അത്യാഹിത വിഭാഗത്തിന്റെ മുൻപിൽ ഒരു മധ്യ വയസു കഴിഞ്ഞൊരു സ്ത്രീ ഉച്ചത്തിൽ ആരോടോ സംസാരിക്കുന്നതു കണ്ടാണ് ഞാൻ അങ്ങോട്ടു കയറി ചെല്ലുന്നത് .എന്തിനാണവർ കലഹിക്കുന്നതെന്നോ ആരോടാണവർ കയർക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു കാരണം അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തെ ബെഞ്ചുകളിൽ നിറയെ ആളുകളുണ്ടായിരുന്നു. അവരുടെ ആരോ അത്യാഹിതം സംഭവിച്ചു അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം അതിന്റെ വികാര പ്രകടനമാവണം . ഏറ്റവും കൂടുതൽ ആത്മാർത്ഥമായ പ്രാർത്ഥനകൾ നടക്കാറുള്ളത് ദേവാലയത്തിലല്ല ആശുപത്രികളിലാണ് .എന്തെങ്കിലും പൂർണഹൃദയത്തോടെ ദൈവത്തോട് മനുഷ്യർ ആവശ്യപ്പെടുന്നതും ഇവിടെ വെച്ചാണ് .
അത്യാഹിതത്തിന്റെ ബെഞ്ചുകളിൽ ഒന്നിൽ ഒഴിഞ്ഞയിടം നോക്കി ഞാനിരുന്നു . വിവിധ ദേശക്കാരായ ഒരു പാടു പേർ അകത്തു മരണാസന്നരായോ അത്യാഹിതം സംഭവിച്ചോ കഴിയുന്നവരുടെ അവസ്ഥ അറിയാൻ അക്ഷമരായി പുറത്തു കാത്തു നിൽക്കുന്നു .അടുത്തിരുന്ന ബംഗാളി പയ്യന്റെ മൊബൈൽ ഏതോ സൂപ്പർ ഹിറ്റ് തട്ടു പൊളിപ്പൻ ബംഗാളി പാട്ടുമായി ചിലച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി മൊബൈൽ നിരോധിത മേഖലയാണവിടം . ബംഗാളി പയ്യൻ ജാള്യത മറച്ചു കൊണ്ടു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചെവിയിലേയ്ക്കു ചേർത്തു വെച്ചു കൊണ്ടു പുറത്തേയ്ക്കു നടന്നു . ഞാൻ പതിയെ എന്റെ പോക്കറ്റിൽ പരതി എന്റെ മൊബൈൽ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി . വേഗം തന്നെ അയാൾ തിരികെ വന്നു കസേരയിലിരുന്നു . കസേരയിലിരുന്നതും വീണ്ടും ആ ഫോൺ ശബ്ദിച്ചു ദേഷ്യത്തോടെ അയാൾ ആ ഫോൺ കട്ടു ചെയ്ത ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു .
ക്യാ ഹോഗയാ ഭായ് ?
എന്റെ കൂടെപ്പിറപ്പായ ഞിഞ്ജാസ തല കുലുക്കിയെഴുന്നേറ്റു .
എന്റെ ചോദ്യം പിടിക്കാത്ത വണ്ണം അവൻ തല വെട്ടിച്ചു അകത്തേയ്ക്കു നോക്കി . ആരോടോ ഉള്ള വാശിയിൽ നഖം മുഴുവൻ കടിച്ചു വലിച്ചു പുറത്തേയ്ക്കു തുപ്പുന്നുണ്ടായാൾ . ബംഗാളികൾ ഭൂരിപക്ഷവും ഇങ്ങനെയാണ് ആർക്കും അവരെ മെരുക്കുക സാധ്യമല്ല കാരണം അവരുടെ തലച്ചോറുകളിൽ അവർക്കു മീതെ ആർക്കും അവർ ആപ്രമാദിത്യം നൽകില്ല എന്നതു തന്നെ . പിന്നെയവനെ ഞാൻ ശല്യപ്പെടുത്താൻ പോയില്ല . പുതിയ പുതിയ അപകട കേസുകൾ വന്നു കൊണ്ടേയിരിക്കുന്നു എന്റെ ശ്രദ്ധ മുഴുവൻ പുതിയതായി വന്ന ഫിലിപ്പീനോയിലും സുഹൃത്തിലുമാണ് . എന്തോ അപകടമാവണം ഒരു ഫിലിപ്പീനോയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട് എന്നിട്ടുമയാൾ വേദനയുടെ ലാഞ്ചന പോലുമില്ലാതെ ചിരിക്കുന്നു . നേഴ്‌സ് ചക്ര കസേര കൊണ്ടു വന്നു അയാളെ ഇരുത്തിയതും കൂടെ വന്നയാൾ കുനിഞ്ഞയാളുടെ ചുണ്ടുകളെ കടിച്ചു വലിച്ചു .
ഇംഗ്ളീഷ് സിനിമകളിൽ കാണുന്ന ഫ്രഞ്ച് കിസ് കണ്മുന്നിൽ കണ്ട ബംഗാളി പയ്യന്റെ കണ്ണ് തള്ളി പുറത്തേയ്ക്കു വരുന്നത് ഞാൻ കണ്ടു . സ്വവർഗ രതിക്കാരാവണം അവർ, ഫിലിപ്പിനോകളിൽ ഇങ്ങനെ ഒരു പാടു പേരുണ്ട് .
ചക്ര കസേരയുമായി വന്ന മധ്യ വയസ്കയായ നേഴ്‌സ് എന്തോ വലിയ അശ്ലീല കാഴ്ച കണ്ടതു പോലെ മുഖം കോക്രിച്ചു കൊണ്ടു വേഗം ചക്രകസേരയുന്തി കാലൊടിഞ്ഞ ഫിലിപ്പീനോയുമായി അകത്തേയ്ക്കു കയറി .
ഭായി ദോ ദിർഹം കാ കോയിൻ ഹൈ ?
നേരത്തെ പോസു കാണിച്ച ബംഗാളി പയ്യൻ എനിക്കു നേരെ യാചനാ സ്വരവുമായി തിരിഞ്ഞിരുന്നു . അവന്റെ വണ്ടിയിലെ പാർക്കിംഗ് കാർഡ് തീർന്നിരിക്കുന്നു .അതു മാറ്റിയിടാൻ ചില്ലറ വേണം . ഞാൻ പോക്കറ്റിൽ പരതി എനിക്കു പാർക്കിംഗ് കാർഡാണുള്ളത് അതെടുത്തു അവനു നേരെ നീട്ടി .സന്തോഷത്തോടെ അവൻ അതു വാങ്ങി പാർക്കിംഗ് ടിക്കറ്റ് ഇട്ടിട്ടു കാർഡുമായി തിരികെ വന്നടുത്തിരുന്നു .
മേരാ ഭായ് കൽ സെ ഇദരീ ഹൈ ! എന്റെ സഹോദരൻ ഇന്നലെ വൈകിട്ടു മുതൽ ഇവിടെ അഡ്മിറ്റാണ് ,ബംഗാളി ഒരു കുമ്പസാരം പോലെ എന്നോടു സംസാരിച്ചു തുടങ്ങി . ഇന്നലെ വൈകിട്ടു വീട്ടിൽ വിളിച്ചു ഭാര്യയുമായി വഴക്കിട്ട ശേഷം എന്തോ അബദ്ധം കാണിച്ചത്രേ .
ബംഗാളിയിൽ ഒരു ചീത്ത പറഞ്ഞു കൊണ്ടയാൾ തുടർന്നു
ഈ പെണ്ണുങ്ങൾ ഇങ്ങനെയാ, സംസാരിക്കുമ്പോൾ അവർക്കു ബെല്ലും ബ്രെക്കും ഇല്ല അവൻ ഈ ചൂടത്തു പണിയെടുക്കുന്നത് ആർക്കു വേണ്ടിയാണ് എന്നെങ്കിലും ഓർക്കാനുള്ള കഴിവില്ലാത്ത കഴുതകൾ!
ബംഗാളി ആ തെറി ആവർത്തിച്ചു . ഞാൻ നിശബ്ദനായി ഈ ലോകത്തു എന്തെല്ലാം പ്രശ്‍നങ്ങൾക്കു നടുവിലാണ് മനുഷ്യരെല്ലാം ജീവിക്കുന്നത് .പുറമെ ചിരിച്ചും കളിച്ചും നടക്കുന്ന മനുഷ്യർക്ക് എന്തെല്ലാം വ്യഥകളാണ് ഉള്ളിൽ ഉണ്ടാവുന്നത്. ഒന്നിനും ഒരു ഗ്യാരണ്ടിയില്ല അല്ലെങ്കിൽ ഇന്നലെ കൂടി ഓഫീസിൽ വന്ന കേശുഭായി പട്ടേൽ എന്ന എന്റെ മാനേജർ ഇന്നു ജീവനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമോ .
ഐസിയുവിൽ നിന്നും കരഞ്ഞു കൊണ്ടൊരു സ്ത്രീ പുറത്തേയ്ക്കിറങ്ങി വന്നു . മുൻപ് ഞാനിവരെ എവിടെയോ കണ്ടിട്ടുണ്ട് കേശുഭായിയുടെ ഭാര്യ! അതെ കല്യാണം കഴിഞ്ഞിട്ടു ആറു മാസം പോലുമായിട്ടില്ല .
കേശുഭായി പട്ടേൽ മരിച്ചിരിക്കുന്നു . നേരത്തെ ഒച്ചയിട്ടു സംസാരിച്ച മധ്യവയസ്‌ക കേശുഭായിയുടെ അമ്മയായിരുന്നു . വന്നു കയറിയ മരുമകളുടെ ജാതക ദോഷം കൊണ്ടാണ് തന്റെ മകനീ ഗതി വന്നതെന്നു അവർ ഉച്ചത്തിൽ അലമുറയിട്ടു കരയുന്നു . ഞാൻ ഫോണെടുത്തു ഓഫീസിലേയ്ക്ക് മരണ വാർത്ത അറിയിച്ചു കൊണ്ടു പുറത്തേയ്ക്കിറങ്ങി .
സാർ ഒന്നു നിൽക്കാമോ ?
ഞാൻ തിരിഞ്ഞു നിന്നു പിന്നിൽ മരണപ്പെട്ട കേശുഭായി പട്ടേലിന്റെ പുതു മണവാട്ടിയാണ് . അവർ തിടുക്കപ്പെട്ടു എന്റെ അടുക്കൽ വന്നു സംശയത്തിൽ ചോദിച്ചു .
സാർ ഇനിയുള്ള നടപടികൾ ?
മൃതദേഹം നാട്ടിലെത്തിക്കുന്നതു വരെയുള്ള എല്ലാ ജോലികളും കമ്പനി ചെയ്തു തരും നിങ്ങൾ വിഷമിക്കാതിരിക്കൂ !
ഞാൻ അവർക്കു ഉറപ്പു കൊടുത്തു .
അതല്ല സാർ !!!
ചോദ്യം പിടികിട്ടാത്തവണ്ണം ഞാനവരുടെ മുഖത്തേയ്ക്കു നോക്കി
കമ്പനിയിൽ നിന്നും കിട്ടാനുള്ള സർവീസ് ആനുകൂല്യങ്ങൾ എന്റെ പേരിൽ കിട്ടുമോ ?
പട്ടേലിന്റെ ശരീരത്തിൽ ജീവന്റെ ചൂടു വറ്റിയിട്ടുണ്ടാവില്ല അതിനു മുൻപു ജീവന്റെ വിലയ്ക്കായി കഴുകൻ കണ്ണുകളുമായി വന്നിരിക്കുന്നു . എന്റെ മുഖത്തു ഞാനറിയാതെ വന്ന പുശ്ച സ്വരം വായിച്ചിട്ടെന്നോണം അവൾ തുടർന്നു .
ആ തള്ള അവരൊരു രാക്ഷസിയാണ് സാർ ! എനിക്കിനിയും ജീവിക്കണം അവരുടെ പേരിൽ കൊടുത്താൽ അവരെനിക്ക് ഒരു രൂപ പോലും തരില്ല സാർ !
ഞാൻ അലക്ഷ്യമായി മുന്നോട്ടു നടന്നു അവരെന്റെ പിന്നാലെ കൂടി ഓരോന്നും പറയുകയാണ് .
സർജീ ആപ്കോ ജോ ചാഹിയെ വോ പൂച്ചോ മേ ദൂങ്ക!
സാർ നിങ്ങൾ പകരമായി എന്താവശ്യപ്പെട്ടാലും ഞാൻ തരാം അതു പറഞ്ഞവർ ചുരിദാറിനു മുകളിലുള്ള ഷാൾ ഉയർത്തി തന്റെ വക്ഷസിന്റെ കനം എനിക്കു വ്യക്തമായും കാണത്തക്ക വണ്ണം എന്റെ വിലങ്ങനെ നിന്നു.
അപ്പോൾ ഭീകരമായ ശബ്ദമുണ്ടാക്കികൊണ്ടൊരു ആംബുലൻസ് ഞങ്ങൾക്കിടയിലൂടെ അത്യാഹിതത്തിനു മുന്നിലേയ്ക്ക് വന്നു നിന്നു . അതിൽ നിന്നിറക്കിയ രോഗിയ്ക്കു പിന്നാലെയും ഒരു സ്ത്രീ കരഞ്ഞു കൊണ്ടു അകത്തേക്കോടി ..............................
No comments:
Post a Comment