Tuesday 22 November 2016

ഞങ്ങളും ഭൂമിയുടെ അവകാശികളാണ്



പരദേശികൾ  പലവിധമാണുള്ളത്  ,
ആകാശത്തേയ്ക്കയച്ചു വിട്ട ചരടിൽ കെട്ടിയ പട്ടം പോലൊന്ന്   .
ബഹിരാകാശത്തേയ്ക്കു വിക്ഷേപിച്ച ഉപഗ്രഹം പോലൊന്ന്
ശത്രു നിഗ്രഹത്തിനു പ്രയോഗിക്കുന്ന ബൂമറാങ് പോലൊന്ന്
ഒരു ലക്ഷ്യവുമില്ലാത്ത പരദേശികളുടെ ജീവിതയാനം വേറൊന്ന് .

ചരടിൽ കെട്ടിയ പട്ടത്തിന് ആകാശത്തോളം ഉയരണം
എല്ലാവർക്കും മേലേ നിന്നു കൊണ്ടൊന്നു താഴേയ്ക്ക് നോക്കണം
കാറ്റിന്റെ ഗതിയും ചരടിന്റെ അറ്റം നിയന്ത്രിക്കുന്ന ആളുമാണ്
പട്ടം എപ്പോൾ ഉയരണമെന്നും താഴെണമെന്നും
ചിണുക്കണമെന്നും ചരടിന്റെ പിടിയിലൂടെ നിയന്ത്രിക്കുന്നത്
എന്നിട്ടും ചിലപ്പോൾ പ്രകൃതിയതിനെ തലകീഴായി മറിക്കും
ശക്തമായ കാറ്റിൽ ചരടിൽ നിന്നും വിട്ടു
വേറെ ഏതോ ലോകത്തേയ്ക്ക് പറന്നു പറന്നു
 പോകുമെങ്കിലും കൊടിയിറക്കം പോലൊരു നിലം
തൊടൽ ഉണ്ടാവുമെന്ന പ്രതീക്ഷ അതിനുമുണ്ട്

ബഹിരാകാശത്തേയ്ക്കു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ
ഭൂമിയിലേയ്ക്ക് ചിത്രങ്ങൾ അയയ്ക്കും പോലെ
ചില ചില്ലറ ഇടപാടുകൾ ഒഴിച്ചു നിർത്തിയാൽ
ഇത്തരം പ്രവാസികൾക്കു നാടുമായി ഒരു ബന്ധവുമില്ല
കാലാവധി കഴിയുമ്പോൾ ഏതെങ്കിലും കടലിൽ പതിക്കുന്ന
ആർക്കും വേണ്ടാത്ത ലോഹ കഷണങ്ങളെപ്പോലെ
ലോകത്തിന്റെ  ഏതെങ്കിലും കോണിൽ ഗൃഹാതുര സ്മരണകളുമായി
മടക്കയാത്ര കൊതിച്ചു കൊതിച്ചു നക്ഷത്രമാകും .

ബൂമറാങ് ഒരു കൃത്യതയുള്ള ആയുധമാണ്
അതിനു ലക്ഷ്യം അറിയാവുന്നതു പോലെ
യജമാനനെയും അറിയാൻ കഴിയുന്നു
ലക്ഷ്യം പൂർത്തിയായാൽ അത് തൊടുത്തു വിട്ട
സ്ഥലം നോക്കി യാത്ര തുടരുന്നു .
അതിനു മടങ്ങി പോകാതെ
പാതി വഴിയിൽ യാത്ര നിർത്താൻ കഴിയില്ല .
ലക്ഷ്യം കീഴടക്കുന്ന നിമിഷങ്ങൾ എണ്ണി യാത്ര ചെയ്യുന്ന
പരശതം ബൂമറാങ്ങുകളിലധികവും തൊടുക്കുന്നത്
വരണ്ടു ഊഷരമായ   മരുഭൂമിയിൽ നിന്നും
പരകായ പ്രവേശം നടത്തിയ മലർവാടികളിലേയ്ക്കാണ്

ചില പ്രവാസങ്ങൾ ഗതികേടിൽ നിന്നുണ്ടാകുന്നതാണ്
ജനിച്ച മണ്ണും വളർന്ന നാടും അത്രമേൽ പരിത്യജിക്കുമ്പോൾ
നാടോടിയാകാൻ വിധിക്കപ്പെടുന്ന ചിലരുണ്ട് .
തീഗോളങ്ങൾ ഇരമ്പുന്ന നഗരങ്ങൾ വിട്ടു
അരവയറിന്റെ അടിമത്വത്തിലും പരദേശിയാകാൻ
സർവ്വവും ത്യജിക്കുന്ന ഹതഭാഗ്യർ .
ജീവനാണവരുടെ  മൂലധനം, അതു സംരക്ഷിക്കുവാൻ
ഭാഷ ദേശ സംസ്ക്കാര  വ്യത്യാസങ്ങളെ അവർ
മനസ്സില്ലാ മനസ്സോടെ പരിത്യജിച്ചിട്ടും
പരദേശികളായാ അവരെ നാം അഭയാർത്ഥികളെന്നു
നിർദ്ദയം വിളിക്കുന്നു .പ്രാവാസം പ്രയാസമെങ്കിലും
കാനാൻ ദേശം തേടിയുള്ള യാത്ര തുടരുകയാണ്
നാടോടികളെന്നോ ,പരദേശികളെന്നോ ,പ്രവാസികളെന്നോ
എന്തു പേരു ചൊല്ലി വിളിച്ചാലും
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്
ഞങ്ങളും ഭൂമിയുടെ അവകാശികളാണ്

No comments: