
എന്താ സോഫിയാ നിനക്കെന്താ പറ്റിയേ ? മൂന്നാം കളം ആകാശം നോക്കി ചാടിയിറങ്ങിയ ഞാൻ സോഫിയായോടു ചേർന്നിരുന്നു .
എന്തു പറ്റിയെടി ?
ഒന്നൂല്ല !
ചുമ്മാ , ഞാൻ എന്തോ അറിയാവുന്നവനെപ്പോലെ അവളെ നോക്കി കണ്ണിറുക്കി .
എന്ത് ? സോഫിയ പുരികങ്ങൾ രണ്ടും മേൽപ്പോട്ടുയർത്തി എന്നെ നോക്കി
വീട്ടിൽ അമ്മച്ചി പറയുന്നത് കേട്ടു ,ഞാനറിഞ്ഞു . എനിക്കെല്ലാം അറിയാമെന്ന ഭാവത്തിൽ ഞാനവളെ നോക്കി ചിരിച്ചു .സോഫിയ നാണം കൊണ്ടു മുഖത്തു നോക്കാതെ തല താഴ്ത്തിയിരുന്നു ചിണുങ്ങി .
ഞാൻ അറിഞ്ഞോണ്ടല്ലടാ ഫ്രാങ്കീ , അറിയാതെ ഉറക്കത്തിൽ എപ്പോഴോ.
ഇതു പേടിച്ചിട്ടാ , രാത്രിയിൽ കിടന്നു മുള്ളുന്നതു പേടിച്ചിട്ടാ ,പേടി മാറാൻ ഒരു വഴിയുണ്ട് !
സോഫിയ നിറഞ്ഞ ഉഗ്വേദത്തോടെ എന്നെ നോക്കി ,
ശരിക്കും ! എന്തു വഴി ?
ആനവാൽ കൊണ്ടു മോതിരം ഉണ്ടാക്കി കൈയ്യിൽ ഇട്ടാൽ മതി .
വിശ്വാസം വരാത്തവളെപ്പോലെ സോഫിയ എന്നെ നോക്കി
രാമകൃഷ്ണന്റെ ആന അപ്പുവിന്റെ വാലിൽ നിന്നും ഒരു രോമം കിട്ടിയാൽ തീരുന്ന വ്യാധിയെ തനിക്കുള്ളൂ എന്ന തിരിച്ചറിവു സോഫിയായ്ക്കു കൈവന്നിരിക്കുന്നു പക്ഷെ പൂച്ചയ്ക്കാര് മാണി കെട്ടും . ആരാണ് അപ്പുവിന്റെ വാലിൽ നിന്നും രോമം പിഴുതെടുക്കുന്നത് .
രാമകൃഷ്ണൻ !
എന്റെ ഉത്തരം കേട്ടതും സോഫിയ പൊട്ടി ചിരിച്ചു . അപ്പുവിനേക്കാൾ ഭയം രാമകൃഷ്ണൻ എന്ന ആ വൃത്തികെട്ട രൂപിയായ പാപ്പാനോടാണ് അയാളോടു ചോദിക്കുന്നതിലും ഭേദം അപ്പുവിന്റെ പിന്നിൽ നിന്നും അയാളില്ലാത്തപ്പോൾ പിഴുതെടുക്കുന്നതാണ് . പക്ഷെ എങ്ങനെ ? അപ്പുവിനു വേദനയെടുക്കുമ്പോൾ അതലറും അപ്പോൾ രാമകൃഷ്‌ണൻ വരും ,വേണ്ടാ അതൊരു കുഴപ്പം പിടിച്ച ഇടപാടാണ് മാത്രമല്ല അപ്പുവിനെ വേദനിപ്പിക്കാതെ രോമം പിഴുതെടുക്കാൻ രാമകൃഷ്ണനല്ലാതെ മറ്റാർക്കും കഴിയില്ല ഞാൻ സോഫിയായെ പിൻ തിരിപ്പിക്കാൻ ശ്രമിച്ചു .
അപ്പൻ പലപ്പോഴായി രാമകൃഷ്ണനു കാശു കൊടുക്കുന്നതു താൻ കണ്ടിട്ടുള്ളതാണ് അപ്പൻ ചോദിച്ചാൽ രാമകൃഷ്ണൻ ആനവാൽ പിഴുതു തരും പക്ഷെ അപ്പനോട് എങ്ങനെ പറയും . സോഫിയക്ക് വേണ്ടിയാണെന്ന് പറഞ്ഞാൽ അപ്പൻ എന്തു കരുതും .വൈകുന്നേരം സോഫിയ വരും വരെ ആലോചിച്ചൊരു തീരുമാനം എടുത്തു .ഞാനും സോഫിയയും കൂടി നേരിട്ടു പോയി രാമകൃഷ്ണനോടു ആന വാൽ ചോദിക്കുക .സോഫിയ ആദ്യമൊക്കെ എതിർത്തു നോക്കിയെങ്കിലും കിടന്നു മുള്ളി എന്ന ഇരട്ടപ്പേര്‌ ഒഴിവാക്കാൻ കഴിയുമെന്നോർത്തപ്പോൾ ഫ്രാങ്കി പറയുന്നത് അനുസരിക്കാൻ തന്നെ സോഫിയ തീരുമാനിച്ചു .
കളി കഴിഞ്ഞു കുട്ടികൾ എല്ലാവരും വീട്ടിലേയ്ക്കു പോയെന്നു ഉറപ്പു വന്നപ്പോൾ സോഫിയ ഫ്രാങ്കിയുമായി മെല്ലെ അപ്പുവിന്റെ അടുത്തെത്തി അപ്പു ചിര പരിചിതരെ കണ്ടപ്പോലെ പനമ്പട്ടയിലേയ്ക്ക് മുഖം താഴ്ത്തി അനങ്ങാതെ നിന്നു .
ചേട്ടാ , രാമകൃഷ്ണൻ ചേട്ടാ ...
ചാരായത്തിന്റെ ലഹരിയിലായിരുന്ന രാമകൃഷ്ണൻ കൺപോളകൾ വലിച്ചു തുറന്നു .എന്നും കാണുന്ന എന്നാൽ ഇന്നു വരെ അടുത്തു വരാത്ത രണ്ടു കുട്ടികൾ അരികിൽ വന്നിരുന്നു തൊട്ടു വിളിക്കുന്നു . രാമകൃഷ്‌ണൻ എന്തോ അത്ഭുത കാഴ്ച കണ്ടവനെപ്പോലെ എഴുന്നേറ്റിരുന്നു ചോദിച്ചു .
ആനയെ തൊടണോ ? സാധാരണ ഇങ്ങനെ ആവശ്യങ്ങൾക്കാണ്‌ കുട്ടികൾ അയാളെ സമീപിക്കാറ്‌ .
വേണ്ടാ , ഞങ്ങൾ രണ്ടു പേരും ഒരേ സമയം കണ്ണുകൾ ഇറുക്കിയടച്ചു .
ഒരു ആനവാൽ വേണം ! രാമകൃഷ്‌ണനു ചിരിയടക്കാനായില്ല
എന്തിനാ ആനവാൽ ?
പേടി മാറാൻ .
ഇതിൽ ആർക്കാ പേടി ? ഫ്രാങ്കി സോഫിയയുടെ മുഖത്തേയ്ക്കു തിരിഞ്ഞു നോക്കി അവൾ തല കുനിച്ചു നിന്നു വിറച്ചു . അവളുടെ പെറ്റിക്കോട്ടിനിടയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നത് ഫ്രാങ്കി കണ്ടു . രാമകൃഷ്ണനെ കണ്ടും അവൾ പേടിച്ചു മുള്ളിയിരിക്കുന്നു . രാമകൃഷ്ണൻ ചിരിച്ചു കൊണ്ടു അപ്പുവിന്റെ പിന്നിൽ നിന്നും ഒരു രോമം പിഴുതു സോഫിയയുടെ വിരലിൽ കെട്ടി കൊടുത്തു . മുരടനും രാക്ഷസനും എന്നു തങ്ങൾ ഇതുവരെ ധരിച്ചിരുന്ന രാമകൃഷ്ണൻ കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്നു .
അന്നു രാത്രി സോഫിയ കിടന്നു മുള്ളിയില്ല വലിയ സന്തോഷത്തോടെയാണ് അവൾ പിറ്റേന്ന് സ്‌കൂളിൽ പോയത് . ആനവാൽ കുഞ്ഞു സോഫിയായുടെ സകല പേടികളും മാറ്റിയിരിക്കുന്നു . മെല്ലെ മെല്ലെ രാമകൃഷ്ണനും അപ്പുവും സോഫിയായുടെയും ഫ്രാങ്കിയുടെയും ഉറ്റ ചങ്ങാതിമാരായിരിക്കുന്നു. അപ്പുവിനു കൂടുതൽ വരുന്ന കദളിപ്പഴവും അവിലും മലരും എന്നുവേണ്ട സകല പഴവർഗങ്ങളിലും ഫ്രാങ്കിക്കും സോഫിയയ്ക്കും അവകാശം കൈവന്നിരിക്കുന്നു . ഉത്സവങ്ങളുടെ സീസൺ ആരംഭിച്ചിരിക്കുന്നു എടുത്താൽ തീരാത്ത പണിയുണ്ടിപ്പോൾ അപ്പുവിന് .
ഒരു ദിവസം അപ്പുവിന്റെ അടുത്തേയ്ക്കു ചെന്ന ഞങ്ങളെ രാമകൃഷ്ണൻ വിലക്കി .
അവന്റെ അടുത്തേയ്ക്കു ഇപ്പോൾ പോകണ്ടാ രണ്ടു ദിവസമായി ചെറിയ ഒരു മദപ്പാടു പോലെ !
എന്താണ് മദപ്പാട് എന്നു ചോദിക്കാൻ നിന്നില്ല ചോദിച്ചാലും ഞങ്ങൾക്കു ദഹിക്കുന്ന ഒരു മറുപടി രാമകൃഷ്‌ണൻ തരുമായിരുന്നോ .മൂന്നാം ദിനം വൈകുന്നേരം സ്കൂളിൽ നിന്നും വരുന്ന വഴി ഞങ്ങൾ ആ കാഴ്ച കണ്ടു ചതഞ്ഞരഞ്ഞ രാമകൃഷ്ണനന്റെ ശവശരീരം,അക്ഷരാർത്ഥത്തിൽ ഒരു കബന്ധം ഓലക്കീറു കൊണ്ടു മൂടിയിട്ടിരിക്കുന്നു .സോഫിയ അലറി വിളിച്ചു കൊണ്ടു വീട്ടിലേയ്ക്കോടി ഞാൻ മുഖമുയർത്തി ഒന്ന് നോക്കി ദൂരെ മാറി ഒന്നും സംഭവിക്കാത്തവനെപ്പോലെ അപ്പുവാന ചങ്ങലയ്ക്കുള്ളിൽ ശാന്താനായിരിക്കുന്നു .
അപ്പുവിന്റെ മദപ്പാട് രാമകൃഷ്ണന്റെ ചോരയ്ക്ക് വേണ്ടിയുള്ള ദാഹമായിരുന്നു എന്നു അപ്പൻ പറഞ്ഞപ്പോൾ അന്നാദ്യമായി ഞങ്ങൾക്ക് അപ്പുവിനോട് ദേഷ്യം തോന്നി .രാമകൃഷ്ണൻ കൈയ്യിൽ കെട്ടി തന്ന അപ്പുവിന്റെ വാൽ ഞാനും സോഫിയായും കൂടി അവന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു . പ്രിയപ്പെട്ടവരാരോ അകന്നു പോകുന്നതു പോലെ അപ്പു അലറി വിളിച്ചു . പിന്നെ അപ്പു ഞങ്ങൾക്കാരുമായിരുന്നില്ല ഏതു നിമിഷവും പാലു കൊടുത്ത കൈക്കു തന്നെ കൊത്താവുന്ന ഒരു നികൃഷ്ടജീവി .
രാത്രിയുടെ മൂന്നാം യാമത്തിൽ ശ്രീമതി എന്നെ തോണ്ടി വിളിച്ചു.
പ്രാഞ്ചിയേട്ടാ ,പ്രാഞ്ചിയേട്ടാ എനിക്കു പേടിയാകുന്നു ?
എന്തിന് ഞാനില്ലേ കൂടെ ,
അതല്ല പ്രാഞ്ചിയേട്ടാ എനിക്കൊരു സാധനം വേണം !
എന്ത് ? ഈ പാതിരാത്രിയിൽ മനുഷ്യനെ മെനക്കെടുത്താൻ
പ്രാഞ്ചിയേട്ടാ എനിക്കൊരു ആനവാൽ മോതിരം വേണം ! അയാൾ ചാടിയെഴുന്നേറ്റു , മുറിയിലാകെ ചോരയുടെ മണം തലയരഞ്ഞ ഒരു ഉടൽ പിന്നെ അപ്പു എന്ന ആനയുടെ ചിന്നം വിളി .അയാൾ ഭാര്യയുടെ നഗ്‌ന മേനിയിലേയ്ക്ക് കൈകൾ മുറുക്കി ശേഷം പൂക്കുല പോലെ വിറച്ചു കൊണ്ടുറക്കെ വിളിച്ചു .
സോഫിയാ നീയിപ്പോൾ എവിടെയാണ് ????

No comments: