Sunday 24 January 2016

വളർത്തു മൃഗങ്ങൾ


ഗഫൂർ സന്തോഷവാനായാണ്‌ അന്ന് ഓഫീസിൽ വന്നത് സാറേ മകളുടെ കല്യാണമാണ് ഒരു രണ്ടാഴ്ച ലീവ് വേണം പാസ്പോർട്ടും. പെട്ടന്നാണ് എല്ലാം റെഡി ആയതു പയ്യൻ ഇവിടെ തന്നെ ഒരു ട്രാവൽ ഏജൻസിയിൽ ഡ്രൈവറാണ്ഇപ്പോൾ ലീവിൽ നാട്ടിലുണ്ട് . എനിക്കത്ഭുതം വന്നു 36 കാരനായ ഗഫൂറിനു കല്യാണ പ്രായമായ മകളോ ? മകൾക്ക് എത്രവയസുണ്ട് ? അത് പതിമൂന്നു കഴിഞ്ഞു സർ പന്ത്രണ്ടാം വയസിൽ ഋതുമതി ആയതാണ് ഞങ്ങൾ ഒരു കൊല്ലം താമസിച്ചു സാധാരണ പാക്കിസ്ഥാനിൽ വയസറിയിച്ചു ആറു മാസത്തിനുള്ളിൽ പെൺകുട്ടികളെ കെട്ടിച്ചയക്കാറാണ് പതിവ്, ഇതവളുടെ കുട്ടിക്കളി ഒക്കെ ഒന്നു കുറയാൻ കാത്തിരുന്നതാണ് ഫലമൊന്നുമുണ്ടായിട്ടല്ല പക്ഷെ അവളുടെ അമ്മയ്ക്കു ഇപ്പോൾ ഒരേ നിർബന്ധം ഞാനും സമ്മതിച്ചു ഒരു ഉത്തരവാദിത്വം കഴിയുമല്ലോ പാസ്പോർട്ട് വാങ്ങി അയാൾ പോയി കല്യാണം നടത്തി തിരിച്ചും വന്നു.

ആറു മാസം കഴിഞ്ഞു തുടർച്ചയായി രണ്ടു ദിവസം പണിക്കു വരാഞ്ഞതിനാലാണ് അയാളെ അന്വേഷിച്ചു ക്യാമ്പിൽ എത്തിയത് . എന്നെ കണ്ടതും അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു ,കരഞ്ഞു കലങ്ങിയ മുഖം മറയ്ക്കാനാവാത്ത വിധം അയാളുടെ മനസിനെ പ്രതിഫലിപ്പിച്ചു നിന്നു. എന്താണ് കാര്യം ? നാട്ടിൽ എന്തെങ്കിലും പ്രശ്നം ? എന്റെ ചോദ്യം കേട്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ മകൾ എന്റെ മകൾ അയാൾ ചിറി കോട്ടി വിതുമ്പി. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത സാധുവാണയാൾ അത് കൊണ്ട് തന്നെ ആ കണ്ണുനീരിൽ അയ്യാളുടെ ഹൃദയ നൈർമല്യത്തിന്റെ പനിനീർ സുഗന്ധമുണ്ടായിരുന്നു.

ഇന്നലെ ഞാൻ മരുമകനെ കാണാൻ പോയിരുന്നു അവൻ എന്നെയും മകളെയും വഞ്ചിക്കുകയായിരുന്നു അവനിവിടെ ഒരു ഭാര്യയും മകളുമുണ്ട്. അവന്റെ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറെടുക്കുന്ന എന്റെ മകളോട് ഞാൻ എന്ത് പറയും അയാളുടെ ഏങ്ങലടികൾ ഹൃദയഭിത്തികളെ തകർക്കും പോലെ പ്രതിധ്വനിച്ചു . മരുമകൻ പറയുന്നു നാട്ടിലെ ഭാര്യക്കുള്ള അവകാശങ്ങളിൽ ഒന്നും കുറവ് വരില്ല എന്ന്. അവൻ എല്ലാ മാസവും അവൾക്കും പണം അയച്ചു കൊള്ളാമെന്ന്. വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളവും മുറതെറ്റാതെ കൊടുത്തു വളർത്താനുള്ള അവന്റെ പശു കുട്ടി മാത്രമാണോ എന്റെ പൊന്നുമോൾ ? ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല ആശ്വസിപ്പിക്കാൻ വാക്കുകളും ഒരു പോംവഴിയും നിർദേശിക്കാതെ ഗഫൂറിന്റെ മുറി വിട്ടിറങ്ങുമ്പോഴും അയാളുടെ ആ ചോദ്യം മനസ്സിൽ തികട്ടി വന്നു "വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളവും കൊടുത്തു വളർത്താനുള്ള വെറും പശുകുട്ടി മാത്രമാണോ എന്റെ പൊന്നു മോൾ "