Saturday 16 January 2016

സരിതേ നീ സുലേഖയാകുന്നു


സുലേഖ അരി സപ്ലൈകോയിൽ പോയി വാങ്ങാൻ അമ്മ പറഞ്ഞതനുസരിച്ചാണ് രാവിലെ വണ്ടിയെടുത്തു ഇറങ്ങിയത്‌. ജില്ലാ കോടതിയെത്തിയതും വലിയ ആൾകൂട്ടം ഏതോ പ്രമാദമായ കേസിന്റെ വാദം ഇന്നുണ്ടാവും ട്രാഫിക്കിൽ വണ്ടി നിന്നപ്പോൾ ധൃതിയിൽ അകത്തേയ്ക്ക് ഓടി കയറുന്ന കിളവൻ മൂപ്പിൽസിനെ പിടിച്ചു നിർത്തി ചോദിച്ചു. ഇന്നെന്തു കേസാ അമ്മാവാ .. അറിഞ്ഞില്ലേ ,ഇന്ന് സരിതയുടെ കേസാ വിചാരണ, ഇപ്പോൾ കൊണ്ട് വരും പറഞ്ഞു പൂർത്തിയാകാൻ നിൽക്കാതെ ബിരിയാണി വിതരണം നടക്കുന്നതറിഞ്ഞു പായുന്ന ഗ്രഹണി പിടിച്ച പയ്യനെപോലെ കിളവൻ ഓടി അകത്തു കയറി . എട്ടു ക്ലിപ്പിൽ ആറിലും സരിതയെ വിസ്തരിച്ചു കണ്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ ഒരു പൂതി വണ്ടി ഓടിച്ചു ജില്ലാ കോടതിക്കകത്തുള്ള ഉറക്കം തൂങ്ങി മരത്തിനു അടിയിൽ പാർക്കു ചെയ്തിട്ട് അകത്തേയ്ക്ക് കയറി. പണ്ട് യേശു ക്രിസ്തു വരുന്നത് കാണാൻ ചുങ്കക്കാരനായ സക്കേവൂസ് സ്വക്കയാ മരത്തിന്റെ മുകളിൽ കയറി ഇരുന്നത് പോലെ ചിലർ മരത്തിന്റെ തുഞ്ചത്ത് ജീവൻ പണയം വെച്ച് കാത്തിരിക്കുന്നു. ആദ്യമായാണ് ഞാൻ കോടതി കയറുന്നത് ഒരു കൌതുകത്തിനു വെറുതെ അകത്തു കയറി ഹരികൃഷ്ണൻസിലും നരസിംഹത്തിലും മമ്മൂട്ടി വാദിച്ചത് പോലെയാണോ ഈ വക്കീലന്മാർ കോടതികളിൽ വാദിക്കുക. അകത്തു കയറി വക്കീലന്മാരുടെ കസേരയ്ക്കരികെ പോലീസുകാരോട് ചേർന്നൊരു കസേര ഒഴിഞ്ഞു കിടക്കുന്നു ഓടി പോയി അതിൽ ഇരുന്നു. പ്രതി ചാടിപോയ കേസിൽ പോലിസിനെ വിസ്തരിക്കുകയാണ് വക്കീൽ. രസമുള്ള കാഴ്ച തന്നെ എങ്കിലും സരിത ഇവിടെ തന്നെ ആവുമോ വരിക . അടുത്തിരുന്ന വക്കീലിനെ തോണ്ടി ചേട്ടാ സരിതയുടെ കേസ് എപ്പോഴാ ?? ഇവനേതു കോത്തെഴുത്ത്കാരനെടാ എന്ന മട്ടിൽ അവജ്ഞയോടെ അയാൾ രൂക്ഷമായി എന്നെ നോക്കി. വാദം പൊടി പൊടിക്കുന്നു വക്കീൽ പോലീസുകാരനെ നിർത്തി വെള്ളം കുടിപ്പിക്കുന്നു. പെട്ടന്നതാ ഒരു പാട്ട് "നയാ പൈസയില്ല കൈയ്യിലൊരു നയാ പൈസയില്ലാ നഞ്ചു വാങ്ങി തിന്നാൻ പോലും നയാ പൈസയില്ല " എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് നിന്നാണാ പാട്ട് വരുന്നതെന്ന സത്യം ഞെട്ടലോടെ ഞാൻ മനസിലാക്കി ജഡ്ജി അടക്കം എല്ലാവരും എന്നെ തന്നെ നോക്കുന്നു. പാറാവിരുന്ന പോലീസുകാരൻ വന്നെന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ജഡ്ജിയെ ഏൽപ്പിച്ചു. അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന പുത്തൻ സാംസങ്ങ് എസ് 3 ഫോൺ ജഡ്ജി വാങ്ങി കൈയ്യിൽ വെച്ച ശേഷം .കോടതി മുറിയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് അറിഞ്ഞു കൂടെ ? സരിതയെ കാണാനുള്ള ആഗ്രഹത്തിൽ ഇങ്ങനെ ഒരു സാധനം പോക്കറ്റിൽ ഉള്ള കാര്യം ഞാൻ മറന്നു പോയി പ്രഭോ .... കോടതി പിരിയും വരെ ഇവിടെ നിൽക്കുക ഉത്തരവ് ഉടൻ വന്നു. വക്കീലന്മാർ ദയനീയമായി എന്നെ നോക്കി പ്രതിക്കൂടിനു താഴെ ഒരു മരപ്പാവയെ പോലെ കോടതി വിധിച്ച ശിക്ഷ ഏറ്റു വാങ്ങി ഞാൻ നിൽക്കുമ്പോഴും ഉള്ളിൽ ഒരു കുളിരുണ്ടായിരുന്നു സരിതയെ തൊട്ടടുത്തു കാണാം അച്ഛൻ ഇശ്ചിച്ചതും സരിത ,ജഡ്ജി കൽപ്പിച്ചതും സരിത എന്ന മട്ടിൽ കനവു കണ്ടങ്ങനെ നിൽക്കെ പുറത്തൊരു കൂക്ക് വിളി കേട്ടു. സരിതയെത്തിയിരിക്കുന്നു ഇനിയും വിളിക്കാൻ കേസുകൾ ഒരു പാടുണ്ട് കാല് കഴചൊടിയുന്നു ഇരുന്നാലോ ,നിൽക്കാനാണ് വിധി ഇനി ഇരുന്നാൽ കൊലക്കയർ വിധിച്ചു കളയും ദുഷ്ടൻ ജഡ്ജി. ഇരുന്നില്ല കുറച്ചു കഴിഞ്ഞു ഞാൻ ആ സത്യം തിരിച്ചറിഞ്ഞു ഞാൻ നിൽക്കുന്ന കോടതി ബ്ലോക്കിലല്ല സരിതയുടെ വിസ്താരം.ദയനീയമായി ഞാൻ ജഡ്ജിയുടെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു സാറേ ഒരു മിനിട്ട് ഞാൻ ആ സരിതയെ ഒന്നു കണ്ടിട്ട് വരാം എന്തോ വലിയ അപരാധം ചെയ്തപോലെ വക്കീലന്മാർ തലയിൽ കൈവൈചിരുന്നു. ജഡ്ജി ബെഞ്ച് ക്ലാർക്കിനെ വിളിച്ചു എന്തോ പറഞ്ഞു അയാൾ വന്നു എന്നോട് ഒരു വെള്ള കടലാസിൽ മാപ്പപേക്ഷ എഴുതി കൊടുക്കാൻ പറഞ്ഞു.ഞാൻ അനുസരിച്ചു ജഡ്ജി എന്റെ ഫോൺ വിട്ടു തന്നു. ജീവ പര്യന്തം തടവ്‌ ശിക്ഷ കഴിഞ്ഞിറങ്ങിയവനെപ്പോലെ ഞാൻ പുറത്തിറങ്ങി പക്ഷെ പുറത്തു ജനക്കൂട്ടമില്ല സരിതയും ടീമും വിസ്താരം കഴിഞ്ഞു പോയിരിക്കുന്നു. സപ്ലൈകോയിൽ സുലേഖ അരി വാങ്ങുന്നതിനിടയിൽ ഒരു പിടി അരി കൈയ്യിലെടുത്തു ഞാനൊരു പ്രതിജ്ഞയെടുത്തു ആറ്റുകാൽ അമ്മച്ചിയാണേ ഇടപ്പള്ളി പുണ്യാളനാണേൽ ഇനിമേലിൽ വീട്ടിലേയ്ക്ക് അരി വാങ്ങില്ല അതും സുലേഖ ....

No comments: