Thursday, 17 August 2017

സണ്ണി ലിയോണും സാനിയ മിർസയും


വിവാഹ ഒരുക്ക സെമിനാറിന്റെ രണ്ടാം ദിവസത്തെ ഇടവേളയിൽ അവളൊന്നു മെരുങ്ങി വന്നെന്നു തോന്നിച്ച സമയത്താണ് അപ്രതീക്ഷിതമായി അവളാ ചോദ്യം എന്നോടു ചോദിക്കുന്നത് .
സാനിയ മിർസയുടെ കളി കാണാറുണ്ടോ ?
ചോദ്യം കേട്ട ഞാനൊന്നു അമ്പരന്നെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനെത്തുന്ന മിഖയേൽ റേശ് മാലാഖ എന്റെ നാവിൻ തുമ്പിലേയ്ക്ക് ഓടിയെത്തി .
സാനിയ മിർസയോ അതാരാ !!!
പച്ച വെള്ളം ചവച്ചു കുടിക്കുന്ന പഞ്ച പാവവും തനി മൊണ്ണയുമാണ് തന്റെ പ്രതിശ്രുത വരൻ എന്ന തിരിച്ചറിവ് അവളെ സന്തോഷത്തിന്റെ പരകോടിയിൽ എത്തിച്ചെന്നു അവളുടെ ഗൂഢമായ പുഞ്ചിരി എന്നോടു പറയുന്നുണ്ടായിരുന്നു .
സാനിയ മിർസയുടെ അമ്മിഞ്ഞയുടെ താളമാണ് കശുവണ്ടി കളിയും പന്നിമലത്തുമായി തെണ്ടി തിരിഞ്ഞ എന്നെ ടെന്നീസിന്റെ കടുത്ത ആരധകനാക്കിയതെന്ന പരമമായ സത്യം അപ്പോൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ കലങ്ങിപ്പോയേക്കാമായിരുന്ന കല്യാണത്തെക്കുറിച്ചും തക്ക സമയത്തു നാവിൽ വന്നു കയറിയ മാലഖയെപ്പറ്റിയും ഞാൻ അഭിമാനത്തോടെ ഓർത്തു . കല്യാണം കഴിഞ്ഞാൽ സാനിയ മിർസ കളിക്കുന്നത് കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം എന്നെ കുറച്ചു നിരാശനാക്കിയെങ്കിലും കല്യാണം മുൻ നിശ്ചയപ്രകാരം ഗംഭീരമായി നടന്നു .
2005 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നാലാം റൌണ്ട് മത്സരത്തിൽ എട്ടു മുട്ടുന്നത് സാനിയ മിർസയും മരിയാ ഷറപ്പോവയുമാണ് . രണ്ടു പേരുടെയും കളി ഒന്നും കാണേണ്ടതു തന്നെയാണ് എന്നാൽ പുത്തനച്ചിയുടെ സാനിയ വിരോധവും മേലിൽ അവളുടെ കളി കണ്ടു പോകരുതെന്നുള്ള തീട്ടൂരവും നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ച പോലെ നിലനിൽക്കുകയാണ് .രാത്രി പന്ത്രണ്ടര മണിക്കാണ് കളി തുടങ്ങുന്നത് ശ്രീമതി ഉറക്കത്തിന്റെ നാലാം യാമം കടക്കുന്ന സമയം . റിസ്‌ക്കെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു സ്വീകരണ മുറിയിലെത്തി മുഴുവൻ ശബ്ദവും കുറച്ചു ടി വി ഓൺ ചെയ്തു . അല്ലെങ്കിൽ തന്നെ ഈ കളിക്കെന്തിനാണ് സൗണ്ട് . റഷ്യൻ സുന്ദരിയും നാടൻ സുന്ദരിയും കൊമ്പു കോർക്കുകയാണ് കണ്ണുകൾക്കിനി വിശ്രമമില്ല .അടി, തിരിച്ചടി, തുള്ളൽ ,കുലുക്കം ,റീപ്ലേ ഏതൊരു സ്പോർട്സ് പ്രേമിയെയും പോലെ ഞാനും കളിയിൽ ലയിച്ചങ്ങനെ ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു അലർച്ച !!!
കണ്ണടച്ചു തുറക്കും മുൻപു എന്റെ കൈയ്യിലിരുന്ന റിമോട്ട് രണ്ടു കഷണമായി . ടി വി തല്ലി പൊട്ടിക്കാൻ അവളൊരു ശ്രമം നടത്തിയെങ്കിലും നാളെ സ്ത്രീ സീരിയൽ കാണേണ്ടതാണല്ലോ എന്ന ചിന്ത അവളെ ആ ഉദ്യമത്തിൽ നിന്നും പിന്നോട്ടു വലിച്ചു. സാനിയ മിർസ ആ കളിയിൽ ദയനീയമായി തോറ്റു ,ജീവിത മത്സരത്തിലെ എന്റെയും ആദ്യത്തെ തോൽവി . ഒരാഴ്ച അവളെന്നോടു മിണ്ടിയില്ല സാനിയ മിർസ എന്ന പേര് പോലും എന്റെ രാത്രികാലങ്ങളിലെ ദുസ്വപ്നമായി .
ഇന്നു സണ്ണി ലിയോണിനെ കാണാൻ തിരക്കും തല്ലുമുണ്ടാക്കുന്ന ചെറുപ്പക്കാരെ കണ്ടപ്പോൾ എനിക്കു അസൂയയും കുശുമ്പും കണ്ണുകടിയും പെരുവിരലിൽ നിന്നും ഇരച്ചു കയറുകയാണ് . ചെറുപ്പക്കാരെ ഒന്നു ഞാൻ പറയാം ഒരു കയർ കഴുത്തിൽ വീഴും വരെ മാത്രമേ കാണു നിങ്ങളുടെ ഈ കുന്തളിപ്പ് . അതു കഴിഞ്ഞാൽപ്പിന്നെ നിങ്ങൾ വിശുദ്ധ മൃഗമാണ് എല്ലാവരാലും ആരാധിക്കപ്പെടുന്ന എന്നാൽ ഇറച്ചിക്കു പോലും വിലയില്ലാത്ത വിശുദ്ധ മൃഗം .....

Friday, 11 August 2017

ആകാശങ്ങളിലിരുന്നൊരു ആർപ്പു വിളി



പ്രിയപ്പെട്ട അമ്മച്ചിക്ക് ,

വള്ളം കളി വരുന്നു ,അമ്മച്ചിയും അച്ചാച്ചനുമല്ലാതെ  മറ്റുള്ളവരെല്ലാം എന്നെ ഓർക്കുന്ന ഒരു ദിവസം കൂടി കടന്നു വരുന്നു . അമ്മച്ചിക്കെന്നെ ഓർക്കാതെ ഒരു ദിവസം പോലും കഴിയില്ല എന്നെനിക്കറിയാം . നഷ്ടപെട്ടത് അമ്മച്ചിക്കും അച്ചാച്ചനും മാത്രമാണെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു. നമ്മുടെ ഉത്സവങ്ങളായിരുന്ന വള്ളം കളി എന്നു  കേൾക്കുന്നതേ അമ്മച്ചിക്കിപ്പോൾ പേടിയുണ്ടാവും .അച്ചാച്ചൻ പറഞ്ഞതെല്ലാം  അനുസരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോഴും  നിങ്ങളോടൊത്തുണ്ടാവുമായിരുന്നു . വേമ്പനാട്ടു  കായലിന്റെ മടിത്തട്ടിൽ കളിച്ചു വളർന്നവനാണു ഞാനെന്ന അഹന്തയാവാം എന്നെ ഇങ്ങനെ ഒരു അദൃശ്യ ശക്തിയായി ഏതോ ലോകത്തിരുന്നു നിങ്ങൾക്കിങ്ങനെയൊരു  കത്തെഴുതാൻ ഇട വരുത്തിയത്  .

ഓരോ ജലമേളയും ഓരോ കുട്ടനാട്ടു കാരന്റെയും ഹൃദയ ദേവാലയത്തിലെ ഉത്സവങ്ങൾ ആണല്ലോ. നമ്മുടെ സ്വന്തം ദേശത്തേയ്ക്കു ലോകത്തിന്റെ നാനാ ദേശങ്ങളിൽ നിന്നും ആളുകൾ വരുന്ന ,എന്റെ ഗ്രാമം എന്റെ  നാട് ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കുന്ന ദിവസത്തിൽ എല്ലാ കുട്ടനാട്ടുകാരേയും പോലെ ഞാനും ആഹ്ലാദിച്ചിട്ടും അഹങ്കരിച്ചിട്ടുമുണ്ട് . അച്ചാച്ചന്റെ കൈകളിൽ കിടന്നു നീന്താൻ പഠിച്ച നാളു തുടങ്ങി ഈ കഴിഞ്ഞ വർഷം വരെ ഞാൻ ഊളിയിട്ടു ഉയരാത്ത ആർപ്പു വിളിക്കാത്ത ഒരു ജലമേള പോലും കടന്നു പോയിട്ടില്ല . അച്ചാച്ചൻ ഓർക്കുന്നില്ലേ ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ ഊളിയിട്ടു കിടന്നതിനു എനിക്കു കിട്ടിയ സമ്മാനം .ആ സമ്മാനം ഞാൻ വാങ്ങി വന്ന ദിവസം ഔസേപ്പിന്റെ ചായക്കടയിൽ നിന്നും വയറു നിറയെ പൊറോട്ടയും  ഇറച്ചിക്കറിയും വാങ്ങി തന്ന അച്ചാച്ചനെ എനിക്കിപ്പോഴും കൊതിയോടെ അല്ലാതെ  ഓർക്കാൻ കഴിയുന്നില്ല .
ജിൻസി മോൾക്കു വലിയ വിഷമം ഉണ്ടായിരുന്നു അല്ലേ ,അവളുടെ വലതു കൈയ്യാണു നഷ്ടപെട്ടത് ഒരു സൂചി നൂലിൽ കോർക്കാൻ പോലും എന്നെ തേടി വന്നിരുന്ന  പൊട്ടി പെണ്ണാണവൾ ,അവളെ വേഗം കെട്ടിച്ചയക്കണം .അവളുടെ ചെറുക്കനെപ്പറ്റി എനിക്കൊരുപാടു പ്രതീക്ഷയുണ്ടായിരുന്നു .ഏഴു കുതിരകളിൽ പൂട്ടിയ  രഥത്തിൽ വരുന്ന രാജകുമാരനെ സ്വപ്നം കണ്ടു കഴിയുന്ന അവൾക്കു  ചേർന്ന ഒരു ചെറുക്കനെ അച്ചാച്ചനും അമ്മച്ചിയും കൂടി കണ്ടു പിടിക്കണം .

ഇക്കുറി കോളേജിൽ നിന്നും എന്റെ കൂട്ടുകാർ എല്ലാവരും വള്ളം കാളി കാണാൻ ഉണ്ടാവും .അച്ചാച്ചൻ അവരോടു പറയണം .ദയവായി മദ്യപിക്കരുതെന്ന് , അന്നു  ഞാൻ അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ഇക്കുറിയും  ജലരാജാക്കന്മാർ കായൽപ്പരപ്പിൽ അങ്കം വെട്ടുമ്പോൾ ഞാനും സാക്ഷിയായി അവിടെയൊരു കോണിൽ ഉണ്ടാകുമായിരുന്നു . അച്ചാച്ചൻ  എന്നോടു  പൊറുക്കണം,  അച്ചാച്ചൻ പറഞ്ഞതൊക്കെ എന്റെ നന്മയ്ക്കായിരുന്നു എന്നു  മനസ്സിലാക്കുവാനുള്ള മാനസീക വളർച്ച  എനിക്കന്നുണ്ടായിരുന്നില്ല . ഇക്കുറി വള്ളം കളി കാണാൻ വരുന്ന എല്ലാ ചെറുപ്പക്കാരോടും അച്ചാച്ചൻ എനിക്കു  വേണ്ടി സംസാരിക്കണം . മദ്യപിക്കരുതെന്നും മദ്യപിച്ചാൽ വെള്ളത്തിൽ ഇറങ്ങരുതെന്നും എന്റെ ദുരന്തം ചൂണ്ടിക്കാട്ടി   അച്ചാച്ചൻ അവരോടു പറയണം . അല്ലെങ്കിൽ വെള്ളത്തിൽ എന്തു സർക്കസും കാണിക്കാൻ കഴിവുണ്ടായിരുന്ന  ഞാൻ  മുങ്ങി മരിച്ചു എന്നത് എന്റെ ഉള്ളിലുണ്ടായിരുന്ന ലഹരി ഒന്നു  കൊണ്ടു മാത്രമാണ് .

ആഘോഷങ്ങളിലെ ലഹരി ജീവിതത്തിന്റെ ലഹരി കുറയ്ക്കുമെന്നു എല്ലാ യുവാക്കളെയും  പറഞ്ഞു ബോധ്യപ്പെടുത്തുക . ജലമേള നമ്മുടെ നാടിൻറെ ഉത്സവമാണ് ,നതോന്നത വൃത്തത്തിൽ വഞ്ചി പാട്ടിന്റെ ലഹരിയിൽ  ആർപ്പു വിളികളോടെ നമുക്കാ സാംസ്കാരിക പൈതൃകത്തെ വരവേൽക്കാം .അമ്മച്ചി എന്നെ അമ്മച്ചിയിൽ നിന്നും പറിച്ചെടുത്ത കായലിനോടു കലഹിക്കരുത്. ഇക്കുറി  ജലപ്പരപ്പിൽ തുഴകൾ ആഴത്തിൽ വീഴുമ്പോൾ എനിക്കു  വേണ്ടി അമ്മച്ചി ഉച്ചത്തിൽ ഒരാർപ്പു വിളിക്കുക അതു  മതി ഈ മകനു സ്വർഗത്തിലിരുന്നു കൊണ്ടു സന്തോഷിക്കാൻ .
ആലപ്പുഴയുടെ ജനകീയ ഉത്സവമായ ജലമേളയ്ക്കു എല്ലാ വിധ ആശംസകളോടും കൂടി ,

                                                                             പ്രിയപ്പെട്ട മകൻ ........




Wednesday, 2 August 2017

ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ .....



ദേവാസുരം കണ്ട ഹാങ്ങ് ഓവറിൽ അന്ന് വൈകുന്നേരത്തെ സുരപാനത്തിനു ഒഴിച്ചു കുടിക്കാൻ ചെന്തെങ്ങിന്റെ  കരിക്കു വേണമെന്നു  സുനിക്കുട്ടൻ വാശി പിടിച്ചു . പയറ്റിക്കോണം പൊക്കമുള്ള ചില്ലി തെങ്ങാല്ലാതെ ആ പരിസരത്തെങ്ങും ചെന്തെങ്ങില്ലാ എന്ന സത്യം സുനിക്കുട്ടനും കൂട്ടുകാരും അത്യന്തം ഹൃദയ വേദനയോടെ വളരെ വേഗം തിരിച്ചറിഞ്ഞു . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ 200 മില്ലി വീതമുള്ള പട്ടയിൽ പച്ചവെള്ളം ഒഴിക്കുമ്പോൾ സുനിക്കുട്ടൻ മംഗലശ്ശേരി നീലകണ്ഠനെ വിറപ്പിച്ച ഭാനുമതിയെപ്പോലെ  കാവിമുണ്ടിനു കീഴെ അപകട മേഖലയെ ആവരണം ചെയ്തിരുന്ന ചരിത്രാതീത കാലം പഴക്കമുള്ള ജോക്കി വലിച്ചൂരി വേലിപ്പത്തലിലേയ്‌ക്കെറിഞ്ഞു ഒരു ഘടാഘടിയൻ  പ്രതിജ്ഞയെടുത്തു.

""""""നാടൻ വാറ്റിൽ ചെന്തെങ്ങിന്റെ കരിക്കൊഴിച്ചടിക്കുന്ന അന്നല്ലാതെ സുനിക്കുട്ടനിനി ജോക്കി ഇടില്ല"""" .

 സുനിക്കുട്ടന്റെ തൊണ്ണൂറു സെന്റി പ്രസക്തഭാഗങ്ങളെ മറയ്ക്കുന്നിടത്തും ഉണ്ട് ചില കൊച്ചു വിജയങ്ങൾ മോഹിക്കുന്ന ഒരാളെന്ന തിരിച്ചറിവിൽ ഞങ്ങളവന്റെ പ്രതിജ്ഞയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . ഒരു പാട് പ്രതിഭയുള്ള കലാകാരനായ സുനിക്കുട്ടന്റെ ബോൾ ബെയറിങ്ങുകൾ ഇനി  ഇളം കാറ്റിലാടുന്ന തേങ്ങാക്കുലകൾ ആകുമല്ലോ എന്നോർത്തപ്പോൾ  ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങൾ കുണ്ഠിതപ്പെട്ടു . സുനിക്കുട്ടൻ പിടിവാശിക്കാരനാണ് ഒന്നു  പറഞ്ഞാൽ വിജയം കാണാതെ വാക്കു  തെറ്റിക്കാത്തവൻ . സുനിക്കുട്ടൻ വീട്ടിലേയ്ക്കു പോയതും  വേലിപ്പത്തലിൽ അനാഥമായി  കിടന്ന  പഴകി പിഞ്ചിയ  ജോക്കിയെ നേരത്തെ കണ്ണു  വെച്ചിരുന്ന  ആരോ ചൂണ്ടി പോക്കറ്റിലാക്കി .

ഗൂഗിളും സെർച്ച് എൻജിനും നാട്ടിലിറങ്ങുന്നതിനു മുൻപ് നാട്ടിടവഴികളുടെ വിശ്വ വിജ്ഞാന കോശം ചെത്തു തേറിടുന്ന മരപ്പലകയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ചെത്തുകാരൻ രാജപ്പൻ ഞങ്ങളോടാ രഹസ്യം പരസ്യമായി പറഞ്ഞു . വട്ടി പലിശക്കാരൻ സത്യപ്പൻ ചേട്ടന്റെ തെങ്ങിൻ തോട്ടത്തിൽ   നാലോളം ഫല സമൃദ്ധമായ ചെന്തെങ്ങുണ്ടത്രേ .
പക്ഷെ ഒന്നു  സൂക്ഷിക്കണം !!!!
ഗോപാലേട്ടൻ ഓപറേഷൻ ബ്ലാക്ക് തണ്ടറിനു റെഡി ആയി നിൽക്കുന്ന കമാണ്ടോകളോട് ക്യാപ്റ്റൻ ഓർമ്മപ്പെടുത്തുന്ന പോലെ ഞങ്ങളെ  ഓർമ്മപ്പെടുത്തി .

എന്തു സൂക്ഷിക്കണമെന്ന് ?

സുനിക്കുട്ടൻ ഞിജ്ഞാസുവായി  ഗോപാലേട്ടനു മുന്നിൽ കാതു കൂർപ്പിച്ചു .
രണ്ടു കാര്യങ്ങളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത് .
ഒന്ന്, രാത്രിയല്ലാത്തപ്പോഴെല്ലാം, അല്ല രാത്രി പതിനൊന്നു വരെയും അവിടെ ആളുണ്ടാവും
രണ്ട് , അടുത്തിടെ തെങ്ങിൽ നിന്നും പതിവായി മോഷണം നടക്കുന്നതിനാൽ തെങ്ങിനു മുകളിൽ അള്ളുണ്ടാവും !

അള്ളോ !

ഞങ്ങളിൽ പലർക്കും അതൊരു പുതിയ അറിവായിരുന്നു .ചൂണ്ടക്കൊളുത്തു പോലെ അഗ്രം വളഞ്ഞ  മൂർച്ചയുള്ള ഓരായുധം അവൻ തറഞ്ഞാൽ പിന്നെ നിലത്തിറങ്ങാൻ ഇമ്മിണി പണിപ്പെടേണ്ടി വരും ഗോപാലേട്ടൻ വിശദീകരിച്ചു .

രണ്ടാമത്തെ പ്രയോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങൾ ഒന്നു  നടുങ്ങി സുനിക്കുട്ടനെ നോക്കി  .
മോനെ ആയുധം വെച്ചുള്ള കളിയാ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ...
സുനിക്കുട്ടൻ വിടാൻ ഭാവമില്ല നീലകണ്ഠന്റെ ചോരയ്ക്കായി ദാഹിക്കുന്ന ശേഖരന്റെ ക്രൗര്യത്തോടെ  തീരുമാനത്തിൽ ഉറച്ചു നിന്നു .

പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയ്യാറായിരിക്കുന്നു ,രാത്രി പന്ത്രണ്ടു മണിക്കു  സത്യപ്പന്റെ തെങ്ങിൻ തോട്ടത്തിൽ അതിക്രമിച്ചു കയറുന്നു , ചെന്തെങ്ങിൻ കരിക്കിടുന്നു പ്രതിജ്ഞ നിറവേറ്റുന്നു  . ചന്ദ്രന്റെ കടയിൽ നിന്നും വാങ്ങിയ ഒരു ലിറ്റർ പട്ട ഞങ്ങൾ അര ക്കെട്ടിനുള്ളിലൂടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് തള്ളി വെച്ചു .

സകല കളരി പരമ്പര ദൈവങ്ങളെ, ആഗ്രഹങ്ങളുണ്ടാക്കുന്ന പൊല്ലാപ്പിലാണ് ജീവിതം തന്നെ നീങ്ങുന്നത് . ചിലർക്കത് പെണ്ണിനോടാവാം  ലോകം കണ്ട പല പ്രമുഖ യുദ്ധങ്ങളും പെണ്ണിനു വേണ്ടിയായിരുന്നല്ലോ, എന്നാൽ ഇന്നിതു സുനിക്കുട്ടന്റെ അഭിമാന സംരക്ഷണത്തിന്റെയും അടിവസ്ത്ര ധാരണത്തിന്റെയും അത്യന്താപേക്ഷിതമായ  സംഗതിയായി മാറിയിരിക്കുകയാണ് .നിന്റെ ആഗ്രഹം എത്രത്തോളം തീവ്രമാണ് അത്രത്തോളം  ലോകവും നിനക്കു കൂട്ടിനുണ്ടാവും. ഒരു കുരങ്ങന്റെ മെയ് വഴക്കത്തോടെ സുനിക്കുട്ടൻ നിമിഷ നേരം കൊണ്ടു പൊക്കം കുറഞ്ഞ തെങ്ങിനു മുകളിലെത്തി .

കരിക്കു നമ്പർ വൺ ,ടു ,ത്രീ ഒന്നിനെ കുത്തിയിട്ടു ,ഒന്നിനെ ചവിട്ടിയിട്ടും മൂന്നാമനെ പിഴുതെറിഞ്ഞു. അങ്ങനെ എണ്ണാൻ പറ്റുന്നതിലും അധികം കരിക്കുകൾ നിമിഷ നേരം കൊണ്ടു താഴേയ്ക്കു  പതിച്ചു കഴിഞ്ഞിരിക്കുന്നു .ഭാനുമതിയുടെ ചിലങ്ക കിലുക്കം കാതുകളിൽ മുഴങ്ങുന്നു. ഇന്നലെ വൈകിട്ട് മുതൽ സ്വാതന്ത്രമായിരുന്ന  വൃഷ്ടി പ്രദേശം വീണ്ടും പുത്തൻ ജോക്കിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു .
താഴെയെത്തിയ കരിക്കുകളുടെ മോന്തായം വെട്ടി കള്ളിൽ ചേർക്കാൻ ഞങ്ങൾ ഒരുങ്ങിയതും മുകളിൽ നിന്നൊരു അലർച്ച  .

സുനിക്കുട്ടൻ അപകടത്തിൽപ്പെട്ടിരിക്കുന്നു ചെത്തുകാരൻ ഗോപാലൻ തന്ന രണ്ടാമത്തെ സൂചന  സുനിക്കുട്ടന്റെ  കല്യാണ സാധനത്തിൽ എവിടെയോ തുളച്ചു കയറിയിരിക്കുന്നു .
അലർച്ച !!!!!
ജീവൻ പോകുന്ന അലർച്ച !!!!!!!
സത്യപ്പൻ മുതലാളിയുടെ വീട്ടിലെ അണഞ്ഞിരുന്ന ലൈറ്റുകൾ ഓരോന്നോരോന്നായി തെളിയുന്നു .
രാത്രിയുടെ രണ്ടാം യാമത്തിൽ നിലവിളി ശബ്ദമിട്ടു കൊണ്ടു കേരളാ ഫയർഫോഴ്‌സിന്റെ രണ്ടു വാഹനങ്ങൾ  സത്യപ്പന്റെ വീടിനു മുന്നിലേയ്ക്കു ഇരച്ചു കയറി .

മെഡിക്കൽ കോളേജിന്റെ അത്യാഹിത വാർഡിൽ അടിയന്തിര ശസ്ത്രക്രീയയ്ക്കു വിധേയനാക്കുന്നതിനു മുൻപ്  അനസ്തീഷ്യയ്ക്കു പകരം ചെന്തെങ്ങിന്റെ ചാറൊഴിച്ചൊരു ഇരുന്നൂറു ഡോക്റ്റർ കാണാതെ അവന്റെ കവിളിലേയ്ക്കു കമഴ്ത്തുക എന്നതു ഒരാത്മാർത്ഥ സുഹൃത്തെന്ന നിലയിൽ എന്റെ കടമയായിരുന്നു .

ആശുപത്രി വിടുമ്പോൾ ഡോക്റ്റർ ഒന്നേ പഥ്യം പറഞ്ഞുള്ളു .അടുത്ത ആറു മാസത്തേയ്ക്ക് അടിവസ്ത്രം ഉപയോഗിക്കാതിരിക്കുക  . ചിറി കോട്ടി  ചിരിച്ചു കൊണ്ടു സുനിക്കുട്ടൻ കാറിൽ കയറുമ്പോൾ ഞങ്ങളുടെ ഇടയിലെ ഗായകൻ  മുഹമ്മദ് റാഫി നിറ കണ്ണുകളോടെ ഡാഷ് ബോർഡിൽ കൊട്ടി പാടി .

വന്ദേ മുകുന്ദ  ഹരേ ജയ ശൗരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടെ
പീലിത്തിളക്കവും കോലക്കുഴൽപ്പാട്ടും
അമ്പാടിപൈക്കളും എവിടെ
ക്രൂരവിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ ആത്മപ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥന്റെ
കൽക്കലെൻ കണ്ണീർ പ്രണാമം ........