Wednesday, 3 February 2016

തളത്തിൽ ദിനേശൻമാർ മരിക്കുന്നില്ല


പോറ്റി എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സുബ്രമണ്യം പോറ്റി ശാന്തനും മിത ഭാഷിയുമായിരുന്നു. ബുദ്ധിയുടെ കാര്യത്തിൽ പട്ടരിൽ പൊട്ടനില്ല എന്ന വാചകം അടിവരയിടുന്ന വിധം സമർത്ഥനായിരുന്നു പോറ്റി. ഗാഡ സ്വാരസ്വത ബ്രാഹ്മണ വിഭാഗത്തിൽ പെട്ട പോറ്റി കൊങ്കണി കലർന്ന മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കാൻ ഒരിമ്പമായിരുന്നു. വിശേഷ ദിവസങ്ങളിൽ പോറ്റിയുടെ  ഭാര്യ ഉണ്ടാക്കി കൊടുക്കുന്ന വിശേഷ പലഹാരങ്ങൾ ഓഫീസിൽ ചർച്ചാ വിഷയമായിരുന്നു. പൊതുവെ സംസാര പ്രിയനല്ലത്ത പോറ്റി സംസാരം തുടങ്ങിയാൽ നിർത്തുന്നത് ഭാര്യ സെൽവി അമ്മാളിന്റെ ഗുണ ഗണങ്ങളെ വാഴ്ത്തികൊണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ സഹപ്രവർത്തകരെ പോറ്റി വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടില്ല  ഞങ്ങൾ ആരെങ്കിലും എന്തെങ്കിലും പരിപാടിക്ക് ക്ഷണിക്കുകയോ ചെയ്‌താൽ സ്നേഹപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞു മാറും അഥവാ ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ പോറ്റി തന്നെ വരും.ഒരു ചായക്ക് പോലും ഓഫീസ് ബോയിയെ ബുദ്ധിമുട്ടിക്കാത്ത പോറ്റിയെ ഓഫീസിൽ എല്ലാവർക്കും വലിയ കാര്യമായിരുന്നു.
ഒരു ദിവസം പതിവില്ലാതെ രണ്ടു പോലീസുകാർ ഓഫീസ് റിസപ്ഷനിൽ എത്തി പോറ്റിയെ തിരക്കി. എല്ലാവർക്കും അത്ഭുതമായിരുന്നു ആ വരവ് ,പോലീസുകാർ പോറ്റിയെ മാറ്റി നിർത്തി എന്തോ സ്വകാര്യം പറഞ്ഞതും വലിയ വായിൽ നിലവിളിച്ചു കൊണ്ട് പോറ്റി ഓടി പോയി പോലിസ് വണ്ടിയിൽ ഇരുന്നു. ആർക്കും എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല പോറ്റിയുടെ സെക്രട്ടറി മോണോലിസ പിറകെ പോകാൻ തന്നെ തീരുമാനിച്ചു കൂടെ ഒരു ധൈര്യത്തിന് എന്നെയും കൂട്ടി വണ്ടി ഞങ്ങൾക്കടുത്ത പോലിസ് സ്റ്റെഷനിൽ പോയി ഇല്ല അവിടെ ആരും എത്തിയിട്ടില്ല പിന്നെ പോറ്റിയുടെ വീട്ടിൽ എന്തെങ്കിലും പക്ഷെ ആർക്കും അയാൾ എവിടെയാണ് താമസിക്കുന്നത് എന്നതിനെപറ്റി ഒരു വിവരവും ഇല്ല. പണ്ടെങ്ങോ പറഞ്ഞ ഓർമയിൽ മീന സ്ട്രീറ്റിൽ എവിടെയോ ആണെന്ന് ഊഹിച്ച ഞങ്ങൾ അങ്ങോട്ട്‌ വണ്ടി വിട്ടു.
മീന സ്ട്രീറ്റിലെ ഒരു കെട്ടിടത്തിനുള്ളിൽ നിന്നും പുക പടലങ്ങൾ ഉയരുന്നു  താഴെ കൂട്ടം കൂടി പോലീസുകാരും അഗ്നി ശമനസേനയും തീയണയ്ക്കാൻ പാട് പെടുകയാണ് ആൾകൂട്ടത്തിനിടയിൽ അതീവ ഖിന്നനായി പോറ്റി സാറും ഞങ്ങളെ കണ്ടതും പുള്ളി ഒന്ന് പിറകോട്ടു വലിഞ്ഞു. ബുദ്ധിമുട്ടിക്കാൻ പോകാതെ ഞങ്ങളും മാറി നിന്നു, ചെറിയ തീയായിരുന്നു  അഗ്നി ശമന സേനാ
തീയണച്ചതും പോറ്റി ഓടി മുകളിൽ കയറി ഒന്നാം നിലയിലെ തന്റെ ഫ്ലാറ്റ് തുറന്നു നിലവിളിച്ചു തളർന്ന സെൽവി അമ്മാളുമായി താഴേയ്ക്കിറങ്ങി വന്നു പുക ശ്വസിചിട്ടെന്നോണം അവർ തളര്ന്നു വീണു. അന്നാണ് ഞാനും മോണോലിസയും ആദ്യമായി സെൽവി അമ്മാളിനെ കാണുന്നത് നാല്പത്തി അഞ്ചു കഴിഞ്ഞ പോറ്റിക്ക് ഐശ്യര്യാറായി തോറ്റു പോകുന്ന സൌന്ദര്യമുള്ള ഒരു കിളുന്തു പെണ്ണ്. പോലിസ് ആംബുലൻസിൽ പോറ്റിയോടൊപ്പം ഞാനും മോണോലിസയും കയറി ഹോസ്പിറ്റലിലെ പ്രഥമ ശ്രിശ്രൂഷയ്ക്കു ശേഷം സെൽവി അമ്മാൾ ഡിസ ചാർജ് ചെയ്യപെട്ടു. ഈ സമയമത്രയും പോറ്റി ഞങ്ങളുടെ ആരുടേയും മുഖത്തു നോക്കിയില്ല അവരെ വീട്ടിൽ ഇറക്കിയിട്ട്‌ ഞങ്ങൾ ഓഫീസിലേയ്ക്ക് പോയി.
മടക്കയാത്രയിൽ മോണോലിസ എന്നോടാ വലിയ രഹസ്യം പറഞ്ഞു നമ്മുടെ പോറ്റി സാർ ഒരു സംശയ രോഗിയാണ് . അയാൾക്ക്‌ അയാളുടെ ഭാര്യയെ വലിയ സംശയമാണത്രെ ജോലിക്ക് വരുമ്പോൾ പുള്ളിക്കാരിയെ ഉള്ളിലാക്കി പുറത്തു നിന്നും ഫ്ലാറ്റ് പൂട്ടിയാണത്രെ ഓഫീസിൽ വന്നിരുന്നത് അത് കൊണ്ടാണ് എല്ലാവരും രക്ഷപെട്ടിട്ടും സെൽവി അമ്മാൾ മാത്രം കെട്ടിടത്തിൽ കുടുങ്ങി പോയത്. പോലിസ് ചോദിച്ചപ്പോൾ അവർ ഉറങ്ങി പോയെന്നു നുണ പറഞ്ഞു പോറ്റിയെ രക്ഷിക്കുക ആയിരുന്നത്രെ അല്ലെങ്കിൽ പോറ്റി സാർ ജയിലിൽ പോയേനെയത്രേ

മോണോലിസ ഓഫീസിൽ എല്ലാവരോടും പോറ്റി സാർ തളത്തിൽ ദിനേശൻ ആണെന്ന ആ വലിയ സത്യം വെളിപ്പെടുത്തി . കേട്ടവർ കേട്ടവർ അന്തം വിട്ടു മൂക്കത്ത് വിരൽ വെച്ചു വായിൽ വിരലിട്ടാലും കടിക്കാത്ത നിരുപദ്രവകാരിയായ മനുഷ്യന് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് ആർക്കും വിശ്വസിക്കാൻ ആയില്ല. . എന്തായാലും പോറ്റി സാർ പിന്നെ  ഓഫീസിൽ വന്നില്ല ഒരു ലോങ്ങ്‌ ലീവിന് അപ്ലൈ ചെയ്തു എങ്ങോട്ടോ പോയി പോറ്റി സാറിനെ ഓർക്കുമ്പോളൊക്കെ ആ ശ്രിനിവാസൻ സിനിമയിലെ രംഗം മനസിലേയ്ക്ക് ഓടിയെത്തും
ശോഭേ ശോഭയോടുള്ള സ്നേഹകൂടുതലാണ് എന്റെ എല്ലാ രോഗത്തിനും കാരണം എന്നാ ഡോക്റ്റർ പറഞ്ഞത്. എല്ലാവരിലും ഒരു തളത്തിൽ ദിനേശൻ ഉണ്ടാവും കൂടിയും കുറഞ്ഞും ചിലപ്പോൾ പുറത്തു ചാടിയും ചാടാതെയുമൊക്കെ ആ പൂച്ച ഉള്ളിൽ എവിടെയോ ഇരുന്നു മൂളുന്നത് കേൾക്കുന്നില്ലേ ........
 
Post a Comment