കഥകളി കുഞ്ഞച്ചൻ വിഭാര്യനായിരുന്നു , ബ്രഹ്മചര്യം ആഘോഷമാക്കിയ പരമ സ്വാതികൻ ,പരോപകാരി ,നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാവും . ആശുപത്രി കൂട്ടിരിപ്പിനു ആളില്ലാത്തവർക്കു ഏതു സമയവും സമീപിക്കാവുന്ന പരാശ്രയ സ്ഥാപനമായിരുന്നു കുഞ്ഞച്ചൻ .കഥകളി എവിടെയുണ്ടെങ്കിലും കുഞ്ഞച്ചൻ പോകും കുട്ടിക്കാലത്തെപ്പോഴേ അമ്മവീടായ ചേർത്തലയിലെ മരുത്തൂർവട്ടം ധന്വന്തിരി ക്ഷേത്രത്തിലെ കളി കണ്ടാണ് കുഞ്ഞച്ചനു കഥകളി ഭ്രമമുണ്ടാകുന്നത് .അതിനുശേഷം പിന്നെ എവിടെ കഥകളി എന്നു കേട്ടാലും കുഞ്ഞച്ചൻ ചാടി പുറപ്പെടും . ഷർട്ട് കുഞ്ഞച്ചന് അലർജിയാണ് എത്ര ദൂരം പോയാലും കുഞ്ഞച്ചൻ ഷർട്ട് ഉപയോഗിക്കില്ല .വെള്ള മുണ്ടും ഇടത്തെ തോളിലൊരു മേൽമുണ്ടുമായിരുന്നു കുഞ്ഞച്ചന്റെ പ്രഖ്യാപിത യൂണിഫോം . കാലമിത്ര പുരോഗമിച്ചിട്ടും ഉടുപ്പിടായ്‌ക എന്നതൊരു കുറവായി കുഞ്ഞച്ചൻ കണ്ടില്ല .ഒഴുക്കിനൊത്തു നീന്താൻ അയാൾക്കറിയില്ലായിരുന്നു അല്ലാ അയാളതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ഉചിതം .
കുഞ്ഞച്ചൻ രക്ഷപ്പെടുത്തിയ ഒരുപാടു കുട്ടികളുണ്ടാ നാട്ടിൽ , നല്ല മഴക്കാലത്തു കുളത്തിലും വെള്ളക്കെട്ടിലും പുഴയിലും വീഴുന്ന ആബാലവൃദ്ധം ജനങ്ങളെ കുഞ്ഞച്ചൻ സ്വന്തം ജീവൻ തൃണവൽഗണിച്ചു രക്ഷിച്ചിട്ടുണ്ട് .മലപ്പുറത്തു നിന്നും വന്നു താമസിച്ചിരുന്ന ഷാഹുലിന്റെ മകൻ ഷെരിഫ് പൊട്ടികിടന്ന കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ മുങ്ങി പൊങ്ങിയപ്പോൾ ഇച്ചീച്ചി മണം പോലും അവഗണിച്ചവനെ മുങ്ങിയെടുത്തതു കുഞ്ഞച്ചനായിരുന്നു . ആ സാഹസീക പ്രകടനത്തിന് ശേഷമാണു കുഞ്ഞച്ചൻ നാട്ടിലാകെ അറിയപ്പെടുന്ന പരോപകാരിയായി ബ്രാൻഡ് ചെയ്യപ്പെടുന്നത് . അന്ന് രക്ഷപ്പെടുത്തിയ നരുന്തു പോലിരുന്ന പയ്യനിപ്പോൾ അറബിപ്പൊന്നിന്റെ നാട്ടിൽ ഷേക്കിന്റെ പി ഏ യാണ് . കാറ്റടിച്ചാൽ തകർന്നു വീഴാറായി നിന്ന അവന്റെ കൂരയിപ്പോൾ നാട്ടിലെ ഏറ്റവും വലിയ കൊട്ടാരമാണ് . അവനെ രക്ഷപെടുത്തിയത് കുഞ്ഞച്ചനാണെന്ന ബോധ്യം അവനിപ്പോഴും നല്ലോണമുണ്ട് .എപ്പോൾ വന്നാലും കുഞ്ഞച്ചനു ആയിരത്തിന്റെ രണ്ടു നോട്ടു കൊടുക്കാതെയാവൻ തിരിച്ചു വിമാനം കയറില്ല .ഇക്കുറി അവന്റെ നിക്കാഹാണ് വിദേശത്തു നിന്നും വരുന്ന വിശിഷ്ടാതിഥികളുടെ കൂടെ കഥകളി കുഞ്ഞച്ചനെയും ക്ഷണിക്കാനാണവൻ വന്നിരിക്കുന്നത് .സ്‌നേഹപൂർവമായ ക്ഷണത്തോടൊപ്പം പതിവു പടികൂടാതൊരു പൊതികെട്ടുമവൻ കുഞ്ഞച്ചനു നേരെ നീട്ടി.
ഒരു പാടു വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന കല്യാണമാണ് കുഞ്ഞച്ചൻചേട്ടൻ ഷർട്ടിട്ടേ വരാവൂ. ഒരു പാടു വില കൂടിയ വെള്ള ഷർട്ടാണ് കളർ വാങ്ങിയാൽ കുഞ്ഞച്ചൻ ചേട്ടൻ ഇടുമോ എന്നു സംശയിച്ചു .ബാപ്പയുടെ അളവാണ് കുഞ്ഞച്ചൻ ചേട്ടനു പാകമാകും .
രണ്ടാം ജന്മം നൽകിയ മകൻ ,പിതൃ തുല്യനായ ഒരു വ്യക്തിക്കു നൽകുന്ന വിലപിടിപ്പുള്ള സമ്മാനമാണ് . എന്തു സംഭവിച്ചാലും ഇതിട്ടേ ഷെരീഫിന്റെ കല്യാണത്തിനു പോകൂ കുഞ്ഞച്ചൻ മനസ്സിലുറപ്പിച്ചു . കുഞ്ഞച്ചൻ ഷർട്ടിടാൻ പോകുന്ന വാർത്തയെ സന്തോഷത്തോടെയാണ് ഗ്രാമവാസികൾ വരവേറ്റത് . അണിഞ്ഞൊരുങ്ങി നടന്ന നാട്ടുകാരിൽ നിന്നും വിഭിന്നമായി ഉടയാടകളുടെ അവരണമില്ലാതിരുന്നിട്ടും കുഞ്ഞച്ചൻ തന്റെ ഹൃദയത്തെ എല്ലാവിധ അഴുക്കിൽ നിന്നും അകറ്റി സൂക്ഷിച്ചിരുന്നു.
ഷെരീഫിന്റെ നിക്കാഹിന്റെ ദിനം വന്നെത്തി ,വമ്പൻ കല്യാണമാണ് നാനാ ദേശത്തു നിന്നും വിദേശങ്ങളിൽ നിന്നു പോലും അതിഥികൾ എത്തികൊണ്ടിരിയ്ക്കുന്നു .ആട് ,പോത്ത് ,കോഴി എന്നു വേണ്ട ഹലാലായ എല്ലാ ജന്തുക്കളെക്കൊണ്ടും ബിരിയാണി വെച്ച ചെമ്പുകൾ നിറഞ്ഞിരിക്കുന്നു . കുഞ്ഞച്ചൻ പള പളാ തിളങ്ങുന്ന വെള്ള ഷർട്ടുമിട്ടുകൊണ്ടു റോഡിലേയ്ക്ക് വന്നു . ജനിച്ചിട്ടിന്നോണമിതു നടാടെയാണിയാൾ ഷർട്ട് എന്നൊരാവരണത്തിനുള്ളിൽ കയറികൂടുന്നത് . അതിന്റെതായ അസ്കിതകളുണ്ടെങ്കിലും ഷെരിഫ് മോന്റെ മാനത്തെ പ്രതി കുഞ്ഞച്ചൻ അതവഗണിച്ചു . എല്ലാവരും ഒരു കൗതുക വസ്തുവിനെ കാണുന്നപോലെ തന്നെ നോക്കുന്ന കണ്ടു കുഞ്ഞച്ചനു സത്യമായും ജാള്യത വന്നു .
നിക്കാഹു നടക്കുന്ന ഓഡിറ്റോറിയത്തിലേക്കിറങ്ങിയതും കെ എസ് ആർ ടി സി യുടെ ഒരു ആനവണ്ടി കുഞ്ഞച്ചനെ കടന്നു പോയി . അതിന്റെ പിൻ സീറ്റിലിരുന്ന ആരോ ഒരാൾ മുറുക്കി പുറത്തേയ്ക്കു തുപ്പി . കുഞ്ഞച്ചന്റെ വിലകൂടിയ വെള്ള ഷർട്ടിലാകെ മുറുക്കാൻ കറ ചെഞ്ചായം പോലെ പടർന്നു കയറി . ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ കുഞ്ഞച്ചൻ നിന്നു വട്ടം തിരിഞ്ഞു . പെട്ടന്നു തന്നെ കട വാതിൽക്കലിരുന്ന വാടക സൈക്കളിൽ കെ എസ് ആർ ടി സി യുടെ ആന വണ്ടിക്കു പിന്നാലെ കുഞ്ഞച്ചൻ ആഞ്ഞു ചവിട്ടി . അടുത്ത സ്റ്റോപ്പിൽ വണ്ടി നിന്നതും സൈക്കിൾ ഉപേക്ഷിച്ചതിൽ ചാടിക്കയറി കുഞ്ഞച്ചൻ പിന്നിലിരുന്നു മുറുക്കാൻ ചവച്ചയാളെ തലങ്ങും വിലങ്ങും തല്ലി .
ചോരയാണോ മുറുക്കാനാണോ തല്ലു കൊല്ലുന്നയാളുടെ വായിൽ നിന്നൊഴുകുന്നതെന്നറിയാതെ യാത്രക്കാരെല്ലാം അസ്ത്രപ്രജ്ഞരായി ഇരുന്നു . ആരും ഒന്നും ചോദിക്കാനോ തടയാനോ പോയില്ല മുറുക്കി തുപ്പിയ ആൾ സമസ്താപരാധം ഏറ്റു പറഞ്ഞു കൈകൂപ്പിയതും കുഞ്ഞച്ചൻ അയാളെ കോളറിൽ തൂക്കി നിലത്തേക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി .
മുറക്കാനിലാണോ ചോരയിലാണോ കുഞ്ഞച്ചൻ കുളിച്ചു വരുന്നതെന്നറിയാതെ അന്തം വിട്ടു നിന്ന ഗ്രാമവാസികളുടെ ആശ്വാസ വാക്കുകൾക്ക് നിൽക്കാതെ കുഞ്ഞച്ചൻ വീട്ടിലേയ്ക്കു കയറിപ്പോയി . ഷെരീഫിന്റെ കല്യാണം കുഞ്ഞച്ചനു കൂടാൻ പറ്റിയില്ല ആഗ്രഹിച്ചു മോഹിച്ചിട്ട ഷർട്ട് അങ്ങനെ മുറുക്കാൻ കറ മൂടി നാശമായിരിക്കുന്നു . കല്യാണത്തിനു പോയി വന്നവരെല്ലാം സദ്യയുടെ മാഹാത്മ്യത്തെപ്പറ്റി വിവരിക്കുന്നു. ഒന്നിലും ശ്രദ്ധിക്കാതെ ഉമ്മറപ്പടിയിലിരുന്ന കുഞ്ഞച്ചന്റെ മുന്നിൽ ഒരു ഇന്നോവ വന്നു നിന്നു അതിൽ നിന്നും മാങ്കുളം വിഷ്ണു നമ്പൂതിരി ആദ്യമിറങ്ങി പിറകെ ചെന്നിത്തല ചെല്ലപ്പൻ പിള്ളയും കീഴ്പടം കുമാരൻ നായരുമിറങ്ങി . പുതു മണവാളനും മണവാട്ടിയും വിശിഷ്ടതിഥികളും മറ്റു കാറുകളിൽ പിന്നാലെ പിന്നാലെ വന്നിറങ്ങി .ചെണ്ട , മദ്ദളം ,ചേങ്ങില , ഇലത്താളം ഇവ സമന്വയിപ്പിച്ചു കൊണ്ടുള്ള കേളി കെട്ടുയർന്നു . കുഞ്ഞച്ചനു ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ സമ്മാനം . ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വിശിഷ്ട്ടാതിഥിതിയെ തേടി വീട്ടിലെത്തുകയായിരുന്നു .
മേളം മുറുകി കീഴ്പ്പടം കുമാരൻ നായരും ചെന്നിത്തല ചെല്ലപ്പൻ പിള്ളയും മാങ്കുളം വിഷ്ണു നമ്പുതിരിയും വീട്ടു മുറ്റത്താടി തിമിർക്കുമ്പോൾ കുഞ്ഞച്ചൻ ഉച്ചത്തിൽ കരഞ്ഞു . കുറച്ചു മുൻപ് ബസിൽ വെച്ചു ജീവിതത്തിലാദ്യമായി തന്നാൽ വേദനയേൽക്കേണ്ടി വന്ന അപരിചിതനെയോർത്ത് . സ്നേഹം മഴയായ് പെയ്തിറങ്ങുമ്പോൾ അയാളുടെ കണ്ണുനീർ ആനന്ദാശ്രുവാണെന്ന് അവിടെ കൂടിയിരുന്നവർ വെറുതെ തെറ്റിദ്ധരിച്ചു ...............
No comments:
Post a Comment