Saturday, 16 January 2016

അബ്ദുൽ ജലീലിന്റെ അവസാന പ്രലോഭനങ്ങൾ




അബ്ദുൽ ജലീൽ അതായിരുന്നു അയാളുടെ പേര് കാസർഗോഡ്‌ പുത്തിഗെ എന്ന സ്ഥലത്തെ കർണാടകത്തിനോട് ചേർന്ന് കിടക്കുന്ന കന്നഡ കലർന്ന മലയാളം സംസാരിക്കുന്ന ഗ്രാമത്തിൽ നിന്നുമായിരുന്നു അബ്ദുൽ ജലീൽ ഗൾഫിൽ എത്തിയത്. ലേബർ ക്യാമ്പുകൾ തോറും സോക്ക്സും ഡി വി ഡിയും മൊബൈൽ കവറുകളും വിൽക്കുക, കാർണിവെൽ നടക്കുന്ന മൈതാനങ്ങളിലും റമദാൻ മാർക്കറ്റുകളിലും വഴിയോര വാണിഭവും എന്നതായിരുന്നു അബ്ദുൽ ജലീലിന്റെ തൊഴിൽ.ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ മയങ്ങിയുണർന്ന ഞങ്ങളുടെ ക്യാമ്പിനെ എതിരേറ്റതു വെളുത്തു നീണ്ട അബ്ദുൽ ജലീലിന്റെ നേർത്തു പതുങ്ങിയതെങ്കിലും ഇമ്പമാർന്ന ലേലോ വിളികളായിരുന്നു. ലേലോ ഭായ് ലേലോ പാഞ്ചു രൂപയാ പാഞ്ചു രൂപയാ  കുച്ച് ബി ലേലോ ... സോക്ക്സും മൊബൈൽ കവറുകളും സി ഡിയും ഭംഗിയായി നിലത്തു വിരിച്ചിട്ടു അബ്ദുൽ ജലീൽ കച്ചവടം പൊടി പൊടിക്കുന്നു. ഞങ്ങളുടെ ക്യാമ്പിൽ അൻപതിൽ താഴെ ആളുകളെ ഉള്ളു എന്നതിനാൽ ഇങ്ങനെ ഒരു വാണിഭം നടാടെ ആണ് ആയതു കൊണ്ട് തന്നെ എല്ലാവരും നന്നായി സഹകരിക്കുന്നു .പുതിയതും പഴയതും ഷക്കീല പടങ്ങളും എന്ന് വേണ്ട ജലീലിന്റെ സഞ്ചി ഏതാണ്ട് പൂർണമായും കാലിയായി കഴിഞ്ഞിരിക്കുന്നു . ആളുകൾ പിരിഞ്ഞു പോയി ബാക്കിയുള്ളവ പെറുക്കി സഞ്ചിയിലാക്കൻ തുടങ്ങവെയാണ് ഞാൻ ജലീലിനു അടുത്തെത്തിയത് എന്നെ കണ്ടതും മെല്ലെ പൂഞ്ചിരിചു ,ഇന്നത്തെ കച്ചോടം കഴിഞ്ഞല്ലോ  സി ഡി എല്ലാം തീർന്നു എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി ഞാൻ നാളെ കൊണ്ട് വരാം. പറഞ്ഞ സിനിമികളുടെ സി ഡി ജലീൽ  പിറ്റേന്ന് തന്നെ എന്റെ മുറിയിൽ എത്തിച്ചു. പുതിയ സിനിമകൾ ഇറങ്ങുന്ന അന്ന് തന്നെ ഞങ്ങൾക്കു കൊണ്ട് വന്നു തരുന്ന  ജലീൽ മെല്ലെ മെല്ലെ  എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേയ്ക്ക് കയറികൂടി.ഒരു ദിവസം ജലീൽ ഒരു സഞ്ചി നിറയെ സോക്സും മൊബൈൽ കവറുകളും അടങ്ങുന്ന വലിയ കവറുമായി റൂമിൽ വന്നിട്ട് ചോദിച്ചു നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യുമോ ഞാൻ എന്റെ റൂം മാറി പുതിയ റൂമിലേയ്ക്ക് പോകുകയാണ് ഒരു ആഴ്ച എന്റെ സാധനങ്ങൾ ഇവിടെ ഒന്ന് സൂക്ഷിക്കുമോ പുതിയ റൂമിൽ ഒന്ന് സെറ്റ് ആയ ശേഷം ഞാൻ ഇവ അങ്ങോട്ട്‌ മാറ്റി കൊള്ളാം. പുതിയ സിനിമകളുടെ വിതരണക്കാരനെ   പിണക്കേണ്ടാതില്ലത്തതിനാലും ഞങ്ങൾക്കു പ്രത്യേകിച്ച് അസൌകര്യം ഒന്നും ഇല്ലാത്തതിനാലും അബ്ദുൽ ജലീലിന്റെ സഞ്ചി ഞങ്ങളുടെ മുറിയിൽ ഇടം പിടിച്ചു.

പിറ്റേന്നും അബ്ദുൽ ജലീൽ വന്നൂ അതിൽ നിന്നൂം എന്തൊക്കയോ എടുത്തു മടങ്ങി പിന്നെ ദിവസം  ഒന്നായി രണ്ടായി മൂന്നായി ആഴ്ച കളായി അബ്ദുൽ ജലീലിന്റെ ഒരു വിവരവും ഇല്ല അയാൾ തന്ന മൊബൈൽ നമ്പറിൽ ഞങ്ങൾ പല തവണ ഡയൽ ചെയ്തു ഫലം തഥൈവ !  വിശ്വസിച്ചേ ൽപ്പിച്ച സഞ്ചി ഞങ്ങൾ ഭൂതം നിധി കാക്കുന്ന പോലെ കാത്തു . ഒരു ദിവസം  രാത്രിയുടെ  മൂന്നാം യാമത്തിൽ ആരോ വാതിലിൽ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത് ആദ്യം അവഗണിച്ച ഞങ്ങൾ വാതിൽ പൊളിയുന്ന തരത്തിൽ ഇടി ശബ്ദം കനത്തപ്പോൾ  ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു വാതിൽ തുറന്നു .തുറന്നതും അജാനബഹുക്കളായ മൂന്നു പേർ വീടിനു അകത്തേയ്ക്ക് ചാടികയറി ഒരു നിമിഷം ഞങ്ങൾ ഒന്ന് അമ്പരന്നു, പച്ച പാതിരാ നേരത്ത്ആരാണാവോ ? അതിൽ രണ്ടു പേരുടെ കയ്യിൽ റിവോൾവർ കണ്ടപ്പോൾ അമ്പരപ്പ് ഭയത്തിനു വഴിമാറി മൂന്നു പേരും ഞങ്ങളെ തോക്ക് ചൂണ്ടി ഒരു വശത്തേയ്ക്ക് മാറ്റി നിർത്തി പിറകെ തൂവെള്ള കന്തൂരയിൽ പ്രകാശം പരത്തുന്ന മുഖവുമായി ഒരു താടിക്കാരനും അയാൾക്ക്‌ പിന്നാലെ കൈയ്യിലൂം കാലിലും വിലങ്ങിൽ ബന്ധിതനായ അബ്ദുൽ ജലീലും . അറബി ഉച്ചത്തിൽ എന്തെക്കയോ അയാളോട് ചോദിക്കുന്നു എല്ലാത്തിനു കുനിഞ്ഞ മുഖത്തോടെ മറുപടി പറയുകയാണ്‌ അബ്ദുൽ ജലീൽ. എവിടെ നിന്റെ സഞ്ചി ? പോലീസുകാരൻ അലറി ! അബ്ദുൽ ജലീൽ എന്റെ മുഖത്തേയ്ക്കു നോക്കി എനിക്ക് എന്ത് പറയണം എന്നറിയില്ല ഭയം വികാരത്തെയും വിവേകത്തെയും വിഴുങ്ങിയിരിക്കുന്നു ആലില പോലെ വിറയ്ക്കുന്ന എന്റെ അടുത്തേയ്ക്ക് വെളുത്ത കന്തൂരക്കാരൻ അടുക്കുന്നു . കീഫ് ഫീ മാലൂം ആദ ഹറാമി? ഈ കള്ളനെ നിങ്ങൾക്ക് എങ്ങനെ അറിയാം ? ഇല്ല സർ ഞങ്ങൾക്കറിയില്ല, ഡിവിഡി വിൽക്കാൻ വന്നുള്ള പരിചയം മാത്രം .എന്റെ സർവധൈര്യവും ചോർന്നു തുടങ്ങിയിരിക്കുന്നു കരയാൻ പോലും പേടി അനുവദിക്കുന്നില്ല. അബ്ദുൽ ജലീൽ കാണിച്ച സഞ്ചി പുറത്തെടുത്തു പോലിസ് താഴേക്ക്‌ കുടഞ്ഞു . അതിൽ നിന്നും കുറെ സോക്സും മൊബൈൽ ചാർജറുകളും മാത്രം താഴേക്കു വീണു ഒരു പോലീസുകാരൻ അത് മൊത്തം അരിച്ചു പെറുക്കി തപ്പി, ഇല്ല ഒന്നുമില്ല .കന്തൂരക്കാരൻ അബ്ദുൽ ജലീലിന്റെ മുഖമടച്ചു ഒരടി കൊടുത്തു അയാൾ വലിയ വായിൽ നിലവിളിച്ചു . കന്തൂരക്കാരൻ എന്നെ അടുത്തു വിളിച്ചു അള്ളാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു, ഈ റൂമിൽ നിന്നും എന്തെങ്കിലും കണ്ടെടുത്തിരുന്നെങ്കിൽ നിങ്ങളും ഈ ഹറാമിയോടൊപ്പം അഴിയെണ്ണിയേനെ. ഇവൻ കള്ളനാണ് ബാങ്കിൽ നിന്നും പണമെടുത്ത് വരുന്നവരെ ആക്രമിച്ചു പണം തട്ടുകയാണ് ഇവന്റെയും കൂട്ടുകാരുടെയും പ്രധാന തൊഴിൽ ഇനിയെങ്കിലും ആളും തരവും നോക്കി കൂട്ട് കൂടുക ഇല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകും. ഉപദേശം നല്കി പോലിസ് പടിയിറങ്ങി. സഹ മുറിയന്മാർ കടിച്ചു കീറാൻ വരും വിധം എന്നെ നോക്കി, നിന്റെ സഹാനുഭൂതിക്കു ഇപ്പോൾ ഞങ്ങളും കൂടി അകത്തയേനെ നേരം വെളുക്കും വരെ ഉറങ്ങാതെ അവർ എന്നെ നിരന്തരം കുറ്റപെടുത്തികൊണ്ടേ ഇരുന്നു.

പിറ്റേന്ന് രാവിലെ ക്യാമ്പിൽ പോലിസ് കയറിയ വാർത്ത കാട്ടു തീ പോലെ പടർന്നു. കള്ളൻ സി ഡി കാരനെ ഞങ്ങളുടെ റൂമിൽ നിന്നാണ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് എന്ന് വരെ വാർത്ത പ്രചരിച്ചു   കമ്പനി ഞങ്ങളെ വിളിപ്പിച്ചു വിശിദീകരണം ചോദിച്ചു ഒന്നും മറയ്ക്കാൻ ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ വിശദീകരണം തൃപ്തികരം ആയിരുന്നത് കൊണ്ടും ഞങ്ങൾ തടിയൂരി. കാലം കടന്നു പോയി അബ്ദുൽ ജലീലിനെ പറ്റി എല്ലാവരും മറന്നു വീണ്ടും സി ഡി ക്കാർ റൂമിൽ കയറി ഇറങ്ങാൻ തുടങ്ങി എങ്കിലും എല്ലാവരോടും പ്രത്യേക അകലം സൂക്ഷിച്ചു.ഒരു ദിവസം  നാട്ടിൽ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു ആരോ ഒരാൾ കാസർഗോഡ്‌ നിന്നും വിളിച്ചു പേര് പറഞ്ഞില്ല എന്ന്, ആരാണെനിക്ക് കാസർഗോഡ്‌ ഉള്ള ബന്ധുക്കൾ ?സുഹൃത്തുക്കൾ ?ഞാൻ പിന്നിലോട്ടു ചിന്തിച്ചു, ഇല്ല ഒരാളെയും പെട്ടന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല . വീണ്ടും ഒരാഴ്ച കഴിഞ്ഞു അയാൾ വീട്ടിലെ നമ്പരിലേയ്ക്ക് വിളിച്ചു എന്റെ ഗൾഫ്‌ നമ്പർ വാങ്ങി അയാളുടെ കാളും പ്രതീക്ഷിച്ചു ഞാൻ കാത്തിരുന്നു കൃത്യം മൂന്നാം നാൾ അയാളുടെ കാൾ എന്നെ തേടിയെത്തി  ചേട്ടാ ഞാൻ അബ്ദുൽ ജലീൽ എന്റെ മനസ്സിൽ ഒരു ഇടി മുഴക്കം പോലെ ആ പേരും ആ കാള രാത്രിയും ഓടിയെത്തി ഒരിക്കലും കാണരുതെന്നും കേൾക്കരുതെന്നും ആഗ്രഹിച്ച സ്വരം,  ചേട്ടാ എന്നോട് ക്ഷമിക്കണം അവർ എന്നെ ഒരു കൊല്ലത്തിനു ശേഷം വിട്ടു ഇനി എനിക്ക് അങ്ങോട്ട്‌ വരാൻ കഴിയില്ല, ഞാൻ അന്ന് പോലിസ് വന്നപ്പോൾ കാണിക്കാഞ്ഞ ഒരു സാധനം നിങ്ങളുടെ ഷൂ റാക്കറ്റിനുള്ളിലെ കോണ്‍ക്രീറ്റ് പാളിക്കുള്ളിൽ  ഞാൻ ഒളിപിച്ചു വെച്ചിട്ടുണ്ട് അതിൽ പകുതി എടുത്തിട്ടു പകുതി എനിക്ക് അയച്ചു തരുമോ ? ഫോണ്‍ താഴെ വീണില്ല എന്നെ ഉള്ളു പേടി കൊണ്ട് ഞാൻ പിന്നോക്കം മലർന്നു ഒരു തരം വിറയൽ ദേഹമാസകലം പടരുന്നു മറുതലയ്ക്കൽ നിന്നും രോദനം പോലെ ആ സ്വരം കേൾക്കാം ചേട്ടാ ജീവിക്കാൻ വേറെ മാർഗം  ഒന്നും  ഇല്ല. ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു ഷൂ റാക്കറ്റിന്റെ അടുത്തെത്തി ,സ്ലാബ് പാളികൾ കൊണ്ട് മറച്ച കപോഡിൽ ഒന്ന് തട്ടി നോക്കി .സഹമുറിയൻ കടന്നു വന്നു ഞാൻ ഷൂ എടുക്കുന്നതായി ഭാവിച്ചു അവിടം വിട്ടു . എല്ലാവരും ഉറങ്ങുന്നത് വരെ എനിക്ക് നല്ലവണ്ണം ശ്വസിക്കാൻ പോലും കഴിയാത്തക്ക വണ്ണം ഒരു വിമ്മിഷ്ട്ടം നെഞ്ചിനു കുറുകെ പിടി കൂടിയിരിക്കുന്നു, ടെൻഷൻ അടിച്ചു ഹൃദയ സ്തംഭനം വന്നു പോയേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു .

രാത്രി പന്ത്രണ്ടരയോടു അടുത്തിരിക്കുന്നു സഹമുറിയന്മാർ ഉറക്കത്തിന്റെ ഒന്നാം യാമം പിന്നിട്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഷൂ റാക്കറ്റിന്റെ പിന്നിലെ സ്ലാബിൽ നിന്നും ഒരു കഷണം അടത്തി മാറ്റി . പഴകി കളർ മാറിയ ഇങ്ങ്ലീഷ്‌ പത്രത്തിന്റെ പുറം ചട്ടയിൽ പൊതിഞ്ഞ ഒരു കെട്ട്. വിറയാർന്ന കൈകളോടെ ഞാൻ അതെടുത്തു തുറന്നു. അതും നിറയെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകൾ കുറഞ്ഞത്‌ ഒരു അഞ്ചു  ലക്ഷം ദിർഹം ഉണ്ടാവും നാട്ടിലെ 85 ലക്ഷത്തോളം രൂപ . എന്റെ ദൈവമേ അന്നെങ്ങാനു ഈ നോട്ടുകൾ പോലിസ് കണ്ടെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ . ആരുടെയോ മോഷ്ട്ടിച്ചും പിടിച്ചു പറിച്ചു ഉണ്ടാക്കിയതാണീ മുതൽ അനേകരുടെ കണ്ണീരിന്റെ ഉപ്പും വിയർപ്പും വീണു ഉറകെട്ടു പോയ പണം. എടാ കള്ളാ അബ്ദുൽ ജലീലെ നീ ഞങ്ങളെ ചതിച്ചു കടന്നു കളഞ്ഞു ഞങ്ങൾ നല്കിയ വിശ്വാസം  നീ ദുരുപയോഗിച്ചു.  വഞ്ചനയുടെ മുതൽ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടാ പോലീസിൽ അറിയിച്ചാലോ ?വേണ്ടാ നമ്മുടെ നാടല്ല പിന്നെ വാദി പ്രതിയാകും. നാട്ടിൽ ഒരു വീട് സ്വപ്നമാണ് കഴിഞ്ഞ അഞ്ചു കൊല്ലവും അധ്വാനിച്ചതിൽ ബാധ്യതയല്ലാതെ തെല്ലും ബാക്കിയില്ല ഈ കാശ് എല്ലാ ദുഖങ്ങൾക്കും ഒരു പരിഹാരമാവും പൂഴ്ത്തിയാലോ ? വേണ്ട അനർഹമായി വന്നു ചേരുന്നതൊന്നും വാഴില്ല എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് . മെല്ലെ വാഷ് റൂമിലേയ്ക്ക് നടന്നു ആ നോട്ടുകെട്ടു വിടർത്തി യുറോപിയൻ ക്ലോസെറ്റിന്റെ  അകത്തേയ്ക്ക് വിതറി മൊത്തം കുതിരും വരെ നോക്കി നിന്ന ശേഷം പതിയെ ഫ്ലഷ് അമർത്തി ഒരു തിരമാല കണക്കെ ജലം മലിനമായതിനെയും കൊണ്ട് പാപികളുടെ പാതാളത്തിലേയ്ക്ക് ആഴ്ന്നു പോയി ....... 
 

No comments: