Wednesday, 13 June 2012

നന്മയുടെ ഒരു ചിരി കൂടി

കമ്പനി മുങ്ങുന്ന ഘട്ടം വന്നപ്പോഴാണ്  ശാദി  മുതലാളി അലമാരതുറന്നു പണ്ട് മടങ്ങിയ ചെക്കുകള്‍ എടുത്തു  പുറത്തേക്കു ഇട്ടത്, ബിസിനസ്‌  നല്ല രീതിയില്‍ നടന്നിരുന്നപ്പോള്‍ മടങ്ങി വന്ന ചെറിയ ചെറിയ തുകയുടെ ചെക്കുകള്‍ ഒരു ഇരുപത്തഞ്ചോളം വരും അവ എന്റെ ടേബിളിനു മുകളില്‍ ഇട്ടു കിട്ടാവുന്നവ മാര്‍കെറ്റില്‍ നിന്നും പിരിച്ചെടുക്കാന്‍ പറഞ്ഞു  .പ്രതാപിയായ കാലത്തു കൈ അയച്ചു  എല്ലാവരെയും സഹായിച്ചിരുന്ന  മഹാനുഭാവനായ മനുഷ്യന്‍  ആയിരുന്നു മുതലാളി  , ആരെയും വിശ്വസിക്കുന്ന ഒരു പഞ്ച പാവം  വാങ്ങികൊണ്ട് പോയവര്‍ക്ക് കൈയും കണക്കുമില്ല ദൈവം തരുന്നത് മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാന്‍ ആണെന്ന് പറഞ്ഞിരുന്ന ഉദരമാതിക്ക് ഇങ്ങനെ ഒരു അവസ്ഥ സ്വപ്നേപി പ്രതീക്ഷിച്ചിരുന്നതല്ല .വലിയ തുകക്കുള്ള ചെക്ക് മുതല്‍  ചെറിയ ചെക്കുകള്‍  വരെ ഓരോന്നായി ഞാന്‍ തരാ തരം മാറ്റി പതിനായിരത്തിന് താഴെ ഉള്ളവയ്ക്ക് മാത്രമാണ് മടങ്ങിയിട്ടും ക്ലൈം ചെയ്യാതെ വെച്ചിരിക്കുന്നത് . മിക്കവയും ആയിരവും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ ഉള്ള ചെറിയ കച്ചവടക്കാര്‍ വാങ്ങിയവ .അറബി രാജ്യത്തെ നിയമം അനുസരിച്ച് കൊടുത്ത ചെക്ക്‌ മടങ്ങിയാല്‍ കൊടുക്കുന്നയാള്‍  പണം കൊടുത്തു തീര്‍ത്താല്‍ കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം വിശ്വാസ വഞ്ചന എന്ന വലിയ ഒരു കുറ്റം ചെയ്തതിനാണ് ഈ ശിക്ഷ . ആയതു കൊണ്ട് തന്നെയാണ് നല്ലവനായ ശാദി  മുതലാളി മടങ്ങിയ ചെക്കുകള്‍ക്ക് പിന്നാലെ പോകാതിരുന്നതും . അള്ളാഹു തരുമ്പോള്‍ ഒരു പാവത്തെ നമ്മളായിട്ടു കുടുക്കണ്ട എന്ന് കരുതി ഒരു കാരുണ്യം .ഇപ്പോഴും പോലീസിലോ കേസിനോ പോകാനല്ല ഒന്ന് കൂടി അഭ്യര്‍ഥിച്ചു നോക്കാം കിട്ടുന്നവ കിട്ടട്ടെ .ഞാനും ഒരല്പം ടെന്‍ഷനില്‍ ആണ് കമ്പനിയിലെ അവസാനത്തെ ആളാണ് ഞാന്‍ ബാക്കി എല്ലാവരെയും പറഞ്ഞു വിട്ടു കഴിഞ്ഞു  .   ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ ഒരേ കമ്പനിയുടെ  മടങ്ങിയിരിക്കുന്നു അതില്‍ നിന്നും തുടങ്ങാം.


ബൂട്ട എന്ന മുഹമ്മദ്‌ ബൂട്ടയുടെ കമ്പനിയുടെ പേരില്‍ ഉള്ള ചെക്കുകള്‍ ആണ് രണ്ടും .ഞങ്ങള്‍ തുടങ്ങിയ കാലം തൊട്ടേ ബൂട്ട ഞങ്ങളുടെ വിശ്വസ്തനായ കസ്ടമര്‍ ആയിരുന്നു  ഒരു കാരണവശാലും മടങ്ങാന്‍ സാധ്യതയില്ലാത്ത ചെക്കുകള്‍. ആറുമാസമായി അയാളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല ഞാന്‍ നമ്പര്‍ നോക്കി ഡയല്‍ ചെയ്തു .അപ്പുറത്ത് ഒരു കിളിനാദം ബാബാ കുറച്ചായി കിടപ്പില്‍  ആണ് ,മകള്‍ ആവും ഞാന്‍ ചോദിച്ചു അദ്ദേഹത്തോട്  സംസാരിക്കാമോ ? ഇല്ല അദ്ദേഹത്തിന് തീരെ വയ്യ  .കടക്കാരു വരുമ്പോള്‍ പത്തായത്തില്‍ ഒളിച്ചിട്ട് മക്കളെ കൊണ്ട് അപ്പന്‍ ഇല്ല എന്ന് പറയുന്ന നമ്മുടെ നാട്ടു നടപ്പും കിട്ടുന്നതില്‍ പാതി എന്റെ സര്‍വീസ് പൈസയും ആകും എന്ന ചിന്ത എന്നെ  ബൂട്ടയെ പിന്തുടരാന്‍ തീരുമാനിച്ചു .ഷാര്‍ജയില്‍ വ്യവസായ മേഖല ഒന്നില്‍ എവിടെയോ ആണ് അയാളുടെ ഷോപ്പ് അത്  തപ്പി പിടിച്ചു കണ്ടെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്നു, അടഞ്ഞു കിടക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോര പുറത്തു മുനിസിപാലിറ്റി വക ഒരു ചുവപ്പ് നോട്ടീസും ,അടുത്ത് കണ്ട ബാക്കാലയില്‍ കയറി അന്വേഷിച്ചപ്പോള്‍ ബൂട്ട പൊട്ടി പാളീസായ വിവരം കുറച്ചു പുച്ഛത്തോടെ ആണ് അയാള്‍ പറഞ്ഞത് .സാറ് ഏതു ബാങ്കിന്റെ ആളാ അല്ല കുറച്ചു നാളായി ബാങ്കുകാര്‍ മാത്രമേ ബൂട്ടയെ അന്വേഷിച്ചു വരാറുള്ളൂ അവരെയെല്ലാം ഞാന്‍ കൃത്യമായി വീടിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു വിടാറും ഉണ്ട് .മലയാളിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഉപകാരം ഒരു ജ്യൂസ്‌ വാങ്ങി പന്ത്രണ്ടായിരത്തെ അതിന്റെ പാട്ടിനു വിടാം എന്ന് ചിന്തിച്ചു പുറത്തേക്കു ഇറങ്ങുമ്പോള്‍ അയാള്‍ പിറകെ വിളിച്ചു അല്ല സാറിനു ബൂട്ടയുടെ വീട് അറിയേണ്ടേ  വീട്ടില്‍ ചെല്ലുന്നോര്‍ക്കെല്ലാം കുറച്ചെങ്കിലുംകാശ്  കൊടുത്തു വിടുന്നുണ്ട്  എന്നാണ് കേട്ടത് . കുറചെങ്കില്‍ കുറച്ചു എത്ര കിട്ടിയാലും കിടുന്നത് ഉപകാരം അയാള്‍ പറഞ്ഞ വഴി ലക്ഷ്യമാക്കി ഞാന്‍ നടന്നു .

ഹസാര്‍ വില്ല പാകിസ്ഥാനികളുടെ കേന്ദ്രമാണ് അവിടെ നസീമ ബില്ടിംഗ് മെറ്റീരിയല്‍ നടത്തിയ മുഹമ്മദ്‌ ബൂട്ട എന്ന പാകിസ്താനിയെ അന്വേഷിച്ചു എത്തപെട്ടത്‌ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വില്ലയുടെ മുന്നിലാണ് .ഏകദേശം ഒരു പതിനഞ്ചു വയസുവരുന്ന ഒരു പെണ്‍കുട്ടി വന്നു വാതില്‍ പാതി തുറന്നു .ബാബ ആപ്കോ മിലനേ കേലിയെ കോയി ആയാ ആ കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു .ആരാ വന്നത് നല്ല ഉറുദുവില്‍ മറുചോദ്യം ഞാന്‍ കമ്പനിയുടെ പേര് പറഞ്ഞു .അകത്തു കയറുമ്പോള്‍  ഞാന്‍ ഓര്‍ക്കുകയായിരുന്നു ലോഡ് കയറ്റാന്‍ വരുമ്പോള്‍ മണിക്കും ശ്യാമിനും നൂറു ദിര്‍ഹം ടിപ്പു കൊടുക്കുന്ന ഹമ്മരിലും ബെന്സീലും മാറി മാറി വന്നിരുന്ന ബൂട്ട മുതലാളിയെ , എല്ലാവരോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറിയിരുന്ന കടുത്ത ദൈവഭയമുള്ള ആ മനുഷ്യ സ്നേഹിക്കിതെന്തുപറ്റി ? കട്ടിലില്‍ കണ്ട രൂപം എന്നെ കൂടുതല്‍ ദുഖിതനാക്കി മെലിഞ്ഞു ഉണങ്ങി നരച്ച താടിയുമായി പഴയ ബൂട്ടയില്‍ നിന്നും നൂറുശതമാനം വ്യത്യസ്തമായൊരു വികൃതരൂപം ആറുമാസം കൊണ്ട് ഒരാള്‍ക്ക് ഇങ്ങനെ മാറാന്‍ കഴിയുമോ .എന്നെ കൈപിടിച്ച് കട്ടിലിനരുകില്‍ ഇരുത്തി പറയാന്‍ തുടങ്ങി നീ കാണുന്നില്ലേ അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ആണ് ഞാനും കുടുംബവും, നന്നായി നടന്നിരുന്നപ്പോള്‍ കടം വാങ്ങാനും തരാനും ഒരു പാട് പേര്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ആഹാരം പോലും മറ്റുള്ളവരുടെ ദയയിലാണ് .ഇവിടെയും പാകിസ്ഥാനിലും വില്‍ക്കാന്‍ ഉണ്ടായിരുന്നതെല്ലാം വിറ്റു. ഇനി കോടതി വിധി പറയേണ്ട മൂന്ന് കേസുകള്‍ കൂടിയുണ്ട് അത് തീര്‍ന്നാലേ രാജ്യം വിടാന്‍ ആവും .ബിസിനസ്‌ കുറഞ്ഞു ഇല്ലാതെ ആയ സമയത്താണ് കടയില്‍ നിന്ന ബംഗാളി  പയ്യന്‍ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച അഞ്ചു ലക്ഷവുമായി മുങ്ങിയത്, അതോടെ അടിത്തറ തകര്‍ന്നു പിന്നെ ഓരോന്ന് വീതം വില്‍ക്കുക മാത്രമായിരുന്നു പോംവഴി .ഇപ്പോള്‍ ഞാനും മകളും കുറെ ബാധ്യതകളും മാത്രം മുഖം മുഴുവനും  കിടക്കയും   കണ്ണീരു കൊണ്ട് നനഞ്ഞു  മകള്‍ വന്നു നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ചു .ഞാന്‍ വന്ന കാര്യം പറയാന്‍ മറന്നിരിക്കുന്നു എങ്ങനെ പറയാന്‍ ഉരലിന്റെ സങ്കടം മദ്ദളത്തോട് പറഞ്ഞിട്ട് എന്ത് പ്രയോജനം .നിന്റെ മുതലാളി എന്ത് പറയുന്നു അയാള്‍ നല്ലവനാ അള്ളാഹു അവനെ എല്ലാ ആപത്തില്‍ നിന്നും കാത്തു രക്ഷിക്കും .ഞങ്ങളും കഴുത്തോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നകാര്യം ബൂട്ടയോടു പറഞ്ഞില്ല ആറായിരത്തിന്റെ രണ്ടു ചെക്കുകള്‍ കനം തൂങ്ങുന്ന നോട്ടുകെട്ടുകള്‍ പോലെ എന്റെ പോകറ്റില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു .ബൂട്ടയോടു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങിയതും മുതലാളിയുടെ ഫോണ്‍ വന്നു . ബൂട്ടയുടെ വീട്ടിലാണെന്നും വളരെ പരിതാപകരമായ അവസ്ഥയില്‍ ആണ് അദ്ദേഹം എന്ന് പറഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്നും ഒരു ചോദ്യം നീ ടെലിഫോണ്‍ ബില്‍ അടച്ചോ ? ഡിസ്കണക്ട് ചെയ്ത ടെലിഫോണ്‍ ബില്ല അടക്കാന്‍ തന്ന രണ്ടായിരം ദിര്‍ഹം എന്റെ പോക്കറ്റില്‍ ഇരിക്കുന്നു . ഇല്ല സര്‍ ഞാന്‍ ഉടനെ പോവാം വേണ്ട ആ പൈസ നീ ബൂട്ടക്ക് കൊടുത്തേക്കു ഒരു നിമിഷം ഞാന്‍ സ്തബ്ദനായ് ടെലിഫോണ്‍ ബില്‍ അടക്കാന്‍ ഇത് ഒപ്പിക്കാന്‍ അവന്‍ പെട്ട   പാട് എനിക്കറിയാം എന്നിട്ടിപ്പോള്‍  സര്‍ അത് വേണോ ഞാന്‍ വീണ്ടു ചോദിച്ചു ഡൂ ഇറ്റ്‌ അജീഷ്   ഗോഡ്  ടേക്ക്  യു  തെഅര്‍  ടൂ  ഹെല്പ്  ഹിം,ഇറ്റ്‌ ഈസ്‌ ഹിസ്‌ വില്‍ .ഞാന്‍ അകത്തു കയറി പോകറ്റില്‍ ഉണ്ടായിരുന്ന കാശ്  ബൂട്ടയുടെ  കൈയില്‍ പിടിപ്പിച്ചു അയാളെന്റെ രണ്ടു കൈയും നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കരഞ്ഞു  ഗതിയില്ലതവന്റെ പ്രതിസമ്മാനം.
തിരിച്ചു ഞാന്‍ ഓഫീസില്‍ എത്തുമ്പോള്‍ മല്‍ബോരോ സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചു ഇരിക്കുകയാണ് മുതലാളി ഞാന്‍ ബൂട്ടയുടെ ആറായിരത്തിന്റെ രണ്ടു ചെക്കുകളും തിരികെ ഏല്പിച്ചു അതും കിട്ടാനുണ്ടായിരുന്ന മറ്റു ഇരുപതോളം ചെക്കുകളും വാങ്ങി കസരക്ക്  താഴെ വിടര്‍ത്തിയിട്ടു  ഒരു ചെക്കെടുത്ത്‌ സിഗരട്ടിലെ തീയിലേയ്ക്ക് ആങ്ങ്‌ വലിച്ചു കത്തി പടര്‍ന്ന  തീ  മറ്റു ചെക്കുകളിലെയ്ക്ക് പടര്‍ത്തി ശാദി മുതലാളി ആര്‍ത്തു ചിരിച്ചു  .

2 comments:

ajith said...

ഹാ, ഇതുപോലുള്ള അനുഭവങ്ങള്‍ വായിക്കുന്നത് മനസ്സിനെ നിര്‍മലീകരിയ്ക്കുന്നു. താങ്ക്സ്

Villagemaan/വില്ലേജ്മാന്‍ said...

നന്മയുടെ കിരണങ്ങള്‍..

നല്ല പോസ്റ്റ്‌ ഭായ്.. മാതൃ ഭൂമി പ്രവാസലോകത്തിലൂടെ ഇവിടെ എത്തിപെട്ടു..

എല്ലാ ഭാവുകങ്ങളും..