Tuesday, 2 May 2017

പരിശുദ്ധ പ്രണയം






മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ

എന്റെ പ്രണയത്തിനു ഞാൻ
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ

ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും

പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ  കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്

പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്

ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ  
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ   കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്

പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .

No comments: