Saturday, 16 January 2016

കുമ്പസാരം.


വലിയ നോമ്പ് തീരാറാകുന്നു വിശുദ്ധ വാരത്തിന് മുൻപ് ആണ്ടു കുമ്പസാരം നടത്തണമെന്ന് അമ്മച്ചി പ്രത്യേകം വിളിച്ചു പറഞ്ഞതിൻ പ്രകാരമാണ് ഷാർജാ പള്ളിയിൽ കുമ്പസാരിക്കാൻ പോയത് , നാട്ടു വിട്ടാൽ വിശ്വാസത്തിൽ തീഷ്ണത കൂടുതലുള്ള കൂട്ടമാണ്‌ നമ്മളെന്നു കേട്ടിട്ടുണ്ടെങ്കിലും ഒരു ഫർലോങ്ങ്‌ നീളത്തിൽ വലിയ വലിയ നിര കുമ്പസാരിക്കാൻ കണ്ടതോടെ അതുറപ്പിച്ചു . കുറഞ്ഞത്‌ ഒരു മണിക്കൂർ ലൈനിൽ നിന്നാലെ കുമ്പസാര കൂട് എത്തു. എല്ലാ കൊല്ലവും അമ്മച്ചി തല്ലി ഓടിച്ചു വിട്ടിട്ടാണെങ്കിലും ആണ്ടു കുമ്പസാരം മുടക്കിയിട്ടില്ല. അമ്മച്ചി അടുത്തില്ലാത്തപ്പോൾ കൂടുതൽ തീഷ്ണത കാണിക്കേണം. ലൈനിൽ ഇരുന്നു പാപങ്ങളെല്ലാം ക്രമമായി ഓർത്തു പത്തു കല്പനകളിൽ ആറും, തിരുസഭയുടെ കല്പനകളിൽഅഞ്ചും തെറ്റിച്ചിട്ടുണ്ട് , പശ്ചാത്താപ വിവശനായി കുമ്പസാരത്തിനുള്ള ജപമെത്തിച്ചു കൊണ്ട് കുമ്പസാര കൂടെത്തി. കണ്ണടച്ച് പിടിച്ചു പച്ച മലയാളത്തിൽ പാപങ്ങൾ ഏറ്റു പറയാൻ തുടങ്ങി ,രണ്ടു പാപം പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും കുമ്പസാര കൂടിന്റെ കുഞ്ഞു ജാലകത്തിന്റെ ഇരുമ്പ് പാളി മാറ്റിയൊരു കൈ എന്നെ കടന്നു പിടിച്ചു ! കണ്ണ് തുറന്നു നോക്കിയതും ശീമ പന്നിയുടെ മുഖമുള്ള ഒരു ഫിലിപൈനീ അച്ചൻ , രൂക്ഷമായ ഒരു നോട്ടത്തോടെ ആജ്ഞാപനം വന്നു ,
യു കാൻ കൻഫസ്സ് ഇൻ ഇംഗ്ലീഷ് ഓർ തഗാലൂ ഓർ എൽസ് കം ടുമാറോ ഫോർ യുവർ ലാംഗ്വേജ് ????
നാളെയും ഇത് പോലെ വന്നു ഒന്നരമണിക്കൂർ മുട്ടിന്മേൽ നിൽക്കുന്നതോർത്തപ്പോൾ റിസ്ക്‌ എടുക്കാൻ തന്നെ തീരുമാനിച്ചു . ക്രൂശിതനായ കർത്താവിനെയും കളരി പരമ്പര ദൈവങ്ങളെയും പ്രീ ഡിഗ്രിക്ക് എക്ണോമിക്സ് പഠിപ്പിച്ച താമരാക്ഷൻ സാറിനെയും മനസിലോർത്തു ഒരലക്കലക്കി "എക്ണോമിക്സ് ഈസ്‌ എ സയൻസ് വിച്ച് ഹാവ് സ്റ്റദീസ് ഹുമൻ ബീഹവിയർ ആസ് ഏ റിലേഷൻഷിപ്‌ ബീറ്റ്വീൻ ഏൻഡ്സ് ആൻഡ്‌ സ്കെർസ് മീൻസ്‌ വിച്ച് ഹാവ് അൽറ്റെർനറ്റിവ് യുസസ് " അന്തം വിട്ടു കുന്തം വിഴുങ്ങിയിരുന്ന ഫിലിപൈനി അച്ഛനോട് ഒന്ന് കൂടി പറഞ്ഞു ഐ ബ്രേക്ക്‌ ടെൻ കമ്മാൻമെണ്ട്സ് ഫാദർ .... മീശ മുളയ്ക്കാത്ത പ്രായത്തിൽ കൊലപാതകം അടക്കം പ്രമാണങ്ങൾ പത്തും ലംഘിച്ച എന്നെ അബു സയ്യാഫ് തീവ്രവാദിയെ എന്ന പോലെ രൂക്ഷമായി നോക്കിയിട്ട് അച്ചൻ പ്രായശ്ചിത്തം ഒന്നും നിർദേശിക്കാതെ കുമ്പസാര കൂട് വിട്ടിറങ്ങി പോയി. കനത്ത നിശബ്ദത, പിറകിൽ കാത്തു നിന്നവർ പിറു പിറുപ്പുമായി തങ്ങളുടെ പാപങ്ങളുടെ പട്ടിക വലുതാക്കി തുടങ്ങിയിരിക്കുന്നു ,അഞ്ചു മിനിട്ടിനു ശേഷം അച്ചൻ പതിനഞ്ചു കിലോയുള്ള മരകുരിശുമായി വന്നു എന്റെ തോളിൽ വെച്ചിട്ട് പറഞ്ഞു ഇതും ചുമന്നു ആയിരത്തി ഒന്ന് ജപമാല അർപ്പിക്കുക. ഫിലിപൈൻസിൽ വലിയ പാപികൾക്കു കൊടുക്കുന്ന ശിക്ഷയ്ക്ക് ഈ അറിവില്ലാ പൈതലും പാത്രീഭവിച്ചിരിക്കുന്നു. അസഹ്യമായ വേദനയിൽ തോളെല്ലു ഒടിയുന്നു. എന്റെ കർത്താവേ നീ ചുമന്ന കുരിശുകൾ എത്ര നിസ്സാരം. കുമ്പസാരം തീരും വരെ കുരിശും താങ്ങി ഞാൻ അൽത്താരയ്ക്ക് മുൻപിൽ നിന്നു. പിന്നീട് പല തവണ കുമ്പസാരിക്കാൻ പോയെങ്കിലും കുമ്പസാരം എന്നാ കൂദാശ ഒരു അത്ഭുതമായി തോന്നിയത് അപ്പോൾ മാത്രമാണ് ,പിന്നെപ്പോഴും കുമ്പസാരിക്കാൻ ലൈനിൽ നിൽക്കും മുൻപ് കുമ്പസാര കൂടിനെ ഒന്ന് വലം വെച്ച് നോക്കും അകത്തിരിക്കുന്നത് മലയാളി വൈദികാനാണോ എന്ന്, അല്ലാത്ത പക്ഷം പാപങ്ങളൊക്കെ തമ്പുരാനോട്‌ നേരിട്ട് പറയും ,ചെയ്യാത്ത പാപങ്ങൾക്ക്‌ കുരിശേറാൻ വയ്യാത്തത് കൊണ്ട് മാത്രം.

No comments: