Thursday 17 August 2017

സണ്ണി ലിയോണും സാനിയ മിർസയും


വിവാഹ ഒരുക്ക സെമിനാറിന്റെ രണ്ടാം ദിവസത്തെ ഇടവേളയിൽ അവളൊന്നു മെരുങ്ങി വന്നെന്നു തോന്നിച്ച സമയത്താണ് അപ്രതീക്ഷിതമായി അവളാ ചോദ്യം എന്നോടു ചോദിക്കുന്നത് .
സാനിയ മിർസയുടെ കളി കാണാറുണ്ടോ ?
ചോദ്യം കേട്ട ഞാനൊന്നു അമ്പരന്നെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനെത്തുന്ന മിഖയേൽ റേശ് മാലാഖ എന്റെ നാവിൻ തുമ്പിലേയ്ക്ക് ഓടിയെത്തി .
സാനിയ മിർസയോ അതാരാ !!!
പച്ച വെള്ളം ചവച്ചു കുടിക്കുന്ന പഞ്ച പാവവും തനി മൊണ്ണയുമാണ് തന്റെ പ്രതിശ്രുത വരൻ എന്ന തിരിച്ചറിവ് അവളെ സന്തോഷത്തിന്റെ പരകോടിയിൽ എത്തിച്ചെന്നു അവളുടെ ഗൂഢമായ പുഞ്ചിരി എന്നോടു പറയുന്നുണ്ടായിരുന്നു .
സാനിയ മിർസയുടെ അമ്മിഞ്ഞയുടെ താളമാണ് കശുവണ്ടി കളിയും പന്നിമലത്തുമായി തെണ്ടി തിരിഞ്ഞ എന്നെ ടെന്നീസിന്റെ കടുത്ത ആരധകനാക്കിയതെന്ന പരമമായ സത്യം അപ്പോൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ കലങ്ങിപ്പോയേക്കാമായിരുന്ന കല്യാണത്തെക്കുറിച്ചും തക്ക സമയത്തു നാവിൽ വന്നു കയറിയ മാലഖയെപ്പറ്റിയും ഞാൻ അഭിമാനത്തോടെ ഓർത്തു . കല്യാണം കഴിഞ്ഞാൽ സാനിയ മിർസ കളിക്കുന്നത് കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം എന്നെ കുറച്ചു നിരാശനാക്കിയെങ്കിലും കല്യാണം മുൻ നിശ്ചയപ്രകാരം ഗംഭീരമായി നടന്നു .
2005 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നാലാം റൌണ്ട് മത്സരത്തിൽ എട്ടു മുട്ടുന്നത് സാനിയ മിർസയും മരിയാ ഷറപ്പോവയുമാണ് . രണ്ടു പേരുടെയും കളി ഒന്നും കാണേണ്ടതു തന്നെയാണ് എന്നാൽ പുത്തനച്ചിയുടെ സാനിയ വിരോധവും മേലിൽ അവളുടെ കളി കണ്ടു പോകരുതെന്നുള്ള തീട്ടൂരവും നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ച പോലെ നിലനിൽക്കുകയാണ് .രാത്രി പന്ത്രണ്ടര മണിക്കാണ് കളി തുടങ്ങുന്നത് ശ്രീമതി ഉറക്കത്തിന്റെ നാലാം യാമം കടക്കുന്ന സമയം . റിസ്‌ക്കെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു നടന്നു സ്വീകരണ മുറിയിലെത്തി മുഴുവൻ ശബ്ദവും കുറച്ചു ടി വി ഓൺ ചെയ്തു . അല്ലെങ്കിൽ തന്നെ ഈ കളിക്കെന്തിനാണ് സൗണ്ട് . റഷ്യൻ സുന്ദരിയും നാടൻ സുന്ദരിയും കൊമ്പു കോർക്കുകയാണ് കണ്ണുകൾക്കിനി വിശ്രമമില്ല .അടി, തിരിച്ചടി, തുള്ളൽ ,കുലുക്കം ,റീപ്ലേ ഏതൊരു സ്പോർട്സ് പ്രേമിയെയും പോലെ ഞാനും കളിയിൽ ലയിച്ചങ്ങനെ ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു അലർച്ച !!!
കണ്ണടച്ചു തുറക്കും മുൻപു എന്റെ കൈയ്യിലിരുന്ന റിമോട്ട് രണ്ടു കഷണമായി . ടി വി തല്ലി പൊട്ടിക്കാൻ അവളൊരു ശ്രമം നടത്തിയെങ്കിലും നാളെ സ്ത്രീ സീരിയൽ കാണേണ്ടതാണല്ലോ എന്ന ചിന്ത അവളെ ആ ഉദ്യമത്തിൽ നിന്നും പിന്നോട്ടു വലിച്ചു. സാനിയ മിർസ ആ കളിയിൽ ദയനീയമായി തോറ്റു ,ജീവിത മത്സരത്തിലെ എന്റെയും ആദ്യത്തെ തോൽവി . ഒരാഴ്ച അവളെന്നോടു മിണ്ടിയില്ല സാനിയ മിർസ എന്ന പേര് പോലും എന്റെ രാത്രികാലങ്ങളിലെ ദുസ്വപ്നമായി .
ഇന്നു സണ്ണി ലിയോണിനെ കാണാൻ തിരക്കും തല്ലുമുണ്ടാക്കുന്ന ചെറുപ്പക്കാരെ കണ്ടപ്പോൾ എനിക്കു അസൂയയും കുശുമ്പും കണ്ണുകടിയും പെരുവിരലിൽ നിന്നും ഇരച്ചു കയറുകയാണ് . ചെറുപ്പക്കാരെ ഒന്നു ഞാൻ പറയാം ഒരു കയർ കഴുത്തിൽ വീഴും വരെ മാത്രമേ കാണു നിങ്ങളുടെ ഈ കുന്തളിപ്പ് . അതു കഴിഞ്ഞാൽപ്പിന്നെ നിങ്ങൾ വിശുദ്ധ മൃഗമാണ് എല്ലാവരാലും ആരാധിക്കപ്പെടുന്ന എന്നാൽ ഇറച്ചിക്കു പോലും വിലയില്ലാത്ത വിശുദ്ധ മൃഗം .....

No comments: