Friday 21 April 2017

നിഗൂഢതകളുടെ പ്രവാസ പുസ്തകം



എംബാം ചെയ്ത മൃതപേടകത്തിനോടൊപ്പം അനുഗമിക്കാൻ ആരുമില്ലാതിരുന്നത് കൊണ്ടാണ് മുഹമ്മദ് ജമാൽ എന്ന സിറിയൻ പി ആ റോ സഹമുറിയനും അടുത്ത സുഹൃത്തുമായ എന്നോടു കൊളോമ്പോ വരെ ആ മൃതദേഹവുമായി പോകാമോ എന്നാവശ്യപ്പെടുന്നത് . മരണപ്പെട്ട ചാമില എന്റെ അടുത്ത സുഹൃത്തും നല്ല മനുഷ്യനുമായിരുന്നു വളരെ വൈകി വിവാഹം ചെയ്ത അതിലും വൈകി കുട്ടി ഉണ്ടായ നാലു വയസുള്ള ആൺകുട്ടിയുടെ പിതാവ് . ചാമിലയ്ക്കൊരു ദൗർബല്യമുണ്ടായിരുന്നു എവിടെ പുറത്തേയ്ക്കു പോയാലും അയാളൊരു കളിപ്പാട്ടവുമായേ റൂമിൽ തിരികെയെത്താറുണ്ടായിരുന്നുള്ളു . ഏറെ മോഹിച്ചു കാത്തിരുന്നുണ്ടായ ഉണ്ണിക്കു കൊടുക്കാൻ വാങ്ങി കൂട്ടുന്നതാണാ കളിപ്പാട്ടങ്ങളൊക്കെയും . വാങ്ങി കൊണ്ടു  വരുന്ന ഓരോ കളിപ്പാട്ടവും അയാൾ റൂമിൽ വെച്ചു ഒന്നു പരീക്ഷിക്കും .കുരയ്ക്കുന്ന പട്ടിയും ,ഡാൻസ് ചെയ്യുന്ന ആനയും ഓടുന്ന ട്രെയിനും എന്നു  വേണ്ട അയാൾ വാങ്ങാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആദ്യമൊക്കെ  കൗതുകമായിരുന്ന അയാളുടെ കളിപ്പാട്ട ഭ്രമം പോകെ പോകെ എനിക്കൊരു പുതിയ വിഷയമേ അല്ലാതായിരുന്നു . ശ്രീലങ്കയിലേയ്ക്ക് പാർസൽ അയയ്ക്കുമ്പോൾ കനമല്ല പെട്ടിയുടെ വ്യാപ്തം മാത്രമാണ് നോക്കുന്നതെന്ന ചിന്ത അയാളുടെ കളിപ്പാട്ട വാങ്ങലുകളെ നേർരേഖപോലെ അവസാനിക്കത്തതാക്കി .

മൃതപേടകത്തോടൊപ്പം അയാൾ വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും കൊണ്ടുപോകണം .ആത്മാർത്ഥ സ്നേഹിതനു ഇതിലും നല്ലൊരു ചരമ ശ്രുശൂഷ ചെയ്യാനില്ലെന്ന  തിരിച്ചറിവിൽ ഞാൻ മുൻകൈയെടുത്തു മുഴുവൻ കളിപ്പാട്ടങ്ങളെയും  എംബാം ചെയ്ത മൃതപേടകത്തിന്റെ  കൂടെ കൊണ്ട് പോകാൻ അനുമതിയായിരിക്കുന്നു . മകൻ ജനിച്ചിട്ടു ഒരു തവണ മാത്രമാണിയാൾ നാട്ടിൽ പോയിരിക്കുന്നത്   അമ്മയും മകനും അവരുടെ പ്രിയപ്പെട്ടവനെ ഈ അവസ്ഥയിൽ കാണുക  ഹൃദയഭേദകമായിരിക്കും  .

ദൈവമേ നിന്നോടെനിക്കൊരു പ്രാർത്ഥനയേയുള്ളൂ  എന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ അതു വേണ്ടപെട്ടവർക്കരികിൽ  ആയിരിക്കുമ്പോൾ മാത്രമാക്കണേ . ഇതുപോലൊരു ഏകാന്ത അവസ്ഥയിൽ അനാഥ ശവമായി വിറച്ചു വിങ്ങലിച്ചൊരു പെട്ടിയിൽ  പിറന്ന നാട്ടിലേയ്ക്കിറങ്ങാൻ ഇടവരുത്തരുതേ . എന്റെ ചിന്തകളെയും  പ്രാർത്ഥനകളെയും മുറിച്ചു കൊണ്ട് വിമാനം കടുനായിക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു .

വണ്ണിയാർച്ചി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് മൃതദേഹം ഏറ്റു വാങ്ങാൻ ആംബുലൻസുമായി എത്തിയിരിക്കുന്നത് . അയാൾ നന്നായി തമിഴ് സംസാരിക്കുന്നതിനാൽ എന്റെ ആശയ വിനിമയം സുഗമമാകും  എന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി . കൊളംബോയിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ അകലെയുള്ള  അനുരാധപുര എന്ന വനമേഖല അവസാനിക്കുന്ന കൊച്ചു നഗരത്തിലാണ്  പരേതന്റെ വീട് . ആംബുലൻസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞതും വണ്ണിയാർച്ചി  ഞാനൊട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യമെറിഞ്ഞു.

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

ഞാൻ ഇതുവരെ പരിചയപ്പെട്ട ശ്രീലങ്കക്കാരെല്ലാം നല്ലവരാണ് എന്നാൽ അങ്ങനെയല്ലാത്തവരും ഉണ്ടെന്നു ഇപ്പോൾ ബോധ്യമായിരിക്കുന്നു  . ഞാൻ മൗനം പാലിച്ചു . ഞാൻ കേൾക്കാത്തതെന്നു കരുതി കുറച്ചു കൂടി ഉച്ചത്തിൽ അയാളാ ചോദ്യം വീണ്ടും ചോദിക്കുന്നു .

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

അതെ പക്ഷെ അതയാളുടെ ഭാര്യയ്ക്കും മക്കൾക്കും മാത്രമുള്ളതാണ് . എന്റെ മറുപടിക്കു കാഠിന്യമേറിയെന്നു തോന്നി . അല്ലെങ്കിലും ഔചിത്യ ബോധമില്ലാതെ സംസാരിക്കുന്നവരെ കേട്ടാൽ എനിക്കു കലിയിള കും.
വണ്ണിയാർച്ചി മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി ചിരിച്ചു . അയാളുടെ വായിൽ ചതഞ്ഞരയുന്ന മുറുക്കാൻ കൂട്ടത്തെ നാവുകൊണ്ടൊരു വശത്തേയ്ക്കൊതുക്കി അയാൾ തുടർന്നു .

മരിച്ചയാൾക്കു ഞാനല്ലാതെ ഒരു ബന്ധുവും ഈ ഭൂമുഖത്തില്ല !!

 സിംഹളയിൽ അയാൾ എന്തോ ഡ്രൈവറോടു പറഞ്ഞു  ആംബുലൻസിന്റെ സ്പീഡ് കൂടുന്നു .ഞാൻ ഭയവിഹ്വലനായി പുറത്തേയ്ക്കു നോക്കി .അറിയപ്പെടാത്ത നാടും  ഭാഷയും മരിച്ചയാളുടെ പണമെല്ലാം ഞാൻ കൂടെ കൊണ്ട് വന്നിട്ടുണ്ടെന്നാണ് ഇവരുടെ ധാരണ . ഒരു പക്ഷെ എന്നെ ആക്രമിച്ചു കൊലപ്പെടുത്താനും ഇവർ തുനിഞ്ഞേക്കും .തൊണ്ട വറ്റി വരളുന്നു വീട്ടിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയും മൂന്നു കുഞ്ഞുങ്ങളും .ആംബുലൻസ് ഇപ്പോൾ വനമേഖലയിലേയ്ക്കു കടന്നിരിക്കുന്നു .കട്ടപിടിച്ച ഇരുട്ടിനെ കീറി നീങ്ങുന്ന വണ്ടിയിൽ യന്ത്രമനുഷ്യനെപ്പോലെ സ്റ്റിയറിങ് പിടിച്ചിരിക്കുന്ന ഡ്രൈവറും മുറുക്കാൻ ചവച്ചു പുറത്തേയ്ക്കു തുപ്പുന്ന കറുത്തു  തടിച്ച വണ്ണിയാർച്ചിയും പേടിയോടെ ഞാനും.മൃതദേഹം ബന്ധുക്കൾക്കു കൈമാറി എനിക്കു പോരാമായിരുന്നു എന്നാൽ പ്രിയ സ്നേഹിതന്റെ അന്ത്യ കർമ്മങ്ങൾക്കും സാക്ഷിയാകാൻ ഞാനെടുത്ത ഉറച്ച തീരുമാനമാണെന്നെ ഇപ്പോളീ മരണ വക്രത്തിൽ പെടുത്തിയിരിക്കുന്നത് .

ഭയപ്പെടേണ്ട തമ്പി ഇപ്പോൾ വീടെത്തും !
അയാളെന്റെ പരിഭ്രമം മനസ്സിലാക്കിയിരിക്കുന്നു .വെളിച്ചമുള്ള പാതയിലേയ്ക്ക് വണ്ടി വളഞ്ഞിറങ്ങി .അധികം ആൾതാമസമില്ലാത്ത ഒരു തെരുവിന്റെ അറ്റത്തു പ്രാചീനമെന്നു തോന്നിക്കുന്ന ഒരു കൂര അതിന്റെ മുറ്റത്തു ആംബുലൻസ് നിന്നു . മൂന്നോ നാലോ പേർ  ചേർന്നു  മൃതദേഹം താഴെയിറക്കി .ചാമിലയുടെ മകനും വിധവയ്ക്കും വേണ്ടി എന്റെ കണ്ണുകൾ അവിടമാകെ പരതി  നടന്നു   . കൂടി നിന്ന പത്തിൽ താഴെ വരുന്ന ആരിലും ദുഖത്തിന്റെ ലാഞ്ഛനപോലുമില്ല . ആകെ തമിഴ് അറിയാവുന്ന വണ്ണിയാർച്ചി ആംബുലൻസ് നിർത്തിയതും എങ്ങോട്ടോ പോയിരിക്കുന്നു .

ബുദ്ധ ഭിക്ഷുക്കളിലൊരാളുമായി വണ്ണിയാർച്ചി മടങ്ങി വന്നിരിക്കുന്നു അവരുടെ കർമ്മങ്ങൾ കഴിഞ്ഞതും മൃതദേഹം ദഹിപ്പിക്കാനുള്ള ചിത റെഡി ആയിരിക്കുന്നു .സാധാരണ ബുദ്ധ മതാചാര പ്രകാരം മൃതദേഹങ്ങൾ  കുഴിച്ചിടുകയാണ് പതിവ്  എന്നാൽ വിദേശത്തു നിന്നും മരണപ്പെട്ടു വരുന്നവയെ ചുട്ടെരിച്ചില്ലെങ്കിൽ  ആത്മാവിനു മോക്ഷം ലഭിക്കില്ലത്രേ . വണ്ണിയാർച്ചി പറഞ്ഞതെല്ലാം സത്യമാണ് മരിച്ച ചാമിലയ്ക്കു  ഭാര്യയോ മകനോ ഇല്ല .ഉണ്ടായിരുന്നെങ്കിൽ ഇപ്പോളിവിടെ ഉണ്ടാകുമായിരുന്നേനെ എന്നിട്ടും ആർക്കാണയാൾ ഇത്രയും കളിപ്പാട്ടങ്ങൾ വാങ്ങി കൂട്ടിയത് .

തിരികെ എയർപോർട്ടിലേയ്ക്കുള്ള യാത്രയിൽ വണ്ണിയാർച്ചിയതു തുറന്നു പറഞ്ഞു . ചാമില കെട്ടിയ പെണ്ണു അയാൾക്കു കുട്ടികളുണ്ടാകില്ല എന്നറിഞ്ഞ നിമിഷം അയാളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്രേ . പിന്നീടുള്ള ഓരോ വരവിലും അയാൾ ഗ്രാമം മുഴുവനുമുള്ള എല്ലാ കുട്ടികൾക്കും കളിപ്പാട്ടണങ്ങളുമായാണത്രെ നാട്ടിൽ എത്താറുള്ളു . തന്റെ അവസാന യാത്രയിലും  അവർക്കായി കളിപ്പാട്ട സഞ്ചി കരുതാൻ അയാൾ മറന്നതുമില്ല .  വണ്ണിയാർച്ചിയും ഞാൻ പരിചയപ്പെട്ട എല്ലാ ശ്രീലങ്കക്കാരെയും പോലെരു നല്ല മനുഷ്യൻ തന്നെ ആണെന്നു എനിക്കിപ്പോൾ ബോധ്യം വന്നിരിക്കുന്നു.

 തിരികെ റൂമിലെത്തുമ്പോൾ ചാമിലയുടെ ബുദ്ധ പ്രതിമയ്‌ക്കരികിലിരുന്ന കുബേര കുഞ്ചി പ്രതിമ എന്നെ നോക്കി തലയാട്ടി ചിരിച്ചു. ഒരു പാടു നിഗൂഢതകളുമായി ഒരു കട്ടിലിനപ്പുറവും ഇപ്പുറവും ഉണ്ടുറങ്ങുന്നവരാണ്  പ്രവാസികളെന്നയാൾ എന്നോടു ഉറക്കെ പറഞ്ഞു  ശേഷം ഉച്ചത്തിൽ അട്ടഹസിച്ചു .........

No comments: