Saturday, 30 January 2016

ഒരു ചിരി പിന്നെയും ചിരി


ഒരു ചിരി കൊണ്ട് എല്ലാം മറയ്ക്കാൻ കഴിയുമെന്നു അപ്പനാണ് എന്നെ പറഞ്ഞു പഠിപ്പിച്ചത് അത് കൊണ്ട് തന്നെ ചിരി എനിക്കൊരു വീക്നെസ് ആയിരുന്നു. ഗൌരവക്കാരനായ എം എൻ സാറിന്റെ ക്ലാസ്സിൽ ഒരു മൊട്ടു  സൂചി വീണാലും കേൾക്കാൻ കഴിയാത്ത നിശബ്ദതയിൽ ക്ലാസ്സ് നടക്കുമ്പോഴും മുഖത്ത് ഫിറ്റു ചെയ്ത 70 എം എം ചിരിയുമായി ഞാൻ ഇരിക്കും.ചോദ്യം ചോദിച്ചാൽ ചിരി ,ചിരിക്കെരുതെന്നു പറഞ്ഞാൽ  പൊട്ടിച്ചിരി,അങ്ങനെ ചിരിയടക്കാൻ പാട് പെട്ട് നടന്ന  ഒരു ദിവസം സാറ് എന്നെ തിരഞ്ഞു പിടിച്ചൊരു ചോദ്യം ചോദിച്ചു . നീ എഴെന്നേറ്റു നിന്നു വാക്യത്തിൽ പ്രയോഗിക്കുക "പൊട്ടിച്ചിരിക്കുക " അതിനും ചിരി മാത്രം മറുപടി വന്നതോടെ ക്ലാസിൽ മിടുക്കനായ ജോബിയോടായി ചോദ്യം ,സാറെ അത് ഞാൻ ഇന്നലെ വാങ്ങിയ പാർലെ ബിസ്കറ്റിന്റെ കവർ ഇന്ന് നോക്കിയപ്പോൾ പൊട്ടിച്ചിരിക്കുന്നതായി കണ്ടു. ക്ലാസ്സിലാകെ കൂട്ടച്ചിരി എം എൻ സർ എന്റെ കാതു പിടിച്ചു ഞെരിച്ചു കേട്ടോടാ നീയ് ഇങ്ങനെ ചിരിച്ചോണ്ട് നടന്നോ പരൂഷ വരുമ്പം നിനക്ക് മൊട്ട കണ്ടും ചിരിക്കാം.

അൾത്താര ബാലനായി കുർബാനയ്ക്ക് കൂടുമ്പോൾ ചിരിക്കരുതെന്നു അപ്പൻ വിലക്കിയിട്ടുണ്ട് പക്ഷെ തമിഴ് നാട്ടുകാരനായ അച്ചൻ  മലയാളം കുർബാന ചൊല്ലാൻ തുടങ്ങുമ്പോൾ മുതൽ അടക്കാൻ വയ്യാത്ത ചിരിവരും നമ്മുടെ വഴിയെല്ലാം അച്ചനു വളിയാണ് അത് കേൾക്കുമ്പോൾ അടക്കി വെച്ചിരിക്കുന്ന ചിരിയെല്ലാം കൂടി പുറത്തേയ്ക്ക് ചാടും പരിശുദ്ധാത്മാവിന്റെ വളി മുതൽ തുടങ്ങുന്ന ചിരി രംഗബോധമില്ലാതെ ആയപ്പോൾ അമ്മച്ചി പലതവണ മുട്ടിന്മേൽ നിർത്തി കുർബാനയ്ക്ക് കൂടുമ്പോൾ ചിരിക്കില്ലന്ന പ്രതിജ്ഞ ചെയ്യിച്ചു.

മീശ മുളച്ചു തുടങ്ങിയ കാലത്ത് ഒരു സുന്ദരി ഹൃദയത്തിന്റെ അടിത്തട്ടിൽ ചേക്കേറി അവളും എന്നും എന്നെ നോക്കി ചിരിക്കും എനിക്ക് ചിരി ജന്മസിദ്ധമായതിനാൽ ഞങ്ങളുടെ ചിരികൾ പരസ്പരം ഉടക്കി പ്ലസ് ടൂ പാസായി റ്റൈപിനു പോകുന്ന തരുണിമണിയുടെ ദർശനം കിട്ടാൻ മഞ്ഞും കൊണ്ട് ഞാൻ എന്നും ഇടനാഴിയിൽ കാത്തു നിൽക്കും ഒരു നിറഞ്ഞ ചിരി അത് മാത്രം മതി എനിക്കും അവൾക്കും. മഞ്ഞും മഴയും വെയിലും വന്നിട്ടും പുഞ്ചിരിയിലൂടെ ഞങ്ങൾ ഹൃദയം കൈമാറി. ചിരികൾക്കു ചരിത്രമാകാൻ എന്റെ ചാരത്തു വരുമോ ചിത്രലേഖെ എന്ന് ചോദിക്കണമെന്ന് ഉറപ്പിച്ചു പലതവണ വഴി വക്കിൽ കാത്തു നിന്നു. അവൾ അടുത്തെത്തുമ്പോൾ ചിരിയല്ലാത്തതൊന്നും വരാതെയായി,എന്നാൽ പിന്നെ കത്തെഴുതാം, വൈകിട്ട് ഉറക്കം ഒളിച്ചിരുന്ന് അറിയാവുന്ന പൈങ്കിളി സാഹിത്യം കടലാസിലേയ്ക്ക് ചാലിച്ചു ചാർത്തിയൊരു പ്രേമലേഖനം എഴുതി ചിരിച്ചെന്നെ മയക്കിയ മിടുക്കി പെണ്ണേ, ജീവിത കാലം മുഴവൻ നിന്നെ ചിരിപ്പിക്കാൻ ഞാൻ ഒരുക്കമാണ് അതെ, ആകാശം ഭൂമിയെ നോക്കുന്ന പോലെ കര കടലിനെ നോക്കുന്ന പോലെ, പൌലോസ് അപ്പോസ്തലാൻ കൊറിന്ത്യോസുകാരെ നോക്കിയത് പോലെ നിന്നെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം ഐ ലവ് യു. ജീവിതത്തിലെ ആദ്യത്തെ കലാസൃഷ്ടിയുമായി മാമരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ ഞാൻ സ്ഥിരം വഴി വക്കിൽ കാത്തു നിന്നു. പതിവ് ചിരിയിൽ നിന്നും വിഭിന്നമായി എന്റെ കൈയ്യിലെ തുണ്ട് കടലാസും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്ധാളിചെങ്കിലും അവളതു വാങ്ങി. അവൾക്കെന്നോട് പ്രണയമാണെന്ന്  എനിക്കറിയാമായിരുന്നു ഞാൻ പറയാതിരുന്നത് കൊണ്ട് മാത്രം പുഷ്പിക്കാതിരുന്ന പ്രണയം, ഇന്നതിൽ മൊട്ടു വന്നിരിക്കുന്നു നാളെ അവൾ മറുപടി തരും.  പിന്നങ്ങോട്ട് മരം ചുറ്റി പ്രേമത്തിന്റെ ആരും കാണാത്ത അതി ഭീകരമായ അവസ്ഥാന്തരങ്ങളിലെയ്ക്ക് ഞങ്ങളുടെ പ്രേമം വഴിമാറും ആലോചിച്ചു ആലോചിച്ചു ഉറങ്ങാതെ നേരം വെളുപ്പിച്ചു.

പതിവ് സമയമായി അവൾ നടന്നു വരുന്നത് ഹൃദയമിടിപ്പോടെ നോക്കി ഞാൻ നിൽക്കുകയാണ് അവളുടെ മുഖത്തു ചിരിയില്ല കനത്ത ഗൌരവഭാവം . എന്റെ പതിവ് ചിരി അശ്ച്ചര്യത്തിനു വഴിമാറി. സംഗതി പാളിയോ കത്ത് വായിച്ചോ ഞാൻ അടുക്കെ ചെന്ന് പതിയെ ചോദിച്ചു മറുപടി ?മുഖമടച്ചൊരു അടിയായിരുന്നു അവളുടെ മറുപടി വളയിട്ട കൈ കൊണ്ടുള്ള അടിയാണ് ഒരു സുഖമൊക്കെയുണ്ട് എന്നാലും പിന്നെന്തിനാണവൾ ദിവസവും എന്നെ നോക്കി ചിരിച്ചത്. ഹൃദയം പാണ്ടി ലോറി കയറിയ തവളയെപോലെ ചതഞ്ഞരഞ്ഞു അപ്പന്റെ  ചിരി സൌഹൃദങ്ങൾ മാത്രമല്ല തല്ലും വാങ്ങി തരുമെന്ന് പഠിച്ചിരിക്കുന്നു. പിന്നെ മഞ്ഞു കൊള്ളാൻ പോയില്ല.

ഇന്നലെ 17 വർഷങ്ങൾക്കു ശേഷം ഞാൻ അവളെ വീണ്ടും കണ്ടു എന്നെ വർഷങ്ങൾക്കു മുൻപ് മോഹിപ്പിച്ച അതെ ചിരിയുമായി ഞാൻ കവിളിൽ ഒന്നു  തലോടി ആദ്യമായും അവസാനമായും തല്ലു കിട്ടിയത് ഇവളിൽ നിന്നാണ്. കയ്യിൽ ഒന്നും താഴെ രണ്ടുമായി മൂന്ന് കുഞ്ഞുങ്ങൾ എനിക്ക് ചിരിക്കണം എന്നുണ്ട് പക്ഷെ പഴയ സ്മരണ എന്റെ ചിരിയെ തടുത്തു അവർ കോലം കേട്ടൊരു പരുവമായിരിക്കുന്നു. നോക്കിലും വാക്കിലും ദൈന്യ ഭാവം അന്ന് എന്നോട് നോ പറഞ്ഞത് വലിയ നഷ്ട്ടമായെന്നുആ മുഖം പറയാതെ പറയുന്നു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവരുടെ മൂത്ത മകൾ ചോദിക്കുന്നു ആരാമ്മേ അത് ? വർഷങ്ങൾക്കു മുൻപ് അമ്മ നഷ്ടപെടുത്തിയ ഒരു ചിരിയായിരുന്നു അയാൾ. അന്ന്  കിട്ടിയ അടിയുടെ വേദനയെക്കാൾ അത് മനസിലുണ്ടാക്കിയ മുറിവ് പെരുംപാമ്പിൻ നെയ്‌ പുരട്ടിയ പോലെ ഉണങ്ങിയിരിക്കുന്നു. ചിരി വിണ്ടും തിരിച്ചു വന്നു വൈകിട്ട് കിടക്കും മുൻപ് ഭാര്യയോടാ ചിരിയുടെ കഥ പറഞ്ഞു ഒരു ചിരി പൊട്ടിച്ചിരിയായി   ഞങ്ങളാ ചിരിയിൽ അലിഞ്ഞലിഞ്ഞില്ലാതായി.............................
Post a Comment