Wednesday, 12 November 2014

പറുദീസായിലേയ്ക്കു ഒരു ഹുറൂബ്.






ദയവതി കരയുകയായിരുന്നു ഏങ്ങലടി നിർത്താൻ കഴിയാത്തത്ര  വണ്ണം കനത്തപ്പോൾ എനിക്ക് ഇടപെടേണ്ടി വന്നു ഒന്നുകിൽ നിങ്ങൾ കാര്യം പറയുക അല്ലെങ്കിൽ കരഞ്ഞു തീർന്നതിനു ശേഷം എന്നെ വിളിക്കുക.  സാർ എന്നെ എങ്ങനെ എങ്കിലും ഒന്ന് സഹായിക്കണം ഞാൻ എന്തിനു വേണ്ടിയാണോ നാടും വീടും വിട്ടത് അതെനിക്ക് നഷ്ട്ടമായിരിക്കുന്നു. എനിക്ക് നാട്ടിൽ എത്തിയെ തീരു എന്റെ പൊന്നോമന മകന്റെ  മുഖമെങ്കിലും എനിക്ക് കണ്ടേ തീരു സാർ എന്നെ സഹായിക്കണം സാറിനല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ കഴിയില്ല ദയവു ചെയ്തു എന്നെ സഹായിക്കില്ല എന്ന് മാത്രം പറയരുത്.
 നിങ്ങൾ എന്നെ ഓഫീസിൽ വന്നു കാണു എനിക്കൊന്നും മനസിലാകുന്നില്ല നിങ്ങൾക്ക് നാട്ടിൽ പോകാൻ ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്‌.
 സാർ ഓഫീസിൽ വരാൻ എനിക്ക് പേടിയാണ് അറബാബ് എന്നെ കണ്ടാൽ പോലീസിനെ വിളിക്കും സാർ ഓർമിക്കുന്നില്ലേ എന്നെ? ഞാൻ ദയവതി ആറു കൊല്ലം മുൻപ് അറബാബിന്റെ വീട്ടിൽ ജോലിക്ക് വന്ന ശ്രിലങ്കക്കാരി. 
ഞാൻ പിന്നിലോട്ടു കുറച്ചു ചിന്തിചു  നോക്കി ഇല്ല ഒരു എത്തും പിടിയും കിട്ടുന്നില്ല ദയവതി എന്നൊരാളെ ഞാൻ ഓർക്കുന്നു പോലുമില്ല ഒരു പക്ഷെ ഞാൻ മറന്നതാവണം.നിങ്ങൾ ഒരു കാര്യം ചെയ്യും ലേബർ ഓഫീസിനു അരികിലുള്ള കാഫ്ടീരിയയിൽ കാത്തു നില്ക്കുക ഒരു അര മണികൂറിനകം ഞാൻ അവിടെ എത്താം.

രാവിലെത്തെ  ആദ്യ ജോലി ലേബർ ഓഫീസിൽ എത്തി ഹുറൂബ് കേസുകൾ ഫയൽ ചെയ്യുക എന്നതാണ്. കണ്സ്ട്രഷൻ കമ്പനി എന്നാൽ ഏതോ പണം കായ്ക്കുന്ന മരമാണെന്നും അതിൽ പിടിച്ചു കുലുക്കിയാൽ അറബി പണം മുച്ചുടും നാട്ടിലേയ്ക്ക് കമിഴ്ത്തമെന്നു ധരിച്ചു വശായി വരുന്ന മണ്ടന്മാർ എവിടെ എത്തി രണ്ടു ദിവസത്തെ ചൂടും പണിയുടെ കാഠിന്യവും സഹിക്കവയ്യാതെ കമ്പനിയെ അറിയിക്കാതെ വേറെ ജോലികളിലെയ്ക്ക് മുങ്ങും . സ്വർഗ്ഗം എവിടെ ആണെന്ന് അന്വേഷിച്ചു അലഞ്ഞു തിരിയുന്നതിനിടയിൽ പോലീസോ ജവസാത്തോ പിടിച്ചാൽ ജോലിക്ക് കൊണ്ടുവന്ന കമ്പനിക്കും പിഴ കിട്ടും .അതൊഴിവാക്കാൻ തൊഴിലാളികളെ കാണാതായാലുടാൻ ലേബർ ഓഫീസിൽ ഹുറൂബ് റിപ്പോർട്ട്‌ ചെയ്യേണ്ടതുണ്ട് മിക്കവാറും തൊഴിലാളികൾ ചാടി പോകുന്നതിനാൽ ഇതെന്റെ ദിനചര്യകളിൽ ഒന്ന് പോലെ ആയിരിക്കുന്നു. വണ്ടി ലേബർ വളവു   തിരിയാനുള്ള സിഗ്നലിൽ കിടക്കുമ്പോൾ ഒരാൾ എനിക്ക് മുന്നേ ക്രോസ് ചെയ്തു. ആര്ക്കെതിരെയാണോ ഞാൻ കാണ്മാനില്ല എന്നാ പരാതിയുമായി ഇന്ന് തൊഴിൽ മന്ത്രാലയത്തെ  സമീപിക്കാൻപോകുന്നത് അയാൾ തന്നെ എന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ല.പുറകെ ഓടിച്ചിട്ട്‌ പിടിച്ചാലോ വേണ്ട ആരെങ്കിലും എവിടെ എങ്കിലും പോയി ജീവിക്കട്ടെ, നമ്മൾ നിയമ പരമായ നമ്മുടെ ബാധ്യത ഒക്കെ തീർക്കുന്നുണ്ട് ഇനി പോലീസോ ജവസാത്തോ പിടിച്ചു കയറ്റി വിടട്ടെ സിഗ്നലിൽ പച്ച തെളിഞ്ഞതും വണ്ടി ലേബർ   ലക്ഷ്യമാക്കി പാഞ്ഞൂ.

വണ്ടി പാർക്കു ചെയ്തു വെളിയിൽ ഇറങ്ങുമ്പോൾ തന്നെ സാരി ധരിച്ച മധ്യവയസ്കയായ സ്ത്രീ എന്നെ പിടികൂടി. സാർ ഞാൻ അങ്ങയെ കാത്തു നില്ക്കുവാരുന്നു രാവിലെ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു, 

എന്നെ രക്ഷിക്കണം എനിക്ക് എന്റെ മകനെ കണ്ടേ പറ്റൂ!  അവരെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു കൊണ്ട് അവരുടെ കയ്യിലിരുന്ന ഫയൽ വാങ്ങി മറിച്ചു നോക്കി , ഞങ്ങളുടെ കമ്പനിയുടെ മുതലാളിയുടെ വീട്ടിൽ ആറു കൊല്ലം മുൻപ് വേലക്കാരിയുടെ വിസയിൽ എത്തിയവരാണ് . നിങ്ങൾ എന്തിന്നാണ് അവിടെ നിന്നും ഓടിപോയത് ? എന്റെ ചോദ്യത്തിന് രണ്ടു കൈകൊണ്ടും മുഖം തുടച്ചു കൊണ്ട് അവർ മറുപടി പറഞ്ഞു തുടങ്ങി  സാർ ഞാൻ എന്റെ മകന്റെ പഠനചിലവിനു പണം സ്വരുപിക്കനാണ് നാട് വിട്ടു വീട്ടു ജോലിക്കാരിയായത് പക്ഷെ അവിടെ വെച്ച് ഏജൻസി പറഞ്ഞ തുക തന്നില്ല എന്നു മാത്രമല്ല രാവന്തിയോളം കഷ്ട്ടപാടും സഹിക്കവയ്യാതെയാണ്  എന്റെ നാട്ടുകാരി ജോലിചെയ്യുന്ന ഒരു അറബി വീട്ടിലേയ്ക്ക് പാർട്ട്‌ ടൈം ജോലിക്ക് കയറിയത്. ഞാൻ മകനെ പഠിപ്പിച്ചു  പരീക്ഷ എഴുതുന്നതിനു തലേന്ന് അവൻ അപകടത്തിൽ പെട്ടതാണ് ഇന്ന് ആഴ്ച രണ്ടുകഴിഞ്ഞു ആരും നോക്കാനും ശ്രുശൂഷിക്കാനും ഇല്ലാതെ എന്റെ മകൻ നരകിച്ചു മരിക്കും. ഞാൻ എന്തിനു വേണ്ടിയാണോ കഷട്ടപെട്ടത്‌ അതെല്ലാം എനിക്ക് നഷ്ട്ടപെടാൻ പോകുന്നു എനിക്ക് പോയെ പറ്റു സാർ എന്നെ കൈവിടരുത് നിറഞ്ഞൊഴുകുന്ന കണ്ണുകളും കൂപ്പിയ കൈകളുമായി അവർ ഒരു പ്രതിമപോലെ എന്റെ മുന്നിൽ നില്ക്കുകയാണ്.


പരാതിപെട്ട കമ്പനി ടിക്കറ്റുമായി ജവാസത്തിൽ എത്തിയാൽ അന്ന് തന്നെ കയറി പോകാം എന്ന കൃത്യമായ നിയമോപദേശവുമായിട്ടാണ് ദയവതി എത്തിയിരിക്കുന്നത് . എനിക്ക് മാത്രമേ സഹായിക്കാൻ കഴിയു എന്ന തിരിച്ചറിവിൽ നിന്നും അവർ  യാചിക്കുകയാണ്. പക്ഷെ അറബാബ്. അറബാബ് അറിഞ്ഞാൽ കുറഞ്ഞത്  രണ്ടു മാസം ജയിലിൽ കിടത്തിയെ വിടൂ  അത്രയ്ക്ക് ദേഷ്യക്കാരനാണ്അയാൾ. ഞാൻ അര്ബാബിനെ വിളി ക്കട്ടെ പുള്ളി അനുവദിക്കുകയാണെങ്കിൽ ഞാൻ ഇന്ന് തന്നെ ശരിയാക്കിതരാം, അദ്ദേഹം അനുവദിച്ചാൽ മാത്രം . ഞാൻ ഫോണ്‍ എടുത്തു നമ്പർ ഡയൽ ചെയ്യാൻ ആഞ്ഞതും അവർ എന്റെ മൊബൈലിൽ കയറി പിടിച്ചു.

 സാർ എനിക്കറിയാം അയാൾ എന്നെ പോകാൻ അനുവദിക്കില്ല ആറുമാസം ഞാൻ അദ്ധേഹത്തിന്റെ ക്രൂരത അടുത്തറിഞ്ഞവളാണ്എന്നെ മാക്സിമം ദ്രോഹിക്കാതെ അയാൾ വിടില്ല . ഇനി സാർ അറിയാത്ത ഒരു കാര്യം കൂടി ഞാൻ പറയാം നിങ്ങളറിയാത്ത ഒരു മുഖം കൂടി നിങ്ങൾ അറബാബ് എന്നു വിളിക്കുന്ന നിങ്ങളുടെ മുതലാളിക്കുണ്ട് അദ്ദേഹമെന്നെ കായികമായി കീഴ്പ്പെടുത്തിയേക്കും എന്ന ഭയം എന്നെ ബാധിച്ചപ്പോൾ മാത്രമാണ് ഞാൻ ഒളിച്ചോടാൻ തീരുമാനിച്ചത്. അയാൾക്ക്‌ വഴങ്ങാത്ത എന്നെ അയാൾ നാടു കാണിക്കില്ല  എന്നു വരെ ഭീഷിണിപെടുത്തിയിരുന്നു .അയാൾ അറിഞ്ഞാൽ ഒരു പക്ഷെ ഞാൻ ജയിലിൽ പോലും എത്തിപെടില്ല, സാറിനും ഇല്ലേ അമ്മയും സഹോദരിമാരും ഒരു അമ്മയോടെന്നപോലെ എന്നോട് കാരുണ്യം കാണിക്കുമോ ?

എന്നെ ധർമ്മ സങ്കടത്തിലാക്കി അവർ കരയുകയാണ് ഓരോ തുള്ളി കണ്ണിരും എന്റെ ഹൃദയത്തിന്റെ പഴുത്ത പ്രതലത്തിൽ വീഴുന്ന ജലകണം പോലെ ചെറിയ ശബ്ദത്തിൽ ചിതറുന്നു. ഇവരെ സഹായിച്ചാൽ ഞാനും ദൈവമും അല്ലാതെ ആരും അറിയില്ല. മുതലാളിയെ അറിയിക്കാതെ കയറ്റിവിട്ടാൽ ഞാൻ എന്റെ ചോറിനോട് ചെയ്യുന്ന അനീതിയാകും. ,അദ്ധേഹത്തിന്റെ വീട്ടിൽ നിന്നും   കടന്നു കളഞ്ഞ ഒരാളെ ഞാൻ രഹസ്യമായി സഹായിച്ചാൽ അതദ്ദേഹം അറിഞ്ഞാൽ എന്റെ സ്ഥാനം തെരുവിൽ ആയിരിക്കും. ഇല്ല ഞാൻ എന്റെ കമ്പനിയെ വഞ്ചിക്കില്ല. ക്ഷമിക്കുക സഹോദരി എനിക്ക് താങ്കളെ സഹായിക്കാൻ നിർവാഹമില്ല നിങ്ങൾ അറബാബിനെ പോയി കണ്ടു അപേക്ഷിക്കുക അദ്ദേഹത്തിന് വലിയ മാറ്റം വന്നിട്ടുണ്ട് ഒരു പക്ഷെ നിങ്ങളെ അദ്ദേഹം സഹായിക്കും.


ദയവതിയെ  അവഗണിച്ചു നടന്ന എന്റെ ഉടുപ്പിന്റെ വിളുപ്പിൽ പിടിച്ചു അവർ  പുറകോട്ടു വലിച്ചു സാർ എന്റെ മകൻ എന്നെ കാണാതെ മരിച്ചാൽ ഞാൻ ഇവിടെ നിങ്ങളുടെ ഓഫീസിനു മുന്നിൽ വന്നു ആത്മാഹൂതി ചെയ്യും സാറിന്റെ മകനാണ് ഈ ഗതി വരുന്നതെങ്കിൽ സാർ നിയമം പറഞ്ഞു രക്ഷപെടുമോ എനിക്ക് മുന്നിൽ വേറെ വഴികളില്ല സാർ നിങ്ങൾ ആണ് ഇപ്പോൾ എന്റെ മുന്നിലെ ദൈവം പറയു ഞാൻ എന്താണ് നിങ്ങൾക്ക് തരേണ്ടത്‌ പണമോ പൊന്നൊ  പറഞ്ഞു തീരും മുൻപേ ദയവതി തോളിൽ കിടന്ന ബാഗിൽ നിന്നും ഒരു കെട്ടു നോട്ടെടുത്ത് എന്റെ കോട്ടിന്റെ പോക്കറ്റിൽ വെച്ചു. മകൻ പഠിച്ചു കഴിയുമ്പോൾ അവനു നല്ല നിയമനം കിട്ടാൻ കോഴകൊടുക്കാൻ കരുതി വെച്ചിരുന്ന കാശാണിത് സാർ എടുത്തോളു മുഴുവൻ എടുത്തോളു എന്നെ ഒന്ന് ശ്രീലങ്കയിൽ എത്താൻ സഹായിച്ചാൽ മാത്രം മതി. ഒരു മണികൂറിലധികമായി ഒരു വഴിമുടക്കിയെപോലെ എന്റെ മുന്നിൽ നിന്നും അവർ കരയുകയും കാലു പിടിക്കുകയും ചെയ്യകയാണ്, വരൂ നമുക്ക് നോക്കാം അവരുടെ പാസ്പോര്ട്ടിന്റെ കോപ്പി വാങ്ങി ഞാൻ അവരുമായി അകത്തേക്ക് നടന്നു. പൊതു മാപ്പ് കഴിഞ്ഞിട്ട് രണ്ടു മാസം മാത്രം ആയിരുന്നതിനാൽ ഔട്ട്‌ പാസ് സെക്ഷൻ ഒഴിഞ്ഞു കിടന്നിരുന്നു ഞാൻ പസ്പോര്ട്ടുംകോപ്പിയും  ടിക്കെട്ടിനുള്ള പണവും കൌണ്ടറിൽ കൊടുത്ത് ഔട്ട്‌ പാസ്സും പസ്പോര്ടും വാങ്ങി അവരുടെ കൈയിൽ കൊടുത്ത് തിരികെ നടന്നു നന്ദിയുള്ള നോട്ടം കൊണ്ട് അവർ എന്നെ അഭിവാദനം ചെയ്തു. തിരികെ എന്റെ ജോലികളിലെയ്ക്ക് മുഴുകാനുള്ള ശ്രമത്തിനിടെ ആണ് പോക്കറ്റിലെ നോട്ടു കെട്ടുകളെ കുറിച്ച് ഓർത്തത് അവർ നിക്ഷേപിച്ച കെട്ടു അതെ പടി ഞാൻ കൈയിൽ എടുത്തു നൂറിന്റെ  അൻപതിലധികം നോട്ടുകൾ ഒരമ്മ മകന് വേണ്ടി അവന്റെ ഭാവിക്കു വേണ്ടി സ്വരുകൂട്ടിയ സമ്പാദ്യം. തിരികെ കൌണ്ടറിൽ  എത്തി ദയവതിയെ  വിളിച്ചു ആ നോട്ടു കെട്ടുകൾ തിരികെ ഏൽപ്പിച്ചു എന്റെ സന്തോഷത്തിനെങ്കിലും കുറച്ചു കാശു സാർ എടുത്തു കൊള്ളൂ എന്ന   ദയവതിയുടെ സ്നേഹ സമ്രുണമായ നിർദേശത്തെ അവഗണിച്ചു കൊണ്ട് ഞാൻ തിരികെ നടന്നു.

 തിരികെ ഓഫീസിൽ എത്തിയപ്പോൾ അറബാബ് ക്യാബിനിലെയ്ക്ക് വിളിപ്പിച്ചു നീ അറിഞ്ഞോ നമ്മുടെ പഴയ  ഹറാമി ഗദ്ദാമ നാടു വിട്ടു. നീ നാട്ടിൽ ആയിരിക്കുമ്പോൾ  എന്റെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്ട്ടിച്ചു കടന്നുകളഞ്ഞ ശ്രിലങ്കക്കാരി കള്ളിയില്ലേ അവൾ വിട്ടിരിക്കുന്നു  .    ദേ എന്റെ മൊബൈലിൽ മെസ്സേജ് വന്നു, ഇതെങ്ങനെ സംഭവിച്ചു ! ചിലപ്പോൾ ജവാസാത്ത് പിടിച്ചു അവളെ ജയിലിൽ ആക്കിയിരുന്നിരിക്കാം അവിടുന്നാവും അവളെ കയറ്റി വിട്ടിടുണ്ടാവുക എന്തായാലും ഇനി ഓൾക്കീ  നാടു കിനാവ്‌ കാണാൻ മാത്രമേ കഴിയു ഞാൻ അറബാബിനെ സമാശ്വസിപിച്ചു.
  കാബിൻ ഇറങ്ങിയതും ഒരു കാൾ വന്നു സാർ എല്ലാത്തിനും നന്ദി എന്നെ കേസുകളിൽ പെടാതെ നാടു കടത്തിയതിന് എന്നെ തൊണ്ട തൊടാതെ വിശ്വസിച്ചതിന് എന്റെ അഭിനയത്തിൽ മയങ്ങിയതിനു അങ്ങനെ എല്ലാത്തിനും എന്റെ സ്തുതി കൊടാ ഇ സ്തുതി.


Thursday, 23 October 2014

മിയ കുൾപ മിയ കുൾപ മിയ മാക്സീമ കുൾപാ





ചോരയിൽ മുങ്ങിയ ആ മനുഷ്യനെ എടുത്തുയർത്തി ചുറ്റും നോക്കി ഇല്ല പരിസരത്തെങ്ങും ഒരാളും ഇല്ല. മൃതപ്രായനായ ഇദ്ധേഹത്തെ ഉപേക്ഷിച്ചു  കടന്നു കളയുകയാവും തനിക്കും തന്റെ ഭാവിക്കും നല്ലത്, ശ്രദ്ധയോടെ അല്ലാതെ ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല മനപൂർവ്വം എന്തിനിയാൾ എന്റെ വണ്ടിക്കു മുൻപിൽ തന്നെ ചാടി. ഒരു പക്ഷെ ഞാൻ ഓടിച്ച പോര്ഷ് വണ്ടി കണ്ടു ഏതോ വലിയ മുതലാളിയാവും ഉള്ളിൽ  എന്ന്  തെറ്റി ധരിച്ചിട്ടാവണം ഈ പാവം ഈ കടും കൈക്ക് മുതിര്ന്നത് എങ്കിലും എന്തിനു എന്റെ വണ്ടിയുടെ മുൻപിൽ തന്നെ വന്നു ചാടി. ചോരയുടെ മനം പിരട്ടുന്ന ഗന്ധം ഓക്കാനം ഉണ്ടാക്കുന്നത്‌ വരെ അയാൾ എന്റെ കൈകളിൽ കിടന്നു നിലവിളിക്കുകയായിരുന്നു. ഒരു ദേവാസുര യുദ്ധം മനസ്സിൽ പെരുമ്പറ കൊട്ടുന്നു. ജയിൽ, പിഴ, തകരുന്ന ബിസിനസ്‌, കരയുന്ന കുഞ്ഞുങ്ങളുടെ മുഖം ഒക്കെ ഒരു വശത്ത്‌, ജീവന് വേണ്ടി യാചിക്കുന്ന അപരിചിതന്റെ  ചോര ചീന്തുന്ന മുഖം മറ്റൊരു വശത്ത്,  ഭയവും ജീവിത മോഹവും മനസാക്ഷിയെ കറുത്ത തുണി കൊണ്ട് മൂടുവാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാൻ നിർവികാരനായി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു ചാവി വലത്തോട്ട് തിരിച്ചു . മുൻപെങ്ങും കേള്ക്കാത്ത അത്ര ഭയാനകമായ ശബ്ദത്തോടെ എഞ്ചിൻ   സ്റ്റാർട്ട്‌ ആയി , റിവേർസ് ഗിയറിൽ വണ്ടി പുറകോട്ടു എടുക്കുമ്പോൾ  നേർത്ത ഞരക്കത്തോടെ അയാൾ രക്ഷിക്കൂ എന്ന് യാചിക്കുന്നതു എനിക്ക് കാണാമായിരുന്നു. ക്ഷമിക്കു സഹോദര നിന്റെ ജീവനേക്കാൾ ഏറെ ഞാൻ എന്നെ സ്നേഹിക്കുന്നു എന്റെ കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്നു തല്ക്കാലം എനിക്ക് അസുരനാകാതെ തരമില്ല. ഇല്ല ആരും കണ്ടിട്ടില്ല എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തിയ ശേഷം വണ്ടി എതിര് ദിശയിലേയ്ക്ക് ആക്സിൽ  അമര്ന്നു.

വീടിലെത്തിയതും രക്തം പുരണ്ട ഷർട്ടുകൾ ഊരിയെറിഞ്ഞു . അപ്പോഴേയ്ക്കും ജോലിക്ക് പുറപ്പെട്ടിരുന്ന ഭാര്യ ജാനെട്ടിനെ  മൊബൈലിൽ വിളിച്ചു .നീ അടിയന്തിരമായി വീട്ടില് എത്തണം രാവിലെ ഒരുമിച്ചു ജോലിക്കിറങ്ങിയ രണ്ടു പേരില് ഒരാൾ അസമയത്ത് തിരികെ വീടിലെത്തി വിളിക്കുന്നു എന്തോ ഭയാനകമായത് വീട്ടിലോ ചെട്ടനിലോ സംഭവിച്ചിരിക്കുന്നു. ജാനെറ്റ് മൊബൈലിൽ  തിരികെ വിളിച്ചു കൊണ്ടേ ഇരുന്നു അപ്പോൾ കാറിലെ ചോരകര കഴുകി വൃത്തിയാക്കുന്നതിനുള്ള തിരക്കിലായിരുന്നു അയാൾ. പരിഭ്രാന്തയായി ഓടിയെത്തിയ ജാനെട്ടിനെ കെട്ടി പിടിച്ചു കൊണ്ടയാൾ ഏങ്ങലടിച്ചു . ഒന്നും മനസിലാകാത്ത ജാനെറ്റ്  അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ജോണിയ്യേട്ടാ കരയാതിരിക്കു എന്താണ് സംഭവിച്ചതെന്ന് പറയൂ . ബിസിനസ്‌ നഷ്ട്ടം വന്നപ്പോൾ പണയപെടുത്തിയ കാറിനു പകരം ജാനെറ്റ് മാസ വാടകയ്ക്ക് എടുത്ത കാറാണ്.എന്തെങ്കിലും അപകടം സംഭവിച്ചാൽ പൂര്ണ ബാധ്യത തനിക്കായിരിക്കുമെന്നു വാടകക്കാരുമായി കരാര് ഉള്ളതാണ്. പിടിക്കപ്പെട്ടാൽ ജയിൽ മാത്രമല്ല കടുത്ത പിഴയും നല്കേണ്ടി വരും. ആരും കണ്ടില്ലല്ലോ ജോണിയേട്ടൻ സമാധാനമായിരിക്ക് അയാള്ക്ക് വല്ലതും സംഭവിച്ചോ എന്ന് നമുക്ക് നോക്കിയിട്ട് വരാം ജാനെറ്റ് ധൈര്യം  പകര്ന്നു.

ലിഫ്റ്റിറങ്ങി വണ്ടിയുടെ അടുത്തെത്തിയപ്പോൾ ജോണി സ്ഥലകാല ബോധം നഷ്ട്ടപെട്ടവനെ പോലെ അലറി , അലര്ച്ച കേട്ട സെക്ക്യുരിട്ടി ഓടി അവര്ക്കരികിലെത്തി എന്താ സംഭവിച്ചേ എന്ന് ചോദിച്ചു ജാനെറ്റ് തന്ത്രപൂർവ്വം ഒരു നുണ പറഞ്ഞു അയാളെ മടക്കി,  ശേഷം ജോണിയെ കൈ പിടിച്ചു പാസ്സഞ്ഞർ സീറ്റിലേയ്ക്ക് ഇരുത്തി .  കുറ്റബോധത്തിന്റെ വലിയ ചുഴിയിൽ  ബോധമണ്ഡലം പ്രദിക്ഷണം വെയ്ക്കുമ്പോൾ ജാനെറ്റ് പറയുന്നതൊന്നും കേള്ക്കാതെ അയാൾ വേറൊരു ലോകത്തിൽ ആയിരുന്നു . അപകടം നടന്ന സ്ഥലം എത്തി, ഇല്ല എങ്ങും ആരും ഇല്ല ചോരപാടുകൾ പോലും റോഡിൽ അവശേഷിക്കാത്ത വിധം വെടിപ്പാക്കിയിരിക്കുന്നു . കഷ്ട്ടി ഒരു മണിക്കൂർ  ആകുന്നതിനു മുൻപ് എല്ലാം പഴയ പടി ആക്കിയിരിക്കുന്നു . അയാൾ മരിച്ചോ ജീവിച്ചോ ആര്ക്കറിയാം രാവിലെ തീര്ത്തും വിജനമായിരുന്ന റോഡിൽ പതിയെ വാഹനങ്ങൾ അങ്ങിങ്ങ്  അനങ്ങി തുടങ്ങിയിരിക്കുന്നു . അയാൾ ഇടിച്ചു വീണ സ്ഥലം നോക്കി ജോണി വിങ്ങി പൊട്ടി, ജാനെറ്റ് അയാളും എന്നപ്പോലെ ഒരു ഭാര്യയും കുട്ടികളും ഉള്ള ആളാകില്ലേ ? അയാളെയും കാത്തു വഴി കണ്ണുമായി കുറച്ചു പേര് ഉണ്ടാവില്ലേ അതെല്ലാം ഞാൻ കാരണം ഒരു തേങ്ങലോടെ അയാൾ ജാനെട്ടിന്റെ ചുമലിലെയ്ക്ക് വീണു .


ജോണി ഉറങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു കണ്ണടച്ചാൽ രക്ഷിക്കാൻ കേഴുന്ന ബംഗാളിയുടെചോരയിൽ കുതിർന്ന  മുഖം മാത്രം. രക്ഷിക്കാമായിരുന്ന എന്റെ ജീവനെ ഉപേക്ഷിച്ചു കടന്നു പോയവനെ നിയും ഇനി സ്വസ്ഥമായി ജീവികേണ്ട എന്ന് പ്രതികാര വാഞ്ചയോടെ ഭീക്ഷിണി ഉയർത്തുന്ന ചോര വാർന്ന ഭീതി ജനിപ്പിക്കുന്ന  മുഖം മാത്രം. രാത്രികൾ ജോണിക്ക് ഒരു പേടി സ്വപ്‌നങ്ങൾ ആയിരിക്കുന്നു എല്ലാത്തിനോടും ഭയം വണ്ടിയിൽ യാത്ര ചെയ്യുന്നതോ കാണുന്നതോ തന്നെ ഭയമായിരിക്കുന്നു. ജോണിയുടെ ബിസിനെസ്സും  ജാനെട്ടിന്റെ  ജോലിയും ഏതാണ്ട് ഒരു വഴിക്കായിരിക്കുന്നു. സ്വപ്‌നങ്ങൾ കൊണ്ട് നെയ്ത ഓടും പാവും നെടുകെ മുറിയുകയാണ് ഇനിയും ചികിത്സിച്ചില്ലെങ്കിൽ ജോണി കടുത്ത മനോരോഗി ആയി മാറും. നാട്ടിൽ അപ്പനും അമ്മയും ഉള്ള വീട്ടിലേയ്ക്ക് ഇത്ര വേഗം ഒരു പറിച്ചു നടൽ ഉണ്ടാവുമെന്ന് ആരും കരുതിയതല്ല പക്ഷെ നമ്മുടെ പദ്ധതികള്ക്ക് പച്ചകൊടി കാട്ടുന്നത് മുകളിൽ ഉള്ളവൻ ആണെന്ന ബോധ്യത്തെ അടിവരയിടുന്ന സംഭവങ്ങളാണ് തനിക്കും കുടുംബത്തിനും ഒരു മാസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ജാനെറ്റ് വേഗം മാറ്റത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു .


ജോണിയേട്ടന്റെ കമ്പനി ജോലിക്കാരെ പിരിച്ചു വിടാൻ ഒഫിസിലെയെക്ക് പോകുവാൻ ടാക്സി  നോക്കി  വെളിയിൽ നില്ക്കുമ്പോഴാണ് അപരിചിതനായ ആ മനുഷ്യൻ കടന്നു വരുന്നത്. ജോണിയുടെ കൈയിൽ കടന്നു പിടിച്ചു കൊണ്ടയാൾ ചോദിച്ചു യാദ് ഹൈ മേരാ ചേഹരാ ? ഓർമ്മയുണ്ടോ ഈ മുഖം ഇല്ല ജോണിക്ക് ഒര്ത്തെടുക്കാനെ കഴിയുന്നില്ല എന്ന് മനസിലാക്കിയ അപരിചിതാൻ തുടർന്നു. ഒര്ക്കാൻ വഴിയില്ല മുൻപ് ഈ മുഖം കാണുമ്പോൾ മുഴുവൻ ചോരയായിരുന്നു ഞാൻ ജീവന് വേണ്ടി കേഴുകയായിരുന്നു എന്നിട്ടും നീ എന്റെ നിലവിളിക്ക്‌ ചെവി കൊടുക്കാതെ കടന്നു കളഞ്ഞില്ലേ ? ജോണി ഇടിവെട്ടെറ്റ പോലെ  നില്ക്കുകയാണ് ജാനെട്ടിനെ പരിഭ്രമം വന്നു മൂടിയിരിക്കുന്നു ജോണിയേട്ടന്റെ നിയന്ത്രണം നഷ്ടപെടുമോ എന്ന ഭയം അവളെ കരച്ചിലിന്റെ വക്കോളം എത്തിച്ചിരിക്കുന്നു. അല്പനേരത്തെ നിശബ്ദതക്കു ശേഷം ബെന്ഗാളി  തുടർന്നു സാറിനെ ഞാൻ കുറ്റം പറയില്ല അന്ന് ഞാൻ മരിക്കാനായി മനപൂർവ്വം അങ്ങയുടെ വണ്ടിക്കു മുൻപിൽ ചാടിയതാണ് ജോലിയും കുടുംബവും നഷ്ട്ടപെട്ട ഒരാൾക്ക് പെട്ടന്ന് തോന്നിയ ഒരു പാഴ് ബുദ്ധി . അന്ന് മുനിസിപ്പാലിറ്റിക്കാർ കണ്ടത് കൊണ്ട് ജീവൻ ബാക്കിയായി. എല്ലാം പടച്ച തമ്പുരാന്റെ നിയോഗം ഇനിയും ദുരിത പർവ്വം ചുമക്കാനാവും അങ്ങേരുടെ കിത്താബിൽ എഴുതിയിട്ടുള്ളത്   . ജോണി മഞ്ഞു മല ഉരുകി ഒലിചൊരു വെള്ളച്ചാട്ടം പോലെ അയാളെ ആഞ്ഞു ആലിംഗനം ചെയ്തും ശേഷം ജാനെട്ടിനെയും .അന്നയാൾ ഉറങ്ങി കുറ്റ ഭാരത്തിന്റെ നേരിപ്പോടുകളിലെയ്ക്ക് പെയ്തിറങ്ങിയ മഞ്ഞു നദിയുടെ തണുപ്പിൽ ലയിച്ചു ലയിച്ചു ഒരു ചാര കൂമ്പാരമായ്‌ അതിൽ നിന്നും മെല്ലെ ഒരു തിത്തിരി കുരുവി  ചിറകു വിടർത്തി ആകാശത്തിലേയ്ക്ക് പറന്നുയർന്നു........  

Monday, 18 August 2014

സ്വപ്ന സഞ്ചി ചുമക്കുന്നവർ

ചൈന ക്ലോക്കിൻ കിണി കിണി ശബ്ദം
ഒരു ദിനമെന്നൊരു വ്യാകുല മണിയായ്‌
കർണപുടത്തെ തഴുകുമ്പോൾ
കണ്‍ മറയാത്താ പാതി മയക്കം
കട്ടിലിൻ പടിയിൽ വിട്ടിട്ടു
കർത്തവ്യത്തിൻ ബോധ്യങ്ങളുടെ
കാനന ഭൂമിക തേടുന്നു

അർക്കൻ പതിയെ പൊന്തി വരുമ്പോൾ
അറബി പള്ളിയിലെ സുബഹിനു മുൻപ്
അണിയണിയായി ശകടമതേറും 
 ആ ദിന മെന്നൊരു നരകം പേറാൻ
ആകാശത്തിന് സ്വല്പം താഴെ
ആകുലനാകതൊരു കയർ നടുവിൽ
ആടി മറിഞ്ഞൊരു ജീവിതമയ്യാ
 
നൂറാം നിലയുടെ ചില്ലിനു നടുവിൽ
തിളച്ചു കത്തണ വെയിലിൽ വാടി
മണി സൌധങ്ങൾ വെളുപ്പിക്കുമ്പോൾ

 ദൈവം ഞങ്ങൾക്കൊരു വിളിയകലെ

സ്വർഗം ഞങ്ങൾക്കരികത്തായി
അറബി തെറിയുടെ ചൂടെ നിന്നുടെ
പേടിയിൽ ഞാനാ സ്വർഗം തന്നെ മറന്നീടുന്നു

യാന്ത്രികമെന്നുടെ ജീവിത പാളം
ഒരു വൃത്തത്തിൽ തിരിയുന്നു
പച്ചപ്പുള്ളോരൂ സ്വപ്നം ഹൃത്തിൽ 
മലയെറാൻ കൈവഴി നിൽപൂ
ഒരു നാൾ ഞാനും വിമാനമേറും
സ്വപ്നം വിളഞ്ഞ സഞ്ചിയുമായി.




 



 

Wednesday, 30 July 2014

പിൻവാതിലുകൾ

 റോയൽ അങ്ങനെ ആണ് അയാളുടെ പേരു  പോലെ തന്നെ റോയലായ ജീവിതം നയിക്കുന്ന പ്രകൃതി ക്ഷോഭാങ്ങളുടെ നാടായ ഫിലിപ്പിന്സിലെ മിണ്ടാനോ എന്നാ ദ്വീപു നിവാസി. ജീവിതത്തിന്റെ നശ്വരതയെ പല തവണ കണ്‍ മുന്നിൽ കണ്ടത് കൊണ്ട് അയാളുടെ സിദ്ധാന്തങ്ങൾ പലപ്പോഴും ഒരു അരാജകവാദിയുടെതായിരുന്നു. കാറ്റും പ്രളയവും മിണ്ടാനോയെ തകർത്തെറിഞ്ഞ പാതിരാത്രിയിൽ മരണത്തെ മുഖാമുഖം കണ്ടുഎല്ലാം നഷ്ട്ടപെട്ടവനായി ജീവിതത്തിലേയ്ക്ക്   തിരിച്ചു വന്നത് മുതൽ ആണ് താൻ ഇങ്ങനെ ആയെതെന്നാണ് അയാൾ പറയാറ്. ഒരു പാട് ജോലികൾ മാറി മാറി ചെയ്തു അവസാനം ആരോ നല്കിയ വിസിറ്റിൽ ആണ് അയാൾ ദുബായിൽ എത്തുന്നത്. അപഥ സഞ്ചാരികളുടെ പറുദീസയായ പാരിസിനെ സ്നേഹിച്ച റോയൽ യുറോപ്പിലോട്ടു കടക്കാനുള്ള ഇടത്താവളം എന്ന നിലയിലാണ് ദുബായിയിൽ എത്തപെട്ടത്‌.


ഇന്റർവ്യൂ ബോർഡിൽ ഇരുന്ന ഞങ്ങൾ മൂന്ന് പേരയും അതിശയിപ്പിക്കുന്ന  ലോക പരിജ്ഞാനവും അക്കാദേമിക് പിൻ  ബലവുമാണ് രണ്ടാമതൊന്നു ആലോചിക്കാതെ അദ്ദേഹത്തെ കമ്പനിയിൽ നിയമിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വത സിദ്ധമായ തമാശയും ജോലിയിലുള്ള ആത്മാർഥതയും അയാളെ  ഞങ്ങള്ക്ക് പ്രിയങ്കരനായ ഓഫീസ് സ്റ്റാഫക്കി മാറ്റിയിരുന്നു. ഡ്യൂട്ടി സമയം കഴിഞാലുടാൻ തുടങ്ങുന്ന മദ്യസേവയെപറ്റി ഞങ്ങള്ക്ക് പല കോണുകളിൽ നിന്നും അറിവ് കിട്ടിയെങ്കിലും അത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാക്കി ഞങ്ങൾ അവഗണിച്ചു പോന്നു. ഒരു ദിവസം അയാൾ മദ്യപിച്ചു കൊണ്ട് ഓഫീസിൽ എത്തി പെരുമാറ്റവും ജോലിയും ഒക്കെ സാധാരണ പോലെ തന്നെ പക്ഷെ കൂടെ ഇരിക്കുന്ന കാഷിയെർ ലളിതമ്മയുടെ കൈയ്യിൽ കടന്നു പിടിച്ചു    എന്ന കമ്പ്ലയിന്റ് ഇന്റർകോമിൽ വന്നപ്പോഴാണ് ഞാൻ അയാളെ  കാബിനിലെയ്ക്ക് വിളിപ്പിച്ചത് . എന്താണ് റോയൽ ഓഫീസിൽ വരുമ്പോൾ മിനിമം ചില മര്യാദകൾ പാലിക്കാൻ താങ്കൾ ബാധ്യസ്ഥൻ അല്ലേ ? കുറച്ചു ശബ്ദമുയര്ത്തി തന്നെയുള്ള എന്റെ ചോദ്യത്തിന് സർ ഞാൻ ഇന്ന് ഒരു പെഗ് പോലും കുടിച്ചില്ല എന്നാൽ ഇന്നലെ കുറച്ചു അധികമായി പോയി.മനപൂർവ്വം ലളിതമ്മയെ അപമാനിച്ചില്ല   കാബിനിൽ വിളിച്ചു ലളിതമ്മയോടു മാപ്പ് പറയിപ്പിച്ച ശേഷം റോയൽ ജോലികളിലെയ്ക്ക് മടങ്ങി പോയി .

റോയലിന്റെ മദ്യപാനവും കുത്തഴിഞ്ഞ ജീവിതവും ഓഫീസിൽ അടക്കം പറഞ്ഞു കേട്ട് തുടങ്ങി മാസം പകുതി ആകുമ്പോഴേയ്ക്കും സാലറി  അഡ്വാൻസിനായി   വൌചെറുമായി എത്തുമ്പോഴെല്ലാം എന്നാൽ കഴിയും വിധം ഉപദേശിക്കാൻ തുടങ്ങും അപ്പോൾ അയാൾ ജീവിതത്തിന്റെ നശ്വരതെയെ പറ്റി വാചാലനാകും ഇന്ന് ഞാൻ മരിച്ചു പോയാൽ എന്ത് നേടും സർ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല ഞാൻ ആർക്കു വേണ്ടി സമ്പാദിക്കണം.എന്റെ സമ്പാദ്യം വേശ്യകല്ക്കും മദ്യത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രമാണ് എന്ന് പറഞ്ഞു ഒരു കള്ള ചിരിയോടെ അയാൾ കാബിൻ വിട്ടൊഴിയും.


രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു റോയൽ വന്നിട്ട് വിസ പുതുക്കാൻ പാസ്പോർട്ടും ഐ ഡി കാർഡും വാങ്ങുന്ന വേളയിൽ തെല്ലൊരു പരിഭ്രമത്തോടെയാണ് അയാൾ അത് തന്നത് സർ മെഡിക്കലിൽ 
  ഫെയിൽ ആകുമോ എന്നൊരു പേടി ഇല്ലാതില്ല. മെഡിക്കൽ ടെസ്റ്റിനു ക്ലിനിക്കിലെയ്ക്ക് പോകും വഴിയെല്ലാം നെടുങ്കൻ സംശയങ്ങളായിരുന്നു രണ്ടു കൊല്ലം പതിനായിരത്തിൽ ഏറെ ശമ്പളം വാങ്ങിയിരുന്ന അയാളുടെ ബാങ്ക് അക്കൌണ്ടും എന്തിനു പെർസു പോലും ശൂന്യമായിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞു റോയൽ അന്ന് ഉറങ്ങി കാണില്ല മിനിമം രണ്ടു ദിവസം കഴിഞ്ഞാലെ റിപ്പോർട്ട്‌ വരികയുള്ളു.


രണ്ടാം ദിവസം രാവിലെ 11 മണിയോടെ എന്റെ മൊബൈലിൽ ഒരു കാൾ വന്നു ഞങ്ങൾ ഹെൽത്ത്‌ സെന്ററിൽ നിന്നും വിളിക്കുന്നു നിങ്ങൾ റോയലുമായി ഉടൻ സെന്ററിൽ എത്തുക ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിൽ ഒരു ടിക്കെട്ടും എടുത്തു വേണം വരാൻ. എന്ത് പറ്റി മാഡം എന്താണവന്റെ  പ്രോബ്ലം ? "ഹി ഈസ്‌ എച് ഐ വി പോസിറ്റീവ് " ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ ആ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു. എങ്ങനെ ഈ കാര്യം റോയലിനോട് അവതരിപ്പിക്കും. വൈകിട്ടത്തെ സെബു പസഫിക്കിൽ ടിക്കറ്റ് സ്വന്തം പോക്കറ്റിൽ നിന്നും കാശ് കൊടുത്ത് വാങ്ങി കമ്പനി അക്കൌണ്ടിൽ നിന്നും വാങ്ങിയാൽ കാഷിയെർ ലളിതമ്മ അറിയും പിന്നെ വാര്ത്ത കാട്ടു തീ പോലെ  പരക്കും. റോയൽ നാട് വിടും വരെ ഈ വിവരം ഞാനും ബോസ്സും മാത്രം അറിഞ്ഞാൽ മതി പതിയെ റോയലിനെ കാബിനിലെയ്ക്ക് വിളിപ്പിച്ചു .
അത്യാവശ്യം എടുക്കേണ്ട വസ്തുക്കൾ ഫ്ലാറ്റിൽ നിന്നും എടുത്തിട്ടു വരാൻ പറഞ്ഞപ്പോഴേ അയാൾക്കു സംഗതി പിടികിട്ടി മുഖത്ത് നോക്കാൻ  കഴിയാത്തവനെ പോലെ ഞാൻ ഫയലിലേയ്ക്ക് തല പൂഴ്ത്തി ഇരുന്നു.  ഫ്ലാറ്റിനു താഴെ വണ്ടിയിൽ കാത്തിരുന്ന എന്റെ വണ്ടിയിലേയ്ക്ക് ബാഗുമായി കയറുമ്പോൾ അയാൾ വിതുംബുന്നുണ്ടായിരുന്നു .ഞാൻ സുഖം തേടി പോയതിന്റെ ശിക്ഷയാണ്  സർ ഇനി ഞാൻ ജീവിക്കില്ല ഒരു മാറാ രോഗിയായി എനിക്കിനി  ജീവിക്കേണ്ട നാട്ടിൽ എത്തിയാലുടാൻ ഞാൻ ആത്മഹത്യ ചെയ്യും സർ. എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഞാൻ ഇയാളെ, പാടില്ല റോയൽ ദൈവത്തിനു ഒരു പ്ലാൻ ഉണ്ട് അത് നടപ്പാകട്ടെ അല്ലാതെ ദൈവം തന്ന ജീവനെ എടുക്കാൻ നമുക്ക് അവകാശമില്ല. വണ്ടി ഹെൽത്ത്‌ സെന്ററിൽ എത്തി വാണ്ടഡു പുള്ളികൾക്കയുള്ള സെക്ഷനിൽ ഫയൽ കൊടുത്തതും "യെല്ലാ രൂഹ് ധാക്കൽ" എന്ന അലർച്ചയോടെ ഒരു പോലീസുകാരൻ റോയലിനെ നോക്കി കണ്ണിറുക്കി ജയിലു പോലുള്ള ഇരുണ്ട ഇടനാഴി അവസാനിക്കുന്നത്‌ വരെ അവൻ നടക്കുന്നത് നോക്കി നിന്നു. തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ വാർത്ത അവിടമാകെ പരന്നിരുന്നു അല്ലേലും അമ്മേം പെങ്ങളേം തിരിച്ചറിയാൻ പാടില്ലാത്തവനോക്കെ ഇങ്ങനെ ചാകത്തുള്ളൂ ലളിതമ്മ കമെന്റു പാസാക്കി.
റോയൽ പോയി ഒരു മാസം കഴിഞ്ഞു ഫിലിപ്പിൻസിൽ നിന്നും  ഒരു കാൾ എന്നെ തേടിയെത്തി. സർ നിങ്ങൾ എന്നെ മറന്നുവോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഞാൻ സ്വയം മരിക്കില്ല മരിച്ചാൽ എന്നെ പോലെ നശിക്കുന്നവർക്ക് ഉദാഹരണമായി ജീവിച്ചു കാണിക്കാൻ പറ്റില്ലല്ലോ ഞാൻ ഈ നശിക്കുന്ന യുവത്വത്തിനു പേടിപ്പിക്കൂന്ന മാതൃകയായി
എന്റെ ജീവിതം ജീവിച്ചു തീർക്കും.   സർ ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരംനന്ദി. ഫോണ്‍ കട്ട്‌ ചെയ്തിട്ട് ഞാൻ ഒരു നിമിഷം ആലോചിച്ചു കുഴിയിൽ വീഴും വരെ നമ്മൾ ഒന്നും പഠിക്കുന്നില്ല ചിലതൊക്കെ അപകടമാണെന്ന് അറിയുമെങ്കിലും ............

Monday, 2 June 2014

സാഗർ മാതയും കടന്നൊരു കള്ളൻ




ടംഗ ബഹാദൂർ റാണ അതായിരുന്നു അയാളുടെ മുഴുവൻ പേര്, ഇന്ത്യ നേപ്പാൾ അതിർത്തി ഗ്രാമമായ ബീർഗഞ്ഞിൽ നിന്നും ഏജൻസിക്ക് 5 ലക്ഷം നേപ്പാളി രൂപ നൽകിയാണ്‌ അയാൾ ഗൾഫിൽ എത്തുന്നത്.വിചിത്രമായ രൂപഭാവാധികളും പ്രത്യേകമായ അംഗ ചലനങ്ങളും ആണ് ടംഗയെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപിച്ചത്‌ നേപ്പാളിൽ നിന്നും കൊണ്ടുവന്ന ഒരു പെട്ടി ഉണങ്ങിയ പുകയില ചുരുട്ടി വലിക്കുകയാണ്‌ അയാളുടെ ജോലി കഴിഞ്ഞുള്ള ഏക വിനോദം . ഹിന്ദി നന്നായി സംസാരിക്കുമെങ്കിലും അധികം ആരോടും മിണ്ടാത്ത അത്യാവശം ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയുന്ന ടംഗയിൽ എന്തോക്കൊയോ വലിയ നിഗൂഡത എന്നിലെ നിരീക്ഷകൻ തിരിച്ചറിഞ്ഞിരുന്നു .

അന്നൊരിക്കൽ ക്യാമ്പിൽ ഒരു മോഷണം നടന്നു ശമ്പളം കിട്ടി രണ്ടു നാൾ കഴിഞ്ഞു പയ്യോളിക്കാരൻ നാസറിന്റെ ബട്ടുവ മൂടോടെ ആരോ അടിച്ചു മാറ്റി. എല്ലാ കുന്ത മുനകളും ടംഗ എന്ന നേപ്പാളി ഒറ്റയാനിലെയ്ക്ക് തിരിഞ്ഞു കാരണം ബാക്കി എല്ലാവരും മലയാളികളാണ് അവരാരു ഒന്നും മോഷ്ട്ടിക്കില്ല എന്ന് നാസറിന്റെ സാക്ഷ്യം കൂടി ആയപ്പോൾ ടംഗയെ ഓഫീസിലേയ്ക്ക് വിളിപ്പിക്കാതെ തരമില്ലന്നായി.തലയുയർത്തി കുറ്റ ബോധം ലവലേശം ഇല്ലാതെ വന്ന ടംഗയെ മുന്നിൽ നിർത്തി ഞാൻ ഒന്ന് നന്നായി കുടഞ്ഞു. ചുമന്നു കലങ്ങിയ കണ്ണുകൾ ഉയർത്തി ഗൌരവഭാവത്തിൽ ടംഗ എന്നെ ഉരുക്കുന്ന ഒരു നോട്ടം നോക്കി ജീവിതത്തിൽ ഇന്ന് വരെ താൻ ഒരാളുടെയും അണാ പൈസ മോഷ്ടിച്ചിട്ടില്ല നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പറഞ്ഞു വിടാം നിശ്ചയ ധാർട്ട്യത്തോടെയുള്ള ആ മറുപടി എന്നെ ഉത്തരമില്ലത്തവനാക്കി തെളിവുകളില്ലാതെ വെറും ആരോപണത്തിന്റെ പേരിൽ ഒരുവനെ എങ്ങനെ വിധിക്കാൻ കഴിയും ടംഗ ആസംഭവത്തോടെ സഹപ്രവർത്തകരിൽ നിന്നും കൂടുതൽ അകന്നുവെങ്കിലും അവന്റെ ജോലിയിൽ മുൻപത്തെക്കാൾ ആത്മാർഥതയുള്ളവനായി തുടർന്നു.

രണ്ടു മാസത്തിനു ശേഷം വീണ്ടും മോഷണം ആവർത്തിച്ചു ഇക്കുറി പണം നഷ്ട്ടമായത് ഓച്ചിറക്കാരൻ തോമാച്ചന്റെ കട്ടിലിനു അടിയിൽ നിന്നാണ് ഇരുപതു വർഷമായുള്ള കമ്പനിയിൽ തുടക്കം തൊട്ടു ജോലി ചെയ്യുന്നവരാണ് മിക്കവാറും ആളുകൾ അതിൽ തന്നെ ഏറ്റവും പുതിയത് ടംഗ മാത്രമാണ് മറ്റാരെയും ആർക്കും സംശയവും ഇല്ലതാനും എന്തായാലും ഇനി ഒരു റിസ്ക്‌ എടുക്കാൻ മറ്റുള്ളവർ തയ്യാറായിരുന്നില്ല. ഒന്നെങ്കിൽ അവർ അല്ലെങ്കിൽ ഈ നേപ്പാളി എന്ന ആവശ്യവുമായി അവർ എന്നെ ഗോരോവോ ചെയുന്ന ഘട്ടം എത്തിയപ്പോൾ ടംഗയെ പുതിയ മുറിയിലേയ്ക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം ആയി. കുറ്റം തെളിയാതെ കുറഞ്ഞപക്ഷം തൊണ്ടി മുതലിൽ ഒന്നെങ്കിലും കണ്ടു കിട്ടുന്നതിനു മുൻപ് എങ്ങനെ ഒരാളെ കള്ളനാക്കും. ഉർവശി ശാപം ഉപകാരം എന്ന പോൽ ടംഗ ഒരു മുറിയിൽ ഒറ്റയ്ക്ക് സർവതന്ത്ര സ്വതന്ത്രനായി.

ഒന്ന് രണ്ടു മാസം കുഴപ്പം ഒന്നും ഇല്ലാതെ പോയി പക്ഷെ തോമാച്ചനും നാസറിനും ജോണികുട്ടിക്കും ഒക്കെ ഒരു സംശയം പണി കഴിഞ്ഞു വന്നു കുളിച്ചു കഴിഞ്ഞാൽ പിന്നെ ടംഗയെ കാണുന്നില്ല നേരം വെളുക്കുമ്പോൾ പണിക്കു വരുന്നുണ്ട് അതല്ലേ നമുക്ക് മുഖ്യം അവന്റെ പണി കഴിഞ്ഞു അവൻ എവിടെ എങ്കിലും പോകട്ടെ . എവിടെ എങ്കിലും അവനു കൂട്ടുകാർ ഉണ്ടാവും അവരുടെ അടുത്തു പോകുന്നതാവും സീനിയർ അണ്ണന്മാരെ സമാശ്വസിപ്പിച്ചു പണിക്കു പറഞ്ഞു വിട്ടു.അന്നൊരു പെരുന്നാൾ ദിനമായിരുന്നു മൂന്ന് ദിവസം നീണ്ട അവധിയുള്ള പെരുന്നാൾ ദിനം. രണ്ടാം ദിനം രാവിലെ ഏകദേശം അഞ്ചു മണിയോടെ എന്റെ ഫോണ്‍ നിർത്താതെ ശബ്ദിച്ചു. ഉറക്കച്ചടവിൽ ആദ്യം ഒഴിവാക്കിയ ഞാൻ രണ്ടും മൂന്നും തവണ കഴിഞ്ഞിട്ടും വീണ്ടും വിളിക്കുന്നത്‌ കണ്ടാണ്‌ ആൻസർ ചെയ്തത് . "സയീദീ ഞാൻ ഹീര പോലിസ് സ്റെഷനിൽ നിന്നാണ് വിളിക്കുന്നത്‌ നിങ്ങൾ പത്തു മണിക്ക് മുൻപ് ഇവിടെ എത്തണം " ദൈവമേ
ഈ മണൽകാട്ടിൽ ജീവിതം ആരംഭിച്ചിട്ട് ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു എന്നാൽ ഈ നിമിഷം വരെ പോലിസ് സ്റെഷന്റെ വാതിൽക്കൽ പോലും പോകേണ്ടി വന്നിട്ടില്ല ഇതെന്തു പൊല്ലാപ്പാണ് തമ്പുരാനേ ! ചിലപ്പോൾ ആരെങ്കിലും വിളിച്ചു പറ്റിച്ചതാവുമോ കാൾ വന്ന നമ്പരിലേയ്ക്ക് തിരിച്ചു ഡയൽ ചെയ്തു . സുബാ അൽ ഹെയർ ഹീരാ പോലീസ് സ്റേഷൻ അപ്പുറത്ത് നിന്നും ഘന ഗാംഭീര്യം നിറഞ്ഞ ശബ്ദം അതെ അത് തന്നെ ആരും പറ്റിച്ചതല്ല . ഇനി തന്റെ തൊഴിലാളികൾക്ക് ആർക്കെങ്കിലും എന്തെങ്കിലും അപകടം നീണ്ട അവധി ആഘോഷിക്കാൻ എല്ലാവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തു പോയിരിക്കുന്നതിനാൽ ആർക്ക് എന്ത് പറ്റിയെന്നു ഒരു പിടിയും ഇല്ല . കുളിച്ചെന്നു വരുത്തി വേഗം ഒരുങ്ങി വണ്ടി ഹീരാ പോലിസ് സ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു .

സർ എന്നെ വിളിപ്പിച്ചിരുന്നു റിസപ്ഷനിൽ ഇരുന്ന വെളുത്തു കുറുകിയ പോലീസുകാരനോട്‌ വന്ന കാര്യം ഉണർത്തിച്ചു അകത്തു നിന്നും പച്ച കുപ്പായമിട്ട രണ്ടു പോലീസുകാർ പുറത്തിറങ്ങി വന്നു ടംഗ ബഹാദൂർ നിന്റെ ജോലിക്കരനാണോ ? അതെ സർ എന്ത് പറ്റി അവനു വല്ല ആപത്തും പഴക്കം വന്ന അറബി മുറിച്ചു വിക്കിയും ഞാൻ മൊഴിയുന്നത് കേട്ടിട്ടാവണം പോലീസുകാരൻ ചോദ്യം ഉറുദുവിലേയ്ക്ക് മാറ്റി. നീ എന്തിനാ അവനു വിസ കൊടുത്ത് കൊണ്ട് വന്നത് കമ്പനി പണിക്കോ അതോ ബാക്കാല കുത്തിത്തുറന്ന് മോഷ്ട്ടിക്കാനോ ? എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോയി എന്റെ വിസക്കാരാൻ മോഷണ കേസിൽ ജയിലിൽ! ഞാനും കുടുങ്ങും കുറഞ്ഞപക്ഷം കേസും കുന്തവുമായി പുറകെ തൂങ്ങുകയെങ്കിലും വേണം എന്തൊരു പരീക്ഷണമാണ് ഇശ്വരാ ! പക്ഷെ പോലീസുകാർ മനസാക്ഷിയുള്ളവർ ആയിരുന്നു അവർ എന്നെ കൂട്ടി അവൻ കിടക്കുന്ന സെല്ലിന് അരികിൽ കൊണ്ട് നിർത്തി. ടംഗ എന്റെ മുഖത്ത് നോക്കുന്നില്ല "തും ക്യോം ഐസാ കിയ" എന്റെ കണ്ണുകൾ ദേഷ്യവും അരിശവും ദുഖവും കൊണ്ട് നിറഞ്ഞൊഴുകി രണ്ടു സ്ടാറുള്ള പോലീസുകാരൻ തോളിൽ തട്ടി എന്നെ സമാശ്വസിപ്പിച്ചു. ഇവൻ രണ്ടു ആഴ്ച മുൻപ് കമ്പനിയിൽ നിന്ന് പറയാതെ പോയതാണ് എന്ന് ഒരു പേപ്പറിൽ എഴുതി വാങ്ങി .ഇനി വിളിക്കുമ്പോൾ വരാം എന്നാ ഉറപ്പിൻ മേൽ അവർ എന്റെ ഐ ഡി വാങ്ങി വെച്ചശേഷം പറഞ്ഞയച്ചു. നാസറിന്റെയും തോമാച്ചന്റെയും പണം പോയ വഴികളെ കുറിച്ച് ഇനി ആലോചിക്കേണ്ടതില്ല. ഒരു അറിവും പരിചയവും ഇല്ലാതെ ഒരാളെ ജോലിക്ക് വെച്ച താൻ തന്നെയാണ് കുറ്റക്കാരൻ തിരികെ ക്യാമ്പിൽ എത്തി എല്ലാവരോടു കഥ വിവരിച്ചപ്പോൾ ചിലർക്ക് അത്ഭുതം ചിലർക്ക് പുശ്ചം. ഞങ്ങൾ ഒരിക്കൽ കൂടി ടംഗ യുടെ മുറി തുറന്നു പരിശോദിച്ചു . തറ തുടക്കുന്ന മോപ്പുകൊണ്ട് ജിപ്സം ബോർഡിൽ കുത്തിയ ജോപ്പന്റെ തലയിലേയ്ക്ക് സോപും അത്തറും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും മഴപോലെ നിപതിച്ചു ഒരു കൊച്ചു സൂപ്പർ മാർക്കെറ്റ് തുടങ്ങാനുള്ള സാധനങ്ങൾ മുകളിൽ ശേഖരിച്ചു വെച്ചിരിക്കുന്നു എല്ലാവരെയും വിഡ്ഢിയാക്കി ഒന്നും മിണ്ടാത്ത ആ നേപ്പാളി ഒരു വർഷം ഞങ്ങളുടെ ഇടയിൽ ജീവിച്ചു എന്ന്ഞങ്ങൾക്കാർക്കും വിശ്വസിക്കാൻ ആയില്ല . എങ്കിലും എന്റെ നേപ്പാളീ നീ ശരിക്കും ഒരു ഇരപ്പാളി ആയിരുന്നല്ലോ

Tuesday, 20 May 2014

ആലപ്പുഴക്ക് വാ


ആലപ്പുഴയുടെ മേളം കാണാൻ വാ
വള്ളം കളിക്ക് വാ പുന്നമടക്ക് വാ

തിത്തിത്താര ആർപ്പിൻ മേളം  കേട്ടിട്ടില്ലേൽ വാ
വഞ്ചി പാട്ടിനു വാ വള്ളം കളിക്ക് വാ

 ചുണ്ടൻ വള്ളം കണ്ടിട്ടില്ലേൽ വാ
നെഹ്‌റു ട്രോഫി ജലമാമാങ്കത്തിനു വാ

തുഴയുടെ താളം കേട്ടിട്ടില്ലേൽ വാ
പുഴയുടെ മാറ് പിളർക്കണ കാണാൻ വാ


പുഴയോഴുകുന്നൊരു നഗരം കാണാൻ വാ
പൂത്തു വിളഞ്ഞൊരു പുഞ്ച പാടം നോക്കി നിറയാൻ വാ


 കേരള നാടിൻ നെല്ലറയായൊരു കലവറ കാണാൻ വാ
നാടൻ പാട്ടിൻ  ശീലുകൾ കേട്ടൊരു ഗാനം മൂളാൻ വാ


കായൽ കൊഞ്ചിൻ രുചി നുകരാനിനി വാ
കുട്ടനാടാൻ  അന്തികള്ളും മോന്തി മയങ്ങാൻ വാ

കരളേഴുന്നൊരു   കാഴ്ചകൾ കാണാൻ വാ
കിഴക്കിലുള്ളീ വെനിസിലെയ്ക്ക് വാ


ഹൃദയം നിറയെ സ്നേഹം നുകരാൻ വാ  
ദൈവത്തിന്റെ സ്വന്തം ആലപ്പുഴക്ക് വാ
 

Thursday, 8 May 2014

വിഷമം പിടിച്ച വിഷമങ്ങൾ


 
സ്നേഹം കൊണ്ട് ലോകം കീഴടക്കാമെന്നെനിക്കറിയാം എന്നാൽ
സ്നേഹമില്ലായ്മയാണെന്റെ ഇന്നത്തെ വിഷമം


വെളിച്ചം ദുഖമാണെന്നെനിക്കറിയാം എന്നാൽ
ഡാമിൽ വെള്ളമില്ലത്തതാണെന്റെ ഇന്നത്തെ വിഷമം


 ലോകം കപടമാണെന്നെനിക്കറിയാം  എന്നാൽ
പച്ച കപടങ്ങൾ അരങ്ങു വാഴുന്നതാണെന്റെ വിഷമം


മോഹം നാശമാണെന്നെനിക്കറിയാം എന്നാൽ
ലോകമോഹങ്ങളിൽ മയങ്ങുന്നതാണെന്റെ ഇന്നത്തെ വിഷമം


ഉറക്കം സുഖപ്രദമാണെന്നെനിക്കറിയാം എന്നാൽ
ഉറക്കമില്ലായ്മയാണെന്റെ
  ഇന്നത്തെ വിഷമം

മനസിനു മതിലുകൾ ഇല്ലന്നെനിക്കറിയാം എന്നാൽ
ചിന്തകൾക്ക് ചിന്തേര് നല്കാൻ കഴിയാത്തതാണെന്റെ   ഇന്നത്തെ വിഷമം

മദ്യം വിഷമാണെന്നെനിക്കറിയാം  എന്നാൽ
ബാറുകൾ പൂട്ടുന്നതാണ് എന്റെ ഇന്നത്തെ വിഷമം 


 ഉത്കണ്ട ഭ്രാന്തിന്റെ ലക്ഷണം ആണെന്നെനിക്കറിയാം എന്നാൽ
ഒരു ഭ്രാന്തനാകാത്തതാണെന്റെ  ഇന്നത്തെ വിഷമം

മരണം സർവ നിവാരിണിയാനെന്നെനിക്കറിയാം  എന്നാൽ
എങ്ങനെ മരിക്കും എന്നറിയാത്തതാണെന്റെ ഇന്നത്തെ വിഷമം 








 

Wednesday, 19 February 2014

നിങ്ങൾ ഒരു ആം ആദ്മി ആണോ ?

ജനലൊക്പൽ ബിൽ നടപ്പാക്കുന്നതിന് വേണ്ടി അന്ന ഹസാരെ തുടങ്ങിയ സഹന സമരത്തിന്റെ തണലിൽ വളര്ന്ന ജനക്കൂട്ടം ഒരിക്കലും ഒരു  രാഷ്ടീയ ശക്തി ആകുമെന്നോ അതിനു ഇന്ത്യ മുഴുവൻ പടന്നു പന്തലിക്കാൻ കഴിയുന്ന സംഘ ബലം ഉണ്ടാവുമെന്നോ നാമാരും സ്വപ്നേപി കരുതിയിരുന്നില്ല എന്നാൽ അന്ന ഹസാരെ എന്ന അച്ചുതണ്ടിൽ നിന്നും അടര്ന്നു മാറി പുതിയ രാഷ്ടീയ പാർട്ടി രൂപികരികാൻ അരവിന്ദ് കെജ്രിവൽ എന്ന കുലീനൻ കാണിച്ച ധൈര്യത്തിനും അദ്ധേഹത്തിന്റെ അഴിമതി വിരുദ്ധ അജെണ്ടയ്ക്കും അഴിമതിയിൽ മുങ്ങി കുളിച്ചു നിന്ന ഒരു രാജ്യവും അതിൽ മനം മടുത്ത ജനങ്ങളും കൂട്ട് ചേർന്നപ്പോൾ രാജ്യമെങ്ങും പ്രത്യാശയുടെ പൊൻ കിരണങ്ങൾ പാകാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും എന്നൊരു ധാരണ പൊതുവിൽ രൂപപെട്ടു വരാൻ കാരണമായി. ഈ പൊതു ധാരണാ വോട്ടായി കൂടി മാറിയാൽ ഇന്ത്യയുടെ നാളെ ഒരു പക്ഷെ ശോഭനം  ആയിരിക്കും. കുറഞ്ഞ പക്ഷം ആം ആദ്മി പ്രതിപക്ഷതെത്തിയാൽ കൂടി ഭരണപക്ഷത്തെ അഴിമതിയിൽ നിന്നും വഴി മാറി നടക്കാൻ ഒരു ഉൾപ്രേരണയോ  ഭയമോ ഉണ്ടാക്കാൻ സാധിക്കും എന്നത് അവിതർക്കിതമാണ്.

യാതൊരു പാരമ്പര്യവും അവകാശപ്പെടാൻ ഇല്ലാത്ത ഒരു പറ്റം നന്മ കാംക്ഷിക്കുന്നവരുടെ കൂട്ടത്തിൽ നിന്നുണ്ടായ പാർട്ടി എന്ന നിലയിൽ നിന്നും ഇന്ത്യ മുഴുവൻ വേരുകൾ ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ വലിയൊരു അപകടം ആം ആദ്മിയുടെ വഴികളിൽ പതിയിരിപ്പുണ്ട്. ആട്ടിൻ തോലണിഞ്ഞ അധികാര മോഹികളായ കുറച്ചെങ്കിലും പേർ പാർട്ടിയുടെ അധികാര സ്ഥാനങ്ങളിൽ നുഴഞ്ഞു കയറുകയും കാലക്രമേണ മറ്റേതു പാർട്ടിയേയും പോലെ പണത്തിനും 
മറ്റു മോഹവലയങ്ങളിൽ വീണു അധപതിക്കാനുംഅത് വഴി പാർടി കളങ്കിതപെടാനും ഉള്ള സാദ്ധ്യത തള്ളി കളയവുന്നതല്ല . ഡൽഹിയിൽ വിനോദ് കുമാർ ബിന്നി എന്ന അധികാര മോഹിയുടെ പടല പിണക്കവും പിന്നീടുണ്ടായ സംഭവ വികാസങ്ങളും തന്നെ ആദ്യ ഉദാഹരണമായി എടുത്തു കാട്ടാവുന്നതാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളുകളെ പരിഗണിക്കുമ്പോൾ അദ്ധേഹത്തിന്റെ നാളിതുവരെയുള്ള പ്രവർത്തന മേഖല പരിശോദിക്കുകയും ബന്ധപെട്ടു നില്ക്കുന്ന പൊതു സമൂഹത്തിൽ നിന്നും അഭിപ്രായം ഐക്യം ഉണ്ടാക്കിയെടുക്കുകയും ചെയ്‌താൽ ഒരു പരിധി വരെ കള്ള നാണയങ്ങൾ നിർണായക സ്ഥാനത്തു എത്തുന്നത് തടയാൻ സാധിച്ചേക്കും.

സമൂഹത്തിൽ നന്മ നടക്കാനും നിലനില്ക്കാനും ആണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നതും പ്രവര്ത്തിക്കുന്നതും കൂലി പണി എടുക്കുന്നവർ മുതൽ മുന്തിയ വ്യാപാരികൾ വരെ നല്ല  ശതമാനവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു നല്ല നാളെ പ്രതീക്ഷിക്കുന്നവരാണ്. സഹോദരന്റെ വേദന കാണാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഇല്ലാത്തവനെ ചൂഷണം ചെയ്തു തടിച്ചു വീർക്കുന്ന ദുഷ് പ്രഭുത്വതിനെതിരെ  ജനകീയ സമരങ്ങളും വിപ്ലവങ്ങളും പണ്ടും ഉണ്ടായിട്ടുണ്ട് പക്ഷെ അധികാര കസേരയിൽ അമരുമ്പോൾ പണ്ട് പോരാടിയ ആശയങ്ങല്ക്കും ആദർശങ്ങൾക്കും  വിരുദ്ധമായി ജനങ്ങളിൽ നിന്നും അകന്നു അപനാ ആദ്മി പാര്ട്ടി ആയപ്പോൾ ആണ് ജനങ്ങൾക്ക്‌ അവരെ ഒരു പരിധി വരെ എങ്കിലും അവരെ കൈ ഒഴിയേണ്ടി വന്നതും അല്ലെങ്കിൽ വേറെ ഒരു മാര്ഗവും ഇല്ലാത്തതിനാൽ വീണ്ടു തമ്മിൽ ഭേദം ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വരുന്നതും. ആം ആദ്മി നല്കുന്നത് ഒരു വലിയ പ്രത്യാശയാണ് അഴിമതിയുടെ കൂരിരുളിൽ ആണ്ടു പോയാ  നൂറു കോടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രത്യാശയുടെ  പൊൻ വെളിച്ചം. നല്ല സ്ഥാനാർഥി നിര്ണയം വഴിആം ആദ്മി എന്നും  ആം ആദ്മിയുടെ ആശയും ആവേശവും പ്രതീക്ഷയും  ആയി തുടരട്ടെ എന്ന് ആശിക്കുന്നു . അഴിമതിയില്ലാത്ത ഇന്ത്യ എന്ന സ്വപ്നത്തിലേയ്ക്കു കൈപിടിച്ച് നടത്താൻ അരവിന്ദ് കെജ്രിവാൽ എന്ന സാധാരണക്കാരന്റെ പ്രതിനിധിയുടെ കൈകൾക്ക്‌ ശക്തി പകരുക . ജയ് ഹിന്ദ്‌