Sunday, 29 July 2012

പറൂദീസയിലേയ്ക്കൊരു വിസ

അകത്താക്കിയ  നാല് പെഗ്  തണുപ്പിനെ പ്രതിരോധിക്കുമെന്നു മനസിലായപ്പോള്‍ ഡേവിഡ്‌ മെല്ലെ പുറത്തേക്കു ഇറങ്ങി ആലിപ്പഴങ്ങള്‍ മുടിയ പൈന്‍ മരങ്ങളും വിജനമായ റോഡും കടന്നു നഗര പ്രാന്തം ലക്ഷ്യമാക്കി നടന്നു .കടുത്ത നിരാശയും അന്യതാ ബോധവും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു തൊഴില്‍  അന്വേഷകന്‍ ആയി അലയുംമ്പോഴാണ് തിരുവല്ലയില്‍ നിന്നും സുസിയുടെ വിവാഹ പരസ്യം കണ്ടു പ്രലോഭിതനായത്. ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട പുരാതന കുടുംബത്തിലെ ദൈവഭയമുള്ള യുവതി വരനെ തേടുന്നു ലണ്ടനില്‍ നേഴ്സ്( BSC )വെളുത്ത നിറം സാമാന്യം സൌന്ദര്യം വരനെ കൊണ്ട് പോകും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബ മഹിമയുള്ള  വരനെ തേടുന്നു .

ജീവിതം മാറിമറിയാന്‍ അധികം സമയം ഒന്നും വേണ്ട ചിലപ്പോള്‍ സുസി ഒരു വഴികാട്ടിയാവും .നീണ്ട വിദേശവാസം ജാതകത്തില്‍ ഉണ്ടെന്നാണ് അമ്മച്ചി പണ്ട് പറയാറുണ്ടായിരുന്നത് പക്ഷെ കരിസ്മാറ്റിക്ക് ധ്യാനം കൂടിയ മൂച്ചില്‍ അമ്മച്ചി ജാതകമെടുത്തു  കരിച്ചു കളഞ്ഞതിനാല്‍ സത്യമാണോന്നു ഒരു ഉറപ്പും ഇല്ല . എന്തായാലും ഒന്ന് പോയി നോക്കാം ഒരു ഞായറാഴ്ച പള്ളി കമ്മറ്റി കഴിഞ്ഞപ്പോള്‍ കപ്യാരെയും കൂട്ടി   ബൈക്കെടുത്തു നേരെ വിട്ടു തിരുവല്ലക്ക് ഒരു പഴയ വീട് പക്ഷെ പ്രതാപകാലത്ത് ഇവര് പുലികളായിരുന്നു എന്ന് ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളുടെ കമനീയശേഖരം പൂമുഖത്തെ ഭിത്തിയില്‍ ഇരുന്നു വിളിച്ചു പറയുന്നു .ചെറുക്കനെക്കാള്‍ ഏറെ ഫിലോസഫിയിലെ ബിരുദങ്ങള്‍ ആണ്  കാരണവര്‍ക്ക്‌ ബോധിച്ചതെന്നു  തോന്നി കല്യാണം കഴിഞ്ഞാല്‍ എപ്പോള്‍ ലണ്ടനിലേയ്ക്ക് കൊണ്ട് പോകും എന്ന് പ്രത്യേകം ചോദിയ്ക്കാന്‍ കപ്പ്യാരെ നേരെത്തെ ചട്ടം കെട്ടിയിരുന്നതിനാല്‍ കിട്ടിയ ഗാപ്പില്‍ കപ്പ്യാര്‍ ആ ചോദ്യം എറിഞ്ഞു ."ഏറിയാല്‍ ഒരു മാസം വിസയും പേപ്പറുകളും ശരിയാകേണ്ട താമസം മാത്രം അവള്‍ക്കവിടെ ഗ്രീന്‍ കാര്‍ഡ് ഉണ്ടേ" കാരണവര്‍ അഭിമാനത്തോടെ പറഞ്ഞു.

കുതിരപ്പുറത്തു കുന്തവും പിടിച്ചിരിക്കുന്ന ഗീവര്‍ഗീസ് പുണ്യവാനെ സാക്ഷി നിര്‍ത്തി സൂസി തോമസിനെ  സൂസി ഡേവിഡ്‌ ആക്കി  മാറ്റുമ്പോള്‍  നാലുകോടിയിലെ അപ്പച്ചന്റെ വഷള് മണമുള്ള ഉണക്കമീന്‍ കച്ചവടത്തിന്റെ ലോകത്ത് നിന്നും ഒരു മഞ്ഞു മൂടിയ താഴ്വാരത്തെ പൌണ്ടിന്റെ കൊതിപ്പിക്കുന്ന ഗന്ധം എന്നെ തഴുകി കടന്നു പോയി .തത്വ ശാസ്ത്രത്തില്‍ ഡിപ്ലോമയും ഡിപ്ലോമസിയും നേടിയ എന്നെ വെറും ഉണക്കമീന്‍ കച്ചവടക്കാരന്‍ ആക്കാന്‍ ശ്രമിച്ച ക്രൂരനായ അപ്പച്ചന്റെ മുഖത്തു നോക്കി വിജയീ ഭാവത്തില്‍ ഞാന്‍ സുസിയുടെ കഴുത്തില്‍ മിന്നു കെട്ടി .കല്യാണത്തിനു കഴിച്ച ബിരിയാണിയുടെ മണം കൈയില്‍ നിന്നും മാറുന്നതിനു മുമ്പ് സൂസി മോള്‍ എന്നെ തനിച്ചാക്കി ലണ്ടനിലേയ്ക്ക് വണ്ടി കയറി.ഇനി എന്‍റെ ഊഴമാണ് സാധാരണ അപ്പന്‍റെ ഉണക്കമീന്റെ മോശട് മണം സഹിക്കാന്‍ വയ്യാത്തതിനാല്‍  ഒരു നേരത്തും വീട്ടില്‍ ഇരിക്കാതെ ഊര് തെണ്ടുന്ന ഞാന്‍ സൂസിമോളുടെ കിളിമൊഴിക്കായി ഫോണിന്റെ ചോട്ടില്‍ പെറ്റു കിടന്നു . വിസയും  ടിക്കെറ്റും വന്ന അന്ന് യുവദീപ്തിയിലെ മദ്യവിരുദ്ധ പ്രവത്തകര്‍ക്കെല്ലാം കള്ളും കപ്പ ബിരിയാണിയും വയറു നിറയെ വാങ്ങി കൊടുത്തു. വരുമ്പോള്‍ നല്ല വിലകൂടിയ സ്കോച്ച് ഒരെണ്ണം നേരത്തെ ബുക്ക്‌ ചെയ്തു മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ എന്നെ കണ്ണീരോടെ യാത്രയാക്കി .

മഞ്ഞു വീണു കോട്ടും തൊപ്പിയും ഒക്കെ വെളുത്തിരിക്കുന്നു നാലു പെഗ് തന്ന പ്രതിരോധം അലിഞ്ഞു ഇല്ലാതെ ആകുന്നു.അടുത്തുകണ്ട സ്റ്റോറില്‍ കയറി വെള്ളക്കാരനോട് ഹായ് പറഞ്ഞു "ഹായ് ഹൌ ആര്‍ യു ജെന്റില്‍ മാന്"‍ . സര്‍ ഐ ആം നോറ്റ് സൊ ഫൈന്‍ ആം ലൂക്കിംഗ് ഫോര്‍ എ ജോബ്‌ സിന്‍സ് ലാസ്റ്റ് സിക്സ് മന്ത് . സായിപ്പ് കരുണ കാണിക്കണം പെമ്പ്രന്നോരു കൊണ്ടുവരുന്നത് തിന്നു മടുത്തു മുട്ടാത്ത വാതിലുകളില്ല സാറിനെ കണ്ടിട്ട് ഒരു മനുഷ്യസ്നേഹി ആണെന്ന് തോന്നുന്നു അല്ല സാറിന്‍റെ നെറ്റിയില്‍ അത് എഴുതി വെച്ചിട്ടുണ്ട് എം ജി യുണിവേര്‍സിറ്റി മണ്ടയില്‍ കയറ്റിതന്ന മല്ലു ഇങ്ങ്ലീഷില്‍ സായിപ്പ് വീണെന്ന് തോന്നുന്നു . സീ ജെന്റില്‍ മാന്‍ ഐ കനോട്ട് ഹെല്പ് ഡയറക്റ്റ് ബട്ട്‌ ഐ വില്‍ സെന്‍റ് യു സം വെയര്‍ ഹി വില്‍ ഹെല്പ് യു . ഓ സമാധാനമായി സായിപ്പിന് നന്ദി പറഞ്ഞു മേല്‍വിലാസം വാങ്ങി വീട്ടിലേയ്ക്ക് നടന്നു.


സൂസിക്ക്എന്നോട് ഭയങ്കര സ്നേഹമാണ് എന്നാലും അവള്‍ ഒറ്റയ്ക്ക് സമ്പാദിക്കുന്നത് തിന്നുമുടിക്കുന്നവന്‍ എന്ന ഒരു ധാരണ അവളുടെ  മനസ്സില്‍  ഉണ്ടെന്നു തോന്നുന്നു അല്ലെങ്കില്‍ എന്‍റെ കോമ്പ്ലെക്സ് ആവും എന്തായാലും ഇനി എനിക്കും ഞെളിഞ്ഞു  നില്‍ക്കാം സ്വന്തം പൌണ്ടിന് കള്ളടിക്കാം  ആറുമാദിക്കാം . പിറ്റേന്ന്  സായിപ്പു ജോലിയെ പറ്റി വിശദീകരിക്കുമ്പോള്‍  ഭൂമി പിളര്‍ന്നു താഴെ പോകുന്നപോലെ തോന്നി  സായിപ്പിന്റെ കക്കൂസ് വണ്ടിയില്‍ കിളി ആയിട്ടാണ് ജോലി. നിര്‍ധിഷ്ട്ട മാലിന്യകുഴികളില്‍ പൈപ്പ് കടത്തി  മോട്ടര്‍ ഓണ്‍ ആക്കി അമേദ്യം വലിച്ചു വണ്ടിക്കുള്ളിലാക്കണം  ശേഷം പൈപ്പ് ചുരുട്ടി ഗട്ടെര്‍ മൂടണം ദൂരെ രീസൈക്ലിംഗ് പ്ലാന്റില്‍ കൊണ്ട് ടാങ്കെര്‍ കാലി  ചെയ്യണം  . ഇവിടെ തത്വ ശാസ്ത്രത്തിലെ ബിരുധനന്തര ബിരുദത്തിനു എന്ത് റോള് , എന്നാലും സായിപ്പ് മാന്യനാ തോട്ടി പണിയാണെന്ന് അറിഞ്ഞു നല്ല ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട് . തോട്ടി എങ്കില്‍ തോട്ടി നാട് വിട്ടാല്‍ പിന്നെ എന്ത് നോക്കാന്‍ സൂസിയോടൊരു കള്ളം പറഞ്ഞു പിറ്റേന്ന് മുതല്‍ ജോലിക്ക് പോയി തുടങ്ങി എങ്കിലും മോട്ടോര്‍ ഓണ്‍ ആകുമ്പോള്‍ കടന്നു വരുന്ന ദുര്‍ഗന്ധം എന്നെ  നാട്ടിലെ ഓര്‍മകളിലേയ്ക്ക് കൊണ്ട് പോകും  ഇതിലും എത്രയോ നന്നായിരുന്നു അപ്പന്‍റെ ഒണക്കമീന്‍റെ മോശട് മണം. എല്ലാം നഷ്ടപെടുത്തി തിരിച്ചു വരാന്‍ കൊതിക്കുന്ന എന്നെ അവിടുത്തെ ഉണക്കമീന്‍ കടയുടെ മാനെജേര്‍  ആയി എങ്കിലും സ്വീകരിക്കണേ അപ്പാ .........

3 comments:

ajith said...

പറുദീസയിലെ പല ഭര്‍ത്താക്കന്മാരും ഇവ്വിധമാണെന്ന് സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്. ഇതു പോലും കിട്ടാതെ ബേബിസിറ്റിംഗ് ചെയ്യുന്നവരുമുണ്ടത്രെ.


(നാലുകോടി എന്നത് ചങ്ങനാശേരിയ്ക്കടുത്തുള്ള ഒരു സ്ഥലമെന്നത് ബൂലോഗര്‍ക്ക് എത്രപേര്‍ക്കറിയുമോ എന്തോ? അറിയാത്തോര്‍ക്ക് അവിടെയെത്തുമ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ വന്നേക്കാം)

Anonymous said...

നന്നായി. പറുദീസായില്‍ ഇങ്ങനെയൊക്കെയാ

ajeeshmathew karukayil said...

അജിത്തെട്ടനും അനോണിക്കും നന്ദി. അജിത്തെട്ടന്റെ കമന്റ്‌ കൂടി വായിച്ചു കഴിയുമ്പോള്‍ ഇനി എല്ലാര്ക്കും മനസിലാകും .