Sunday 27 November 2016

ഹെലിയോഫോബിയ


അണ്ണാ ട്രംപ് വന്നാൽ ഉടൻ ഒരു യുദ്ധമുണ്ടാകുമല്ലേ ? അമ്പട്ടൻ രമേശൻ കത്തിത്തലപ്പു കൊണ്ടു താഴേയ്ക്ക് വടിക്കുന്നതിനിടെ ഒരു നിമിഷം എന്റെ മുഖത്തേയ്ക്കു ഒന്നു നോക്കി ഞാൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോൾ കത്തിത്തലപ്പുമായി പിന്നിലേയ്ക്ക് മാറി നിന്നുതുടർന്നു .ട്രംപ് വരണം അണ്ണാ എന്നാലേ ഇവന്മാർ ഒരു പാഠം പഠിക്കൂ ആ ഹിലാരി മൊണ്ണയാ അവരു വരുന്നതും വരാതിരിക്കുന്നതും കണക്കാ ..
ഏഴാം ക്ലാസിൽ മൂന്നു കൊല്ലം തോറ്റു ബാർബർ പണിക്കിറങ്ങിയ രമേശന്റെ ലോകപരിജ്ഞാനം കേട്ടു തെല്ലൊന്നന്ധാളിച്ചു നിൽക്കെ രണ്ടാം റൌണ്ട് ഷവരത്തിനു ബിൽക്രീമിന്റെ പതയുമായി വന്ന രമേശൻ പതിയെ കാതിനോട് ചേർന്ന് നിന്നൊരു സ്വകാര്യം പറഞ്ഞു .മരോട്ടി പറമ്പിലെ ജാഫറിന്റെ മകൻ സാദിക്കിനെപ്പറ്റി ഒരു മാസമായി ഒരു വിവരവും ഇല്ലത്രെ , നാട്ടുകാർ പറയുന്നത് ഓൻ ഐഎസിൽ ചേർന്നെന്നാ ..
ആര് പോളിടെക്ക്നിക്കിൽ പഠിച്ച സാദിഖ് ജാഫറാ ! വിശ്വാസം വരാത്തപോലെ ഞാൻ അമ്പട്ടനെ നോക്കി .
അതെന്നേ ! ഓൻ മീശയെല്ലാം വടിച്ചിട്ടു മുട്ടക്കാട്ടൻ താടീം വളർത്തിയാരുന്നു നടപ്പ് ഓൻ എപ്പോഴാ പോകുന്നതെന്നേ എനിക്ക് സംശയം ഉണ്ടാരുന്നുള്ളു ഒരു പാന്റു തച്ചാ വൃത്തിയായി ഇടില്ലാരുന്നു പഹയൻ, കണങ്കാലിനു മേലെ വെച്ചു മുറിച്ചു പണ്ടാരം ആക്കിയേ ഇടുള്ളാരുന്നു .ജിഹാദികൾക്കുള്ള സമ്മാനം ജന്നത്താണെന്ന് തുന്നൽക്കാരൻ തമ്പിച്ചനോട് പറഞ്ഞിട്ടാണത്രെ ഓൻ നാടുവിട്ടത് .

രമേശന്റെ കടയ്ക്കു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി നേരിട്ടു ബന്ധമുള്ളതു പോലെ അയാൾ വിശ്വസനീയമായി പിന്നീട്‌  പലതും പറഞ്ഞു ഒരത്ഭുത ജീവിയെപ്പോലെ വായും തുറന്നിരുന്നു ഞാൻ സകലതും കേട്ടു . കൊച്ചു കേരളത്തിലെ കുഗ്രാമത്തിൽ ബാർബർ ഷോപ്പ് നടത്തുന്ന  രമേശൻ പോലും അമേരിക്കയിൽ ട്രംപ് വരുന്നതും കാത്തു നേർച്ചകളുമായി കഴിയുന്നു. ഹിലാരി പോരത്രേ ,തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയപ്പോൾ ഹനുമാൻ സേനയ്ക്കു  വേണ്ടി പ്രസംഗിക്കാൻ വന്ന കോമരക്കാട്ടിൽ കൃഷ്ണൻ പറഞ്ഞാണത്രെ അമ്പട്ടൻ ഡൊണാൾഡ് ട്രംപിന്റെ ഡൈ ഹാർഡ് ഫാൻ ആയി തീർന്നത് .നാഴികക്ക് നാൽപതു വട്ടം കുടിയേറ്റക്കാരെ തെറി പറയുന്ന വർണ്ണ വെറിയനായ കഴുവറഡാ  മോനാണ് ട്രംപ് എന്ന് ഞാൻ അമ്പട്ടനോടു പറയാനോങ്ങിയതാണ് പക്ഷെ എന്തോ ഒരു ഉൾവിളി ഞാൻ സ്വയം വാക്കുകളെ വിഴുങ്ങി .അവന്റെ വിശ്വാസങ്ങളിൽ അവൻ അഭിരമിക്കട്ടെ എനിക്ക് ദോഷമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു അവന്റെ ശത്രുവാകുന്നതെന്തിന് . പക്ഷെയെങ്കിൽ ചെയ്യുന്ന ജോലിയിൽ പരിപൂർണ്ണത രമേശന്റെ മുഖ മുദ്രയാണ് ഭേഷാ വെട്ടിയൊതുക്കിയ മുടി കോതി  കൊണ്ട് ഞാൻ അമ്പട്ടൻ രമേശന്റെ കൈകളിലേക്ക് നോക്കി ചോദിച്ചു അമ്പട്ടാ നീയും  ഹനുമാൻ സേനയിൽ  ചേർന്നു അല്ലേ ?അമ്പട്ടൻ ചിരിച്ചു കൊണ്ടു  തല കുനിച്ചു പണ്ടു നാനായുടെയും സിനിമാ മംഗളത്തിന്റെയും സെന്റർ പേജിലെ മാദക സുന്ദരിമാർ അലങ്കരിച്ചിരുന്ന ബാർബർ ഷോപ്പിന്റെ ഭിത്തിയിൽ നിറയെ പുരാണ കഥാപാത്രങ്ങൾ  .മാറ്റമില്ലാത്തതു മാറ്റത്തിന് മാത്രമാണ്, ചില വ്യക്തികൾ  സംഘടനയുടെ ഭാഗമാകുമ്പോൾ സംഘടനയോ അതിലുപരി വ്യക്തികളോ മാറ്റത്തിനു  വിധേയമാക്കപ്പെടുന്നു എന്തായാലും വെട്ടിയൊതുക്കപ്പെട്ട മുടിയും പോളിഷു ചെയ്യപ്പെട്ട മുഖവും  മാറാല കെട്ടിയ കുറെ വികൃത ചിന്തകളുമായിമായി ഞാൻ പുറത്തേയ്ക്കിറങ്ങി .

ബാർബർ ഷോപ്പിൽ വഴക്കു നടക്കുന്നതറിഞ്ഞാണ് റോഡിലേയ്ക്ക് വന്നത് , ജാഫറിക്ക അമ്പട്ടനുമായി വലിയ തോതിൽ ഉച്ചയിട്ടു സംസാരിക്കുകയാണ്  ഇരു വശത്തും രണ്ടു കൂട്ടർ എന്തിനും സജ്ജരായി നിൽക്കുന്നു . കോമരൻ  ഗോപിയെനിക്ക് കൂടെപ്പിറപ്പായിരുന്നു, ആ ഗോപിയുടെ മകനല്ലേ എന്നോർത്താ ഇതുവരെ ക്ഷമിച്ചത്‌ , ഇനി വയ്യാ എന്റെ മകൻ സാദിക്ക് തീവ്രവാദിയാണെന്നാ ഇവൻ നാട് മുഴുവൻ പറഞ്ഞു നടക്കുന്നെ  നിങ്ങൾ ഒന്ന് എന്റെ വീട് വരെ വരണം ജാഫർ ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി കെഞ്ചി .

സത്യം അറിയാൻ വെമ്പി  നിന്ന ജനക്കൂട്ടം ജാഫറിനു പിന്നാലെ കുഴലൂത്തുകാരന്റെ പിന്നാലെ കൂടിയ എലികുഞ്ഞുങ്ങളെപ്പോലെ മന്ദം മന്ദം നടന്നു നീങ്ങി . ജനക്കൂട്ടം വീട്ടിലേയ്ക്കു ഇരമ്പി വരുന്നത് കണ്ടു ഉമ്മറത്തിരുന്ന സൗദത്താ തലയിലെ  തട്ടം വലിച്ചു കയറ്റി അടുക്കള തിണ്ണയിലേയ്ക്ക് ഓടി മറഞ്ഞു .
 അമ്പട്ടനെയും മൂന്നാലു പൗര പ്രമുഖന്മാരെയും കൂട്ടി  ജാഫർ സ്വന്തം വീടിന്റെ ഉമ്മറപ്പടി ചവിട്ടി അകത്തേയ്ക്കു കയറി തെക്കേ മൂലയിൽ അടച്ചിട്ടിരുന്ന ചായ്പ്പ്  വെളുക്കെ തുറന്നു . അരിച്ചിറങ്ങിയ സൂര്യ പ്രകാശത്തെ പേടിച്ചിട്ടെന്നോണം ഒരാൾ അലറി വിളിച്ചു കൊണ്ടു ഉള്ളിലുള്ള കയർ കട്ടിലിനു അടിയിലേക്ക് പാഞ്ഞു കയറി . ജാഫർ ഉള്ളിൽ കയറിയയാളുടെ കൈ പിടിച്ചു പുറത്തേയ്ക്കു വലിച്ചിട്ടു . രണ്ടു കൈ കൊണ്ടും മുഖം പൊത്തിയയാൾ  നിലത്തേയ്ക്കിരുന്നു .അമ്പട്ടൻരമേശൻ  ഒരു കൈ പിടിച്ചു താഴേയ്ക്ക് മാറ്റി അതു സാദിഖ് തന്നെയെന്ന് ഉറപ്പു വരുത്തി . കഴിഞ്ഞ രണ്ടു മാസമായി സാദിഖ് ഹെലിയോഫോബിയ എന്ന അസുഖത്തിന് ചികിത്സയിൽ ആയിരുന്നത്രേ . സൂര്യപ്രകാശം കാണുമ്പോൾ അയാൾ അലറി വിളിക്കും .  വെളിച്ചം ജിന്നെന്ന പോലെ അയാളെ കീഴ്പ്പെടുത്തും പിന്നെയൊരു അലർച്ചയാണ്‌ ഇരുട്ട് വന്നു കണ്ണുകളെ മൂടും വരെ അയാൾ ഭാന്തനെപ്പോലെ അലറും അഭിമാന ബോധവും മകന്റെ ഭാവിയേയും കരുതിയായിരുന്നു ജാഫർ ഇക്കാലമത്രയും നിശ്ശബ്ദനായിരുന്നത് .
ജനക്കൂട്ടത്തിനു ബോധ്യം വന്നിരിക്കുന്നു സാദിഖ് ജാഫർ ഐസിസിൽ ചേർന്നട്ടില്ല  പിന്നെയോ വെളിച്ചത്തെപ്പോലും അഭിമുഖീകരിക്കാൻ വയ്യാത്തത്ര ഭീരുവായി തീർന്നിരിക്കുന്നു .

അന്നൊരു ചൊവ്വാഴ്ച്ച ആയിരുന്നു ബാർബർ  ഷോപ്പിനു അവധിയുള്ള ദിവസം അമ്പട്ടൻ  രമേശൻ അതിരാവിലെ ഉണർന്നു ഷൗരക്കത്തിക്കു മൂർച്ച കൂട്ടി അതുമായി ജാഫറിന്റെ വീട്ടിലേയ്ക്കു നടന്നു സൂര്യൻ ഉദിക്കുന്നതിനു മുൻപ് അമ്പട്ടൻ സാദിഖിന്റെ നീണ്ടു വളർന്നു ജഡ പിടിക്കാറായ രോമകൂപങ്ങളെ വടിച്ചിറക്കി. ഷൗരക്കത്തിസാദിഖിന്റെ താടി രോമങ്ങളെ പിഴുതെറിയുമ്പോൾ  സാദിഖ് രമേശന്റെ കണ്ണുകളിലേയ്ക്ക് സംശയത്തോടെ നോക്കിഅപ്പോൾ ജുമാ മസ്ജിദിന്റെ മിനാരത്തിൽ നിന്നും പറന്നുയർന്നൊരു മൈന  അമ്പട്ടനും സാദിക്കിനും ഇടയിൽ വന്നൊരു മധുരഗീതം പാടി ,ആ പാട്ടിന്റെ സ്വരമാധുരിയിൽ അലിഞ്ഞലിഞ്ഞു അമ്പട്ടൻ രമേശനും  സാദിക്ക് ജാഫറും  രണ്ടു മനുഷ്യർ മാത്രമായി  ......

No comments: