Friday, 12 February 2016

ജെല്ലികെട്ടു മാപ്പിള


നാട്ടിൻ പുറത്തിന്റെ നന്മയും നിഷ്കളങ്കതയുമുള്ള മൂർത്തി കറ തീർന്ന വെൽഡർ ആയിരുന്നു ഇരുമ്പ് കോശങ്ങളെ കൂട്ടിയിണക്കും വിധം ഭംഗിയായി ശസ്ത്രക്രിയ നടത്താൻ കഴിയുന്നത്ര നൈപുണ്യമുള്ള മൂശാരി. കടുത്ത ഈശ്വര വിശ്വാസിയായ സുന്ദര മൂർത്തിക്ക് ഒരു കുഴപ്പം ഉണ്ടായിരുന്നു അയാൾക്ക് ഇരുട്ടിനെ ഭയമായിരുന്നു നാലഞ്ചു പേർ ഒരുമിച്ചുറങ്ങുന്ന മുറിയിൽ അയാളുടെ ഭയങ്ങളെ പ്രതി രാത്രിയിൽ പോലും ലൈറ്റ് ഓഫ്‌ ആക്കാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് സുന്ദര മൂർത്തിക്ക് ഒറ്റയ്ക്ക് ഒരു മുറി കൊടുക്കുന്നതിലെയ്ക്ക് കമ്പനി നിർബന്ധിതമായത്.
ഒരിക്കലും വിളക്കുകൾ അണയാത്ത ഒരു മുറിയിൽ സുന്ദര മൂർത്തി താമസം ആരഭിച്ചു ദിവസങ്ങൾക്കു ശേഷം റൂമിനരുകിലെ ബീഹാറികൾ കൂട്ടമായി ഓഫീസിൽ എത്തി ഒരു പരാതി പറഞ്ഞു സുന്ദരമൂർത്തി നേരം വെളുക്കുവോളം ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത്രേ ഒന്നല്ല പല തവണ അവർ ഒച്ചയും ബഹളവും കേട്ട് അവർ ഞെട്ടി ഉണരുന്നുണ്ടത്രേ.
മൂർത്തിയെ വിളിപ്പിച്ചു പതിവ് ഭവ്യതയോടും വിനയത്തോടും കൂടി അയാൾ അഭിവാദ്യം ചെയ്തു. ഇല്ല സാർ ഞാൻ ആരോടും സംസാരിക്കാറില്ല ബീഹാറികളുടെ ഭാഷ എനിക്കും എന്റേത് അവർക്കും തിരിയില്ല ചിലപ്പോൾ അവർക്ക് തോന്നിയതാവാം കുലീനമായ മറുപടി നൽകി അയാൾ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ബീഹാറികൾ വീണ്ടും പരാതിയുമായെത്തി വീഞ്ഞപലകയിൽ തീർത്ത പോർട്ടോ കാബിനിൽ രാത്രി രണ്ടു മണി കഴിയുമ്പോൾ ആരോ ആഞ്ഞടിക്കുന്നത്രേ സുന്ദരമൂർത്തിയാണതെന്നു അവർ തറപ്പിച്ചു പറയുന്നു ഇക്കുറി സുന്ദര മൂർത്തിയെ വിളിപ്പിച്ചില്ല പകരം എന്താണ് നടക്കുന്നതെന്നറിയാൻ തന്നെ തീരുമാനിച്ചു.
രാത്രി സുന്ദരമൂർത്തി റൂമിൽ കയറി വാതിലടച്ചതിനു ശേഷം ശേഷം ഞങ്ങൾ ഉറങ്ങാതെ നോക്കിയിരുന്നു മൂർത്തി കട്ടിലിൽ തല വെച്ചതും ഉറങ്ങി ,ആദ്യ മണിക്കൂറിൽ കൂർക്കം വലിയല്ലാതെ ഒന്നും കേൾക്കാനില്ല ,രണ്ടാം മണിക്കൂറിൽ അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു . ഞാൻ മൊബൈൽ ക്യാമറ ഓൺ ആക്കി ജനാലയിലൂടെ കാട്ടി, നടക്കുന്നതെന്തെന്ന് അറിയാൻ കാതോർത്തിരുന്നു. അപ്പാ എന്നാലെ മുടിയില്ലേ അപ്പാ അയാൾ ഉറക്കെ അലറി ,ആരോ അയാൾക്ക്‌ അഭിമുഖമായി ഇരിക്കുന്നു അയാളോടെന്നപോലെ സംസാരം ഉച്ചത്തിൽ ആകുകയാണ്. അവസാനം സുന്ദര മൂർത്തി എഴുന്നേറ്റു ഞാൻ നിൽക്കുന്ന ജനാലയ്ക്കു അഭിമുഖമായി വന്നു തല അതിൽ ചേർത്തടിച്ചു ഉറക്കെ കരഞ്ഞു കൊണ്ട് നിലത്തു വീണു. പിന്നയാൾ എഴുന്നെൽക്കില്ല എന്നുറപ്പിച്ച ഞാൻ ജനൽ പാളി മുറുകെ അടച്ചു. എനിക്ക് വിശ്വാസം വന്നു എന്ന് ബോധ്യമായ ബീഹാറികൾ പിരിഞ്ഞു പോയി.
പിറ്റേന്ന് ഞാൻ സുന്ദര മൂർത്തിയെ വിളിപ്പിച്ചു പതിവ് ചന്ദനക്കുറിയും കർപൂര മണവുമായി അയാൾ അടുത്തെത്തി. ഒന്നും മിണ്ടാതെ ഞാൻ മൊബൈൽ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തു വീഡിയോ പ്ലേ ചെയ്തു,അതു കണ്ടു സുന്ദര മൂർത്തി മിഴിച്ചു നിന്നു എന്താണിത് ? എന്റെ ചോദ്യത്തിന് മുന്നിൽ ജാള്യതയോടെ അയാൾ തല കുനിച്ചു നിന്നു. "ഞങ്ങൾ തലമുറകളായി ജെല്ലികെട്ടു നടത്തുന്ന കുടുംബക്കാർ . എന്നെ വലിയ ജെല്ലികെട്ടുകാരൻ ആക്കണമെന്നായിരുന്നു അപ്പാടെ ആഗ്രഹം ഇന്ത സറീരം അതുക്കു ഫിറ്റ്‌ അല്ലൈ സാർ, എനക്ക് തെരിയും. അപ്പാവെ രണ്ടു വർഷം മുന്നാടിയെ ഒരു ജെല്ലി കെട്ടുക്കു കാള ചവിട്ടി കൊന്നാച്ചു അതുക്കപ്പുറം അപ്പാ എന്നെ തൂങ്കാ വിടലെ രാത്രി ഒരേ തൊന്തരവു അതിനാലെ വ്യവസായം വിട്ട് ഓടി ഇങ്ക വന്തതെ, ഇവിടെയും വിടമാട്ടെ " അയാൾ കരഞ്ഞു കൊണ്ട് നിർത്തി ഒരു യക്ഷി കഥ കേൾക്കുമ്പോലെ ഞാൻ തരിച്ചിരുന്നു. എന്താണ് പറയേണ്ടത് ഇതിനൊരു പരിഹാരം നിർദേശിക്കാൻ ഞാൻ ഒരു മനശാത്രജ്ഞൻ അല്ല . കഥ കാട്ടു തീ പോലെ കമ്പനിയാകെ പടർന്നു.സുന്ദര മൂർത്തി ജോലിക്ക് വരാതെ ആയി ഒരു നല്ല സൈക്കർട്ടിസ്റ്റിനെ കമ്പനി ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും നിൽക്കാതെ അയാൾ രാജി വെച്ച് പോയി. അപ്പാവുടെ കനവു പോലെ എന്നെങ്കിലുമൊരിക്കൽ ഒരു മാട്ടു പൊങ്കൽ ദിനത്തിൽ അയാളൊരു പോരാളി ആയേക്കാം ,തിരുച്ചെങ്കോട് കാളയെ മലർത്തിയടിക്കുന്ന ജെല്ലികെട്ടു മാപ്പിള

No comments: