Sunday, 21 February 2016

രത്നാകരൻ താപസനാകുന്നു



ഡിഗ്രീ തോറ്റു നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായി അലഞ്ഞു നാട്ടിലെ ഒന്നാതരം പൂവലാനെന്നു പേരെടുത്തു വന്ന അവസരത്തിലാണ് കണ്ണിൽ ചോരയില്ലാത്ത മിന്നൽ വർഗീസ്‌ എസ് ഐ ആയി ചാർജ് എടുക്കുന്നത്. രാവിലെയും വൈകുന്നേരവും കളറുകളെ എണ്ണി പറഞ്ഞു വിട്ടു കൊണ്ട് നിരുപദ്രവകരമായി പൂവാല പണി ചെയ്തു കൊണ്ടിരുന്ന എന്നെ പോലുള്ള പാവങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു പീഡിപ്പിക്കുകയായിരുന്നു മിന്നലിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്ന്. പല തവണ പിടി കൊടുക്കാതെ ഓടിയൊളിചെങ്കിലും ഒരു നാൾ മിന്നൽ കൈയോടെ പിടി കൂടി തലുടി മൊട്ടയടിച്ചു. മീശ മുളയ്ക്കും മുൻപ് പോലിസ് സ്റ്റഷനിൽ കയറിയ പൊന്നു മോനെ നന്നാക്കാൻ അമ്മച്ചി കരഞ്ഞു മുട്ടിപ്പായി പ്രാർഥിച്ചതിന്റെ ഭലമായി അമ്മച്ചിക്കോരരുളപ്പാടുണ്ടായി മകനെ ഒരാഴ്ച നവീകരണ ധ്യാനത്തിന് വിടുക. ജലദോഷം മുതൽ കാൻസർ വരെയും ചൊവ്വാദോഷം മുതൽ പേരുദോഷം വരെയും മാറ്റിയെടുക്കാൻ ഒരാഴ്ച ധ്യാനം കൂടിയാൽ മതിയത്രേ. മുടിയനായ പുത്രൻ മനം മാറി മൂലകല്ലാകുന്ന ദിവസം സ്വപ്നം കണ്ടമ്മച്ചി കരഞ്ഞു കാലു പിടിച്ചത് കൊണ്ട് ഞാൻ മനസില്ലാ മനസോടെ ധ്യാനം കൂടാമെന്ന് സമ്മതം മൂളി.

 ആലപ്പുഴ ചെന്നൈ മെയിൽ വൈകിട്ട് നാല് മണിക്കുണ്ട് അതിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു വന്നിട്ട് അപ്പൻ തീട്ടൂരമിരക്കി പോയി നന്നായെ ഇങ്ങോട്ട് വരാവൂ. കന്നം തിരിവും കുന്നായ്മയുമായി ഇനി നടന്നാൽ നാട്ടുകാരു തല്ലുന്നത് ഞങ്ങൾ കാണേണ്ടി വരും അത് വയ്യ, അത് കൊണ്ട് പൊന്നു മോൻ അച്ചൻ പറയുന്നത് പോലെ കേട്ട് നന്നാകണം. റെയിൽവേ സ്റ്റെഷൻ വരെ അപ്പനും അമ്മയും വന്നു ട്രെയിനിൽ കേറും മുൻപ് അമ്മച്ചി കൈ പിടിച്ചു കൊണ്ട് പറഞ്ഞു പൊന്നു മോനെ പുതിയ മനുഷ്യനായെ നീ വരാവോള്ളടാ നിന്നെ പള്ളു പറഞ്ഞവരെ കൊണ്ടെല്ലാം നീ നന്നെന്നു പറയിക്കണം,  ട്രെയിൻ നീങ്ങി കണ്ണിൽ നിന്നും മായും വരെ അപ്പച്ചനും അമ്മച്ചിയും ഞാൻ പുതിയ ജീവിതത്തിലേയ്ക്ക് പോകുന്നതും നോക്കി നിന്നു.

തിരക്കില്ലാത്ത കംബാർട്ടുമെന്റിൽ ഞാൻ അലസാനായി പുറത്തേയ്ക്ക് നോക്കിയിരുന്നു എത്ര പറയിപ്പിചെങ്കിലും അമ്മച്ചിക്കെന്നെ ജീവനായിരുന്നു ഒരാഴ്ച തലയിൽ തേക്കാനുള്ള എണ്ണയടക്കം എല്ലാം ബാഗിൽ ഭദ്രമായി വെച്ചു തന്നിട്ടുണ്ട്.എന്നെ പ്രതിയാ പാവം ഒരു പാട് വേദന സഹിച്ചു കഴിഞ്ഞിരിക്കുന്നു, ഗർഭത്തിൽ ഉരുവായ അന്ന് മുതൽ വേദനയല്ലാതെ ഒന്നും ഞാൻ തിരിച്ചു  നൽകിയിട്ടില്ല ഇനിയതുണ്ടാവില്ല. ധ്യാനം എന്നെ നവീകരിച്ചാലും ഇല്ലങ്കിലും ഞാൻ പുതിയ മനുഷ്യനായെ തിരികെ വീട്ടിൽ എത്തു. സൂര്യൻ പ്രഭ മങ്ങി അസ്തമനത്തിനു വഴിമാറുന്നു ചുവന്ന ഗോളം പടിഞ്ഞാറസ്തമയത്തിനായി പിന് വാങ്ങുന്നതും നോക്കി ഞാൻ ജനാലപടിക്കൽ ഇരുന്നു.

ചേർത്തല സ്റ്റെഷൻ നിറുത്തിയപ്പോൾ ഒരു കുടുംബം ഞാൻ ഇരുന്ന കമ്പാർട്ട്മെന്റിലെയ്ക്കു കയറി ക്ഷീണിച്ചു അവശനായ ഒരു വൃദ്ധനും അയാളുടെ ഭാര്യയും ഇരുപതിൽ താഴെ മാത്രം പ്രായം തോന്നുന്ന ഒരു സുന്ദരി പെൺകുട്ടിയും. ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കണ്ണുകൾ സുന്ദരിയിൽ ഉടക്കി ചെകുത്താൻ പല രൂപത്തിലും വരും ഒരു നല്ല കാര്യത്തിനാണ് പോകുന്നത് അത് കൊണ്ട് ജഡിക വ്യാപാരങ്ങളെ നിങ്ങൾ എന്റെ മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുക. അമ്മച്ചി ചൊല്ലി പഠിപ്പിച്ച  സുകൃത ജപങ്ങൾ ഓരോന്നായി മനസ്സിൽ ചൊല്ലി കൊണ്ടിരുന്നു കട കട ശബ്ദം ഉണ്ടാകി കൊണ്ട് ട്രെയിൻ മുന്നോട്ടു പോയി കിളവനും കിളവിയും സീറ്റ്‌ കണ്ടതും ഉറക്കമായി ഞാൻ ജനാലക്കിടയിലൂടെയുള്ള കാഴ്ചകളിലേയ്ക്കു തിരിഞ്ഞു. പെട്ടന്ന് എന്റെ മുതുകിൽ ഒരു വിരൽ സ്പർശം ഞാൻ തിരിഞ്ഞു നോക്കി സുന്ദരിക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു. ദൈവമേ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചാണോ വേണ്ട വീണ്ടും പുറം കാഴ്ചകളിലെയ്ക്ക് മുഖമമർന്നു. പത്തു മിനിട്ട് പൂർത്തിയാകും മുൻപ് അടുത്ത തോണ്ടൽ ഞാൻ ഉൾപുളകിതനായി.

വെളുക്കെ ചിരിച്ചു കൊണ്ടാ സുന്ദരി എന്നെ തന്നെ നോക്കുന്നു ഞാൻ തിരിഞ്ഞു കിളവനെയും കിളവിയെയും നോക്കി അവർ ഗാഡ നിദ്രയിലാണ് , എന്താ പേര് ? അങ്ങോട്ട്‌ എന്തെങ്കിലും ചോദിക്കും മുൻപ് അവൾ എന്നെ കേറി മുട്ടുകയാണ് , കൊച്ചെ നീയിതു എന്നാ അറിഞ്ഞിട്ടാ എന്നെ ശരിക്കും അറിഞ്ഞാൽ നീ, മനസിൽ തികട്ടി വന്ന വാചകങ്ങളെ വിഴുങ്ങി വീണ്ടും പുറം കാഴ്ചകൾ തേടി മുഖം ജനാലയഴികളിൽ  ചേർത്തു വെച്ചു. കുറെ നേരം കടുത്ത മൌനത്തിന്റെ വൽമീകതിനുള്ളിൽ അകപെട്ടതുപോലെ കംബാർട്ടുമെന്റ് ശാന്തമായിരുന്നു ഇടയ്ക്കെപ്പോഴോ അപ്പുപ്പനും അമ്മുമ്മയും ഉണർന്നു. സുന്ദരിക്കുട്ടി അവർക്ക് കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും വെള്ളവും മറ്റും എടുത്തു നൽകി അതു കുടിച്ച ശേഷം രണ്ടു പേരും വീണ്ടും ചാഞ്ഞു.

അവൾ ഉറങ്ങുന്നില്ല എന്തൊക്കയോ ആലോചിച്ചു കണ്ണ് തുറന്നു ഇരിക്കുകയാണ് ഞാൻ അവരുടെ മുഖത്തേയ്ക്കു നോക്കി നാണം കൊണ്ടവൾ തല കുനിച്ചു. എന്തിനാ എന്നെ തോണ്ടിയെ? മൌനം മറുപടി , നിങ്ങൾ എങ്ങോട്ട് പോകുന്നു ഇത് ആരാ അപ്പൂപനും അമ്മുമ്മയുമാ ? അല്ല അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മാവനും അമ്മായിയും ആണ് ചെറുപ്പം മുതൽ ഞാൻ ഇവരുടെ കൂടാ വളർന്നത്‌ ഇപ്പോൾ അപ്പുപ്പന് കാൻസർ ആണ് മകൻ ചെന്നയിൽ ഉണ്ട് അവർ അങ്ങോട്ട്‌ വിളിപ്പിച്ചു ഇനിയുള്ള കാലം ഞങ്ങൾ അവിടെ ആയിരിക്കും . സംസാരത്തിന് മൃദുത്വവും ലയവും വന്നിരിക്കുന്നു അമ്മുമ്മ ഇടയ്ക്കെപ്പോഴോക്കയോ ഉണരുമ്പോൾ അവൾ സംസാരം നിർത്തും ഒരു മണിക്കൂർ കൊണ്ട് ഒരു കുഞ്ഞു ജീവിത കഥ പൂർത്തിയാകിയിരിക്കുന്നു. വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ചു നല്ല നടപ്പിനു വിധിച്ച ഞാനും ആരും ഇല്ലാത്ത സുന്ദരിയും ഒരു പാട് കാര്യങ്ങളിൽ സാമ്യം ഉള്ളത് പോലെ , ട്രെയിൻ സ്റ്റെഷൻ അടുക്കാറാകും തോറും ഞങ്ങളുടെ ഇടയിലെ അകലവും കുറഞ്ഞു വന്നു. ആലുവായും അങ്കമാലിയും കടന്നു ട്രെയിൻ ഡിവൈൻ നഗറിൽ നിന്നു എനിക്കിറങ്ങേണ്ട സ്ഥലമായി അപുപ്പനും അമ്മുമ്മയും സുഖ നിദ്ര , രണ്ടു മണിക്കൂർ കൊണ്ട് സുന്ദരിക്കുട്ടി എന്റെ ഹൃദയത്തിൽ എവിടെയോ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു ഇറങ്ങും മുൻപ് അവളെ നോക്കി ഞാൻ വെറുതെ ചോദിച്ചു കൂടെ പോരുന്നോ നീയ് ??

കേൾക്കേണ്ടാ താമസം അവളുടെ കുഞ്ഞൻ ബാഗുമായി അവൾ എഴുന്നേറ്റു കൂടെ നടന്നു, അപ്പോൾ ഇവർ വയസായ അപ്പൂപ്പനും അമ്മുമ്മയും ? അതു സാരമില്ല ചെന്നൈ റെയിൽവേ സ്റെഷനിൽ മകൻ കാത്തിരിപ്പുണ്ടാവും അവൻ കൊണ്ട് പോയി കൊള്ളും, എങ്കിലും എന്റെ സുന്ദരീ രണ്ടു മണിക്കൂർ കൊണ്ട് മാത്രം ഒരു ജീവിതം കെട്ടിപടുക്കുന്ന ബന്ധം ആരംഭിക്കാൻ നമ്മൾ സജ്ജരാണോ ?? ഡിവൈൻ സ്റ്റെഷൻ  ഞങ്ങൾ ഒരുമിചിറങ്ങി ധ്യാനം കൂടണോ മധുവിധു ആഘോഷിക്കണോ ? കണ്ണീരുമായി മകൻ മാനസാന്തര പെട്ട് വരുന്നതും കാത്തിരിക്കുന്ന ഒരു മാതാവുണ്ട് വീട്ടിൽ അവരുടെ അനുഗ്രഹം വാങ്ങാതെ ഒരു ജീവിതം തുടങ്ങുന്നതെങ്ങനെ ? ഡിവൈൻ സ്റ്റെഷനിലെ കൽ ബെഞ്ചിൽ ഞാനും എന്നെ വിശ്വസിചിറങ്ങി വന്ന സുന്ദരികുട്ടിയും, ഭാവി ഒരു ചോദ്യമായി ഞങ്ങൾക്ക് മുന്നിൽ ധ്യാനം കൂടിയാൽ എന്തേലും ഒരു ഉപായം ദൈവം കാണിച്ചു തരും. ഇവിടം വരെ വന്നിട്ട് ധ്യാനം കൂടാതെ മടങ്ങണ്ട ആകെ ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങൾ മാത്രം അവസാനം ഒരു പോംവഴിയിൽ എത്തി അമ്മച്ചിയെ കണ്ടു സമസ്താപരാധവും ഏറ്റു പറയുക.

വിശ്വസിചിറങ്ങി വന്ന പെണ്ണിനെ പുറത്താക്കാൻ അമ്മച്ചി പറയില്ല,പക്ഷെ എന്റെ കാര്യത്തിൽ ഒരുറപ്പും ഇല്ല രണ്ടും കൽപിച്ചു ഞങ്ങൾ വീട്ടിലേയ്ക്ക് തിരികെ ചെന്നു. അരൂപിയിൽ നിറഞ്ഞു വരുന്ന മകനെ പ്രതീക്ഷിച്ചിരുന്ന അപ്പനും അമ്മയ്ക്കും മുന്നിൽ എങ്ങു നിന്നോ വന്ന പെണ്ണിനേയും കൂട്ടി വീട്ടിൽ എത്തിയ ഞാൻ തിരസ്കൃതനാകും. ധൈര്യം സംഭരിച്ചു ഞങ്ങൾ അകത്തു കയറി അപ്പച്ചനും അമ്മച്ചിയും ഒരക്ഷരം പറഞ്ഞില്ല അമ്മച്ചി സുന്ദരികുട്ടിയെ മാറ്റി നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. രണ്ടു നാൾ അപ്പച്ചനും അമ്മച്ചിയും എന്നോട് പിണങ്ങിയിരുന്നു പിന്നെ എല്ലാം എഴുതപെട്ടത്‌ പോലെ സംഭവിച്ചു . ബാലചാപല്യം മാറി ഞാൻ കുടുംബസ്ഥനായി സുന്ദരികുട്ടി അമ്മച്ചിക്കും അപ്പച്ചനും നല്ല മരുമകളായി അല്ല മകളായി . അല്ലുവും അഞ്ജുവും ഞങ്ങളുടെ കൂട്ടായി എത്തി . ഒരു നവീകരണ ധ്യാനവും കൂടാതെ ഞാൻ എന്ന തല്ലിപൊളി ആ പ്രദേശത്തെ ഏറ്റവും വലിയ നവീകരിക്കപെട്ടവനും തല തെറിച്ചു പോകുന്ന യൌവനങ്ങൾക്ക്‌ ചൂണ്ടി കാട്ടാൻ ജീവിച്ചിരിക്കുന്ന വിശുദ്ധനുമായി ,,,,

No comments: