Friday 1 July 2016

മാർഗ്ഗരീത്താ ഡാഡി മരിച്ചിട്ടില്ല






പാട്രിക്ക് സായിപ്പിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് മൗണ്ട് കാർമൽ കത്തീഡ്രലിലേയ്ക്ക് പോയ റൂഫൻ ഫെർണാണ്ടസ് പാതിരാവേറെ ഇരുട്ടിയിട്ടും തിരികെ  വന്നില്ല. ഭാര്യ മാർഗരീറ്റയും മക്കളും കരഞ്ഞു നിലവിളിച്ചു കവലകൾ തോറും അലഞ്ഞു നടന്നു, വാർത്ത കാട്ടു തീ പോലെ പടർന്നു. വീടിനോടു ചേർന്നുള്ള പെട്ടിക്കട റൂഫൻ  ഇല്ലാത്തതിനാൽ അനാഥമായി കിടന്നു. പരാതി ബോധ്യപ്പെടാൻ രാമകൃഷ്ണൻ പോലീസ് റൂഫന്റെ പെട്ടി കടതേടിയെത്തി തെളിവ് ശേഖരിച്ചു. മുൻപൊരിക്കലും റൂഫൻ  വീടു വിട്ടു പോയിട്ടില്ല മാർഗരീത്താ  രാമകൃഷ്ണൻ പോലീസിനോടാണയിട്ടു പറഞ്ഞു . മരിച്ച പാട്രിക്ക് റൂഫന്റെ ഡാഡി ക്യാപ്റ്റൻ ഫെർണാണ്ടസ് പീറ്ററിന്റെ വെറുമൊരു സഹ പ്രവർത്തകൻ  മാത്രമായിരുന്നു അയാളുടെ വിയോഗത്തിൽ വല്ല കുളത്തിലോ കടലിലോ  ചാടാനുള്ള സാധ്യത മാർഗ്ഗരീത്താ തള്ളി കളഞ്ഞു
.
ഡാഡി വരുന്നതും കാത്തു  നാഥാനും ജൂഡിയും വഴിക്കണ്ണുമായികാത്തിരുന്നു ഒന്നാം ദിനം ഒരറിവുമില്ലാതെ കടന്നു പോയി . വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മാർഗരീത്തയെ സ്വാന്തനിപ്പിച്ചു.
അവൻ ഇംഗ്ലണ്ടിനു പോയാതായിരിക്കും അവന്റെ സ്വപ്നമല്ലായിരുന്നോ ഇംഗ്ലണ്ട് . ഒരു ദിവസം അവൻ വന്നു നിങ്ങളെയും കൊണ്ടു പോകും അന്ന് മാർഗരീത്ത ശരിക്കും മദാമ്മയാകും.
ആശ്വാസം ഭാവനയുടെ കണ്ണുകളിൽ ആയിരം കാതം കടന്നു സഞ്ചരിച്ചു കൊണ്ടേയിരുന്നു . രണ്ടെണ്ണം അടിച്ചാൽ കണ്ണു പൊട്ടുന്ന ചീത്ത പറയുമായിരുന്നെങ്കിലും റൂഫൻ പാവമായിരുന്നു പതിനാറാം വയസ്സിൽ കല്യാണം കഴിഞ്ഞ നാളു  തൊട്ടിന്നു വരെ  ആ ചൂടു പറ്റിയല്ലാതെ മാർഗ്ഗരീത്താ ഉറങ്ങിയിട്ടില്ല . ഓർക്കുമ്പോൾ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകുന്നു ഇനി റൂഫനെ കാണാനും ആ കരവലയത്തിന്റെ സുരക്ഷിതത്വം അനുഭവിക്കാനും ആവുമോ ?
രണ്ടാം ദിനവും ഒരറിവും ഇല്ലാതെ കടന്നു പോയി റൂഫൻ ഏതോ അപകടത്തിൽ പെട്ടിരിക്കുന്നു അല്ലെങ്കിൽ ആരോ അയാളെ അപായപ്പെടുത്തിയിരിക്കുന്നു അല്ലെങ്കിൽ അയാളിങ്ങനെ മാറി നിൽക്കില്ല . മാർഗ്ഗരീത്താ സകല ദൈവങ്ങളെയും ഇരിക്കപ്പൊറുതി കൊടുക്കാതെ പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.ലോകത്തെവിടെ ആയിരുന്നാലും അദ്ദേഹത്തിന്റെ ജീവൻ അതിനൊരു ആപത്തും വരാതിരിക്കണമേ എന്നവൾ കത്തിച്ചു വെച്ച മെഴുകു തിരികളോടൊപ്പം ഹൃദയമുരുകി പ്രാർത്ഥിച്ചു.

മൂന്നാം നാൾ പ്രഭാതമാകുന്നു വാതിലിൽ വലിയൊരു മുട്ടു കേട്ടു മാർഗരീത്താ ഓടി എഴുന്നേറ്റു വാതിലിന്റെ അരപ്പാളി വലിച്ചു തുറന്നു . വിളറി വെളുത്ത മുഖവുമായി ചായക്കടക്കാരൻ കുട്ടൻചേട്ടൻ  മുന്നിൽ ,
എന്തു പറ്റി കുട്ടൻ ചേട്ടാ റൂഫനെപ്പറ്റി എന്തെങ്കിലും വിവരം ?
ചോദ്യം പൂർത്തിയാകും മുൻപ് കുട്ടൻ വിളറി വെളുത്ത മുഖം ഇടതു വശത്തെ പീടികത്തിണ്ണയിലെ ഒഴിഞ്ഞ റാക്കിലേയ്ക്ക് വെട്ടിച്ചു. മാർഗരീത്തയും ഒന്നേ നോക്കിയുള്ളൂ പേടിയോടെ അവൾ പിന്നോട്ടാഞ്ഞു . റാക്കിനുള്ളിൽ ഒരു മനുഷ്യന്റെ തലയോട്ടി. മാർഗരീത്തയുടെ വലിയ അലർച്ച കേട്ടു പരിസര വാസികൾ ഓടി കൂടി, കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വെച്ചു നിന്നു .
ഇതു റൂഫൻ ഫെര്ണാണ്ടസിന്റെ തലയോട്ടി  തന്നെ പരദൂഷണക്കാരൻ ബ്രോക്കർ ഷിജി ഉറപ്പിച്ചു പറഞ്ഞു .
എന്നാലും രണ്ടു  ദിവസം കൊണ്ടൊരാൾ ഇത്രയും ജീർണ്ണിക്കുമോ ? പട്ടണത്തിൽ പോയി പഠിച്ച കുഞ്ഞു വർക്കിയുടെ മകൻ ടോം ശക്തിയുത്തം നിഷേധിച്ചു ഇതു റൂഫന്റെ സ്കൾ അല്ല .

രാമകൃഷ്ണൻ പോലീസ് വന്നു ജനക്കൂട്ടം വലിയൊരു കൂക്ക് വിളിയോടെ അയാളെ എതിരേറ്റു . മാർഗരീത്തയുടെ നിറഞ്ഞ മാറിന്റെ മിടിപ്പുകളിൽ നോക്കി മീശ പിരിച്ചു കൊണ്ടു രാമകൃഷ്ണൻ പോലീസ് തലയോട്ടിയുടെ അടുത്തെത്തി അതിൽ തൊടാൻ വലത്തെ കൈ മുന്നോട്ടെടുത്തതും ഒരലർച്ച !
ഡോണ്ട്  ടച്ച്‌ താറ്റ്  !!
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് പുരുഷാരം കണ്ണുകൾ പായിച്ചു . പെട്ടിക്കടയുടെ മിട്ടായി ഭരണികൾ വെക്കുന്ന തട്ടിനു  കീഴെ നിന്നും അയാൾ തല ഉയർത്തി പുറത്തേയ്ക്കു വന്നു. മാർഗരീത്ത ഓടി അടുത്തെത്തി അയാളെ പൂണ്ടടക്കം പിടിച്ചു കരഞ്ഞു
റൂഫ് വെയർ വെയർ യൂ ?
രാമകൃഷ്ണൻ പോലീസ് രണ്ടടി പിന്നോക്കം മാറി തട്ടിലേക്ക് ഒരു ചന്തിയുറപ്പിച്ചിരുന്നു . ജനക്കൂട്ടം ആകാംഷാഭരിതരായി അടുത്ത സംഭവങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്നു.

പാട്രിക്ക് സായിപ്പിന്റെ ശവസംസ്ക്കാരം കഴിഞ്ഞു മടങ്ങും വഴി ഡാഡി  ഫെർണാണ്ടസ് പീറ്ററെ കാണാൻ കുഴിമാടം വരെ പോയി എന്നാൽ കുഴിമാടത്തിലെ  കുരിശിൻ ചുവട്ടിൽ ദുഃഖിതനായി ഇരിക്കുന്ന ഡാഡി കരഞ്ഞു കൊണ്ടൊരു കാര്യം പറഞ്ഞു കഴിഞ്ഞ ദിവസം കുഴിവെട്ടി വന്നു കുഴി തുറന്നു ഡാഡിയെ അനേകം വൃത്തികെട്ട തലയോടുകൾക്കിടയിലേയ്ക്ക് തൂത്തെറിഞ്ഞെന്നും അവിടെ ഡാഡിക്കു ശ്വാസം മുട്ടൽ ഉണ്ടാകുന്നു എന്നും .
തലയോടുകൾ സൂക്ഷിക്കുന്ന ഗുഹാ മുഖത്തെത്തിയപ്പോൾ അനേകം തലയോടുകൾക്കിടയിൽ നിന്നും വേഗം ഞാൻ ഡാഡിയെ കണ്ടു മാംസം മാത്രമേ വേർപെട്ടെങ്കിലും എനിക്കു ഡാഡിയെ അറിയാമായിരുന്നു . എന്റെ ഡാഡി ആണത് ഇനിമേൽ ഡാഡി ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടാവും.
അപ്പോൾ ഈ രണ്ടു ദിവസം എവിടെയായിരുന്നു ?
 രാമകൃഷ്ണൻ പോലീസ് സംശയം കൂറി  ഡാഡിയുടെ ജന്മനാടായാ വെല്ലിങ്ങ്ടൺ ഐലൻഡിൽ ആയിരുന്നു ഞങ്ങൾ .ഡാഡി ഇപ്പോൾ സന്തോഷവാനാണ് ദയവായി ഈ ജനക്കൂട്ടത്തിനോട് ഒന്നു പിരിഞ്ഞു പോകാൻ പറയൂ . വല്ലാത്ത അസ്വസ്ഥതയോടെ അയാൾ മുഖം പൊത്തി താഴേയ്ക്ക് കുനിഞ്ഞിരുന്നു.രാമകൃഷ്ണൻ പോലീസ് ലാത്തി ചുഴറ്റി എല്ലാവരോടും പിരിഞ്ഞു പോകാൻ ആംഗ്യം കാട്ടി. റൂഫനെ സിമിത്തേരിയിൽ വെച്ചു ഏതോ വലിയ ബാധ ഗ്രസിച്ചിരിക്കുകയാണെന്ന് പൂച്ചം പൂച്ചം പറഞ്ഞു കൊണ്ടാ ജനക്കൂട്ടം പിരിഞ്ഞു പോയി .
മാർഗ്ഗരീത്താ ഒന്നും വിശ്വസിക്കാത്തവളെപ്പോലെ റൂഫന്റെ നെഞ്ചോടു ചേർന്നു നിന്നു .നാഥനും ജൂഡിയും ഡാഡി ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു എന്നാ പരാതിയോടെ കൂടുതൽ കൂടുതൽ ചേർന്നിരുന്നു. പെട്ടിക്കട വീണ്ടും തുറക്കപ്പെട്ടു പീറ്റർ ഫെർണാണ്ടസിന്റെ  തലയോട്ടി ഇരിക്കുന്ന കടയിലേക്ക് വരാൻ ആളുകൾ ഭയപ്പെട്ടു. ആ തലയോട്ടി റൂഫൻ ഹൃദയത്തോടടുക്കി പിടിച്ചു കൊണ്ടു നടന്നു ഊണിലും ഉറക്കത്തിലും ഡാഡിയുടെ ഹൃദയ വിചാരങ്ങൾക്കു പോലും റൂഫൻ ചെവിയോർത്തിരുന്നു.ഏകാന്തതകളിൽ ഡാഡിയോടെന്നപോലെ അയാൾ പേർത്തും പേർത്തും സംസാരിച്ചു കൊണ്ടിരുന്നു .
കച്ചവടം പൂർണ്ണമായി ഇല്ലാതായിരിക്കുന്നു ആരും വരാത്ത പ്രേതാലയം പോലെ റൂഫന്റെ കടയിലെ  മിട്ടായി ഭരണികളിൽ ഉറുമ്പുകൾ കൂടുകെട്ടി .മാർഗ്ഗരീത്താ ഭയചകിതയും നിസ്സഹായയും  ആയിരിക്കുന്നു  പ്രിയപ്പെട്ടവന്റെ മനോ വ്യാപാരങ്ങളിൽ വന്ന മാറ്റം മാർഗ്ഗരീത്തായെ മാനസികമായി തളർത്തി.ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്നെവൾ മനസ്സിൽ ഉറപ്പിച്ചു .ഒരു നാൾ റൂഫൻ ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ ആ തലയോട്ടിയെടുത്തു മുന്നോട്ടു നടന്നു അകലെ കടൽപ്പാലം അവസാനിക്കുന്ന മുനമ്പിൽ നിന്നവൾ  ആ തലയോടിനെ  താഴെ കടലിലേയ്ക്ക് ആഞ്ഞു വലിച്ചെറിഞ്ഞു . വലിയ തിര ഇൻ ലോ യുടെ  പൂക്കുന്ന തലയോടുമായി ഒരു വേലിയിറക്കമെന്നപോലെ  ഉൾവലിഞ്ഞു .

അതി രാവിലെ ഉണർന്ന റൂഫൻ ഡാഡിയെ അന്വേഷിച്ചില്ല പകരം ഏതോ അതീന്ദ്രിയ ജ്ഞാനം ലഭിച്ചവനെപ്പോലെ കടൽപ്പാലത്തിന്റെ മുനമ്പിലേയ്ക്ക് നടന്നു കയറി അങ്ങകലെ വെള്ളി കെട്ടു  പോലെ ഒരു കപ്പൽ അതിന്റെ ഡെക്കിൽ ഡാഡി പഴയ ക്യാപ്റ്റൻ ഫെർണാണ്ടസ് പീറ്റർ ചിരിച്ചു കൊണ്ടു കൈ വീശുന്നു  . റൂഫൻ ഫെർണാണ്ടസ് മെല്ലെ മെല്ലെ ആ കപ്പലിന്റെ വെളിച്ചത്തിലേയ്ക്കു നടന്നടുത്തു . അപ്പോൾ ഒരു കുഞ്ഞ് വഞ്ചിയിൽ കുറച്ചു മുക്കുവർ ശബ്ദമില്ലാതെ അയാൾക്കു മുന്നിലൂടെ കടന്നു പോയി ..........




No comments: