Monday, 30 November 2015

അവിരാ റപ്പായി മാവോയിസ്റ്റായി





ചങ്ങനാശ്ശേരിയുടെ പ്രാന്ത പ്രദേശത്തു നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ റപ്പായി മാപ്പിളയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണിയായിരുന്നു അവിരാ മാപ്പിള എന്ന റപ്പായി അവിരാ. ചില്ലറ ടാപ്പിങ്ങും തടി പണികളുമായി ജീവിച്ചു മുന്നേറുമ്പോഴാണ്‌ റപ്പായി അവിരയെ തേടി ഒരു കിടിലൻ ഓഫർ എത്തുന്നത്. വയനാടാൻ കാടുകളിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് വന്ന എസ് ഐ കുഞ്ഞിക്കണ്ണൻ അവിചാരിതമായിട്ടാണ് റപ്പായിയെ  മലയടിവാരത്തു വെച്ച് കാണുന്നത് ഉരുക്ക് പോലുള്ള ശരീരവും അതിനൊത്ത പൊക്കവും ഉണ്ടായിരുന്ന റപ്പായിയെ ആര് കണ്ടാലും ഒന്ന് നോക്കി പോകും.  പോലിസിനെ കാണുന്നതേ റപ്പായിക്കു പേടിയാണ് വലിയ ശരീരമൊക്കെ ഉണ്ടെങ്കിലും ഇന്ന് വരെ ഒരു പെറ്റി കേസിൽ പോലും പെട്ട് അകത്തായിട്ടില്ല. കുഞ്ഞികണ്ണൻ പോലിസ് കുപ്രസിദ്ധനാണ്  മുൻപൊരിക്കൽ കഞ്ചാവ് ഹമീദിന്റെ വീട് തപ്പി കിട്ടിയ കഞ്ചാവിന്റെ ബാക്കി തേടി അടിവാരം വിറപ്പിച്ച കഥകൾ നാട്ടുകാർ ഇപ്പോഴും പേടിയോടെയാണ് ഓർക്കാരുള്ളത്‌ . റപ്പായി ഒഴിഞ്ഞു നടന്നെങ്കിലും കുഞ്ഞികണ്ണൻ പോലിസ് പിറകെ കൂടി ആവശ്യം പറഞ്ഞു

എടൊ റപ്പായി ഞങ്ങൾക്ക് തന്റെ ഒരു ചെറിയ സഹായം വേണം ?

റപ്പായി ആശ്ചര്യം വിടാതെ പോലിസിനെ നോക്കി ഇന്ന് വരെ വീട്ടുകാർക്ക് പോലും തന്നെ കൊണ്ടൊരു കോണോം ഉണ്ടായിട്ടില്ല, ഇപ്പൊ ദേ കാക്കി ഉടുപ്പും അതുമ്മേ നക്ഷത്രവും ഉള്ള സാറമ്മാർ
ക്കു റപ്പായിയുടെ സഹായം വേണമെന്ന്?


 പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ തന്നെ നോക്കി നിൽക്കുന്ന റപ്പായിയുടെ ചുമലിൻമേൽ എത്തി പിടിച്ചു കൊണ്ട് കുഞ്ഞികണ്ണൻ മൊഴിഞ്ഞു .
ഞങ്ങൾ ഒരു അഡ്ജസ്റ്റ്മെന്റ് പണിക്കാ നിന്റെ സഹായം തേടുന്നത് നിന്നെ പോലുള്ള പത്തു പേരെ കിട്ടിയില്ലേൽ ഞങ്ങളുടെ ഓപറേഷൻ വെള്ളത്തിലാകും ? നീ ഞങ്ങളെ സഹായിക്കണം സഹായിച്ചേ പറ്റു

.
ഇപ്പോഴും സംഗതി എന്തെന്നാറിയാതെ മണ്ടി നിന്ന റപ്പായിക്കു കുഞ്ഞിക്കണ്ണൻ കാപ്സൂൾ രൂപത്തിൽ ഒപെറേഷൻ ഇടിമുഴക്കത്തെ പറ്റി പറഞ്ഞു മനസിലാക്കി. നാടിനെയും കാടിനേയും നശിപ്പിക്കാൻ ഒരു കൂട്ടർ തോക്കും തോട്ടയുമായി കാട്ടിൽ കറങ്ങുന്നെന്നും അവരെ മൂടോടെ പിഴുതെറിയാൻ സർക്കാർ അയച്ച പ്രത്യേക സേനയിലെ അതി പ്രഗൽഫരായ പോലീസുകാരിൽ ഒരാളാണ് ഞാൻ എന്നു കുഞ്ഞിക്കണ്ണൻ പറയുമ്പോഴും റപ്പായിക്കു തന്റെ റോൾ പിടികിട്ടിയില്ല.

ഞങ്ങളിവിടെ വന്നിട്ട് നാലു മാസമാകുന്നു ഇത് വരെ ഒരു മാവോവാദിയെ പോയിട്ട് ഒരു കാട്ടു പൂച്ചയെ പോലും കണ്ടിട്ടില്ല ഇങ്ങനെ പോയാൽ ഞങ്ങളുടെ ട്രൂപ് പിരിച്ചു വിടും വീണ്ടും ഞങ്ങൾ ജോലിയെടുത്തു ജീവിക്കേണ്ട ഗതികേട് ഉണ്ടാവും അത് കൊണ്ട് നീ ഒരു മാവോവാദിയായി അഭിനയിക്കണം. ഞങ്ങൾ തരുന്ന തോക്ക് കൊണ്ട് ഞങ്ങൾക്ക് നേരെ വെടിയുതിർക്കണം. നിനക്ക് വെടി വെക്കാനുള്ള തോക്കും രക്ഷപെടാനുള്ള വഴിയും ഞങ്ങൾ ഒരുക്കി വെച്ചിരിക്കും. സംഗതി വിജയിച്ചാൽ പിറ്റേ ദിവസം 5000 രൂപ ഞാൻ എണ്ണി കയ്യിൽ തരും ഏറ്റോ ?

5000 രൂപ വലിയ തുക തന്നെയാണ് എങ്കിലും ഒരു തോക്ക് നൂറു വാര അകലെ വെച്ച് പോലും കാണാത്ത ഞാൻ അത് വെച്ച് വെടിയുതിർക്കണം പോലും, അതും പോലീസുകാർക്ക് നേരെ അബദ്ധത്തിനു ആരുടെയെങ്കിലും നേരെ പോയി അത് കൊണ്ടാൽ സുഖമായി , പിന്നെ ജീവിത കാലം മുഴുവൻ ഉണ്ട തിന്നാം. റപ്പായിക്കു പഠിപ്പും വിവരവും ഇല്ലങ്കിലും പ്രായോഗിക ജ്ഞാനം എന്നൊരു സംഗതിയുണ്ട് അത് കൊണ്ട് നടക്കില്ല സാറേ ,സാറ് പോ.....

റപ്പായി ആരോടാ ഈ സംസാരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ കുഞ്ഞിക്കണ്ണൻ പോലീസിന്റെ സ്വരം മാറി

സാറിനോട് ബഹുമാനം ഇപ്പോഴും ഉണ്ട് സാറേ, പക്ഷെ എങ്കിൽ സാറ് ചോദിക്കുന്നത് എന്റെ ജീവിതമാ അത് തരാൻ റപ്പായിക്കു  മനസില്ല , റപ്പായി തിരിഞ്ഞു നടന്നു

പോലീസിനോട് കളിച്ചാൽ  റപ്പായി നീ അനുഭവിക്കും കുഞ്ഞികണ്ണൻ എസ് ഐ ആക്രോശിച്ചു.

ചില്ലറ പേടിയോടെയെങ്കിലും റപ്പായി ഉറങ്ങി, രണ്ടു ദിവസം കഴിഞ്ഞൊരു രാത്രി ബൂട്ടുകളുടെ കട കട ശബ്ദം കേട്ടാണ് റപ്പായിയും കുട്ടികളും ഞെട്ടിയുണർന്നത് വിളക്കുകൾ തെളിഞ്ഞു വാതിലിനു ചുറ്റും കുഞ്ഞികണ്ണൻ പോലീസും സംഘവും വീട് തുറന്നതും മൂന്നാല് പോലീസുകാർ വീട്ടിലേയ്ക്ക് ഇടിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം വരി വലിച്ചെറിഞ്ഞു.പുറത്തു നിന്നും ഒരു പഴയ മരം വെട്ടുന്ന കോടാലിയുമായി ഒരു പോലീസുകാരൻ  ഓടിയെത്തി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ചായ്പ്പിൽ ഇനിയും മാരകായുധങ്ങൾ ഉണ്ട് സർ. കേട്ട പാതി രണ്ടു പോലീസുകാർ റപ്പായിയെ വട്ടം പിടിച്ചു . ചായ്പ്പിൽ നിന്നും വെട്ടു കത്തി കോടാലി ചുറ്റിക എന്നിവ കൂടാതെ ഒരു ഏ കെ 47 തോക്കും കൂടി കൊണ്ട് വരുന്നത് കണ്ടപ്പോൾ റപ്പായിയുടെ ബോധം ശരിക്കും പോയി. വീട്ടിൽ നിന്നും പിടിച്ചിറക്കുമ്പോൾ ക്യാമറ കണ്ണുകൾ ഇടതടവില്ലാതെ ചിമ്മി .

 ചാനലായ ചാനലു തോറും ബ്രെയ്ക്കിംഗ് ന്യൂസുകൾ ഫ്ലാഷു വന്നു. മാവോയിസ്റ്റ് നേതാവ് റപ്പായി അവിരാ പിടിയിൽ നാടുകാർക്കിടയിൽ ശാന്തനും സൌമ്യനും സൽ സ്വഭാവിയുമായി അറിയപ്പെട്ടിരുന്ന കൊടും ഭീകരനായിരുന്നു അവിരാ റപ്പായി . ഒപെറെഷൻ ഇടിമുഴക്കം ടീമിന്റെ കണ്ണിൽ എണ്ണയോഴിച്ചുള്ള കാത്തിരിപ്പിനും പ്ലാനിങ്ങിനും ഒടുവിലാണ് അവിരാ റപ്പായി അകത്താകുന്നത്.കേരളം അടക്കം ഉള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തീവ്ര വാദത്തിന്റെ വേരുകൾ പടർത്താൻ റപ്പായി വഹിച്ച പങ്കു വലുതാണ്‌ അങ്ങിനെ ആരാണ് മവോയെന്നും  എന്താണ് മാവോയിസം എന്നും അറിയാത്ത അവിരാ റപ്പായി നേരം ഇരുട്ടി വെളുത്തപ്പോൾ മാവോയിസ്റ്റായി മാറി .

No comments: