Tuesday, 26 June 2018

അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!


വീട്ടിലെത്തിയപ്പോഴാണ് അയാളതോർത്തത്, തന്റെ കൂടെ ആറു വയസുള്ള ഇഷാനും ഉണ്ടായിരുന്നു .
എവിടെയായിരിക്കണം അവൻ , മദ്യത്തിന്റെ മരവിപ്പിൽ ഹൈപ്പോ തലമാസിൽ ഒരു പുനർ വിചിന്തനം സാധ്യമാകുന്നില്ല . തുണിക്കടയിൽ , കാർണിവൽ നഗരിയിൽ , കീറ്റപ്പന്റെ കുലുക്കി സർബത്തു കടയിൽ .
പെട്ടന്നയാൾ ചാടിയെഴുന്നേറ്റു വണ്ടി സ്റ്റാർട്ട് ചെയ്തു .
ഞാനും വരാം ചേട്ടാ, പേടിച്ചരണ്ട ശബ്ദത്തിൽ ഭാര്യ പിൻ വിളി വിളിച്ചു .
വേണ്ടാ.... അയാൾ വിലക്കി
നഗരം ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു . എന്തൊരു മറവിയാണിത് ഭഗവാനെ, അയാൾ സ്വയം ശപിച്ചു ബൈക്കിന്റെ ആക്സിലേറ്ററിൽ കൈയ്യമർത്തി .
അകത്തേയ്ക്കു കയറുമ്പോൾ സെക്കുരിറ്റി മുഖത്തു കയ്യമർത്തി ചിരിച്ചു . ഇരുണ്ട വെളിച്ചത്തിൽ കുറെ മദ്യപൻമാരുടെ നടുവിൽ അവരുടെ താളത്തിനൊത്തു ഇഷാൻ നൃത്തം ചെയ്യുന്നു .
"എന്തൊരു മറവിയാണ് സാറേ , ഞങ്ങൾ വീടന്വേഷിക്കുകയായിരുന്നു ആ കൊച്ചിനൊന്നും അറിയില്ല അതു കൊണ്ടു തിരക്കി വരുന്നതും കാത്തു ഞങ്ങളിരുന്നു . ഇനിയും താമസിച്ചിരുന്നേൽ ഞങ്ങൾ പോലീസിനെ വിളിച്ചേനെ "
മുഖം നോക്കാതെ ഇഷാനെ എടുത്തയാൾ ബൈക്കിനു മുന്നിലിരുത്തി യാത്ര തുടർന്നു .
എവിടെയായിരുന്നു ചേട്ടാ !
ആകാംക്ഷയും ഉത്കണ്ഠയും കലർന്ന ശ്രീമതിയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ അയാൾ അകത്തേയ്ക്കു കയറിപ്പോയി .
ചേട്ടാ ! ചേട്ടാ ... ഈ കൊച്ചിനാരോ കള്ളു കൊടുത്തിട്ടുണ്ട് നോക്കിയേ ഇവന്റെ വായിൽ നിന്നും ആ വൃത്തികെട്ട മണം !
ഒന്നും കേൾക്കാത്തത് പോലെ അയാൾ തലയിണയിൽ മുഖമമർത്തി തേങ്ങി കരഞ്ഞു .ഒരു കുഞ്ഞു കൈ അയാളുടെ ചുമലിൽ സ്പർശിച്ചു കുറ്റബോധത്തോടെ അയാൾ അവനെ നോക്കി തിരിഞ്ഞു കിടന്നു .
അങ്കുശം തെല്ലുമില്ലാതെ അവൻ അപ്പനെ നോക്കി പറഞ്ഞു .
പപ്പാ നാളെയും എന്നെ അവിടെ കൊണ്ട് പോകണം .നല്ല സ്നേഹമുള്ള ചേട്ടന്മാരാ അവിടെ വരുന്നത് !!!!
സിലിങ്ങിൽ കറങ്ങുന്ന പങ്കായത്തെക്കാൾ വേഗത്തിൽ അയാളുടെ ചിന്തകൾ ഒരു ചുഴിയിലേയ്‌ക്കെന്നപോലെ ഒരു ബിന്ദുവിലേയ്ക്കു ആഴ്ന്നിറങ്ങി .ലഹരിയുടെ ഉന്മത്തതയിൽ നിന്നും അയാൾ എന്നന്നേയ്ക്കും മോചിതനാകുകയാണെന്നു അയാൾക്കു തോന്നി...
ഇന്നു അഖില ലോക ലഹരി വിരുദ്ധ ദിനം !!!!!

Wednesday, 2 May 2018

ചിരിക്കുന്ന ബുദ്ധൻ


ബുദ്ധനോടല്ലെന്റെ പ്രണയം
ബോധ്യങ്ങൾ തേടിയയാൾ
പാതി വഴിയിലുപേക്ഷിച്ച
പാവം യശോധരയോടാണ് .

അഹിംസയല്ലയവരുടെ മാർഗ്ഗമെന്നു
ചോരയിൽ ചവിട്ടി നിന്നു
ഭിക്ഷുക്കളിപ്പോൾ പേർത്തും പേർത്തും
പഴിച്ചുകൊണ്ടേയിരിക്കുന്നു .

ഇനിയൊരു വൃക്ഷത്തണലും
ഒരാളെയും ബുദ്ധനാക്കില്ല
ശാന്തിയെന്നതൊരു
പരസ്പര ധാരണയാണ്

ചിരിക്കുന്ന ബുദ്ധൻ
സമാധാനത്തിന്റെ പ്രാവല്ല
ബുദ്ധൻ ഇനിയൊരിക്കലും
ചിരിക്കാതിരുന്നിരുന്നെങ്കിൽ ..

പണയ പണ്ടങ്ങൾ



മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ
എന്റെ പ്രണയത്തിനു
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ
ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും
പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്
പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്
ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്
പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .

Tuesday, 1 May 2018

എങ്കിലും പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!



വിവാഹ ഒരുക്ക സെമിനാറിന്റെ ഒന്നാം ദിനം
ഉറക്കം തൂങ്ങി മരത്തണലിൽ വെച്ചു
ഒതുക്കത്തിൽ ഞാനവളുടെ ചെവിയിൽ
ഒരു രഹസ്യം പറഞ്ഞു .

പെണ്ണേ നമ്മളൊന്നാകും മുൻപ്
നീയെന്റെ മാഗ്ന കാർട്ട വായിച്ചുറപ്പിക്കണം
പരസ്പര സമ്മതത്തോടെ
പരിപൂർണ്ണ ബഹുമാനത്തോടെ
നീയെന്റെ നല്ല പാതിയാകണം .

നിയമാവലി ഒന്ന്

നിന്റെയമ്മയെപോലെന്റെയമ്മയെ
നിന്റെയപ്പനെപോലെന്റെയപ്പനെ
ഞാൻ കരുതും പോലെന്റെ ബന്ധു ജനങ്ങളെ
പരിധികളില്ലാതെ നീ പരിപാലിക്കണം

നിയമാവലി രണ്ട്

പള്ള കാളൻ ഞാൻ ഇടവരുത്തില്ല എന്നാൽ
പൊന്നിനോടുള്ള മമതയുപേക്ഷിക്കണം
പുതു വസ്ത്രങ്ങൾക്കൊരു പൊതു മിനിമം പരിപാടി
പിള്ളാരും പിറുങ്ങണിയും തമ്പുരാൻ തരുമ്പോൾ .

കണ്ണിമ ചിമ്മുന്ന നാണം കൊണ്ടവളെന്റെ
നിയമാവലികൾക്കു സാധുത നൽകി .
വലം കാലിൻ വിരലാലൊരു നഖ ചിത്രമെഴുതി
ഉറക്കം തൂങ്ങിയുടെ പൂക്കൾ വിരിഞ്ഞു

പുതിയ വാസസ്ഥലം ,പുതിയ ആകാശം,
പുതിയ ജീവിതം , പുതിയ ഭൂമി
പശുവിൻ പാലില്ലാത്ത ആദ്യരാത്രിയുടെ
ആലസ്യത്തിൽ നിന്നുണർന്നവൾ
കളറിളകിയ ചുണ്ടന്റെ ചെവിയോടു ചേർത്തു .

ചേട്ടാ മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണെന്നു
വേദപുസ്തകം പറയുന്നില്ലേ .
പച്ച കൂരിരുട്ടിൽ അവളുടെ ശബ്ദം
മുറിയിലാകെ ഇരമ്പി പ്രതിഭലിച്ചു .

എന്റെ നിയമം ഐഹീകമാണെന്നും
അവളുടെ നിയമമാണ് ഭൗമീകമെന്നു
അവൾ വാദിച്ചു ജയിച്ചു , ഊരിയെടുത്ത
വാരിയെല്ലിന്റെ വീട്ടാ കടത്തിനെന്നെ
അവൾ പണയ ഉരുപ്പടിയാക്കി .

അവൾ പറയുന്നു ഞാൻ ചെയ്യുന്നു
അവൾ ചിരിക്കുന്നു ഞാൻ തേങ്ങുന്നു
അവൾ ആറുമാദിക്കുന്നു ഞാൻ സഹിക്കുന്നു
എങ്കിലും എന്റെ പെണ്ണേ നീയിത്ര മുറ്റായതെങ്ങനെ !!!



Thursday, 14 December 2017

കല്യാണ സൗഗന്ധികം



പ്രിയപ്പെട്ട സുധാകരൻ  ചേട്ടന് ,

ഇങ്ങനെയൊരു കത്തു കിട്ടുമ്പോൾ ചേട്ടൻ പുരികം മേൽപ്പോട്ടുയർത്തി മടക്കി കുത്തിയ മുണ്ടു മോളിലോട്ടു തെറുത്തു തുടയിൽ തടവി ആരാണിപ്പാ നമക്കിങ്ങനെ ഒരു കത്തയക്കാനുള്ളതു  എന്നു ചിന്തിച്ചു ഉത്തരം നോക്കി നിൽക്കുമെന്നു ഞാൻ ഊഹിക്കുന്നു.സംശയിക്കേണ്ടാ ഇതു സുധാകരൻ ചേട്ടനുള്ള കത്തു തന്നെയാണ് ഒരു പാടു ദൂരെ ചേട്ടനറിയാത്ത ചക്രവാളത്തിലും ചേട്ടനെ സ്നേഹിക്കുന്നവർ ഉണ്ടെന്ന തോന്നൽ ചേട്ടനു സമ്മാനിക്കാൻ ഇങ്ങനെ ഒരു കത്തെഴുതണമെന്നു എനിക്കു തോന്നി. ഈ ഞാൻ ആരാണെന്നല്ലേ ചേട്ടൻ ഇപ്പോൾ ആലോചിക്കാൻ തുടങ്ങുന്നത് ഞാൻ ചേട്ടന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ചേട്ടന്റെ ഒരു അഭ്യുദയ കാംക്ഷി എന്നു മാത്രം തൽക്കാലം അറിയുക ഇനി വിഷയത്തിലേയ്ക്കു വരാം .

ആവണിപ്പാടത്തു നിന്നും വന്ന ഒരാലോചന ചേട്ടന്റെ മകൾ സുധാമണിക്കു ഏതാണ്ടു ഉറപ്പിച്ച മട്ടിലാണല്ലോ . നല്ലതു തന്നെ  ഏതൊരപ്പന്റെയും ഉറക്കം കെടുത്തുന്ന വിഷയമാണ്   പ്രായപൂർത്തിയായി വീട്ടിൽ നിൽക്കുന്ന പെണ്മക്കൾ . അവർക്കു ചേർന്ന വരനെ കണ്ടെത്താൻ ഉത്തരവാദിത്വമുള്ള ഏതൊരപ്പനെയും പോലെ ചേട്ടനും ശ്രമിച്ചിട്ടുണ്ട് അതാണാല്ലോ ആവണിപ്പാടത്തു നിന്നും വന്ന ആലോചന ഉറപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചതും .

ഇനി എഴുതാൻ പോകുന്ന കാര്യങ്ങൾ തീർത്തും രഹസ്യമാണ് ഈ കത്തു വായിക്കുന്ന ചേട്ടനും ഞാനുമല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ലാത്ത പരമരഹസ്യം . സുധാമണിക്കു വേണ്ടി ആലോചിച്ചുറപ്പിച്ച പയ്യൻ  രാകേഷ് ഒരു കൊലപാതകിയാണ് . അധികം ആരും അറിഞ്ഞിട്ടില്ലാത്ത അധികമാരുമല്ല ഞാനും രാകേഷും   അല്ലാതെ  ഈ വിവരം അറിയുന്ന മൂന്നാമതൊരാൾ ചേട്ടനാണ്. ഈ കത്തു ചേട്ടൻ അധികൃതരെ ഏൽപ്പിക്കുമെന്ന ഭയമൊന്നും എനിക്കില്ല കാരണം താങ്കളുടെ മകളുടെ ഭാവിയെക്കരുതി ഞാൻ പറയുന്ന നല്ല കാര്യത്തിനു അതിന്റേതായ ഗൗരവം ചേട്ടൻ കൊടുക്കുമെന്നു ഞാൻ മനസ്സിലാക്കുന്നു .ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ രണ്ടു പേരും പിടിക്കപ്പെടും അതുറപ്പാണ് ഈ സത്യം അറിഞ്ഞു കൊണ്ടു ചേട്ടൻ ഇനിയും ഈ ബന്ധം തുടരാൻ തീരുമാനിച്ചാൽ മകളോടുള്ള സ്നേഹക്കുറവായേ എനിക്കതിനെ കാണാൻ കഴിയൂ .

കത്തിനോടൊപ്പം വെച്ചിരിക്കുന്ന ഫോട്ടോയിൽ കാണുന്ന ശ്യാം ലാലെന്ന യുവാവിനെപ്പറ്റി ആവണിപ്പുറത്തൊന്നു അന്വേഷിച്ചു നോക്കുക .കഴിഞ്ഞ വിഷു മുതൽ ഇയാളെ  നാട്ടിൽ നിന്നും കാൺന്മാ നില്ല . നാട്ടുകാരും വീട്ടുകാരും ഇയാൾ എങ്ങോ നാടു  വിട്ടു പോയെന്ന വിശ്വാസത്തിലാണ് കഴിയുന്നത് എന്നാൽ സത്യമതല്ല കഴിഞ്ഞ വിഷുവിന്റെ തലേന്നു കൂട്ടു  കൂടി മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ കശപിശയിൽ ശ്യാംലാലിനെ അങ്ങയുടെ മകളുടെ പ്രതിശ്രുത വരൻ രാകേഷ് കൊലപ്പെടുത്തുകയായിരുന്നു . കള്ളു തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ അവനൊരു മൃഗമാണ് .ഞാൻ പല തവണ ഉപദേശിച്ചിട്ടുള്ളതാണ് ആ സംഭവത്തിനു ശേഷം ഇപ്പോൾ എനിക്കവനുമായി എനിക്കു യാതൊരു ബന്ധവും ഇല്ല .

ഇനിയും വിശ്വാസമായില്ലെങ്കിൽ  ഒരു സത്യവും കൂടി ഞാൻ തുറന്നെഴുതാം കൊല്ലപ്പെട്ട ശ്യാംലാലിന്റെ മൃതദേഹം രാകേഷിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിനുള്ളിൽ അസ്ഥിപഞ്ചിരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ടാവാം . ഇത്രയും പരത്തി എഴുതി ഒരപരിചിതയുടെ കല്യാണം മുടക്കാൻ ഞാൻ തുനിഞ്ഞത് അങ്ങയോടുള്ള സഹതാപവും അങ്ങയുടെ മകൾ സുധാമണിയോടുള്ള അദമ്യമായ സ്നേഹവും കൊണ്ടാണ് . ദയവു ചെയ്തു ചേട്ടൻ ആവണിപ്പടത്തെ കല്യാണ  ആലോചനയുമായി മുന്നോട്ടു പോകാതിരിക്കുക .

ഒരു പാടു ഉത്കണ്ഠകളോടെ

ഒരഭ്യുദയ കാംഷി

Tuesday, 12 December 2017

മൗനം


നമ്മൾക്കിടയിൽ ഇങ്ങനെയൊരു സംസാരം ആവശ്യമുണ്ടോ ? മേത്ത മൂന്നാം പ്രാവശ്യം അതു പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി
സാലെ ഇന്ത്യൻ കുത്താ ,ചില്ലാത്തെ തും
അടി കൊള്ളുന്നതും കൊടുക്കുന്നതും ഇന്ത്യക്കാരൻ ആണെന്നായിരുന്നു എന്റെ അതു  വരെയുള്ള വിശ്വാസം .
ഞാൻ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു .കുറെ നേരമായി ചെവി തിന്നുന്ന സംസാരത്തിൽ ശ്രദ്ധിക്കാതിരിക്കാനാണ് എയർ ഫോൺ കാതിൽ തിരുകി സുബ്ബലഷ്മിയുടെ പാട്ടിൽ ലയിച്ചത് .അടി പൊട്ടിയപ്പോൾ എനിക്കെഴുന്നേൽക്കാതിരിക്കാൻ ആയില്ല .
അരെ ക്യാ ഹോരെ !! ഞാൻ അടി കൊണ്ടു ചുവന്ന കവിളു തടവി കുട്ടിയെപ്പോലെ കരയുന്ന മേത്താജിയെ താടിയിൽ പിടിച്ചു മേലോട്ടുയർത്തി .
സാഗ്മ ഒറ്റാബുദ്ധിക്കാരനാണ് ,അധികം സംസാരം ആരോടുമില്ല ,പതിവായി കിടക്കാൻ മാത്രമേ മുറിയിൽ വരൂ നേരത്തെ വന്നാൽ ഇമ്മാതിരി ചില ശണ്ഠകൾ പതിവാണ് .പല തവണയായി ഇങ്ങോരോട് റൂം മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു . നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയറിൽ നിന്നുള്ള ഇന്ത്യക്കാരനാണ് സാഗ്മ പക്ഷെ അയാളുടെ വാദം അയാൾ ചൈനക്കാരൻ ആണെന്നാണ് അരുണാചൽ പ്രദേശിലെ ഒരു ഭാഗം ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്നു എന്നതാണയാളുടെ ഞങ്ങളോടുള്ള വെറുപ്പിന്റെ ഹേതു .

സാഗ്മ പുറത്തേയ്ക്കു പോയി , മേത്താജി കരച്ചിൽ നിർത്തിയെങ്കിലും വൃണിത ഹൃദയവുമായി കട്ടിലിനു കീഴെയിരുന്ന പെട്ടികൾ വലിച്ചു പുറത്തെടുത്തു തുണികൾ തിടുക്കത്തിൽ തള്ളികയറ്റി .

നിങ്ങളിതെന്തു ഭാവിച്ചാ കമ്പനി നമുക്കു മൂന്നു പേർക്കും  കൂടി അനുവദിച്ച റൂമാ ,അവൻ ഇന്ത്യക്കാരൻ അല്ലെങ്കിൽ അവൻ വിട്ടു പോകട്ടെ ഈ റൂം ഞാൻ മേത്താജിയെ പൂണ്ടടക്കം പിടിച്ചു .

നമുക്കു ഒരുമിച്ചു പരാതിപ്പെടാം !

നീ വരുമോ ? മേത്ത എന്നെ സംശയത്തോടെ നോക്കി ,

ങ്ങും ! ഞാൻ തലയാട്ടി .

മാനേജർ സ്റ്റാർക്കി കർക്കശക്കാരനായ വെള്ളക്കാരനാണ് , വംശീയത പറഞ്ഞു ചെന്നാൽ അയാൾ ടെർമിനേഷൻ  അടിച്ചു കയ്യിൽ തരുമെന്നത് കട്ടായം !

വിറച്ചു വിറച്ചു ഞങ്ങളാ വിഷയം സ്റ്റാർക്കിയുടെ മുന്നിൽ അവതരിപ്പിച്ചു .

സാർ സാഗ്മയുടെ കൂർക്കം വലി അസഹ്യമാണ് ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ല !ഞങ്ങളെ മറ്റൊരു റൂമിലേയ്ക്ക് മാറ്റണം  !!!!! മുൻപു റിഹേഴ്സൽ എടുത്ത വിഷയങ്ങളിൽ ഇല്ലാതിരുന്ന പുതിയ വിഷയം വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ച  എന്നെ മേത്ത ആത്മ വിശ്വാസത്തോടെ നോക്കി .

സ്റ്റാർക്കി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി , മനുഷ്യാവകാശങ്ങൾക്കു വില കൽപ്പിക്കുന്നവരാണ് ഇക്കൂട്ടരെന്നു കേട്ടിട്ടുണ്ട് .

ഓകെ ,നാളെ മുതൽ സാഗ്മ വേറൊരു മുറിയിലേയ്ക്കു മാറുകയാണ് പകരം മറ്റൊരാൾ നിങ്ങളുടെ മുറിയിലെത്തും  ആർ യു ഹാപ്പി വിത്ത് ദാറ്റ് !!

വെരി മച്ച് ഹാപ്പി സാർ , ഞങ്ങൾ സന്തോഷത്തോടെ പുറത്തിറങ്ങി .

ഞങ്ങൾ റൂമിലെത്തും മുൻപു സാഗ്മ കിടക്കയും തൂക്കി പുതിയ റൂമിലേയ്ക്ക് പോയി .

ഒഴിഞ്ഞ ബെഡിൽ പിറ്റേന്നു മുതൽ താമസിക്കാൻ ആറരയടി പൊക്കവും കരിവീട്ടി മസിലുമുള്ള ഒരജാന ബാഹുവായ മനുഷ്യനെത്തി അയാൾ സ്വയം പരിചയപ്പെടുത്തി .

ഞാൻ ബശാറത്ത് ഖാൻ , കാശ്മീരിൽ നിന്നു വരുന്നു .ശേഷം ഒരു കനത്ത മൗനം വാക്കുകൾക്കിടയിൽ കടന്നു വന്നു ഞാനും മേത്തയും പരസ്പരം മുഖത്തോടു മുഖം നോക്കി . മൗനം മുറിഞ്ഞു ആജാനബാഹു പിന്നെയും വാ തുറന്നു

നിങ്ങളുടെ ഇന്ത്യ കൈയ്യടക്കി വെച്ചിരിക്കുന്ന കാശ്മീരല്ല , സ്വതന്ത്ര കാശ്മീർ പാകിസ്ഥാൻ സർവ്വ സ്വാതന്ത്രവും നൽകുന്ന കാശ്‌മീർ  !!!

മേത്താജി കവിളിൽ തടവി പതിയെ കട്ടിലിലേയ്ക്കു നടന്നു ,ഞാൻ എന്റെ കിടക്കയിലേയ്ക്കും പിന്നെയവിടെയാകെ  മൗനമായിരുന്നു ചീവീടുകൾ ചിലയ്ക്കാത്ത താഴ്വരയിലെ പേടിപ്പിക്കുന്ന മൗനം  പോലെ  ഭീകരമായ മൗനം .........

Wednesday, 6 December 2017

അഞ്ചു ഹൈക്കൂ കവിതകൾ




1 , പരാഗണം

നുണ പരാഗണം ചെയ്യുന്ന
പരപരാഗിയായി മനുഷ്യൻ മാറിയത്
നവമാധ്യമ വിപ്ലവത്തിനു പിന്നാലെയാണ് .

2 , പുരുഷത്വം

പതിനാലാം സെക്കന്റിനു മുമ്പ്
പ്രജ്ഞയെ തിരികെയെടുക്കാൻ
കഴിയുന്നുവെന്നതാണെന്റെ പുരുഷത്വം.

3 , വിശപ്പ്

ആഗ്നേയ ഗ്രന്ധികൾ
അവിരാമം പണിയെടുക്കുന്നതിനാൽ
നഷ്ട്ടപ്പെട്ട വികാരമാണ് വിശപ്പ് .

4 , ചെരിപ്പ്

തേഞ്ഞു തീർന്നിട്ടുമെന്റെ പാദം
പാതവക്കിലുടക്കാതെ കാത്തവളെ
പ്രിയതരം നിന്റെ അത്യുദാരത .

5 , പരിണാമം

പരിണമിച്ചുണ്ടായതിനെ
പരിഹസിച്ചിരുന്നു ഞാൻ
പ്രതിശ്ചായ അറിയും വരെ .

Friday, 1 December 2017

അന്ധൻ




നഗ്ന നേത്രനായി
ഞാനിപ്പോൾ
സഞ്ചരിക്കാറേയില്ല

എപ്പോഴുമൊരാവരണം
എന്റെ കാഴ്ചകൾക്കിടയിൽ
മധ്യസ്ഥനെപ്പോലെയുണ്ടാവും

തലകിഴുക്കനേ
റെറ്റിനയിൽ പതിയും മുൻപ്
എനിക്കു വേണ്ടപ്പെട്ടവയേതെന്നു
വേഗം തിരിച്ചറിയുന്നൊരാവരണം

തിരിച്ചറിവുകൾ
ഉണ്ടാവുന്നതു കൊണ്ടാവണം
ചിലരെന്നെ അന്ധനെന്നു
വിളിക്കുന്നു .

Thursday, 30 November 2017

100 % ഷോക്ക് പ്രൂഫ്



തരംഗ ദൈർഘ്യം കുറഞ്ഞ
ചാലകങ്ങളാൽ
നിർമ്മിക്കപെട്ടവനാണ് ഞാൻ
 ഒരു പ്രവേഗവും
അതിവേഗമെന്നെ
ഉയർത്തുകയോ
തളർത്തുകയോ
ചെയ്യുന്നില്ല
ധൈര്യമായി
നിങ്ങൾക്കെന്നെ
കടന്നു പിടിക്കാം
100 % ഷോക്ക് പ്രൂഫ്

Wednesday, 29 November 2017

അഞ്ചു ഹൈക്കൂ കവിതകൾ




1 ,
കഷ്ട്ടപ്പെട്ടു നേടിയതിനോടുള്ള
കടുത്ത ഇഷ്ട്ടം കൈയ്യിലായ മാത്ര
നഷ്ട്ടപ്പെട്ട ദുഃഖത്തിലാണ് ഞാൻ .

2 ,

ഗഗനമാണെന്റെ വാജ്ഞ
ഗഹനമാണെന്റെ ചിന്ത
ഗതികേടിലാണു ഞാൻ.

3 ,

കുരിശിന്റെ വഴികളിൽ
കൂവാൻ കൊതിച്ചെത്ര
കോഴികൾ കാക്കുന്നു.

4 ,

കൂനിനുള്ളിലെ
കാളകൂടം കൊണ്ടു
കുടുംബം പകുത്തവൾ നീ മന്ഥര .

5 ,

മുന്നിലാകുമ്പോഴും
പിന്നെയും ചെല്ലേണ്ട
വിഷമ വൃത്തത്തിലെൻ ഘടികാരസൂചി.