പ്രിയപ്പെട്ട അമ്മച്ചിക്ക് ,
വള്ളം കളി വരുന്നു ,അമ്മച്ചിയും അച്ചാച്ചനുമല്ലാതെ മറ്റുള്ളവരെല്ലാം എന്നെ ഓർക്കുന്ന ഒരു ദിവസം കൂടി കടന്നു വരുന്നു . അമ്മച്ചിക്കെന്നെ ഓർക്കാതെ ഒരു ദിവസം പോലും കഴിയില്ല എന്നെനിക്കറിയാം . നഷ്ടപെട്ടത് അമ്മച്ചിക്കും അച്ചാച്ചനും മാത്രമാണെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു. നമ്മുടെ ഉത്സവങ്ങളായിരുന്ന വള്ളം കളി എന്നു കേൾക്കുന്നതേ അമ്മച്ചിക്കിപ്പോൾ പേടിയുണ്ടാവും .അച്ചാച്ചൻ പറഞ്ഞതെല്ലാം അനുസരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോഴും നിങ്ങളോടൊത്തുണ്ടാവുമായിരുന്നു . വേമ്പനാട്ടു കായലിന്റെ മടിത്തട്ടിൽ കളിച്ചു വളർന്നവനാണു ഞാനെന്ന അഹന്തയാവാം എന്നെ ഇങ്ങനെ ഒരു അദൃശ്യ ശക്തിയായി ഏതോ ലോകത്തിരുന്നു നിങ്ങൾക്കിങ്ങനെയൊരു കത്തെഴുതാൻ ഇട വരുത്തിയത് .
ഓരോ ജലമേളയും ഓരോ കുട്ടനാട്ടു കാരന്റെയും ഹൃദയ ദേവാലയത്തിലെ ഉത്സവങ്ങൾ ആണല്ലോ. നമ്മുടെ സ്വന്തം ദേശത്തേയ്ക്കു ലോകത്തിന്റെ നാനാ ദേശങ്ങളിൽ നിന്നും ആളുകൾ വരുന്ന ,എന്റെ ഗ്രാമം എന്റെ നാട് ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കുന്ന ദിവസത്തിൽ എല്ലാ കുട്ടനാട്ടുകാരേയും പോലെ ഞാനും ആഹ്ലാദിച്ചിട്ടും അഹങ്കരിച്ചിട്ടുമുണ്ട് . അച്ചാച്ചന്റെ കൈകളിൽ കിടന്നു നീന്താൻ പഠിച്ച നാളു തുടങ്ങി ഈ കഴിഞ്ഞ വർഷം വരെ ഞാൻ ഊളിയിട്ടു ഉയരാത്ത ആർപ്പു വിളിക്കാത്ത ഒരു ജലമേള പോലും കടന്നു പോയിട്ടില്ല . അച്ചാച്ചൻ ഓർക്കുന്നില്ലേ ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ ഊളിയിട്ടു കിടന്നതിനു എനിക്കു കിട്ടിയ സമ്മാനം .ആ സമ്മാനം ഞാൻ വാങ്ങി വന്ന ദിവസം ഔസേപ്പിന്റെ ചായക്കടയിൽ നിന്നും വയറു നിറയെ പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങി തന്ന അച്ചാച്ചനെ എനിക്കിപ്പോഴും കൊതിയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല .
ജിൻസി മോൾക്കു വലിയ വിഷമം ഉണ്ടായിരുന്നു അല്ലേ ,അവളുടെ വലതു കൈയ്യാണു നഷ്ടപെട്ടത് ഒരു സൂചി നൂലിൽ കോർക്കാൻ പോലും എന്നെ തേടി വന്നിരുന്ന പൊട്ടി പെണ്ണാണവൾ ,അവളെ വേഗം കെട്ടിച്ചയക്കണം .അവളുടെ ചെറുക്കനെപ്പറ്റി എനിക്കൊരുപാടു പ്രതീക്ഷയുണ്ടായിരുന്നു .ഏഴു കുതിരകളിൽ പൂട്ടിയ രഥത്തിൽ വരുന്ന രാജകുമാരനെ സ്വപ്നം കണ്ടു കഴിയുന്ന അവൾക്കു ചേർന്ന ഒരു ചെറുക്കനെ അച്ചാച്ചനും അമ്മച്ചിയും കൂടി കണ്ടു പിടിക്കണം .
ഇക്കുറി കോളേജിൽ നിന്നും എന്റെ കൂട്ടുകാർ എല്ലാവരും വള്ളം കാളി കാണാൻ ഉണ്ടാവും .അച്ചാച്ചൻ അവരോടു പറയണം .ദയവായി മദ്യപിക്കരുതെന്ന് , അന്നു ഞാൻ അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ഇക്കുറിയും ജലരാജാക്കന്മാർ കായൽപ്പരപ്പിൽ അങ്കം വെട്ടുമ്പോൾ ഞാനും സാക്ഷിയായി അവിടെയൊരു കോണിൽ ഉണ്ടാകുമായിരുന്നു . അച്ചാച്ചൻ എന്നോടു പൊറുക്കണം, അച്ചാച്ചൻ പറഞ്ഞതൊക്കെ എന്റെ നന്മയ്ക്കായിരുന്നു എന്നു മനസ്സിലാക്കുവാനുള്ള മാനസീക വളർച്ച എനിക്കന്നുണ്ടായിരുന്നില്ല . ഇക്കുറി വള്ളം കളി കാണാൻ വരുന്ന എല്ലാ ചെറുപ്പക്കാരോടും അച്ചാച്ചൻ എനിക്കു വേണ്ടി സംസാരിക്കണം . മദ്യപിക്കരുതെന്നും മദ്യപിച്ചാൽ വെള്ളത്തിൽ ഇറങ്ങരുതെന്നും എന്റെ ദുരന്തം ചൂണ്ടിക്കാട്ടി അച്ചാച്ചൻ അവരോടു പറയണം . അല്ലെങ്കിൽ വെള്ളത്തിൽ എന്തു സർക്കസും കാണിക്കാൻ കഴിവുണ്ടായിരുന്ന ഞാൻ മുങ്ങി മരിച്ചു എന്നത് എന്റെ ഉള്ളിലുണ്ടായിരുന്ന ലഹരി ഒന്നു കൊണ്ടു മാത്രമാണ് .
ആഘോഷങ്ങളിലെ ലഹരി ജീവിതത്തിന്റെ ലഹരി കുറയ്ക്കുമെന്നു എല്ലാ യുവാക്കളെയും പറഞ്ഞു ബോധ്യപ്പെടുത്തുക . ജലമേള നമ്മുടെ നാടിൻറെ ഉത്സവമാണ് ,നതോന്നത വൃത്തത്തിൽ വഞ്ചി പാട്ടിന്റെ ലഹരിയിൽ ആർപ്പു വിളികളോടെ നമുക്കാ സാംസ്കാരിക പൈതൃകത്തെ വരവേൽക്കാം .അമ്മച്ചി എന്നെ അമ്മച്ചിയിൽ നിന്നും പറിച്ചെടുത്ത കായലിനോടു കലഹിക്കരുത്. ഇക്കുറി ജലപ്പരപ്പിൽ തുഴകൾ ആഴത്തിൽ വീഴുമ്പോൾ എനിക്കു വേണ്ടി അമ്മച്ചി ഉച്ചത്തിൽ ഒരാർപ്പു വിളിക്കുക അതു മതി ഈ മകനു സ്വർഗത്തിലിരുന്നു കൊണ്ടു സന്തോഷിക്കാൻ .
ആലപ്പുഴയുടെ ജനകീയ ഉത്സവമായ ജലമേളയ്ക്കു എല്ലാ വിധ ആശംസകളോടും കൂടി ,
പ്രിയപ്പെട്ട മകൻ ........
No comments:
Post a Comment