Sunday, 21 February 2016

രത്നാകരൻ താപസനാകുന്നു



ഡിഗ്രീ തോറ്റു നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായി അലഞ്ഞു നാട്ടിലെ ഒന്നാതരം പൂവലാനെന്നു പേരെടുത്തു വന്ന അവസരത്തിലാണ് കണ്ണിൽ ചോരയില്ലാത്ത മിന്നൽ വർഗീസ്‌ എസ് ഐ ആയി ചാർജ് എടുക്കുന്നത്. രാവിലെയും വൈകുന്നേരവും കളറുകളെ എണ്ണി പറഞ്ഞു വിട്ടു കൊണ്ട് നിരുപദ്രവകരമായി പൂവാല പണി ചെയ്തു കൊണ്ടിരുന്ന എന്നെ പോലുള്ള പാവങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു പീഡിപ്പിക്കുകയായിരുന്നു മിന്നലിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്ന്. പല തവണ പിടി കൊടുക്കാതെ ഓടിയൊളിചെങ്കിലും ഒരു നാൾ മിന്നൽ കൈയോടെ പിടി കൂടി തലുടി മൊട്ടയടിച്ചു. മീശ മുളയ്ക്കും മുൻപ് പോലിസ് സ്റ്റഷനിൽ കയറിയ പൊന്നു മോനെ നന്നാക്കാൻ അമ്മച്ചി കരഞ്ഞു മുട്ടിപ്പായി പ്രാർഥിച്ചതിന്റെ ഭലമായി അമ്മച്ചിക്കോരരുളപ്പാടുണ്ടായി മകനെ ഒരാഴ്ച നവീകരണ ധ്യാനത്തിന് വിടുക. ജലദോഷം മുതൽ കാൻസർ വരെയും ചൊവ്വാദോഷം മുതൽ പേരുദോഷം വരെയും മാറ്റിയെടുക്കാൻ ഒരാഴ്ച ധ്യാനം കൂടിയാൽ മതിയത്രേ. മുടിയനായ പുത്രൻ മനം മാറി മൂലകല്ലാകുന്ന ദിവസം സ്വപ്നം കണ്ടമ്മച്ചി കരഞ്ഞു കാലു പിടിച്ചത് കൊണ്ട് ഞാൻ മനസില്ലാ മനസോടെ ധ്യാനം കൂടാമെന്ന് സമ്മതം മൂളി.

 ആലപ്പുഴ ചെന്നൈ മെയിൽ വൈകിട്ട് നാല് മണിക്കുണ്ട് അതിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു വന്നിട്ട് അപ്പൻ തീട്ടൂരമിരക്കി പോയി നന്നായെ ഇങ്ങോട്ട് വരാവൂ. കന്നം തിരിവും കുന്നായ്മയുമായി ഇനി നടന്നാൽ നാട്ടുകാരു തല്ലുന്നത് ഞങ്ങൾ കാണേണ്ടി വരും അത് വയ്യ, അത് കൊണ്ട് പൊന്നു മോൻ അച്ചൻ പറയുന്നത് പോലെ കേട്ട് നന്നാകണം. റെയിൽവേ സ്റ്റെഷൻ വരെ അപ്പനും അമ്മയും വന്നു ട്രെയിനിൽ കേറും മുൻപ് അമ്മച്ചി കൈ പിടിച്ചു കൊണ്ട് പറഞ്ഞു പൊന്നു മോനെ പുതിയ മനുഷ്യനായെ നീ വരാവോള്ളടാ നിന്നെ പള്ളു പറഞ്ഞവരെ കൊണ്ടെല്ലാം നീ നന്നെന്നു പറയിക്കണം,  ട്രെയിൻ നീങ്ങി കണ്ണിൽ നിന്നും മായും വരെ അപ്പച്ചനും അമ്മച്ചിയും ഞാൻ പുതിയ ജീവിതത്തിലേയ്ക്ക് പോകുന്നതും നോക്കി നിന്നു.

തിരക്കില്ലാത്ത കംബാർട്ടുമെന്റിൽ ഞാൻ അലസാനായി പുറത്തേയ്ക്ക് നോക്കിയിരുന്നു എത്ര പറയിപ്പിചെങ്കിലും അമ്മച്ചിക്കെന്നെ ജീവനായിരുന്നു ഒരാഴ്ച തലയിൽ തേക്കാനുള്ള എണ്ണയടക്കം എല്ലാം ബാഗിൽ ഭദ്രമായി വെച്ചു തന്നിട്ടുണ്ട്.എന്നെ പ്രതിയാ പാവം ഒരു പാട് വേദന സഹിച്ചു കഴിഞ്ഞിരിക്കുന്നു, ഗർഭത്തിൽ ഉരുവായ അന്ന് മുതൽ വേദനയല്ലാതെ ഒന്നും ഞാൻ തിരിച്ചു  നൽകിയിട്ടില്ല ഇനിയതുണ്ടാവില്ല. ധ്യാനം എന്നെ നവീകരിച്ചാലും ഇല്ലങ്കിലും ഞാൻ പുതിയ മനുഷ്യനായെ തിരികെ വീട്ടിൽ എത്തു. സൂര്യൻ പ്രഭ മങ്ങി അസ്തമനത്തിനു വഴിമാറുന്നു ചുവന്ന ഗോളം പടിഞ്ഞാറസ്തമയത്തിനായി പിന് വാങ്ങുന്നതും നോക്കി ഞാൻ ജനാലപടിക്കൽ ഇരുന്നു.

ചേർത്തല സ്റ്റെഷൻ നിറുത്തിയപ്പോൾ ഒരു കുടുംബം ഞാൻ ഇരുന്ന കമ്പാർട്ട്മെന്റിലെയ്ക്കു കയറി ക്ഷീണിച്ചു അവശനായ ഒരു വൃദ്ധനും അയാളുടെ ഭാര്യയും ഇരുപതിൽ താഴെ മാത്രം പ്രായം തോന്നുന്ന ഒരു സുന്ദരി പെൺകുട്ടിയും. ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കണ്ണുകൾ സുന്ദരിയിൽ ഉടക്കി ചെകുത്താൻ പല രൂപത്തിലും വരും ഒരു നല്ല കാര്യത്തിനാണ് പോകുന്നത് അത് കൊണ്ട് ജഡിക വ്യാപാരങ്ങളെ നിങ്ങൾ എന്റെ മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുക. അമ്മച്ചി ചൊല്ലി പഠിപ്പിച്ച  സുകൃത ജപങ്ങൾ ഓരോന്നായി മനസ്സിൽ ചൊല്ലി കൊണ്ടിരുന്നു കട കട ശബ്ദം ഉണ്ടാകി കൊണ്ട് ട്രെയിൻ മുന്നോട്ടു പോയി കിളവനും കിളവിയും സീറ്റ്‌ കണ്ടതും ഉറക്കമായി ഞാൻ ജനാലക്കിടയിലൂടെയുള്ള കാഴ്ചകളിലേയ്ക്കു തിരിഞ്ഞു. പെട്ടന്ന് എന്റെ മുതുകിൽ ഒരു വിരൽ സ്പർശം ഞാൻ തിരിഞ്ഞു നോക്കി സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു. ദൈവമേ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചാണോ വേണ്ട വീണ്ടും പുറം കാഴ്ചകളിലെയ്ക്ക് മുഖമമർന്നു. പത്തു മിനിട്ട് പൂർത്തിയാകും മുൻപ് അടുത്ത തോണ്ടൽ ഞാൻ ഉൾപുളകിതനായി.

വെളുക്കെ ചിരിച്ചു കൊണ്ടാ സുന്ദരി എന്നെ തന്നെ നോക്കുന്നു ഞാൻ തിരിഞ്ഞു കിളവനെയും കിളവിയെയും നോക്കി അവർ ഗാഡ നിദ്രയിലാണ് , എന്താ പേര് ? അങ്ങോട്ട്‌ എന്തെങ്കിലും ചോദിക്കും മുൻപ് അവൾ എന്നെ കേറി മുട്ടുകയാണ് , കൊച്ചെ നീയിതു എന്നാ അറിഞ്ഞിട്ടാ എന്നെ ശരിക്കും അറിഞ്ഞാൽ നീ, മനസിൽ തികട്ടി വന്ന വാചകങ്ങളെ വിഴുങ്ങി വീണ്ടും പുറം കാഴ്ചകൾ തേടി മുഖം ജനാലയഴികളിൽ  ചേർത്തു വെച്ചു. കുറെ നേരം കടുത്ത മൌനത്തിന്റെ വൽമീകതിനുള്ളിൽ അകപെട്ടതുപോലെ കംബാർട്ടുമെന്റ് ശാന്തമായിരുന്നു ഇടയ്ക്കെപ്പോഴോ അപ്പുപ്പനും അമ്മുമ്മയും ഉണർന്നു. സുന്ദരിക്കുട്ടി അവർക്ക് കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും വെള്ളവും മറ്റും എടുത്തു നൽകി അതു കുടിച്ച ശേഷം രണ്ടു പേരും വീണ്ടും ചാഞ്ഞു.

അവൾ ഉറങ്ങുന്നില്ല എന്തൊക്കയോ ആലോചിച്ചു കണ്ണ് തുറന്നു ഇരിക്കുകയാണ് ഞാൻ അവരുടെ മുഖത്തേയ്ക്കു നോക്കി നാണം കൊണ്ടവൾ തല കുനിച്ചു. എന്തിനാ എന്നെ തോണ്ടിയെ? മൌനം മറുപടി , നിങ്ങൾ എങ്ങോട്ട് പോകുന്നു ഇത് ആരാ അപ്പൂപനും അമ്മുമ്മയുമാ ? അല്ല അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മാവനും അമ്മായിയും ആണ് ചെറുപ്പം മുതൽ ഞാൻ ഇവരുടെ കൂടാ വളർന്നത്‌ ഇപ്പോൾ അപ്പുപ്പന് കാൻസർ ആണ് മകൻ ചെന്നയിൽ ഉണ്ട് അവർ അങ്ങോട്ട്‌ വിളിപ്പിച്ചു ഇനിയുള്ള കാലം ഞങ്ങൾ അവിടെ ആയിരിക്കും . സംസാരത്തിന് മൃദുത്വവും ലയവും വന്നിരിക്കുന്നു അമ്മുമ്മ ഇടയ്ക്കെപ്പോഴോക്കയോ ഉണരുമ്പോൾ അവൾ സംസാരം നിർത്തും ഒരു മണിക്കൂർ കൊണ്ട് ഒരു കുഞ്ഞു ജീവിത കഥ പൂർത്തിയാകിയിരിക്കുന്നു. വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ചു നല്ല നടപ്പിനു വിധിച്ച ഞാനും ആരും ഇല്ലാത്ത സുന്ദരിയും ഒരു പാട് കാര്യങ്ങളിൽ സാമ്യം ഉള്ളത് പോലെ , ട്രെയിൻ സ്റ്റെഷൻ അടുക്കാറാകും തോറും ഞങ്ങളുടെ ഇടയിലെ അകലവും കുറഞ്ഞു വന്നു. ആലുവായും അങ്കമാലിയും കടന്നു ട്രെയിൻ ഡിവൈൻ നഗറിൽ നിന്നു എനിക്കിറങ്ങേണ്ട സ്ഥലമായി അപുപ്പനും അമ്മുമ്മയും സുഖ നിദ്ര , രണ്ടു മണിക്കൂർ കൊണ്ട് സുന്ദരിക്കുട്ടി എന്റെ ഹൃദയത്തിൽ എവിടെയോ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു ഇറങ്ങും മുൻപ് അവളെ നോക്കി ഞാൻ വെറുതെ ചോദിച്ചു കൂടെ പോരുന്നോ നീയ് ??

കേൾക്കേണ്ടാ താമസം അവളുടെ കുഞ്ഞൻ ബാഗുമായി അവൾ എഴുന്നേറ്റു കൂടെ നടന്നു, അപ്പോൾ ഇവർ വയസായ അപ്പൂപ്പനും അമ്മുമ്മയും ? അതു സാരമില്ല ചെന്നൈ റെയിൽവേ സ്റെഷനിൽ മകൻ കാത്തിരിപ്പുണ്ടാവും അവൻ കൊണ്ട് പോയി കൊള്ളും, എങ്കിലും എന്റെ സുന്ദരീ രണ്ടു മണിക്കൂർ കൊണ്ട് മാത്രം ഒരു ജീവിതം കെട്ടിപടുക്കുന്ന ബന്ധം ആരംഭിക്കാൻ നമ്മൾ സജ്ജരാണോ ?? ഡിവൈൻ സ്റ്റെഷൻ  ഞങ്ങൾ ഒരുമിചിറങ്ങി ധ്യാനം കൂടണോ മധുവിധു ആഘോഷിക്കണോ ? കണ്ണീരുമായി മകൻ മാനസാന്തര പെട്ട് വരുന്നതും കാത്തിരിക്കുന്ന ഒരു മാതാവുണ്ട് വീട്ടിൽ അവരുടെ അനുഗ്രഹം വാങ്ങാതെ ഒരു ജീവിതം തുടങ്ങുന്നതെങ്ങനെ ? ഡിവൈൻ സ്റ്റെഷനിലെ കൽ ബെഞ്ചിൽ ഞാനും എന്നെ വിശ്വസിചിറങ്ങി വന്ന സുന്ദരികുട്ടിയും, ഭാവി ഒരു ചോദ്യമായി ഞങ്ങൾക്ക് മുന്നിൽ ധ്യാനം കൂടിയാൽ എന്തേലും ഒരു ഉപായം ദൈവം കാണിച്ചു തരും. ഇവിടം വരെ വന്നിട്ട് ധ്യാനം കൂടാതെ മടങ്ങണ്ട ആകെ ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ മാത്രം അവസാനം ഒരു പോംവഴിയിൽ എത്തി അമ്മച്ചിയെ കണ്ടു സമസ്താപരാധവും ഏറ്റു പറയുക.

വിശ്വസിചിറങ്ങി വന്ന പെണ്ണിനെ പുറത്താക്കാൻ അമ്മച്ചി പറയില്ല,പക്ഷെ എന്റെ കാര്യത്തിൽ ഒരുറപ്പും ഇല്ല രണ്ടും കൽപിച്ചു ഞങ്ങൾ വീട്ടിലേയ്ക്ക് തിരികെ ചെന്നു. അരൂപിയിൽ നിറഞ്ഞു വരുന്ന മകനെ പ്രതീക്ഷിച്ചിരുന്ന അപ്പനും അമ്മയ്ക്കും മുന്നിൽ എങ്ങു നിന്നോ വന്ന പെണ്ണിനേയും കൂട്ടി വീട്ടിൽ എത്തിയ ഞാൻ തിരസ്കൃതനാകും. ധൈര്യം സംഭരിച്ചു ഞങ്ങൾ അകത്തു കയറി അപ്പച്ചനും അമ്മച്ചിയും ഒരക്ഷരം പറഞ്ഞില്ല അമ്മച്ചി സുന്ദരികുട്ടിയെ മാറ്റി നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. രണ്ടു നാൾ അപ്പച്ചനും അമ്മച്ചിയും എന്നോട് പിണങ്ങിയിരുന്നു പിന്നെ എല്ലാം എഴുതപെട്ടത്‌ പോലെ സംഭവിച്ചു . ബാലചാപല്യം മാറി ഞാൻ കുടുംബസ്ഥനായി സുന്ദരികുട്ടി അമ്മച്ചിക്കും അപ്പച്ചനും നല്ല മരുമകളായി അല്ല മകളായി . അല്ലുവും അഞ്ജുവും ഞങ്ങളുടെ കൂട്ടായി എത്തി . ഒരു നവീകരണ ധ്യാനവും കൂടാതെ ഞാൻ എന്ന തല്ലിപൊളി ആ പ്രദേശത്തെ ഏറ്റവും വലിയ നവീകരിക്കപെട്ടവനും തല തെറിച്ചു പോകുന്ന യൌവനങ്ങൾക്ക്‌ ചൂണ്ടി കാട്ടാൻ ജീവിച്ചിരിക്കുന്ന വിശുദ്ധനുമായി ,,,,

Friday, 19 February 2016

പാത്രമറിയാതെ വിളമ്പുമ്പോൾ


ഓഫീസിലേയ്ക്കുള്ള യാത്രാ മധേൃ മിസ്സിരികളെന്നു തോന്നിക്കുന്ന രണ്ടജാനബാഹുക്കൾ വണ്ടിക്കു കൈകാണിച്ചു. സാധരണ ഇത്തരക്കാരെ ഒഴിവാക്കാറാണ് പതിവ് പക്ഷെ എന്തോ അന്നെന്റെ കാൽ ബ്രേക്കിലമർന്നു. രണ്ടു പേരും അബുദാബിയിൽ നിന്നാണ് വരുന്നത് അവരുടെ കാറ് മുൻപെപ്പഴോ ഷാർജായിൽ വെച്ച് റെഡ് സിഗ്നൽ കട്ടു ചെയ്തു, വണ്ടി പതിനഞ്ചു ദിവസം കണ്ടു കെട്ടണം അതിനായാണ് അവരുടെ വരവ് പക്ഷെ അതെവിടെയാണെന്ന് അറിയില്ല ഒന്നു സഹായിക്കണം. ഒരു ചേതമില്ലാത്ത ഉപകാരം ഞാൻ അറിയാവൂന്ന അറബിയിൽ വഴി പറഞ്ഞു കൊടുത്തു. പക്ഷെ കഞ്ചാവടിച്ച പൊട്ടൻമാരെപ്പോലെ രണ്ടും മുഖത്തോട് മുഖം നോക്കി വാ പൊളിച്ചു നിൽക്കുന്നു. വേറെ ആരോടെങ്കിലും അന്വേഷിക്കൂ, എനിക്കു വേറെ പണിയുണ്ട് ഞാൻ കാറിൽ കയറി ,അതിലൊരാൾ പിറകെ വന്നു യാചിക്കുന്നു ദയവായി ഞങ്ങളെ സഹായിക്കൂ. രാവിലെ മുതൽ ഞങ്ങളലയുകയാണ്.എനിക്കു സഹതാപം തോന്നി, എനിക്കു പോകേണ്ട വഴിയേ അല്ല എങ്കിലും അവരുടെ ദയനീയ അവസ്ഥയിൽ അവരെ സഹായിക്കാൻ തന്നെ തീരുമാനിച്ചു ഞാൻ വണ്ടി തിരിച്ചു എന്റെ പിന്നാലെ അവരുടെ വണ്ടിയിൽ അവരും, 20 കിലോമീറ്ററോളം പിന്നോട്ടോടി ആ ഓഫീസിനു മുന്നിൽ വണ്ടി നിർത്തി ഞാനിറങ്ങി പിന്നാലെയവരും.ആ ഓഫീസ് കണ്ടയുടൻ അവരിലൊരാൾ വലിയവായിൽ ചീത്ത പറഞ്ഞു കൊണ്ട് എന്റെ നേരെ പാഞ്ഞടുക്കുന്നു എനിക്കു കാരൃമെന്തെന്നു പിടി കിട്ടും മുമ്പ് അവരിലൊരാളുടെ ഉരുക്കു പോലുള്ള കൈ എന്റെ കരണത്തു ആഞ്ഞു പതിച്ചു . കണ്ണിലൂടെ നൂറു പൊന്നീച്ചകൾ പാറി പറക്കുന്നു ഒരുപകാരം മാത്രമേ ഞാൻ ചെയ്തുള്ളു എന്നിട്ടും. ഞങ്ങൾക്കു ചുറ്റും ആളുകൾ കൂടി, കൂടിയവർ എന്റെ മൂക്കിൽ നിന്നും ചോര വരുന്നതു കണ്ട് പോലീസിനെ വിളിക്കാൻ ഒരുങ്ങി, ഞാൻ വിലക്കി കഴിഞ്ഞതു കഴിഞ്ഞു ഇന്നത്തെ നിയോഗങ്ങളിൽ ഒരു തല്ലിനു യോഗമുണ്ടായിരുന്നു എന്നാലും എന്തിനാവും അവർ തല്ലിയത്. അവരുടെ അടുത്തു കൂടി നിന്നവരിൽ നിന്നും വന്ന മലയാളിയാണതു പറഞ്ഞത് വാഹനങ്ങൾ കണ്ടു കെട്ടുന്ന ഓഫീസ് ഇവിടെ നിന്നും 35 കിലോമീറ്റർ അകലേയ്ക്ക് മാറ്റിയത്രേ, രാവിലെ ഇവർ രണ്ടു പേരും ഇവിടെ വന്നിട്ടാണത്രേ തിരിച്ചു പോയത് അങ്ങനെ കറങ്ങുന്നതിനിടയിലാണ് ഞാൻ കാണുന്നത്എനിക്കതറിയില്ലായിരുന്നു . ആൾക്കൂട്ടം പിരിഞ്ഞു പോയി മിസിരികൾ കാറെടുത്തു മുന്നോട്ടു പോയി തലയുടെ പെരുപ്പ് മാറിയപ്പോൾ ഞാനും വണ്ടിയെടുത്തു. പകുതി വഴിയായപ്പോൾ ആ മിസിരി വണ്ടി വഴിയിൽ ഹസാർഡിട്ടു നിർത്തിയിരിക്കുന്നു, രണ്ടും പുറത്തിറങ്ങി നിന്ന് എന്റെ കാറിനു കൈകാട്ടുന്നു ഇനിയും അടിക്കാനാണോ നിർത്താതെ പോയാലോ വേണ്ട, വരുന്നത് വരട്ടെ ഞാൻ വണ്ടി സൈഡീലൊതുക്കിയതും രണ്ടുപേരും ഓടി വന്നു കാറിൽ നിന്നും എന്നെ പിടിച്ചിറക്കി എന്റെ രണ്ടു കൈകളും എന്നെ തല്ലിയയാൾ അയാളുടെ നെഞ്ചോട്‌ ചേർത്തു വെച്ചു കരഞ്ഞു കൊണ്ട് പറഞ്ഞൂ, അള്ളാഹുവിനെ പ്രതി ഞങ്ങളോട് ക്ഷമിക്കണം അപ്പോഴത്തെ ദേഷൃത്തിൽ ഞാനറിയാതെ ചെയ്തതാണ് നീ ക്ഷമിക്കില്ലേ ? ശരി എനിക്കു പരാതിയോ പരിഭവമോ നിങ്ങളോടില്ല എന്നെ പോകാൻ അനുവദിക്കൂ ഞാൻ വണ്ടിയിൽ കയറി ഇരുന്നു അതിലൊരാൾ പോക്കറ്റിൽ നിന്നും ഒരു കവറെടുത്ത് എന്റെ പോക്കറ്റിൽ നിർബന്ധപൂർവ്വം തിരുകി വേഗം തിരികെ കാറിൽകയറി ഓടിച്ചു പോയി. ഞാൻ ആ കവർ തുറന്നു നോക്കി അഞ്ഞുറിന്റെ രണ്ടു പിടയ്ക്കുന്ന നോട്ടുകൾ. സംഭവ ബഹുലമായ മണിക്കൂറിന് അതിശയിപ്പിക്കുന്ന അന്തൃമായിരിക്കുന്നു .വേദനിക്കുന്ന കോടീശ്വരൻമാരുടെ കോപത്തിൽപ്പെടാൻ കഴിയുന്നവരെ നിങ്ങൾ ഭാഗ്യവാൻമാർ എന്തുകൊണ്ടെന്നാൽ നഷ്ടപരിഹാരം അതു കനത്തിലായിരിക്കും

Saturday, 13 February 2016

പൂക്കാത്ത മരങ്ങൾ


നാളെ വിധിയാണ് ജീവനെപ്പോലെ സ്നേഹിച്ച ടോണി എന്നെന്നേയ്ക്കുമായി എനിക്കാരുമല്ലാതാകും എന്തായിരുന്നു ഞാൻ ചെയ്ത മഹാപരാധം. ഓർക്കുമ്പോൾ ഭയമാണ് ഒന്നര കൊല്ലം അവനില്ലാതെ ഞാൻ പൂർത്തിയാക്കിയിരിക്കുന്നു ഇനിയങ്ങോട്ടും അവൻ ഉണ്ടാവില്ല. ഷീന എന്ന വിദ്യാ സമ്പന്നയായ ഞാൻ ലോകത്തിൽ ഇത്രമേൽ വേറൊരാളെ സ്നേഹിച്ചിട്ടില്ല എന്നിട്ടും എന്തു കൊണ്ടിങ്ങനെ ? ഷീന ടോണി എന്ന ലേബലിൽ കഴിഞ്ഞ ആ ആറു വർഷം അത് മതി എനിക്ക് ജീവിത കാലം മുഴുവൻ ഓർക്കാൻ, ആ ഓർമകളിൽ ശിഷ്ട്ട കാലം എനിക്ക് ജീവിക്കണം. നിന്റെ ഭാവിക്കു ഞാൻ ഒരു വിലങ്ങു തടി ആകേണ്ട എന്ന തോന്നലാണ് എന്നെ പരസ്പര സമ്മതത്തോടെ ഒരു വിവാഹ മോചനത്തിന് വേണ്ടി അനുവാദം മൂളിച്ചത് തന്നെ , പ്രാണൻ പറിചെറിയുന്ന വേദനയിൽ ഞാൻ ഉഴലുകയാണ് എങ്കിലും ടോണി നീ അറിയാതെ പോയില്ലേ നിന്നെ ഞാൻ എത്രമേൽ സ്നേഹിച്ചിരുന്നു എന്ന്.
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് എനിക്കും ടോണിക്കും ഇടയിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്നേഹം പൂത്തുലഞ്ഞു നൂറും അറുപതും മേനി വിളവു നൽകിയിരുന്ന പുഷ്കല കാലം ഒരു ദിവസം പോലും വേർപിരിയാൻ ആകാത്ത വിധം ഞങ്ങൾ അടുത്തിരുന്ന ആ ദിവസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞകന്നത്. എന്തായിരിക്കാം അവൻ എന്നെ വെറുക്കാൻ ഉണ്ടായ കാരണം ടോണി നീ ഒരു പാവമായിരുന്നില്ലേ എന്നിട്ടും ,അൻവർ എന്റെ പിന്നാലെയുണ്ടെന്നു ആരോ പറയുന്നത് കേട്ട് എന്നോട് ഒന്ന് ചോദിക്കുക പോലുംചെയ്യാതെ എന്നെ ഒഴിവാക്കിയത് എന്തിനായിരുന്നു .. ശരിയായിരുന്നു അൻവർ ഒരിക്കൽ എനിക്ക് വേണ്ടപെട്ടവനായിരുന്നു പക്ഷെ നിന്നെ മിന്നു കെട്ടിയ അന്ന് മുതൽ നീ മാത്രമായിരുന്നില്ലേ എന്റെ എല്ലാം. എത്ര തവണ പറഞ്ഞും പറയിപ്പിച്ചും നിന്നെ ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നിട്ടും നീയെന്തേ ഒടുവിൽ അതെ കാരണത്താൽ എന്നെ കൈയൊഴിയുന്നു. അക്കാരണത്താൽ മാത്രമല്ല ഞാനറിയാൻ പാടില്ലാത്ത മറ്റെന്തോ കാരണം കൊണ്ട് കൂടിയാണ് നീ എന്നിൽ നിന്നകലുന്നത് , അത് നീ എന്നോട് തുറന്നു പറഞ്ഞിട്ട് പിരിഞ്ഞിരുന്നെങ്കിൽ എനിക്കെന്തു സന്തോഷമായേനെ, ഒരിക്കലും നിന്റെ വഴികളിൽ വിലങ്ങു തടിയാകാൻ ഞാൻ വരുമായിരുന്നില്ലല്ലോ . ഇപ്പോഴും എന്റെ ഒരു നോ എന്നൊരു വാക്കിനാൽ എനിക്ക് നിന്നെ ചുവപ്പ് നാടകളിൽ തളച്ചിടാം പക്ഷെ ഞാൻ അത് ചെയ്യാത്തത് എനിക്ക് നിന്നോടുള്ള അഗാധ സ്നേഹത്താൽ മാത്രമാണ് നാളെ കോടതിയിൽ വെച്ച് കണ്ടു പിരിയുമ്പോൾ നിനക്ക് നൽകാൻ ഞാനൊരു സമ്മാനം കൊണ്ട് വരുന്നുണ്ട്. എന്റെ പ്രാണനോളം സ്നേഹിച്ച ഒരു സമ്മാനം അത് വാങ്ങി നീ പുതിയ ജീവിതത്തിലേയ്ക്ക് പോയ്‌കൊള്ളൂക.
കോടതി മുറിയിൽ രണ്ടു ധ്രുവങ്ങളിൽ നിന്നെത്തിയവരെ പോലെ മാറിനിന്ന ടോണിക്കും ഷീനയ്ക്കും ഉള്ളിൽ എരിയുന്ന അഗ്നി പർവതമുണ്ടായിരുന്നിരിക്കണം. ലാവാ പ്രവാഹത്തിന്റെ ചൂടിൽ ചിന്തകളും സ്വപ്നങ്ങളും വാടി കരിഞ്ഞിട്ടുണ്ടാവണം. ഷീനയ്ക്കു എന്തെങ്കിലും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ മിഴിനീർ തുള്ളികളായെങ്കിൽ എന്നവൾ ഭയക്കുന്നു. സ്വയം സൃഷ്ട്ടിച്ച ഇരുമ്പുവലയത്തിനുള്ളിൽ ബന്ധനസ്ഥയായ വാനമ്പാടിയെ പോലെ അവൾ മൂകം തേങ്ങി. പരസ്പര ധാരണകളിൽ ഒരുമിച്ചു പോകാനാവാത്ത വിധം അകന്ന ദമ്പതികളെ നിയമം മൂലം വേർപെടുത്തുന്ന ആരാച്ചാരുടെ അന്തിമ വിധി വന്നു കഴിഞ്ഞു. കോടതി വിധി കേട്ട് പുറത്തിറങ്ങിയ ടോണിയുടെ മുൻപിൽ ഇരു കൈകളും കൂപ്പി അവൾ മുട്ടിൻ മേൽ നിന്നു. ടോണി കുനിഞ്ഞു അവളുടെ ചുമലിൽ പിടിച്ചുയർത്തി ടോണിച്ചായാ ഇനി ഒരിക്കലും ബുദ്ധി മുട്ടിക്കാൻ ഈ വഴികളിൽ ഞാൻ ഉണ്ടാവില്ലന്നു തേങ്ങി കൊണ്ടവൾ ആ ചുമലിലേയ്ക്ക് വീണു.ഷീന പ്രിയതമനു കാത്തു വെച്ച അവസാന സമ്മാനവും ചുമലിലേറ്റി ടോണി നിന്നു പിരിക്കാനാവത്ത ഓർമകളുടെ തുളസീ ഗന്ധം പേറുന്ന അവളുടെ മുടിയിഴകളിൽ ചുംബിച്ച്.

Friday, 12 February 2016

ജെല്ലികെട്ടു മാപ്പിള


നാട്ടിൻ പുറത്തിന്റെ നന്മയും നിഷ്കളങ്കതയുമുള്ള മൂർത്തി കറ തീർന്ന വെൽഡർ ആയിരുന്നു ഇരുമ്പ് കോശങ്ങളെ കൂട്ടിയിണക്കും വിധം ഭംഗിയായി ശസ്ത്രക്രിയ നടത്താൻ കഴിയുന്നത്ര നൈപുണ്യമുള്ള മൂശാരി. കടുത്ത ഈശ്വര വിശ്വാസിയായ സുന്ദര മൂർത്തിക്ക് ഒരു കുഴപ്പം ഉണ്ടായിരുന്നു അയാൾക്ക് ഇരുട്ടിനെ ഭയമായിരുന്നു നാലഞ്ചു പേർ ഒരുമിച്ചുറങ്ങുന്ന മുറിയിൽ അയാളുടെ ഭയങ്ങളെ പ്രതി രാത്രിയിൽ പോലും ലൈറ്റ് ഓഫ്‌ ആക്കാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് സുന്ദര മൂർത്തിക്ക് ഒറ്റയ്ക്ക് ഒരു മുറി കൊടുക്കുന്നതിലെയ്ക്ക് കമ്പനി നിർബന്ധിതമായത്.
ഒരിക്കലും വിളക്കുകൾ അണയാത്ത ഒരു മുറിയിൽ സുന്ദര മൂർത്തി താമസം ആരഭിച്ചു ദിവസങ്ങൾക്കു ശേഷം റൂമിനരുകിലെ ബീഹാറികൾ കൂട്ടമായി ഓഫീസിൽ എത്തി ഒരു പരാതി പറഞ്ഞു സുന്ദരമൂർത്തി നേരം വെളുക്കുവോളം ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത്രേ ഒന്നല്ല പല തവണ അവർ ഒച്ചയും ബഹളവും കേട്ട് അവർ ഞെട്ടി ഉണരുന്നുണ്ടത്രേ.
മൂർത്തിയെ വിളിപ്പിച്ചു പതിവ് ഭവ്യതയോടും വിനയത്തോടും കൂടി അയാൾ അഭിവാദ്യം ചെയ്തു. ഇല്ല സാർ ഞാൻ ആരോടും സംസാരിക്കാറില്ല ബീഹാറികളുടെ ഭാഷ എനിക്കും എന്റേത് അവർക്കും തിരിയില്ല ചിലപ്പോൾ അവർക്ക് തോന്നിയതാവാം കുലീനമായ മറുപടി നൽകി അയാൾ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ബീഹാറികൾ വീണ്ടും പരാതിയുമായെത്തി വീഞ്ഞപലകയിൽ തീർത്ത പോർട്ടോ കാബിനിൽ രാത്രി രണ്ടു മണി കഴിയുമ്പോൾ ആരോ ആഞ്ഞടിക്കുന്നത്രേ സുന്ദരമൂർത്തിയാണതെന്നു അവർ തറപ്പിച്ചു പറയുന്നു ഇക്കുറി സുന്ദര മൂർത്തിയെ വിളിപ്പിച്ചില്ല പകരം എന്താണ് നടക്കുന്നതെന്നറിയാൻ തന്നെ തീരുമാനിച്ചു.
രാത്രി സുന്ദരമൂർത്തി റൂമിൽ കയറി വാതിലടച്ചതിനു ശേഷം ശേഷം ഞങ്ങൾ ഉറങ്ങാതെ നോക്കിയിരുന്നു മൂർത്തി കട്ടിലിൽ തല വെച്ചതും ഉറങ്ങി ,ആദ്യ മണിക്കൂറിൽ കൂർക്കം വലിയല്ലാതെ ഒന്നും കേൾക്കാനില്ല ,രണ്ടാം മണിക്കൂറിൽ അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു . ഞാൻ മൊബൈൽ ക്യാമറ ഓൺ ആക്കി ജനാലയിലൂടെ കാട്ടി, നടക്കുന്നതെന്തെന്ന് അറിയാൻ കാതോർത്തിരുന്നു. അപ്പാ എന്നാലെ മുടിയില്ലേ അപ്പാ അയാൾ ഉറക്കെ അലറി ,ആരോ അയാൾക്ക്‌ അഭിമുഖമായി ഇരിക്കുന്നു അയാളോടെന്നപോലെ സംസാരം ഉച്ചത്തിൽ ആകുകയാണ്. അവസാനം സുന്ദര മൂർത്തി എഴുന്നേറ്റു ഞാൻ നിൽക്കുന്ന ജനാലയ്ക്കു അഭിമുഖമായി വന്നു തല അതിൽ ചേർത്തടിച്ചു ഉറക്കെ കരഞ്ഞു കൊണ്ട് നിലത്തു വീണു. പിന്നയാൾ എഴുന്നെൽക്കില്ല എന്നുറപ്പിച്ച ഞാൻ ജനൽ പാളി മുറുകെ അടച്ചു. എനിക്ക് വിശ്വാസം വന്നു എന്ന് ബോധ്യമായ ബീഹാറികൾ പിരിഞ്ഞു പോയി.
പിറ്റേന്ന് ഞാൻ സുന്ദര മൂർത്തിയെ വിളിപ്പിച്ചു പതിവ് ചന്ദനക്കുറിയും കർപൂര മണവുമായി അയാൾ അടുത്തെത്തി. ഒന്നും മിണ്ടാതെ ഞാൻ മൊബൈൽ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തു വീഡിയോ പ്ലേ ചെയ്തു,അതു കണ്ടു സുന്ദര മൂർത്തി മിഴിച്ചു നിന്നു എന്താണിത് ? എന്റെ ചോദ്യത്തിന് മുന്നിൽ ജാള്യതയോടെ അയാൾ തല കുനിച്ചു നിന്നു. "ഞങ്ങൾ തലമുറകളായി ജെല്ലികെട്ടു നടത്തുന്ന കുടുംബക്കാർ . എന്നെ വലിയ ജെല്ലികെട്ടുകാരൻ ആക്കണമെന്നായിരുന്നു അപ്പാടെ ആഗ്രഹം ഇന്ത സറീരം അതുക്കു ഫിറ്റ്‌ അല്ലൈ സാർ, എനക്ക് തെരിയും. അപ്പാവെ രണ്ടു വർഷം മുന്നാടിയെ ഒരു ജെല്ലി കെട്ടുക്കു കാള ചവിട്ടി കൊന്നാച്ചു അതുക്കപ്പുറം അപ്പാ എന്നെ തൂങ്കാ വിടലെ രാത്രി ഒരേ തൊന്തരവു അതിനാലെ വ്യവസായം വിട്ട് ഓടി ഇങ്ക വന്തതെ, ഇവിടെയും വിടമാട്ടെ " അയാൾ കരഞ്ഞു കൊണ്ട് നിർത്തി ഒരു യക്ഷി കഥ കേൾക്കുമ്പോലെ ഞാൻ തരിച്ചിരുന്നു. എന്താണ് പറയേണ്ടത് ഇതിനൊരു പരിഹാരം നിർദേശിക്കാൻ ഞാൻ ഒരു മനശാത്രജ്ഞൻ അല്ല . കഥ കാട്ടു തീ പോലെ കമ്പനിയാകെ പടർന്നു.സുന്ദര മൂർത്തി ജോലിക്ക് വരാതെ ആയി ഒരു നല്ല സൈക്കർട്ടിസ്റ്റിനെ കമ്പനി ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും നിൽക്കാതെ അയാൾ രാജി വെച്ച് പോയി. അപ്പാവുടെ കനവു പോലെ എന്നെങ്കിലുമൊരിക്കൽ ഒരു മാട്ടു പൊങ്കൽ ദിനത്തിൽ അയാളൊരു പോരാളി ആയേക്കാം ,തിരുച്ചെങ്കോട് കാളയെ മലർത്തിയടിക്കുന്ന ജെല്ലികെട്ടു മാപ്പിള

Monday, 8 February 2016

ചില്ലുടഞ്ഞ പ്രണയം


കൺസൾട്ടൻസി ഓഫീസിന്റെ റിസപ്ഷനിൽ മഞ്ചൂ വാരൃരെപ്പോലൊരു മോന്തായം കണ്ടതു മുതൽ ഹൃത്തടത്തിലെവിടെയോ അനുരാഗത്തിന്റെ കലപില ശബ്ദം രാവുകളെ നിദ്രാവിഹീനമാക്കാൻ തുടങ്ങി ,ഇല്ലാത്ത വിഷയങ്ങൾക്കായി അവളുടെ ഓഫീസിന്റെ തിണ്ണ പലതവണ കയറി ഇറങ്ങിയെങ്കിലും തനിക്കു ബാധിച്ചിരിക്കുന്ന പ്രേമപ്പനി അവളറിയാതെ നാളുകൾ പോയി. അങ്ങനെയിരിക്കെയാണ് എന്റെ ആത്മാർത്ഥത കണ്ടു ക്ഷിപ്ര പ്രസാദിയായ കാട്ടറബി മുതലാളി അങ്ങോരുടെ ഉറങ്ങുമ്പോൾ മാത്രം ഊരി വെക്കുന്ന വിലകൂടിയ കൂളിംഗ് ഗ്ലാസ് എനിക്കു സമ്മാനമായി തരുന്നത്. വാങ്ങി മുഖത്തു വെച്ചിട്ട് കണ്ണാടി നോക്കി കൊള്ളാം ,ഗ്ലാമർ ഒന്നര ലീറ്റർ കൂടിയിട്ടുണ്ട്. നാളെ പ്രണയദിനമാണ് അവളോടെന്റെ പരിശുദ്ധ പ്രേമംപറയാൻ പറ്റിയദിവസം. രാവിലെ കുളിച്ചൊരുങ്ങി പാന്റും കാൾസറായിയും മൊതലാളീടെ വിലകൂടിയ ഗ്ലാസും ഫിറ്റു ചെയ്ത് അനിതാ മോറീസിനെ കാണാനും പറ്റിയാൽ ഇന്നു തന്നെ വിളിച്ചിറക്കി കെട്ടാനുമുള്ള തയ്യാറെടുപ്പിൽ വണ്ടി കുതിച്ചു പാഞ്ഞൂ. സന്തോഷ് പണ്ടിറ്റ് കോട്ടും , കൂളിംഗ് ഗ്ലാസു വെച്ചു സിംപിളായി വരുന്ന എന്നെ കണ്ടതും അവൾ ഒന്നു ഉൾപുളകിതകയാകുന്നതു ഞാൻ കണ്ടു. ഒന്നര മീറ്റർ പൊക്കമുള്ള റിസപ്ഷൻ ടേബിളിനു കീഴെയാണവളുടെ ഇരിപ്പ്, ടേബിളിനു മുകളിൽ കൈ കുത്തി ആ കണ്ണുകളിൽ തന്നെ നോക്കി എന്തെങ്കിലും പറയാൻ തുടങ്ങും മുൻപ് മുതലാളി തന്ന വില കൂടിയ ഗ്ലാസിന്റെ ചില്ലൊരണ്ണം അടർന്നു അവളുടെ കസേരയുടെ കീഴേയ്ക്കു വീണൂ ആൾക്കൂട്ടത്തിനിടയിൽ നഗ്നനാക്കപ്പെട്ടവനെപ്പോലെ , അര മുറിയൻ കണ്ണാടിയുമായി ഞാൻ,, അനിതാ മോറീസ് തല തല്ലി ചിരിക്കുന്നു. അവൾ കുനിഞ്ഞു താഴെ പോയ ചില്ലെടുത്തു തരാൻ കാത്തു നിൽക്കാതെ കടുത്ത ഇച്ഛാഭംഗവുമായി ഞാനാ ഓഫീസ് വിട്ടിറങ്ങി. പൊട്ട ഗ്ലാസു തന്നു വഞ്ചിച്ച കാട്ടറബിയുടെ ജോലി ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. രാജിക്കത്തെഴുതി ഒറ്റചില്ലുള്ള കൂളിംഗ് ഗ്ലാസിൽ പൊതിഞ്ഞെന്റെ രാജിക്കത്തു സമർപ്പിച്ചു. പിന്നീടൊരിക്കലും മഞ്ചൂ വാരൃാരുടെ മുഖമുള്ള അനിതയെ കണ്ടിട്ടില്ലങ്കിലും എല്ലാ വാലന്റൈൻ ഡേയിലും ഞാനവളെ ഓർക്കും . എന്റെ അടർന്നു വീണ കണ്ണാടി ചില്ലവൾ കൽപക തുണ്ടു പോലെ സൂക്ഷിക്കുന്നുണ്ടാവണം ...

Wednesday, 3 February 2016

തളത്തിൽ ദിനേശൻമാർ മരിക്കുന്നില്ല


പോറ്റി എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സുബ്രമണ്യം പോറ്റി ശാന്തനും മിത ഭാഷിയുമായിരുന്നു. ബുദ്ധിയുടെ കാര്യത്തിൽ പട്ടരിൽ പൊട്ടനില്ല എന്ന വാചകം അടിവരയിടുന്ന വിധം സമർത്ഥനായിരുന്നു പോറ്റി. ഗാഡ സ്വാരസ്വത ബ്രാഹ്മണ വിഭാഗത്തിൽ പെട്ട പോറ്റി കൊങ്കണി കലർന്ന മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കാൻ ഒരിമ്പമായിരുന്നു. വിശേഷ ദിവസങ്ങളിൽ പോറ്റിയുടെ  ഭാര്യ ഉണ്ടാക്കി കൊടുക്കുന്ന വിശേഷ പലഹാരങ്ങൾ ഓഫീസിൽ ചർച്ചാ വിഷയമായിരുന്നു. പൊതുവെ സംസാര പ്രിയനല്ലത്ത പോറ്റി സംസാരം തുടങ്ങിയാൽ നിർത്തുന്നത് ഭാര്യ സെൽവി അമ്മാളിന്റെ ഗുണ ഗണങ്ങളെ വാഴ്ത്തികൊണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ സഹപ്രവർത്തകരെ പോറ്റി വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടില്ല  ഞങ്ങൾ ആരെങ്കിലും എന്തെങ്കിലും പരിപാടിക്ക് ക്ഷണിക്കുകയോ ചെയ്‌താൽ സ്നേഹപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞു മാറും അഥവാ ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ പോറ്റി തന്നെ വരും.ഒരു ചായക്ക് പോലും ഓഫീസ് ബോയിയെ ബുദ്ധിമുട്ടിക്കാത്ത പോറ്റിയെ ഓഫീസിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു.
ഒരു ദിവസം പതിവില്ലാതെ രണ്ടു പോലീസുകാർ ഓഫീസ് റിസപ്ഷനിൽ എത്തി പോറ്റിയെ തിരക്കി. എല്ലാവർക്കും അത്ഭുതമായിരുന്നു ആ വരവ് ,പോലീസുകാർ പോറ്റിയെ മാറ്റി നിർത്തി എന്തോ സ്വകാര്യം പറഞ്ഞതും വലിയ വായിൽ നിലവിളിച്ചു കൊണ്ട് പോറ്റി ഓടി പോയി പോലിസ് വണ്ടിയിൽ ഇരുന്നു. ആർക്കും എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല പോറ്റിയുടെ സെക്രട്ടറി മോണോലിസ പിറകെ പോകാൻ തന്നെ തീരുമാനിച്ചു കൂടെ ഒരു ധൈര്യത്തിന് എന്നെയും കൂട്ടി വണ്ടി ഞങ്ങൾക്കടുത്ത പോലിസ് സ്റ്റെഷനിൽ പോയി ഇല്ല അവിടെ ആരും എത്തിയിട്ടില്ല പിന്നെ പോറ്റിയുടെ വീട്ടിൽ എന്തെങ്കിലും പക്ഷെ ആർക്കും അയാൾ എവിടെയാണ് താമസിക്കുന്നത് എന്നതിനെപറ്റി ഒരു വിവരവും ഇല്ല. പണ്ടെങ്ങോ പറഞ്ഞ ഓർമയിൽ മീന സ്ട്രീറ്റിൽ എവിടെയോ ആണെന്ന് ഊഹിച്ച ഞങ്ങൾ അങ്ങോട്ട്‌ വണ്ടി വിട്ടു.
മീന സ്ട്രീറ്റിലെ ഒരു കെട്ടിടത്തിനുള്ളിൽ നിന്നും പുക പടലങ്ങൾ ഉയരുന്നു  താഴെ കൂട്ടം കൂടി പോലീസുകാരും അഗ്നി ശമനസേനയും തീയണയ്ക്കാൻ പാട് പെടുകയാണ് ആൾകൂട്ടത്തിനിടയിൽ അതീവ ഖിന്നനായി പോറ്റി സാറും ഞങ്ങളെ കണ്ടതും പുള്ളി ഒന്ന് പിറകോട്ടു വലിഞ്ഞു. ബുദ്ധിമുട്ടിക്കാൻ പോകാതെ ഞങ്ങളും മാറി നിന്നു, ചെറിയ തീയായിരുന്നു  അഗ്നി ശമന സേനാ
തീയണച്ചതും പോറ്റി ഓടി മുകളിൽ കയറി ഒന്നാം നിലയിലെ തന്റെ ഫ്ലാറ്റ് തുറന്നു നിലവിളിച്ചു തളർന്ന സെൽവി അമ്മാളുമായി താഴേയ്ക്കിറങ്ങി വന്നു പുക ശ്വസിചിട്ടെന്നോണം അവർ തളര്ന്നു വീണു. അന്നാണ് ഞാനും മോണോലിസയും ആദ്യമായി സെൽവി അമ്മാളിനെ കാണുന്നത് നാല്പത്തി അഞ്ചു കഴിഞ്ഞ പോറ്റിക്ക് ഐശ്യര്യാറായി തോറ്റു പോകുന്ന സൌന്ദര്യമുള്ള ഒരു കിളുന്തു പെണ്ണ്. പോലിസ് ആംബുലൻസിൽ പോറ്റിയോടൊപ്പം ഞാനും മോണോലിസയും കയറി ഹോസ്പിറ്റലിലെ പ്രഥമ ശ്രിശ്രൂഷയ്ക്കു ശേഷം സെൽവി അമ്മാൾ ഡിസ ചാർജ് ചെയ്യപെട്ടു. ഈ സമയമത്രയും പോറ്റി ഞങ്ങളുടെ ആരുടേയും മുഖത്തു നോക്കിയില്ല അവരെ വീട്ടിൽ ഇറക്കിയിട്ട്‌ ഞങ്ങൾ ഓഫീസിലേയ്ക്ക് പോയി.
മടക്കയാത്രയിൽ മോണോലിസ എന്നോടാ വലിയ രഹസ്യം പറഞ്ഞു നമ്മുടെ പോറ്റി സാർ ഒരു സംശയ രോഗിയാണ് . അയാൾക്ക്‌ അയാളുടെ ഭാര്യയെ വലിയ സംശയമാണത്രെ ജോലിക്ക് വരുമ്പോൾ പുള്ളിക്കാരിയെ ഉള്ളിലാക്കി പുറത്തു നിന്നും ഫ്ലാറ്റ് പൂട്ടിയാണത്രെ ഓഫീസിൽ വന്നിരുന്നത് അത് കൊണ്ടാണ് എല്ലാവരും രക്ഷപെട്ടിട്ടും സെൽവി അമ്മാൾ മാത്രം കെട്ടിടത്തിൽ കുടുങ്ങി പോയത്. പോലിസ് ചോദിച്ചപ്പോൾ അവർ ഉറങ്ങി പോയെന്നു നുണ പറഞ്ഞു പോറ്റിയെ രക്ഷിക്കുക ആയിരുന്നത്രെ അല്ലെങ്കിൽ പോറ്റി സാർ ജയിലിൽ പോയേനെയത്രേ

മോണോലിസ ഓഫീസിൽ എല്ലാവരോടും പോറ്റി സാർ തളത്തിൽ ദിനേശൻ ആണെന്ന ആ വലിയ സത്യം വെളിപ്പെടുത്തി . കേട്ടവർ കേട്ടവർ അന്തം വിട്ടു മൂക്കത്ത് വിരൽ വെച്ചു വായിൽ വിരലിട്ടാലും കടിക്കാത്ത നിരുപദ്രവകാരിയായ മനുഷ്യന് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് ആർക്കും വിശ്വസിക്കാൻ ആയില്ല. . എന്തായാലും പോറ്റി സാർ പിന്നെ  ഓഫീസിൽ വന്നില്ല ഒരു ലോങ്ങ്‌ ലീവിന് അപ്ലൈ ചെയ്തു എങ്ങോട്ടോ പോയി പോറ്റി സാറിനെ ഓർക്കുമ്പോളൊക്കെ ആ ശ്രിനിവാസൻ സിനിമയിലെ രംഗം മനസിലേയ്ക്ക് ഓടിയെത്തും
ശോഭേ ശോഭയോടുള്ള സ്നേഹകൂടുതലാണ് എന്റെ എല്ലാ രോഗത്തിനും കാരണം എന്നാ ഡോക്റ്റർ പറഞ്ഞത്. എല്ലാവരിലും ഒരു തളത്തിൽ ദിനേശൻ ഉണ്ടാവും കൂടിയും കുറഞ്ഞും ചിലപ്പോൾ പുറത്തു ചാടിയും ചാടാതെയുമൊക്കെ ആ പൂച്ച ഉള്ളിൽ എവിടെയോ ഇരുന്നു മൂളുന്നത് കേൾക്കുന്നില്ലേ ........
 

Tuesday, 2 February 2016

അകലെയല്ലാത്ത ആകാശം


അബ്ദുൾ മത്തീൻ കഠിനാധ്വാനിയായിരുന്നു. പ്രിന്റിങ്ങ് പ്രസിലെ പണികഴിഞ്ഞാൽ കുളിച്ചൊരുങ്ങി കവലയിലെത്തും കവലയിൽ കൂടുന്ന ജനങ്ങൾക്കിടയിലൂടെ പതിഞ്ഞ സ്വരത്തിൽ ബാലൻസ് ബാലൻസ് എന്നു വിളിച്ചു കൊണ്ട് നടക്കും അഞ്ചു ദിർഹമിന്റെ ട്രാൻസ്ഫറിന് അൻപതു ഫിൽസ് കുടുതൽ നൽകിയാൽ മതി. കവല വിജനമാകും വരെ അയാളവിടെ ഉണ്ടാവും.പലതവണ അയാളിൽ നിന്നും റീ ചാർജ് ചെയ്തുള്ള പരിചയത്തിൽ ഞാനൊരുനാൾ ചോദിച്ചു രാത്രി വൈകുവോളം പണിയെടുക്കുന്ന നിയെപ്പോഴാണ് ഉറങ്ങുന്നത് ? അത് ഒരു മണിക്കുറങ്ങി നാലു മണിക്കുണരും കുടുതൽ ഉറങ്ങിയാൽ അങ്ങ് ബംഗ്ലാദേശിൽ ഒൻപതു വയറുകൾ പട്ടിണിയാകും സാർ. നാലോ അഞ്ചോ മണിക്കൂർ നിന്നു വിയർത്താൽ കേവലം അഞ്ചോ പത്തോ ദിർഹമുണ്ടാക്കാം അതിനു വേണ്ടിയാണി പെടാപ്പാടുകൾ. കവലയിലെത്തുമ്പോളെല്ലാം ഞാൻ മത്തീനെ തിരയും ഒരു പുഞ്ചിരിയോടെ അയാൾ അരികത്തു വന്നു വിശേഷം തിരക്കും. ഒരാഴ്ച അയാളെ കവലയിൽ കണ്ടില്ല ഒരു തിരക്കുള്ള വെള്ളിയാഴ്ച്ച കവലയിലെ ഒരു ഇടുങ്ങിയ മുറിക്കടയിൽ നിന്നൊരു വിളി സാർ ഇദർ ആവോ തിരിഞ്ഞു നോക്കിയപ്പോൾ മത്തീനാണ് ഇടനാഴിക്കടയിൽ തലമുട്ടും വിധം കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ആഹാ നിനക്കിവിടെ ജോലി കിട്ടിയോ ? ഇല്ല സാർ ഈ കട ഞാൻ വാങ്ങി. എനിക്കു വിശ്വസിക്കാനായില്ല പത്തു പതിനഞ്ചു കൊല്ലം ഭേദപ്പെട്ട ശമ്പളത്തിൽ ജോലി ചെയ്തിട്ടും എനിക്കൊരു കാറു പോലും സ്വന്തമായി വാങ്ങാനായിട്ടില്ല. ഞാനയാളെ അസൂയയോടെ നോക്കി. ഇതെല്ലാം റബ്ബില്ലാലമീനായ പടച്ച തമ്പുരാന്റെ കൃപയാണ് സാർ. മകനു വേണ്ടി ഒരു കളിപ്പാട്ടം വാങ്ങി അബ്ദുൾ മത്തീന്റെ കട വിട്ടിറങ്ങുമ്പോൾ തലേന്നു വായിച്ച നോവലിലെ പൗലോ കെയ്ലോയുടെ വാചകങ്ങൾ ഹൃദയത്തിൽ പെരുമ്പറ പോലെ മുഴങ്ങി നീ ആത്മാർത്ഥമായി എന്തെങ്കിലും നേടണമെന്ന് തീരുമാനിച്ചാൽ ഈ ലോകം മുഴുവൻ നിനക്ക് കൂട്ടുണ്ടാവും....