കുളിരുള്ള പ്രഭാതത്തിൽ കാലിനിടയിൽ കൈയ്യും തിരുകി ഉറങ്ങി കൊണ്ടിരുന്ന റിട്ടയേർഡ് സ്രാങ്ക് തങ്കച്ചായന് ഒരു വലിയ വെളിപാടുണ്ടായി .വേമ്പനാട്ടു കായലിനിന്റെ ഓളപ്പരപ്പുകളിൽ നാളെ വൈകുന്നേരം വലിയ ദുരന്തം നടക്കാൻ പോകുന്നു . ഈത്തയൊലിപ്പിച്ച കവിളുകളുമായി കവലയിലെ ബോട്ട് ജെട്ടിയിലേക്കോടിയ തങ്കച്ചായൻ ബോട്ട് കാത്തു നിന്ന പരശതം ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനായി രണ്ടു കൈയ്യും ഉച്ചത്തിൽ കൂട്ടിയിടിച്ചു . കൊച്ചു വെളുപ്പാൻ കാലത്തു തങ്കച്ചായൻ എന്നാ കോപ്പാണി കാണിക്കാൻ പോണതെന്ന അത്ഭുതത്തിൽ ജെട്ടിയിൽ കൂടിയവർ തങ്കച്ചായന് അടുത്തേയ്ക്കു ചേർന്നു നിന്നു . പാൽക്കാരൻ സുഗുണൻ കൊടുത്ത് തീർക്കേണ്ട പാൽ പാക്കറ്റുകളുമായി എം ഐ ടിയിൽ വന്നു തങ്കച്ചായനോട് ചേർന്നു നിന്നു . ശാന്തനും സൽഗുണ സമ്പന്നനും ഷെവലിയാർ പട്ടത്തിനായി ഇടവകയിൽ നിന്നും അരമനയിലേയ്ക്ക് പേര് പോയിട്ടുള്ളവനുമായ തങ്കച്ചായൻ ചുറ്റും കൂടി നിന്ന നാട്ടു കാരെ നോക്കി വാ തുറന്നു . മൊഴി മുത്തുകൾ പൊഴിയുന്നതും കാത്തു വായ്‌ച്ചോട്ടിൽ കുറ്റിയടിച്ചു നിന്ന സുഗുണൻ രണ്ടടി പിന്നോട്ടു മാറി . ഗുമു ഗുമാ അകത്തുന്നു വന്ന പുതു മണം ശ്വസിച്ചിട്ടാണ് സുഗുണൻ പിറകോട്ടു മാറിയതെന്ന് കൂട്ടാക്കാതെ തങ്കച്ചായൻ വലിയ വായിൽ അലറി "നാളെ വൈകുന്നേരം ആറുമണിക്കകം പുഞ്ചിരി ജെട്ടിക്കും ആർ ബ്ലോക്കിനുമിടയിൽ വലിയൊരു അപകടം സംഭവിക്കാൻ പോകുന്നു" . അതിരാവിലെ തന്നെ ദഹിക്കാത്ത വർത്തമാനം കേട്ട പോലെ ആളുകൾ തങ്കച്ചായന്റെ മുഖത്തേയ്ക്കു പുശ്ചിച്ചു നോക്കി . ഇന്നലെ ഉറങ്ങും വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പ്രവചന വരം വന്ന കാര്യം വിശ്വസിക്കാൻ കണ്ണാടി ഗ്രാമക്കാർ അത്ര ശുദ്ധ ഗതിക്കാർ അല്ലായിരുന്നു .
ഈത്തയൊലിപ്പിച്ച മുഖവുമായി അച്ചായൻ ജെട്ടിയിൽ നിന്നും പ്രാന്തു പറയുന്ന വാർത്ത അടുക്കളയിൽ പുട്ടു ചുടുകയായിരുന്ന ശോശാമ്മയുടെ ചെവിയിലും ചൂടോടെത്തി . പൊടി ഇടാൻ എടുത്ത കുറ്റിയുമായി ശോശാമ്മ ജെട്ടിയിലേയ്ക്കോടി അച്ചായൻ അപ്പോഴും വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുന്ന തിരക്കിലായിരുന്നു .അടുത്ത മാസം മൂത്ത മകൻ ന്യുയോർക്കിനു കൊണ്ട് പോകാനിരുന്ന തങ്കച്ചായൻ പെട്ടന്ന് പ്രാന്തനായതിൽ ശോശാമ്മ അകമഴിഞ്ഞു സങ്കടപ്പെട്ടു . ജെട്ടിയിലെ ഈനാച്ചന്റെ കടയിൽ നിന്നും കൊണ്ട് വന്ന സോഡാ വാങ്ങി മുഖം കഴുകി യ ശേഷവും തങ്കച്ചായൻ അത് തന്നെ പറഞ്ഞു നാളെ വൈകുന്നേരം ആറു മണിക്കു മുൻപ് വലിയൊരു അപകടം വരാൻ പോകുന്നു . വീണ്ടു എന്തെങ്കിലും പറഞ്ഞു നാട്ടുകാർ ചീത്ത പറയും മുൻപ് ശോശാമ്മ തങ്കച്ചായനെ വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോയി .
മൂന്നാമത്തെ കുട്ടി പുട്ടും പതിനഞ്ചാമത്തെ പഴവും തീർത്തു ഏമ്പക്കം വിട്ടെഴുന്നേറ്റ തങ്കച്ചായൻ നേരെ പള്ളിയിലേയ്ക്ക് വെച്ച് പിടിച്ചു . ഇന്ന് പോകണ്ട എന്ന ശോശാമ്മയുടെ മുന്നറിയിപ്പുകളെ നിർദ്ദയം അവഗണിച്ചയാൾ പള്ളിയിലേയ്ക്ക് കാലൻ കുട ജുബായുടെ പിന്നിൽ തൂക്കി നടന്നു . വഴിയിൽ കാണുന്നവരോടെല്ലാം നാളെ വൈകുന്നേരത്തിനുള്ളിൽ നടക്കാൻ പോകുന്ന വലിയ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു നൽകി കൊണ്ടായാൾ ചാലു കീറിയ പാട വരമ്പിലൂടെ പള്ളിയിലേയ്ക്ക് പോയി . ഉച്ച കുർബാന തുടങ്ങാൻ അച്ചൻ ആൾത്താരയിലേയ്ക്ക് കയറും മുൻപ് തങ്കച്ചായൻ അച്ചനെ പിടിച്ചു നിർത്തി . പ്രസംഗ മധ്യത്തിൽ ഒരു പത്തു മിനുട്ടു തനിക്കനുവദിക്കണം എന്ന നിബന്ധനയോടെ അച്ചനെ മദ്ഹബായിലേയ്ക്ക് കയറ്റി വിട്ടു . കുർബാന തുടങ്ങിയ നിമിഷം മുതൽ ഇരു കൈകളും വിരിച്ചു വരാനിരിക്കുന്ന ദുരന്തത്തെ ഒഴിവാക്കാൻ തങ്കച്ചായൻ കർത്താവിനോടു മുട്ടിപ്പായി പ്രാർത്ഥിച്ചു . പ്രസംഗ മദ്ധ്യേ അച്ചൻ തങ്കച്ചായന് അനുവദിച്ച അഞ്ചു മിനുട്ടിൽ വിശ്വാസികളോട് തങ്കച്ചായൻ ഒന്നേ പറഞ്ഞുള്ളു കർത്താവിന്റെ തിരു ഹിതം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്നിരുന്നാലും ഈ പാന പാത്രം ഒഴിവാക്കണമേ എന്നു മുട്ടിപ്പായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു .
കുർബാനക്കിടയിലാണ് ശോശാമ്മ ഓടി പള്ളിയിൽ എത്തുന്നത് തങ്കച്ചായന്റെ പ്രസംഗം കേട്ടു വിവശനായി നിന്ന വികാരിയച്ചനെ നോക്കി ശോശാമ്മ കണ്ണിറുക്കി . എന്തോ ഒരു പിരി എവിടെയോ ലൂസായി എന്ന ബോധ്യം വന്ന വികാരി കുർബാനയ്ക്കു ശേഷം തങ്കച്ചായന്റെ തലയ്ക്കു പിടിച്ചു പ്രാർത്ഥിച്ചു . സകല ബാധ ഭൂത പിശാചുക്കളും ഒഴിഞ്ഞു പോകാൻ ഹാനാൻ വെള്ളം തളിച്ചു പ്രാർത്ഥിച്ചു . വരാൻ പോകുന്ന ദുരന്തത്തിന്റെ അങ്കലാപ്പിൽ തങ്കച്ചായൻ പരിസര ബോധമില്ലാതെ പ്രാർത്ഥനയിൽ മുഴുകി . ഒന്നാം ദിവസം രാത്രിയായി ശോശാമ്മയുടെ വ്യാധി വർദ്ധിപ്പിച്ചു കൊണ്ടു തങ്കച്ചായൻ അഖണ്ഡ ജപമാല യജ്ഞത്തിൽ ഏർപ്പെട്ടു .ന്യൂയോർക്കിലുള്ള മകൻ വിളിച്ചിട്ടു പോലും കൊന്ത നിർത്താൻ കൂട്ടാക്കാതെ തങ്കച്ചായൻ വ്രതമിരുന്നു .
രണ്ടാം ദിവസം പ്രഭാതമായി ,ഒന്നും സംഭവിച്ചിട്ടില്ല, തങ്കച്ചായനു ഭക്തി മൂത്തു പ്രാന്തായ വിവരം നാട്ടിലൊക്കെ പാട്ടായി .ഉച്ചയായി ഒന്നും സംഭവിച്ചിട്ടില്ല ശോശാമ്മ വ്യാകുല മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു നിന്റെ പുത്രൻ ചമ്മട്ടിയടിയേറ്റപ്പോൾ നിനക്കുണ്ടായ വേദന എത്രയധികമെന്നു ഞാൻ അറിയുന്നു .വൈകുന്നേരമായി, സൂര്യാസ്തമനത്തിനു മുൻപ് പള്ളി മണി അടിക്കുന്നതിനു മുൻപ് ആ വാർത്തയെത്തി ആർ ബ്ലോക്കിൽ ബോട്ട് മുങ്ങി .ആന്ധ്രയിലെ കോളേജിൽ നിന്നും ആലപ്പുഴ കാണാൻ വന്ന 45 കുട്ടികളും മുങ്ങിയിരിക്കുന്നു .കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു . സംഭവമറിഞ്ഞ ശോശാമ്മ ജപമാല ചൊല്ലുന്ന തന്റെ പ്രിയപ്പെട്ടവന്റെ മുഖത്തേയ്ക്കു നോക്കി അയാളുടെ തലയ്ക്കു ചുറ്റും ഒരു ദിവ്യ പ്രകാശ വലയം രൂപപ്പെട്ടത് പോലെ ശോശാമ്മയ്ക്കു തോന്നി . ശോശാമ്മ നിന്ന നിൽപ്പിൽ നിന്നു കൈകൂപ്പി അയാളുടെ മുന്നിൽ മുട്ടു കുത്തി .ഭാഷ വരം , കൈ വെയ്പ്പ് വരം , പ്രവചന വരം തുടങ്ങിയ അനേകം സിദ്ധികളുള്ള തങ്കച്ചായൻ ഇപ്പോൾ ജീവിച്ചിരിക്കുന്ന വിശുദ്ധനാണ്.
വെളിപാടുകൾ വെളിപ്പെട്ടു കിട്ടുന്ന അനേകം വിശുദ്ധരുടെ ഗണത്തിൽ കുട്ടനാട്ടുകാരനായ മുൻ സ്രാങ്ക് തങ്കച്ചൻ മത്തായിയും ഉൾപ്പെട്ടിരിക്കുന്നു . ഇനി നീണ്ട കാത്തിരിപ്പാണ് ആദ്യം തങ്കച്ചൻ മരിക്കണം ,അദ്ദേഹത്തിന്റെ നാമത്തിൽ രണ്ടു അത്ഭുതങ്ങൾ സംഭവിക്കണം അതിനു മെഡിക്കൽ സയൻസിന്റെ അംഗീകാരം വേണം . വാഴത്തപ്പെട്ടവനാകണം , ഒടുവിൽ ഒടുവിൽ വിശുദ്ധനാകണം കുട്ടനാട്ടുകാരുടെ സ്വന്തം അൽമായനായ വിശുദ്ധൻ , വിശുദ്ധ തങ്കച്ചൻ .......................
1 comment:
ഹാ ഹാ ഹാ.വിശുദ്ധൻ ജനിക്കുന്ന വഴി.
Post a Comment